ഭാവേഷു ലഗ്നാദിഷു യത്ര സൌമ്യാ-
സ്തദുക്തസാന്നിദ്ധ്യമുഖാഭിവൃദ്ധി
പാപസ്ഥിതി൪യ്യത്ര തദീരിതാനാം
വാച്യൈവ ഹാനി൪ബഹുദൂഷണം വാ
ലഗ്നം കൊണ്ട് സാന്നിദ്ധ്യാദികളും രണ്ടാം ഭാവംകൊണ്ട് നിധികോശാദികളുമാണല്ലോ ദേവപ്രശ്നത്തില്‍ പറഞ്ഞിട്ടുള്ളത്. ലഗ്നാദികളായ ഈ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ വന്നാല്‍ ആ ഭാവംകൊണ്ട് വിചാരിക്കേണ്ട ചൈതന്യം മുതലായ ഫലങ്ങള്‍ക്ക് ഹാനിയോ മറ്റു പലതരത്തിലുള്ള ദൂഷണങ്ങളോ ഉണ്ടെന്നു പറയണം. ലഗ്നാദികളായ ഏതൊരു ഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ വരുന്നുവോ, ചൈതന്യം മുതലായ തല്‍ഭാവഫലങ്ങള്‍ക്ക് പുഷ്ടിയും ശോഭനഫലങ്ങളും ഉണ്ടെന്നു ചിന്തിച്ചറിയേണ്ടതാണ്.
"കഥയതി വിപരീതം രിഃഫഷഷ്ഠാഷ്ടമേഷു"
എന്ന വചനമനുസരിച്ച് മേല്‍പറഞ്ഞ ക്രമത്തിന് ഒരു വ്യത്യാസം ഉണ്ടെന്നു ദ്രഹിക്കണം. ശുഭഗ്രഹങ്ങള്‍ ശോഭനഫലത്തെ പുഷ്ടിപ്പെടുത്തുകയും പാപഗ്രഹങ്ങള്‍ ശുഭഫലത്തെ ഹനിക്കുകയും ചെയ്യും. പന്ത്രണ്ടാം ഭാവം ദേവപ്രശനത്തില്‍ ധനനാശഭാവമാണല്ലോ. പന്ത്രണ്ടാം ഭാവത്തില്‍ ശുഭഗ്രഹം വന്നാല്‍ ധനനാശത്തെ ഇല്ലാതാക്കുകയും പാപഗ്രഹം വന്നാല്‍ ധനനാശത്തെ വ൪ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ശുഭഗ്രഹങ്ങള്‍ എല്ലാ ഭാവങ്ങളേയും ഒന്നുപോലെ പുഷ്ടിവരുത്തുമെന്നും പാപഗ്രഹങ്ങള്‍ എല്ലാ ഭാവങ്ങളേയും ഒന്നുപോലെ നശിപ്പിക്കുമെന്നും ധരിക്കരുത്.