ബാലാന്നവർജ്യതാരാസു ഗണ്ഡാന്തോഷ്ണവിഷേഷു ച
അഷ്ടമീവിഷ്ടിരിക്താസു സ്ഥിരേഷു കരണേഷു ച
തിഥിനക്ഷത്രരാശ്യംശസന്ധൗ ച ഗുളികോദയേ
ചക്രാർധേ ഗ്രഹണേ സാർപശിരസ്യേകാർഗളേ തഥാ.
മൃത്യുദഗ്ധാദിയോഗേഷു പാപദൃഷ്‌ട്യുദയേഷു ച
ത്രയോദശ്യാം പ്രദോഷേ ച നിശീഥേ രവിദർശനേ
സംക്രാന്തൗ ച തഥാ പ്രഷ്ടുർവിപൽപ്രത്യരയോർവധേ
അഷ്ടമേ ച തഥാ രാശൗ ജന്മാഷ്ടമഗതേ വിധൗ.
ഇത്യാദിദുഷ്ടകാലേഷു പ്രശ്നഃ സ്യാദശുഭപ്രദഃ
സാരം :-
ഭരണി, കാർത്തിക തിരുവാതിര ആയില്യം മകം പൂരം വിശാഖം തൃക്കേട്ട മൂലം പൂരാടം പൂരോരുട്ടാതി എന്നീ പതിനൊന്നു നക്ഷത്രങ്ങൾ ചോറുണിന് നിഷേധിച്ചവയാണ്.
അശ്വതി മകം മൂലം എന്നീ നക്ഷത്രങ്ങളുടെ ഒന്നാം പാദവും ആയില്യം തൃക്കേട്ട രേവതി എന്നീ നക്ഷത്രങ്ങളുടെ ഒടുവിലത്തെ പാദവും നക്ഷത്രഗണ്ഡാന്തവും കർക്കടകം ചിങ്ങം വൃശ്ചികം ധനു മീനം മേടം എന്നീ രാശികളുടെ സന്നിധിയിൽ ഓരോ നാഴിക രാശിഗണ്ഡാന്തവും പഞ്ചമി, ഷഷ്ഠി ദശമി ഏകാദശി വാവ് പ്രതിപദം എന്നീ പക്ഷങ്ങളുടെ സന്ധിയിലും ഈ രണ്ടു നാഴിക തിഥിഗണ്ഡാന്തവുമാകുന്നു. പക്ഷേ നക്ഷത്രഗണ്ഡാന്തത്തെ മാത്രമേ സാധാരണയായി ഇപ്പോൾ വിചാരിച്ചു വരാറുള്ളു.
അശ്വതി രോഹിണി പുണർതം മകം എന്നീ നക്ഷത്രങ്ങൾക്ക് ഏഴര നാഴികയ്ക്ക് മേൽ ഏഴര നാഴികയും ഭരണി മകയിരം പൂയം പൂരം ചിത്തിര എന്നീ നക്ഷത്രങ്ങൾക്ക് 55 നാഴികയ്ക്ക്മേൽ 5 നാഴികയും കാർത്തിക തിരുവാതിര ആയില്യം ഉത്രം ചോതി എന്നീ നക്ഷത്രങ്ങൾക്ക് 21 നാഴികയ്ക്ക് മേൽ 9 നാഴികയും വിശാഖം മൂലം തിരുവോണം പൂരോരുട്ടാതി എന്നീ നക്ഷത്രങ്ങൾക്ക് ആദ്യം എട്ടു നാഴികയും അനിഴം പൂരാടം അവിട്ടം ഉത്രട്ടാതി എന്നീ നക്ഷത്രങ്ങൾക്ക് 52 നാഴികയ്ക്കുമേൽ 8 നാഴികയും തൃക്കേട്ട, ഉത്രാടം, ചതയം രേവതി എന്നീ നക്ഷത്രങ്ങൾക്ക് 20 നാഴികയ്ക്കുമേൽ 10 നാഴികയും ഉഷ്ണകാലമാകുന്നു.
അശ്വതി മുതൽ 27 നക്ഷത്രങ്ങൾക്ക് ക്രമേണ 50, 24, 30, 40, 14,11, 30, 20, 32, 30, 20, 18, 22, 20, 14, 14, 10, 14, 20, 24, 20, 10, 10, 18, 16, 24, 30 ഈ നാഴികയ്ക്കുമേൽ നന്നാലുനാഴിക വിഷകാലമാകുന്നു. അഷ്ടമി നിഷിദ്ധപക്കമാകുന്നു.
സിതപക്ഷത്തിലെ ചതുർത്ഥി ഏകാദശി ഇതുകളുടെ ഉത്തരാർദ്ധവും അഷ്ടമി വാവ് ഇവയുടെ പൂർവ്വാർദ്ധവും കറുത്തപക്ഷത്തിലെ തൃതീയ ദശമി ഇവയുടെ ഒടുവിലത്തെ അർദ്ധവും സപ്തമി പതിനാല് ഇവയുടെ പൂർവാർദ്ധവും വിഷ്ടിക്കരണമാകുന്നു. ചതുർത്ഥിനവമി ചതുർദ്ദശി ഈ പക്കങ്ങൾ രിക്തയാകുന്നു.
കറുത്തപക്ഷത്തിലെ പതിനാലിന്റെ അന്ത്യാർദ്ധവും കറുത്തവാവും വെളുത്ത പ്രതിപദത്തിന്റെ പൂർവാർദ്ധവും സ്ഥിരക്കരണമാകുന്നു. പക്കങ്ങളുടെ ആദ്യവസാനങ്ങളിൽ ഓരോ നാഴിക തിഥിസന്ധിയും നക്ഷത്രങ്ങളുടെ ആദ്യവസാനങ്ങളിൽ ഓരോ നാഴിക നക്ഷത്രസന്ധിയും രാശികളുടെ ആദ്യവസാനങ്ങളിൽ 10 വിനാഴിക വീതം രാശിസന്ധിയും നവാംശങ്ങളുടെ ആദ്യവസാനങ്ങളിൽ ഓരോ വിനാഴിക അംശകസന്ധിയും സന്ധികളാകുന്നു.
ഗുളികോദയരാശി അശുഭകാലമാകുന്നു. ഗുളികനാഴിക സുപ്രസിദ്ധങ്ങളാകയാൽ ഇവിടെ കാണിക്കുന്നില്ല. ഗുളികോദയത്തിനു ശേഷമുള്ള ഗുളികോദയരാശിയും വിഷോഷ്ണങ്ങൾക്കു ശേഷമുള്ള രാശിഭാഗവും നിന്ദ്യങ്ങളല്ല.
ചക്രാർദ്ധം, ലാടവും വൈധൃതവും തട്ടുന്ന നക്ഷത്രം മുഴുവൻ വർജ്ജിക്കേണ്ടതാണ്. ഇത് ഗണിതം കൊണ്ടറിഞ്ഞുകൊള്ളണം.
സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അതായത് ചന്ദ്രഗ്രഹണം മുതൽ മൂന്നു ദിവസവും സൂര്യ ഗ്രഹണം മുതൽ 5 ദിവസവും ഗ്രഹണവശാൽ ദോഷകാലമാകുന്നു. ഗ്രഹണത്തിന് മുൻപും വർജ്ജിക്കണമെന്നില്ല. ഇതിനെപ്പറ്റി പല മതാന്തരങ്ങളുണ്ട്. വിസ്തരഭയം നിമിത്തം അവയ കാണിക്കുന്നില്ല.
ചന്ദ്രാർക്കയോഗത്തിൽ വ്യതീപാതമെന്ന നിത്യയോഗത്തിന്റെ ഉത്തരാർദ്ധത്തെ സാർപ്പമസ്തകമെന്ന് പറയുന്നു.
സൂര്യസ്ഫുടത്തെ 12 രാശിയിൽ നിന്നു വാങ്ങി നാളുകണ്ടാൽ വരുന്ന നാളിലും അതിന്റെ 2-7-10-11-14-16-18-20 ഈ നാളുകളിലും കണ്ട നക്ഷത്രത്തിൽ എത്ര നാഴിക ചെന്നിട്ടുണ്ടോ അത്ര നാഴികവരെയുള്ള കാലം ഏകാർഗ്ഗളമാകുന്നു.
ആഴ്ചകൾ - മൃത്യുയോഗം - ദഗ്ദ്ധയോഗം - അശുഭയോഗം
ഞായർ - മകം - ദ്വാദശി - ഭരണി
തിങ്കൾ - വിശാഖം - ഏകാദശി - ചിത്തിര
ചൊവ്വാ - തിരുവാതിര - പഞ്ചമി - ഉത്രാടം
ബുധൻ - മൂലം - ദ്വിതീയ - അവിട്ടം
വ്യാഴം - ചതയം - ഷഷ്ടി - തൃക്കേട്ട
വെള്ളി - രോഹിണി - അഷ്ടമി - പൂരാടം
ശനി - ഉത്രാടം - നവമി - രേവതി
ഞായറാഴ്ച മുതൽ മകം മുതലുള്ള നക്ഷത്രങ്ങളും ചേർന്നാൽ മൃത്യുയോഗവും ദ്വാദശി തുടങ്ങി ഈ കാണിച്ചിട്ടുള്ള പക്കങ്ങൾ ചേർന്നാൽ ദഗ്ദ്ധയോഗവും ഭരണി മുതലുള്ള ഈ നക്ഷത്രങ്ങൾ ചേർന്നാൽ അശുഭയോഗവുമാകുന്നു.
ഈ യോഗങ്ങൾക്ക് പകലിന്റെ എട്ടിൽ ഒരു ഭാഗം വർജ്ജ്യമാകുന്നു. ശാസ്ത്രാന്തരങ്ങളിൽ യോഗങ്ങൾക്ക് ഒട്ടധികം കാണ്‍മാനുണ്ട്. അവയെ മിക്കവാറും ഇപ്പോൾ ആചരിച്ചുവരായ്കയാൽ ഇവിടെ എടുത്തു കാണിക്കുന്നില്ല.
പാപോദയരാശിയും പാപദൃഷ്ടിയുള്ള രാശിയും വർജ്ജ്യമാകുന്നു.
ത്രയോദശിയിലെ സന്ധ്യാസമയം ഉൽകൃഷ്ടവും ഈശ്വരകർമ്മത്തിന് ഉചിതവുമാകയാൽ ആ സമയവും പ്രശ്നത്തിന് ശുഭമല്ല.
അർദ്ധരാത്രിയിലുള്ള 2 നാഴിക അഭിജിന്മുഹൂർത്തമാകയാൽ ആ സമയവും നിന്ദ്യമാകുന്നു. രാത്രി മുഴുക്കെ നിഷിദ്ധമാകുന്നു. വിശേഷിച്ച് രാത്രിയിലെ 8 - മത്തെ മുഹൂർത്തം ഏറ്റവും നിന്ദ്യമെന്നു സാരം.
ആദിത്യോദയരാശിയുടെ ഏഴാമത്തെ രാശി പാട്ടുരാശിയാണ്. ആ രാശിയും നിന്ദ്യമാണ്.
ആദിത്യസംക്രമത്തിന്റെ മുൻപിലും പിൻപിലും 16 നാഴിക വീതം ബിംബസംക്രമകാലമാകയാൽ ആ സമയം വർജ്ജിക്കേണ്ടതാണ്.
പ്രഷ്ടാവിന്റെ 3,5,7 എന്നീ നക്ഷത്രങ്ങളും അഷ്ടമരാശിക്കൂറും ജനനകാലത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ എട്ടാമത്തെ രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോഴും ശുഭമല്ല. ആദിശബ്ദംകൊണ്ട് മുഹൂർത്തശാസ്ത്രങ്ങളിൽ നിഷേധിക്കപ്പെട്ട ഭൂകമ്പം മുതലായ മറ്റു ദോഷങ്ങളും പ്രശ്നത്തിന് വർജ്ജിക്കേണ്ടവയാണെന്ന് സൂചിപ്പിച്ചിരിക്കുന്നു. ദോഷഗണനങ്ങൾ ബഹുലങ്ങളാണെന്ന് മാത്രമല്ല ദേശഭേദാൽ അല്പാല്പം ഭിന്നങ്ങളുമാണ്. അവയെ സവിസ്തരം പ്രതിപാദിക്ക എന്നുവച്ചാൽ ഈ ഘട്ടം ക്രമത്തിലധികം ദീർഘിച്ചെന്നു വന്നേക്കാം. അതിനാൽ ആ കൃത്യത്തിലേയ്ക്ക് തുനിയുന്നില്ല. മേല്പറഞ്ഞ നിഷിദ്ധകാലങ്ങളിലും മറ്റും ഉണ്ടായ പ്രശ്നം അശുഭമായിത്തീരുന്നതാണ്. പ്രഷ്ടാവ് മിക്കവാറും കാലനിർണ്ണയം ചെയ്യാതെ ആണല്ലോ പ്രശ്നത്തിന് ചെല്ലാറുള്ളത്. അപ്പോൾ മേല്പറഞ്ഞ ഏതൊരു ദോഷമാണോ സംബന്ധിക്കുന്നത് അതിനെ ആശ്രയിച്ചു ഫലം പറഞ്ഞുകൊള്ളണമെന്നാണ് ഇതിന്റെ സാരം. അല്ലാതെ മുഹൂർത്തം നോക്കി പ്രശ്നത്തിനു ചെയ്യുകയെന്നുള്ളത് സാധാരണ സുസാദ്ധ്യമല്ലല്ലോ.
**********************************
ഇത്യാദിദോഷരഹിതേ കാലേƒമൃതഘടീഷു ച
ശുഭാനാമുദയേ ദൃഷ്‌ടൗ മുഹൂർത്തേഷു ശുഭേഷു ച
സിദ്ധാമൃതാദിയോഗേഷു പൃച്ഛാഭീഷ്ടഫലപ്രദാ.
സാരം :-
മേൽ വിവരിച്ച ദോഷങ്ങളും ഭൂകമ്പം കേതുദയം കൊള്ളിമീൻ വീഴുക മുതലായ ദോഷങ്ങളും കൂടാത്ത സമയം ദൈവജ്ഞനോട് അഭീഷ്ടം ചോദിച്ചാൽ ചോദ്യം ശുഭകരമായി പരിണമിക്കുമെന്ന് അറിയണം. കൂടാതെ അമൃതഘടി ശുഭോദയം ശുഭദൃഷ്ടി ശുഭമുഹൂർത്തം സിദ്ധയോഗം അമൃതയോഗം മുതലായ യോഗങ്ങൾ ഈ കാലങ്ങളും പ്രശ്നത്തിനു നല്ലവയാകുന്നു.
അശ്വതി മുതലായ നക്ഷത്രങ്ങളുടെ വിഷനാഴിക മുൻപേ പറഞ്ഞുവല്ലോ. അതിനുശേഷം നാലുനാഴിക അമൃതഘടികയാകുന്നു.
ചന്ദ്രൻ, ബുധൻ, വ്യാഴം, ശുക്രൻ, എന്നിവ ശുഭഗ്രഹങ്ങളാകുന്നു. ബലഹീനനായ ചന്ദ്രൻ, പാപനോടുകൂടിയ ബുധൻ സൂര്യൻ കുജൻ ശനി രാഹു കേതു ഗുളികൻ എന്നീ ഗ്രഹങ്ങൾ പാപഗ്രഹങ്ങളുമാകുന്നു. മേല്പറഞ്ഞ ശുഭഗ്രഹങ്ങളുടെ ഉദയവും (അവർ നില്ക്കുന്ന രാശിയും) അവരുടെ ദൃഷ്ടിയും (അവർ നോക്കുന്ന രാശിയും ) പ്രശ്നത്തിന് ശുഭമാണ്. ഒരു ദിവസം ആകെ 30 മുഹൂർത്തമാകുന്നു. ഒരു മുഹൂർത്തം രണ്ടു നാഴിക വരും. അപ്പോൾ രാത്രിയും പകലും 15 മുഹൂർത്തം വീതമാണല്ലോ ഉള്ളത്. ദിനരാത്രിപ്രമാണം അനുസരിച്ച് ഈ നാഴികയ്ക്ക് അല്പം ഭേദം വന്നേക്കാം. പകലുള്ള 15 മുഹൂർത്തങ്ങൾക്ക് തിരുവാതിര ആയില്യം അനിഴം മകം അവിട്ടം പൂരാടം ഉത്രാടം അഭിജിത്ത് രോഹിണി തൃക്കേട്ട വിശാഖം മൂലം ചതയം പൂരം ഉത്രം ഇങ്ങിനെ 15 നക്ഷത്രങ്ങളും രാത്രിയിലുള്ള 15 മുഹൂർത്തങ്ങൾക്ക് തിരുവാതിര പൂരോരുട്ടാതി ഉത്രട്ടാതി രേവതി അശ്വതി ഭരണി കാർത്തിക രോഹിണി മകയിരം പുണർതം പൂയം തിരുവോണം അത്തം ചിത്തിര ചോതി എന്നിങ്ങനെ ക്രമത്താലെ പതിനഞ്ചു നക്ഷത്രങ്ങളുമാകുന്നു. ഇവയിൽ ഊണ്‍നാളിനു വിധിച്ചിട്ടുള്ള നക്ഷത്രങ്ങളുടെ മുഹൂർത്തങ്ങൾ ശുഭമുഹൂർത്തങ്ങളാകുന്നു. അതാതു നക്ഷത്രങ്ങളുടെ ദേവതകൾതന്നെ അതാതു മുഹൂർത്തങ്ങളുടേയും ദേവതകളാകുന്നു. മേല്പറഞ്ഞ ശുഭമുഹൂർത്തം പ്രശ്നത്തിനു അഭീഷ്ടകരമാകുന്നു.
ഞായറാഴ്ചയോട് ഉത്രം ഉത്രാടം ഉത്രട്ടാതി പൂരാടം രേവതി തിരുവോണം എന്നീ നക്ഷത്രങ്ങളും തിങ്കളാഴ്ചയോട് പുണർതം ചോതി അവിട്ടം ചതയം എന്നീ നക്ഷത്രങ്ങളും ചൊവ്വാഴ്ചയോട് അനിഴം ഭരണി രേവതി എന്നീ നക്ഷത്രങ്ങളും ബുധനാഴ്ചയോട് മകയിരം അനിഴം ഉത്രം ഉത്രാടം രോഹിണി എന്നീ നക്ഷത്രങ്ങളും വ്യാഴാഴ്ചയോട് അനിഴം അശ്വതി ചോതി പുണർതം പൂയം എന്നീ നക്ഷത്രങ്ങളും വെള്ളിയാഴ്ചയോട് ഉത്രം അത്തം ചിത്തിര മൂലം രേവതി അശ്വതി എന്നീ നക്ഷത്രങ്ങളും ശനിയാഴ്ചയോട് രോഹിണി കാർത്തിക ചോതി വിശാഖം അനിഴം ചതയം എന്നീ നക്ഷത്രങ്ങളും വരുന്നതു സിദ്ധയോഗമാകുന്നു. സിദ്ധയോഗത്തിനു മതാന്തരങ്ങളുണ്ട്. അവ ബഹുലങ്ങളാകയാൽ ഇവിടെ കാണിക്കുന്നില്ല. ഈ യോഗസമയം പകലിന്റെ എട്ടിലൊരുഭാഗം പുലരുന്നതുവരെയാകുന്നു. ആ സമയം പ്രശ്നത്തിന് വിശേഷമാകുന്നു.
ഞായാറാഴ്ചയോട് പൂയം മൂലം അത്തം എന്നീ നക്ഷത്രങ്ങളും തിങ്കളാഴ്ചയോട് ചിത്തിരയുടെ പകുതിയും തിരുവോണം മകയിരം എന്നീ നക്ഷത്രങ്ങളും ചോവ്വാഴ്ചയോട് ഉത്രട്ടാതി അശ്വതി ഉത്രം രോഹിണി എന്നീ നക്ഷത്രങ്ങളും ബുധനാഴ്ചയോട് പഞ്ചമി സപ്തമി ഉത്രാടം കാർത്തിക അനിഴം എന്നീ പക്കങ്ങളും നക്ഷത്രങ്ങളും വ്യാഴാഴ്ചയോട് ത്രയോദശി പുണർതം പൂരാടം രേവതി എന്നീ പക്കങ്ങളും നക്ഷത്രങ്ങളും വെള്ളിയാഴ്ചയോട് പ്രതിപദം ഷഷ്ഠി ഏകാദശി ഉത്രം ചതയം ചോതി എന്നീ പക്കങ്ങളും നാളുകളും ശനിയാഴ്ചയോട് ദ്വിതീയ സപ്തമി ദ്വാദശി അവിട്ടം രോഹിണി ചോതി എന്നീ പക്കങ്ങളും നാളുകളും യോജിച്ചുവന്നാൽ അമൃതയോഗമാകുന്നു. ഇതിന്റെ കാലവും പകലിന്റെ എട്ടിലൊരുഭാഗം പുലരുന്നതുവരെ ആകുന്നു. ആദിശബ്ദം കൊണ്ട് മറ്റുള്ള ശുഭയോഗങ്ങളും ഗ്രാഹ്യങ്ങളാകുന്നു. അവ മുഹൂർത്തശാസ്ത്രങ്ങളിൽ സ്പഷ്ടങ്ങളാണ്. അവകളെ ഇവിടെ ഉദ്ധരിച്ചു വ്യാഖ്യാനം ദീർഘിപ്പിക്കണമെന്നു വിചാരിക്കുന്നില്ല.