സൂര്യാദികളുടേയും ലഗ്നത്തിന്റെയും നൈസർഗ്ഗികകാലത്തെ പറയുന്നു

ഏകം ദ്വേ നവ വിംശതിർദ്ധൃതികൃതീ
പഞ്ചാശദേതാ ക്രമാ-
ച്ചന്ദ്രാരേന്ദുജശുക്രജീ വദി നകൃദ്ദൈ വാ-
കരീണാം സമാഃ
സ്വേ സ്വേ പുഷ്ടഫലാ നിസർഗ്ഗസമയേ
പക്തിര്‍ദ്ദശായാഃ ക്രമാ-
ദന്ത്യേ ലഗ്നദശാ ശുഭേതി യവനാ
നേച്ഛന്തി കേചിത്തഥാ.

സാരം :-

മനുഷ്യാദികളുടെ പരമായുസ്സിനകത്ത് സൂര്യാദിഗ്രഹങ്ങൾക്കും ലഗ്നത്തിനും ഇന്നിന്നപ്പോഴാണ് സ്വാഭാവികമായി ഫലദാനവിഷയത്തിൽ അധികാരപ്പെട്ട കാലമെന്നുണ്ട്. ആ കാലത്തിന്നാണ് ഇവിടെ "നൈസർഗ്ഗികകാലം" എന്ന് പറയുന്നത്. ഇത് ആദ്യമേ ധരിച്ചിരിയ്ക്കേണ്ടതാണ്.

മനുഷ്യർക്കും ഗജങ്ങൾക്കും 120 സംവത്സരവും 5 ദിവസവുമാണല്ലോ പരമായുസ്സായി പറയപ്പെട്ടിട്ടുള്ളത്. ജനനം മുതൽ ഒരു വയസ്സ് തികയുന്നതുവരെ ചന്ദ്രന്റേയും, ഒരു വയസ്സ് തികഞ്ഞ് 3 വയസ്സ് കഴിയുന്നതുവരെ കുജന്റെയും, അതിനുമേൽ 12 വയസ്സുവരെ ബുധന്റെയും, പിന്നെ 32 വയസ്സുവരെ ശുക്രന്റെയും, പിന്നെ 50 വയസ്സുവരെ വ്യാഴത്തിന്റെയും, മേൽ 70 വയസ്സുവരെ സൂര്യന്റെയും, 70 വയസ്സിനുമേൽ 120 വയസ്സുവരെ ശനിയുടേയും, ഒടുവിലെ 5 ദിവസം ലഗ്നത്തിന്റെയും നൈസർഗ്ഗികകാലമാകുന്നു.

ചന്ദ്രൻ, കുജൻ, ബുധൻ എന്നീ ഗ്രഹങ്ങൾക്കുള്ള ആധിപത്യം 12 വയസ്സ് തികയുന്നതുവരെ ആകയാൽ ഈ മൂന്നു ഗ്രഹങ്ങൾക്കും പ്രായേണ മുലകുടി മാറാത്ത ബാലന്മാരുടേയും, ശുക്രന്നു 13 വയസ്സു മുതൽ 32 വയസ്സുവരെ ആകയാൽ യുവാവിന്റേയും, വ്യാഴത്തിനു 32 വയസ്സു മുതൽ 50 വയസ്സുഅവരെ ആകയാൽ പ്രൗഢന്റേയും, സൂര്യന് 50 വയസ്സുമുതൽ 70 വയസ്സുഅവരെ ആകയാൽ വൃദ്ധന്റേയും, ശനിയ്ക്ക് 70 വയസ്സ് മുതൽ 120 വയസ്സുവരെ ആകയാൽ അത്യന്തം വാർദ്ധക്യം ബാധിച്ചവന്റെയും ആധിപത്യമാണുള്ളതെന്നും മേൽപ്പറഞ്ഞതുകൊണ്ട് സൂചിപ്പിച്ചിട്ടുണ്ട്.

ഏഴാമദ്ധ്യായത്തിൽ പറഞ്ഞ ന്യായപ്രകാരം സിദ്ധിച്ചിട്ടുള്ള ദശ അപഹാരം മുതലായതുകൾ ദശാക്രമമനുസരിച്ച് നോക്കുമ്പോൾ ഈ പറഞ്ഞ നിസർഗ്ഗകാലത്താണ് വന്നതെങ്കിൽ "സൌര്യാംസ്വം" എന്ന് തുടങ്ങി പറയാൻ പോകുന്ന ഫലങ്ങളൊക്കയും പൂർണ്ണമായി അനുഭവിക്കുന്നതാണ്. ദശാക്രമത്തെ അനുസരിച്ചു നോക്കുമ്പോൾ 51 വയസ്സു മുതൽ 70 വയസ്സു തികയുന്നതിനുള്ളിലാണ് സൂര്യദശ വന്നതെങ്കിൽ ആ ദശാഫലങ്ങൾ മുഴുവൻ യാതൊരു ന്യൂനതയും കൂടാതെ അനുഭവിക്കുമെന്നു പറയണം. അപഹാരങ്ങൾക്കും ഈ ക്രമത്തെ കണ്ടുകൊൾക. ദശാക്രമമനുസരിച്ച് നോക്കുമ്പോൾ ശനിദശയും കഴിഞ്ഞശേഷമാണ് ലഗ്നദശ വരുന്നതെങ്കിൽ അതു ശുഭപ്രദമാണെന്നാണ് യവനാചാര്യരുടെ അഭിപ്രായം. മറ്റു ചിലർ ഈ യവനഅഭിപ്രായത്തെ അത്ര സമ്മതിയ്ക്കുന്നതുമില്ല.

മേൽപ്പറഞ്ഞ നിസർഗ്ഗസംവത്സരത്തെ 32 വയസ്സു പരമായുസ്സുള്ള കുതിര മുതലായതിനും അതിദേശം ചെയ്യാവുന്നതാണ്. അതും ചുരുക്കത്തിൽ ഇവിടെ കാണിയ്ക്കാം. മുപ്പത്തിരണ്ടിനെ ഒന്നിൽ പെരുക്കി 120 ൽ ഹരിച്ചാൽ സംവത്സരാദിഫലം കിട്ടുന്നതാണ്. ഇത് ചന്ദ്രന്റേയും, ഇതുപോലെത്തന്നെ മുപ്പത്തിരണ്ടിനെത്തന്നെ രണ്ടിൽ പെരുക്കി 120 ൽ ഹരിച്ചാൽ കുജന്റെയും നിസർഗ്ഗകാലം കിട്ടും. ഇങ്ങനെ അതാതു ഗ്രഹങ്ങളുടെ നിസർഗ്ഗസംവത്സരംകൊണ്ട് പെരുക്കി 120 ൽ ഹരിച്ചാൽ കിട്ടുന്നതു അതാതു ജീവികളുടെ സംവത്സരാദികളായ നിസർഗ്ഗകാലമാണെന്നും അറിയുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.