ജന്മേശ ലഗ്നേശമദേശഭാംശ-
ത്രികോണനീചോച്ചഗ്രഹേഷു ജാതം
ദാരേശദാരസ്ഥിതവീക്ഷകാണാം
താരേഷു ജാതം ച വദേത് കളത്രം.
സാരം :-
പുരുഷജാതകത്തില്‍ ജന്മേശന്‍ നില്‍ക്കുന്ന രാശി, ലഗ്നാധിപന്‍ നില്‍ക്കുന്ന രാശി, ഏഴാം ഭാവാധിപന്‍ നില്‍ക്കുന്ന രാശി, ഇവരുടെ അംശകരാശികള്‍ ഇവരുടെ ത്രികോണക്ഷേത്രം, നീചരാശിക്ഷേത്രം, ഉച്ചരാശിക്ഷേത്രം എന്നിവകളിലൊന്ന് കളത്രലഗ്നവും (ഭാര്യയുടെ ജാതകത്തിലെ ലഗ്നം) ജന്മലഗ്നവുമായി വരും. ഇതേവിധം ഏഴാം ഭാവാധിപന്‍റെയോ ഏഴാം ഭാവാധിപസ്ഥിതരാശിയുടെയോ ഏഴാം ഭാവത്തിലേയ്ക്ക് ദൃഷ്ടിചെയ്യുന്ന ഗ്രഹത്തിന്‍റെയോ നക്ഷത്രങ്ങളിലൊന്ന് കളത്രനക്ഷത്രമായി (ഭാര്യയുടെ നക്ഷത്രമായി) വരുന്നതാണ്.
ലഗ്നേശ ശുക്രസ്ഫുടയോഗതാരം
ലഗ്നാധിപാസ്തേശ്വര സംയുതം വാ
കളത്രജന്മപ്രവദന്തിപുംസ-
സ്തഥൈവനാര്യാഃ ഖലു ഭ൪തൃജന്മഃ
സാരം :-
പുരുഷജാതകവശാല്‍ ലഗ്നാധിപഗ്രഹത്തിന്‍റെയും കളത്രകാരകനായ ശുക്രന്‍റെയും സ്ഫുടങ്ങള്‍ തമ്മില്‍ കൂട്ടി നാളു (നക്ഷത്രം) കണ്ടുകിട്ടുന്ന നക്ഷത്രത്തിലോ, ലഗ്നാധിപഗ്രഹത്തിന്‍റെയും ഏഴാം ഭാവാധിപഗ്രഹത്തിന്‍റെയും സ്ഫുടങ്ങള്‍ തമ്മില്‍ കൂട്ടി നാളുകിട്ടുന്ന സ്ഫുടത്തിലോ ആയിരിക്കും കളത്ര നക്ഷത്രം (ഭാര്യയുടെ നക്ഷത്രം) വരിക. ഇതേ പ്രകാരം സ്ത്രീജാതകത്തിലെ സ്ഫുടങ്ങള്‍ തമ്മില്‍ കൂട്ടികിട്ടുന്ന കളത്രരാശിയിലായിരിക്കും ഭ൪ത്താവിന്‍റെ നക്ഷത്രം.