ഭൂമൗ നിഖാതമവനേരുദയേ ജലേƒപാം
വാതസ്യ ധൂമവതി ഖസ്യ തഥോർധ്വദേശേ
ഭൂപൃഷ്ഠഗം ഹുതഭൂജഃ ഖലു വസ്തു നഷ്ടം
ബ്രൂയാൽ കൃതേഹ യദി നഷ്ടപദാർത്ഥചിന്താ.
സാരം :-
ദൈവജ്ഞനോട് മോഷണപ്രശ്നത്തെക്കുറിച്ചു ചോദിക്കയാണെങ്കിൽ അപ്പോഴത്തെ ശ്വാസം അറിഞ്ഞ് നഷ്ടദ്രവ്യം ഇരിക്കുന്ന സ്ഥാനം പറയേണ്ടതാണ്. എങ്ങിനെ എന്നാൽ അപ്പോഴത്തെ ശ്വാസം പൃഥിവിഭൂതമാണെങ്കിൽ ഭൂമിയിൽ കുഴിച്ചിട്ടിരിക്കുന്നു എന്നും ജലഭൂതമാണെങ്കിൽ വെള്ളത്തിനടിയിൽ വെച്ചിരിക്കുന്നു എന്നും വായു ഭൂതമായാൽ പുക ഏൽക്കുന്ന പ്രദേശത്തു ഇരിപ്പുണ്ടെന്നും ആകാശഭൂതമായാൽ വൃക്ഷാദികളുടേയോ മറ്റൊ മുകളിൽ ഉണ്ടെന്നും അഗ്നിഭൂതമായാൽ ഭൂമിയുടെ മുകളിൽ തന്നെ ഇരുപ്പുണ്ടെന്നും പറയാം.
************************************
ഐന്ദ്ര്യാദ്യാസ്തു ദിശോ ജ്ഞേയാഃ
പൃഥിവ്യദ്യുദയൈഃ ക്രമാൽ
ആകാശോദയതോ മദ്ധ്യം
നഷ്ടം തത്രൈവ വാ സ്ഥിതം
സാരം :-
നഷ്ടദ്രവ്യത്തെപ്പറ്റി ചോദിക്കുമ്പോൾ ശ്വാസം പൃഥിവിഭൂതമായിരുന്നാൽ കിഴക്കേദിക്കിലാണെന്നും ജലഭൂതമായാൽ തെക്കേദിക്കിലെന്നും അഗ്നിഭൂതമായാൽ പടിഞ്ഞാറെന്നും വായുഭൂതമായാൽ വടക്കെന്നും ആകാശഭൂതമായാൽ മദ്ധ്യപ്രദേശത്താണെന്നും പറയണം.
കഴിഞ്ഞ പദ്യംകൊണ്ട് പൃഥിവീഭൂതമായ ശ്വാസംകൊണ്ട് ഭൂമിയിൽ കുഴിച്ചിട്ടിരിക്കുന്നുവെന്നും ഈ പദ്യംകൊണ്ടു അതു കിഴക്കേ ദിക്കിലാണെന്നും വന്നു. അങ്ങിനെ ക്രമമായി വിചാരിച്ചുകൊള്ളുക.