ക്ഷേത്രേ മൃതി൪ജ്ജനനമങ്കണമണ്ഡപാദൗ
മൂത്രാസൃഗാദിപതനം പതിതാദിവേശഃ
സോലൂകഗൃദ്ധ്രകരടശ്വഖരോഷ്ട്രകോല
ക്രോഷ്ടൃക്ഷഡുണ്ഡുഭപുരസ്സരഗ൪ഭവേശഃ
ഛത്രാകനാകുമധുകാദിസമുദ്ഗമോƒ൪ച്ചാ
സ്വേദപ്രരോദസഹിതാനി തഥാ പ്രദാഹഃ
ബിംബസ്യ പാതചലനാദിരഥാംഗഭംഗഃ
പൂജാവിലുപ്തിരപി ചാസതി ദിഷ്ടദോഷേ
ക്ഷൂദ്രാന്യമന്ത്രയജനം പ്രതിഷിദ്ധദുഷ്ട
പുഷ്പാദിപൂജനമഥോ മരിചാദിലേപഃ
ഏതാനി തന്ത്രകഥിതാനി നിമിത്തകാനി
ജ്ഞേയാനി തത്ര ഗുരുലാഘവഭേദവന്തി
സാരം :-
ക്ഷേത്രത്തില്‍വെച്ചു ജനനവും മരണവും സംഭവിക്കുക, ക്ഷേത്രശബ്ദംകൊണ്ട് പുറമതിലിനുള്ളില്‍ ഉള്ള പ്രദേശത്തെത്തേയാണ് വിവക്ഷിച്ചിരിക്കുന്നത്. അങ്കണം, മണ്ഡപം, ബലിപ്പുര, ചുറ്റമ്പലം, വല്യമ്പലം മുതലായ ഉപാലയങ്ങളിലും മദ്ധ്യഹാരയ്ക്ക് അകത്തുള്ള അങ്കണപ്രദേശത്തും മലമൂത്ര വിസ൪ജ്ജനാദികള്‍ സംഭവിക്കുക, ഭ്രഷ്ടന്മാരായവ൪ പാഷണ്ഡന്മാ൪ മുതലായവ൪ പുലയുള്ളവ൪ പ്രവേശിക്കുക, ഊമന്‍, കഴുകന്‍, കാക്ക, പട്ടി, കഴുത, ഒട്ടകം, പന്നി, കുരങ്ങ്, കാടന്‍, ചേര മുതലായ ക്ഷുദ്രജന്തുക്കള്‍ ഗ൪ഭഗൃഹത്തിലുള്ളില്‍ പ്രവേശിക്കുക, ശ്രീകോവിലില്‍ കുമിള്, പുറ്റ്, തേന്‍കൂട് മുതലായവ ഉണ്ടാകുക, ബിംബത്തിന് വിയ൪പ്പ്, കരച്ചില്‍, ചിരി ഇവയുടെ ലാഞ്ചനമുണ്ടാകുക (താന്ത്രിവര്യന്മാ൪ക്ക് ഈ വക ലക്ഷണങ്ങള്‍ കണ്ടറിയാന്‍ കഴിയും). ബിംബത്തിനു ചൂടേല്‍ക്കുക, ഇളകുക, വീഴുക, അംഗങ്ങള്‍ മുറിഞ്ഞോ പൊട്ടിയോ കേടുപറ്റുക, കാരണം കൂടാതെ പൂജ മുതലായ ക൪മ്മങ്ങള്‍ മുടക്കുക, നിഷേദിക്കപ്പെട്ട നീചമന്ത്രങ്ങളെക്കൊണ്ടും അതാതു ദേവന്മാ൪ക്ക് ഉചിതമല്ലാത്ത മന്ത്രങ്ങളെക്കൊണ്ടും പൂജിക്കുക, അതുപോലെ തന്നെ ഓരോ ദേവന്മാരുടേയും പൂജാതികളില്‍ നിഷേധിച്ചിട്ടുള്ള നിന്ദ്യപുഷ്പങ്ങങ്ങളെക്കൊണ്ട് പൂജിക്കുക (പൂജാ൪ഹമല്ലാത്ത പുഷ്പങ്ങളെക്കൊണ്ട് പൂജിക്കരുത്). കുരുമുളകരച്ചു ബിംബത്തില്‍ തേയ്ക്കുക, ഈ പറകപ്പെട്ടിട്ടുള്ള അനിഷ്ടങ്ങളും ശാസ്ത്രാന്തരങ്ങളില്‍ ഇതുപോലെ നിഷിദ്ധങ്ങളായി മറ്റു കല്പിചിട്ടുള്ളവയും ദേവചൈതന്യത്തിനു ഹാനിവരുത്തുന്ന കാരണങ്ങളാണെന്നു അറിയേണ്ടതാണ്. ഈ പറഞ്ഞ അനിഷ്ടനിമിത്തങ്ങളില്‍ ചിലത് കഠിനങ്ങളും ചിലത് നിസ്സാരങ്ങളും ആണ്. ആ വക ഭേദങ്ങള്‍ താന്ത്രികന്മാരില്‍ നിന്നും മറ്റു തന്ത്ര ശാസ്ത്രങ്ങളില്‍ നിന്നും അറിഞ്ഞുകൊള്ളേണ്ടവയാണ്.