പൃച്ഛാനിർഗമമാർഗമന്ദിരഗതിപ്രശ്നക്രിയാസംഭവം
സൂത്രത്രിസ്ഫുടജാഷ്ടമംഗലഫലാരൂഢോദയേന്ദൂദ്ഭവം
ആയുഃ ഖേടവശാച്ച ജാതകവശാത്സഞ്ചിന്ത്യ ഭാവാൻ പരാൻ
ദേവാനാമനുകൂലതാദി ച വദേദ് ബാധാഭിചാര്യാദ്യപി. ഇതി.
സാരം :-
പൃച്ഛാസമയത്തിൽ ധരിക്കേണ്ടവ കഴിഞ്ഞ ശ്ലോകംകൊണ്ടു പറഞ്ഞുകഴിഞ്ഞല്ലോ. ആ വക ലക്ഷണങ്ങളെക്കൊണ്ടും പുറപ്പെടുമ്പോൾ തല്ക്കാലം സംഭവിക്കുന്ന നിമിത്താദികളെക്കൊണ്ടും വഴിയിൽവെച്ചു കാണുന്ന ശകുനം മുതലായവയെ ആശ്രയിച്ചും പൃച്ഛകഗ്രഹത്തിങ്കൽ പ്രവേശിക്കുമ്പോൾ അനുഭവപ്പെടുന്ന ലക്ഷണങ്ങളെക്കൊണ്ടും ചക്രമെഴുത്തു മുതലായ പ്രശ്നകർമ്മത്തിന്റെ ഉപകരണസാധനങ്ങളെ (സ്വർണ്ണദീപതാംബൂലാദികളെ) ക്കൊണ്ടും സൂത്രം ത്രിഫുടം അഷ്ടമംഗലം ആരൂഢം ഉദയം ചന്ദ്രൻ ഇതുകളിൽ നിന്നും ഗ്രഹങ്ങളുടെ സ്ഥിതിഭേദംകൊണ്ടും ജാതകഫലത്താലും ആയുസ്സിനെ ചിന്തിച്ചു നിശ്ചയിക്കണം. ആയുർവിഷയം പ്രധാനമായിട്ടാണ് ഈ പ്രശ്നമാർഗ്ഗത്തിന്റെ പുറപ്പാട്. അതുകൊണ്ടാണ് പൃച്ഛാനിർഗ്ഗമനാദികളെക്കൊണ്ട് ആയുസ്സിനെ അറിയണം എന്നു പറഞ്ഞത്. വിവാഹപ്രശ്നം സന്താനപ്രശ്നം മുതലായതിനും സമയാദികളെ യുക്തിപോലെ ചിന്തിക്കാവുന്നതാണ്. കൂടാതെ ദ്വാദശഭാവങ്ങളെയും ഈശ്വരാനുകൂല്യത്തെയും ധർമ്മ ദൈവവിചാരത്തേയും ആഭിചാരം ബാധാചിന്ത മുതലായവയേയും വഴിപോലെ ആലോചിച്ചിട്ടു പറയേണ്ടതാണ്. ഫലം പറയുന്നതിനുള്ള ക്രമം ഇപ്രകാരമാണ്.