മാണിക്യം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ മാണിക്യം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്. മാണിക്യം വിലകൂടിയതും ദുര്‍ലഭവുമായ രത്നമാണ്.
പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ ഇത് ധരിക്കുവാന്‍ തീര്‍ച്ചപ്പെടുത്താം. മോതിരത്തില്‍ ധരിക്കേണ്ട മാണിക്യത്തിന് ഏറ്റവും കുറഞ്ഞത് മൂന്ന് കാരറ്റെങ്കിലും ഭാരം ഉണ്ടായിരിക്കണം. (1 കാരറ്റ് = 200 മില്ലി ഗ്രാം) ഞായറാഴ്ച ദിവസം രാവിലെ, പന്ത്രണ്ട് മണിക്ക് മുമ്പ് മാണിക്യ മോതിരം സ്വര്‍ണ്ണത്തില്‍ ഘടിപ്പിക്കണം. സ്വര്‍ണ്ണം ഇല്ലായെങ്കില്‍ ചെമ്പ് പകരമായി ഉപയോഗിക്കാം. എന്നാല്‍ മറ്റ് ലോഹങ്ങള്‍ ഉപയോഗിക്കുവാന്‍ പാടില്ല.
സൂര്യന്‍റെ നക്ഷത്രങ്ങളായ കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ ദിവസങ്ങളിലും മാണിക്യം മോതിര ലോഹത്തില്‍ ഘടിപ്പിക്കാം. സൂര്യന്‍റെ കാലഹോരകളിലും ഇതാവാം. രത്നം ശരീരത്തെ സ്പര്‍ശിക്കുന്നവിധം മോതിരത്തിന്‍റെ കീഴ്ഭാഗം തുറന്നിരിക്കണം. രത്നം ശരീരത്തിലെ ത്വക്കിന് മുകളിലുള്ള ഓറയില്‍ പ്രവര്‍ത്തിച്ച് സൂര്യന്‍റെ ശക്തി ശരീരത്തിലേയ്ക്ക് കടത്തിവിടുന്നു. വളരെ ശ്രദ്ധിച്ചാല്‍ എക്സ്റേ ശരീരത്തിലൂടെ കടന്നുപോകുന്നത് അറിയാവുന്നത് പോലെ, രത്നം ധരിക്കുമ്പോള്‍ തന്നെ അതിന്‍റെ ഒരു പ്രഭാവം അറിയുവാന്‍ കഴിയും.
മോതിരം തയ്യാറായിക്കഴിഞ്ഞാല്‍ കാവിനിറത്തിലുള്ള അല്ലെങ്കില്‍ ചുവന്ന നിറമുള്ള പാട്ടില്‍ പൊതിഞ്ഞ് സൂര്യയന്ത്രത്തിനു മുമ്പില്‍ ഒരു പീഠത്തില്‍ വെയ്ക്കണം. അതിനുശേഷം സൂര്യന്‍റെ മന്ത്രം ജപിച്ച് മാണിക്യ രത്നത്തിന് ശക്തി പകരണം. ഷോഡശോപചാര പൂജ നടത്തി ദാനധര്‍മ്മങ്ങള്‍ നടത്തി സ്വയം ആ മോതിരം വലത് കൈയുടെ മോതിര വിരലില്‍ ധരിക്കണം. സ്ത്രീകള്‍ ഇടതുകൈയുടെ മോതിരവിരലില്‍ ധരിക്കുന്നത് ഉത്തമം. ആ മോതിരത്തിന്‍റെ കാലാവധി നാല് വര്‍ഷം നീണ്ടു നില്‍ക്കും. നാല് വര്‍ഷത്തിനു ശേഷം മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കാന്‍ കൊടുക്കാം. അല്ലെങ്കില്‍ പൂജാമുറിയില്‍ സൂക്ഷിച്ച് വെയ്ക്കാം.
മാണിക്യം ധരിക്കുന്നവര്‍ വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നീ രത്നങ്ങളോ ഇവയുടെ ഉപരത്നങ്ങളോ ധരിക്കരുത്.