മേഷകുളീര തുലാളിഘടൈഃ പ്രാ-
ഗുത്തരതോ ഗുരുസൗമ്യഗൃഹേഷു
പശ്ചിമതശ്ച വൃഷേണ നിവാസോ
ദക്ഷിണഭാഗകരൗ മൃഗസിംഹൗ.
സാരം :-
മേടം, കര്‍ക്കിടകം, തുലാം, വൃശ്ചികം, കുംഭം എന്നീ അഞ്ചു രാശികളില്‍ ഒന്നാണ് ഉദയലഗ്നമെങ്കില്‍ പ്രസവിച്ച മുറിയില്‍ കിഴക്കേ അരികിലും, മിഥുനം, കന്നി, ധനു, മീനം ഇതിലൊന്ന് ഉദയലഗ്നമെങ്കില്‍ വടക്കേ അരികിലും, ഇടവമാണ് ഉദയലഗ്നമെങ്കില്‍ പടിഞ്ഞാട്ട് നീങ്ങിയും, മകരമോ ചിങ്ങമോ ഉദയലഗ്നമെങ്കില്‍ മുറിയുടെ തെക്കുഭാഗത്തുമാണ് പ്രസവിച്ചത് എന്ന് പറയണം. ഇവിടെ ഇന്നിന്ന രാശികള്‍ക്ക് ഇന്നിന്ന ഭാഗമാണെന്നുമാത്രം പറഞ്ഞതുകൊണ്ട് (മേടം കര്‍ക്കിടകം മുതലായ രാശികള്‍ ലഗ്നമായാല്‍ എന്ന് പറഞ്ഞിട്ടില്ലാത്തതിനാല്‍) ഉദയലഗ്നംപോലെ പൃച്ഛകാരൂഢം പൃച്ഛാസമയത്തെ ഉദയലഗ്നം, ഛത്രം എന്നീ രാശികളെക്കൊണ്ടൊക്കയും പ്രസവസ്ഥാനത്തെ വിചാരിക്കാമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. എങ്ങനെയെന്നാല്‍ മേല്‍പറഞ്ഞ ലഗ്നം പൃച്ഛകാരൂഢം മുതലായ നാല് രാശികളില്‍, ബലം അധികമുള്ള മേടം കര്‍ക്കിടകം തുലാം വൃശ്ചികം കുംഭം ഇതുകളില്‍ ഒന്നായാല്‍ പ്രസവം കിഴക്കുഭാഗതാണെന്ന് താല്പര്യം.