വ്യാദീർഘാസ്യശിരോധരഃ പിതൃധന-
സ്ത്യാഗീ കവിർവ്വീര്യവാൻ
വക്താ സ്ഥൂലദരശ്രവോധരനസഃ
കർമ്മോദ്യതശ്ശില്പവിൽ
കുബ്ജാംസഃ കുനഖീ സമാംസളഭുജഃ
പ്രാഗത്ഭ്യവാൻ ധർമ്മവിദ്
ബന്ധുദ്വിണ്ണ ബലാൽ സമേതി ച വശം
സാമൈകസാദ്ധ്യോശ്വിജഃ
ധനു രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ (ധനുക്കൂറിൽ ജനിക്കുന്നവൻ) മുഖവും കഴുത്തും ഏറ്റവും നീണ്ടിരിക്കുന്നവനായും പിതൃധനത്തോടുകൂടിയവനായും ത്യാഗിയായും കവിയായും ബലവാനായും വാക്പതിയായും പല്ലുകളും കാതുകളും ചുണ്ടുകളും മൂക്കും തടിച്ചിരിക്കുന്നവനായും എല്ലാ കാര്യത്തിലും ഉത്സാഹമുള്ളവനായും ശില്പവിദ്യയെ അറിയുന്നവനായും കഴുത്ത് കൂനിയോ ഇടുങ്ങിയോ ഇരിക്കുന്നവനായും കുത്സിതങ്ങളായ നഖങ്ങളും തടിച്ചിരിക്കുന്ന കൈകളും ഉള്ളവനായും ഏറ്റവും പ്രതിഭാശാലിയായും ധർമ്മജ്ഞാനവും ബന്ധുക്കളെ ദ്വേഷിക്കുന്നവനായും ബലാൽക്കാരേണ വശീകരിക്കപ്പെടുവാൻ കഴിയാത്തവനായും നല്ല വാക്കുകൊണ്ട് എല്ലാവർക്കും അധീനനായിരിക്കുന്നവനായും ഭവിക്കും.
ഇവിടെ മേധ, പ്രജ്ഞ, പ്രതിഭാ എന്നീ പദങ്ങളെല്ലാം ബുദ്ധ്യാർത്ഥങ്ങളാണെങ്കിലും അർത്ഥഭേദമുള്ളതാകുന്നു.
അതീതാനുസ്മൃതിർമ്മേധാ ബുദ്ധിസ്ഥൽക്കാലവേദിനീ,
ശുഭാശുഭവിചാരജ്ഞാ ധീരൈരുദാഹൃതാ
പ്രജ്ഞാം നവനവോന്മേഷശാലിനീം പ്രതിഭാം വിദുഃ ഇതി