യദൃത്ഫലം നരഭവേ ക്ഷമമംഗനാനാം
തത്തദ്വദേത്പതിഷുവാസകലം വിധേയം
താസാം തു ഭ൪തൃമരണം നിധനേ വപുസ്തു
ലഗ്നേന്ദുഗം സുഭഗതാസ്തമയേ പതിശ്ച
സാരം :-
സ്ത്രീജാതകഫലം ചിന്തിക്കുമ്പോള്‍ പ്രത്യേകം വേ൪തിരിച്ചുപറയേണ്ട ചില പ്രധാന ഫലങ്ങളുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം പ്രവ൪ത്തനങ്ങളെക്കൊണ്ട് നേടിയെടുക്കാനാവാത്ത ഫലങ്ങള്‍ അനുഭവിക്കാനിടയുണ്ടെന്നു കണ്ടാല്‍ അത് വിവാഹത്തിന് മുന്‍പാണെങ്കില്‍ സ്ത്രീകളുടെ രക്ഷിതാക്കളില്‍ അനുഭവിക്കുമെന്നു പറയണം. വിവാഹത്തിനു ശേഷമാണെങ്കില്‍ ഭ൪ത്താവില്‍ അനുഭവിക്കുമെന്നും പറയണം. എന്നാല്‍ ഇക്കാലത്ത് സ്ത്രീകള്‍ക്ക് അനുഭവയോഗ്യമല്ലാത്ത ഒരു ഫലവും കണ്ടെത്താനാവില്ല. വരാഹമിഹിരാചാര്യന്‍ ഫലാവിഷ്കരണം നടത്തിയ അഞ്ചാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ക്ക് വെറും അസ്വതന്ത്ര്യരും പുരുഷന്മാ൪ക്ക് ഭോഗോപകരണങ്ങളുമായിരുന്നു. അക്കാലത്ത് ഗൃഹവട്ടമല്ലാതെ അതിനപ്പുറത്ത് ഒരു ലോകമുണ്ടെന്നു വിഭാവനം ചെയ്യാന്‍പോലും സ്ത്രീകള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇന്നതല്ല സ്ഥിതി. ആകാശത്തില്‍ വാഹനം പറത്താനും, ഹിമവാന്‍റെ കൊടുമുടിയിലേറി കൊടി നാട്ടാനും കഴിവുള്ളവരായിത്തീ൪ന്നിട്ടുണ്ട് സ്ത്രീകള്‍. രാഷ്ട്രീയത്തിലും രാജ്യഭരണത്തിലും ധാരാളം സ്ത്രീകള്‍ ഇപ്പോള്‍ പ്രവ൪ത്തിക്കുന്നുണ്ട്.
ആ നിലയ്ക്ക് ആചാര്യന്‍റെ ഭാവനക്കെതിരായിതന്നെ ഇന്നിതിന്‍റെ അ൪ത്ഥകല്പന ചെയ്യണമെന്നു പറഞ്ഞാല്‍ - സ്ത്രീജാതകഫലം സ്ത്രീക്ക് യോജിക്കാത്തതായ ഒന്നും തന്നെയില്ലെന്നു പറഞ്ഞാല്‍ - തെറ്റില്ലെന്ന്, കല്പിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ വരുമ്പോള്‍ 'പതിഷുവാ' എന്നിടത്ത് 'സതിഷുതല്‍' എന്ന് തിരുത്തേണ്ടിവരും. ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിക്കുശേഷം സംഭവിച്ച വനിതാപരിണാമം ഇതിന് ഇടവരുത്തിയിരിക്കുന്നു. സ്ത്രീജാതകയോഗ്യങ്ങളായ ഫലങ്ങള്‍ സ്ത്രീകളുടെ രക്ഷിതാക്കളും ഭ൪ത്താക്കന്മാരും പങ്കിട്ട് അനുഭവിക്കുമെന്നു പറഞ്ഞാല്‍ തെറ്റില്ല. സ്ത്രീജാതകത്തില്‍ ലഗ്നാല്‍ എട്ടാം ഭാവംകൊണ്ടും ചന്ദ്രലഗ്നാല്‍ എട്ടാം ഭാവംകൊണ്ടും സ്ത്രീകളുടെ ഭ൪ത്താക്കന്മാരുടെ മരണം ചിന്തിക്കണം. അതായത് സ്ത്രീകള്‍ക്ക് വൈധവ്യം അനുഭവിക്കാനിടയുണ്ടോ എന്ന് എട്ടാം ഭാവംകൊണ്ടും എട്ടാം ഭാവാധിപനെക്കൊണ്ടും ചിന്തിക്കണമെന്ന൪ത്ഥം. സ്ത്രീയുടെ ശരീരത്തിന്‍റെ അവസ്ഥാവിശേഷങ്ങള്‍ സ്ത്രീജാതകത്തിലെ ലഗ്നംകൊണ്ടും ചന്ദ്രലഗ്നംകൊണ്ടും നിരൂപണം ചെയ്യണം. സ്ത്രീജാതകത്തിലെ ഏഴാം ഭാവംകൊണ്ട് സുഭഗതാ സൗഷ്ഠവപൂ൪ണ്ണമായ ആകാരഭംഗിയും ഭ൪തൃവിശേഷവും നിരൂപണം ചെയ്യണം.