വിവാഹത്തിനുശേഷം ഭാഗ്യൈശ്വര്യങ്ങൾക്കു നാശം സംഭവിക്കുമെന്നു പറയണം

തൽകാരകേ ദാരപതൗ കുടുംബനാഥേ
വിലഗ്നാധിപതൗ ച ദുഃസ്ഥേ
മൂഢാരിനീചാംശഗതേ സപാപേ ഭാഗ്യം
വിവാഹാൽ പരമേതി നാശം. - ഇതി.

സാരം :-

1). ശുക്രൻ 2). ലഗ്നാധിപൻ 3). രണ്ടാംഭാവാധിപൻ 4). ഏഴാം ഭാവാധിപൻ എന്നീ ഗ്രഹങ്ങൾ നാലുപേരും അനിഷ്ടഭാവങ്ങളിൽ നിൽക്കണം. ഈ ഗ്രഹങ്ങൾക്ക്‌ മൌഢ്യ൦ നീചസ്ഥിതി, നീചനവാംശകം, ശത്രുക്ഷേത്രസ്ഥിതി, ശത്രുനവാംശം എന്നിവ വരികയും ചെയ്‌താൽ വിവാഹത്തിനുശേഷം ഭാഗ്യൈശ്വര്യങ്ങൾക്കു നാശം സംഭവിക്കുമെന്നു പറയണം.

തുലാം രാശിയുടെ മൂന്നാം ദ്രേക്കാണം

വിഭീഷയംസ്തിഷ്ഠതി രത്നചിത്രിതോ
വനേ മൃഗാൻ കാഞ്ചനതൂണവർമ്മഭൃൽ
ഫലാമിഷംവാനരരൂപഭൃന്നര-
സ്തുലാവസാനേ യവനൈരുദാഹൃതഃ

സാരം :-

തുലാം രാശിയുടെ അന്ത്യദ്രേക്കാണസ്വരൂപം, കുതിരയുടെ മുഖംപോലെയുള്ള മുഖത്തോടും രത്നാഭരണങ്ങളണിഞ്ഞും സ്വർണ്ണമയമായ ചട്ട കെട്ടി സ്വർണ്ണം കൊണ്ടുണ്ടാക്കിയ ആവനാഴികളെ ധരിച്ചും കയ്യിൽ ഒരു വില്ലെടുത്തും കാട്ടിൽച്ചെന്നു മൃഗങ്ങളെ ഭയപ്പെടുത്തിയും നില്ക്കുന്ന ഒരു വികൃതിപുരുഷസ്വരൂപമാകുന്നു എന്നാണ് യവനാചാര്യന്മാർ പറഞ്ഞിട്ടുള്ളത്. ഇതു മനുഷ്യദ്രേക്കാണവും ചതുഷ്പാദ്രേക്കാണവും സായുധവും ആരണ്യവുമാകുന്നു.

-------------------------------------------------

തുലാം രാശിയുടെ അന്ത്യദ്രേക്കാണം, വനത്തിങ്കൽ മൃഗങ്ങളെ ഭയപ്പെടുത്തുന്നവനായും രത്നങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടവനായും സ്വർണ്ണംകൊണ്ടുള്ള ആവനാഴിയേയും ചട്ടയേയും ഫലത്തേയും മാംസത്തേയും വാനരരൂപത്തേയും ധരിക്കുന്നവനായുമിരിക്കുന്ന ഒരു പുരുഷന്റെ രൂപംപോലെ ഇരിക്കുന്ന രൂപത്തോടുകൂടിയതാകുന്നു എന്നു യവനാചാര്യന്മാർ പറഞ്ഞിരിക്കുന്നു. 

തുലാം രാശിയുടെ രണ്ടാം ദ്രേക്കാണം

കലശം പരിഗൃഹ്യ വിനിഷ്പതിതും
സമഭീച്ഛതി ഗൃധ്രമുഖഃ പുരുഷഃ
ക്ഷുധിതസ്തൃഷിതശ്ച കളത്രസുതാൻ
മനസൈതി തുലാധരമധ്യഗതഃ

സാരം :-

കയ്യിൽ ഒരു കുടത്തോടും കഴു എന്ന പക്ഷിയുടെ മുഖംപോലെയുള്ള മുഖത്തോടും അതിയായ വിശപ്പ് ദാഹം ഇവയോടുകൂടി തന്റെ ഭാര്യാപുത്രന്മാരെ മനസ്സുകൊണ്ട് വിചാരിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു പുരുഷന്റെ സ്വരൂപമാണ് തുലാംരാശിയുടെ മദ്ധ്യദ്രേക്കാണസ്വരൂപം. ഇയ്യാൾ ഇരിപ്പിടത്തിൽ നിന്നു ഏതോ ഒരിടത്തേയ്ക്കു പോവാൻ ആഗ്രഹിച്ചുകൊണ്ടിരിയ്ക്കുകയാകുന്നു. ഇതു മനുഷ്യദ്രേക്കാണവും പക്ഷിദ്രേക്കാണവുമാണെന്നറിയണം. 

തുലാം രാശിയുടെ ഒന്നാം ദ്രേക്കാണം

വീഥ്യന്തരാപണഗതഃ പുരുഷസ്തുലാവാ-
നുന്മാനമാനകുശലഃ പ്രതിമാനഹസ്തഃ
ഭാണ്ഡം വിചിന്തയതി തസ്യ ച മൂല്യമേത-
ദ്രൂപം വദന്തി യവനാഃ പ്രഥമംതുലായാഃ

സാരം :-

തുലാം രാശിയുടെ ഒന്നാം ദ്രേക്കാണസ്വരൂപം, രാജവീഥിയുടെ ഉൾഭാഗത്തുള്ള അങ്ങാടിപ്പീടികയിൽ തൂക്കുവാനുള്ള തട തുലാസ്സ് ഇവയോടും തൂക്കം കണക്കാക്കുവാനുള്ള കട്ടികളോടും കൂടിയവനും, തൂക്കം അളവ് മുതലായവയിൽ സമർത്ഥനും ഈ മൂലസാധനത്തെ ആർക്കാണു വില്ക്കേണ്ടതെന്നും വിചാരിച്ചുംകൊണ്ടിരിയ്ക്കുന്നവനുമായ ഒരു പുരുഷന്റെതാകുന്നു എന്നാണു യവനാചാര്യന്മാർ പറഞ്ഞിട്ടുള്ളത്. ഇത് പുരുഷദ്രേക്കാണവും നാഗരവുമാണെന്നും അറിയണം. " കസ്യവിപണ്യമേതത് " എന്നതിനു പകരം "തസ്യ ച മൂല്യമേതത് " എന്ന് ഒരു പാഠാന്തരമുണ്ട്. എന്നാൽ ഇനി എന്തൊന്നാണ് വില്പനയ്ക്കു വെയ്ക്കേണ്ടത്, അതെന്തു വിലയ്ക്കു വില്ക്കാം. എന്തു ലാഭമുണ്ടാവും? എന്നും മറ്റും ആലോചിച്ചുകൊണ്ടിരിയ്ക്കയാണ് എന്നാണിതിന്നർത്ഥമെന്നും അറിയുക. 

വിവാഹത്തിനുശേഷം ഐശ്വര്യം അനുഭവിക്കാനിടവരുമെന്നു പറയണം

ശുക്രേƒസ്തപേ ചോപചയാന്വിതേ വാ
കുടുംബപേ താദൃശഭാവയുക്തേ
ലഗ്നേശ്വരേ വാ ശുഭദൃഷ്ടിയുക്തേ
ഭാഗ്യം വിവാഹാൽ പരതോ വദന്തി.

സാരം :-

ശുക്രൻ, രണ്ടാം ഭാവാധിപൻ, ഏഴാം ഭാവാധിപൻ എന്നീ ഗ്രഹങ്ങൾ മൂന്ന്, ആറ്, പത്ത്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ നിൽക്കുകയും ലഗ്നാധിപൻ ശുഭഗ്രഹദൃഷ്ടിയോടുകൂടി നിൽക്കുകയും ചെയ്‌താൽ വിവാഹത്തിനുശേഷം ഐശ്വര്യം അനുഭവിക്കാനിടവരുമെന്നു പറയണം.

യൗവ്വനാരംഭത്തിനു മുൻപുതന്നെ വിവാഹം നടക്കുമെന്നു പറയണം

പരാവതാംശാദിഗതേ കളത്രനാഥേ
കുടുംബാധിപതൗ ബലാഢ്യേ
മൃദ്വംശഭാഗേ തനുഭാവനാഥേ
ബാല്യേ വിവാഹം മുനയോ വദന്തി.

സാരം :-

ദ്രേക്കാണാദി സപ്തവർഗ്ഗങ്ങളിൽ ആറുവർഗ്ഗവും ഒരു ഗ്രഹത്തിന്റെതായാൽ പാരാവതാംശമെന്നു പറയപ്പെടുന്നു. ഏഴു വർഗ്ഗങ്ങളും ഒരു ഗ്രഹത്തിന്റെതായാൽ ദേവലോകാംശമെന്നും അഞ്ചുവർഗ്ഗം ഒരു ഗ്രഹത്തിന്റെതായാൽ സിംഹാസനവർഗ്ഗമെന്നും പറയപ്പെടുന്നു. ഇങ്ങനെയുള്ള വിശേഷവർഗ്ഗങ്ങൾ ഏഴാംഭാവാധിപതിക്കു വരികയും രണ്ടാംഭാവാധിപതി ബലവാനായിരിക്കുകയും ലഗ്നാധിപതി മൃദ്വംശത്തിൽ നിൽക്കുകയും ചെയ്‌താൽ യൗവ്വനാരംഭത്തിനു മുൻപുതന്നെ വിവാഹം നടക്കുമെന്നു പറയണം. മൃദ്വംശമെന്നു പറയുന്നത് ഷഷ്ട്യംശങ്ങളിൽ 46 മത്തെ അംശമാണ്.

ബാല്യത്തിൽ വിവാഹവും ഭർത്തൃസാഹചര്യവും സംഭവിക്കുന്നു

ലഗ്നേ കുടുംബേ യദി ദാരഭാവേ
ശുഭാന്വിതേ ശോഭനവർഗ്ഗയുക്തേ
തദീശ്വരേ ശോഭനദൃഷ്ടിയുക്തേ
ബാല്യേ വിവാഹാദികമാഹുരാര്യാഃ

സാരം :-

ലഗ്നം  രണ്ടാംഭാവം ഏഴാം ഭാവം എന്നീ മൂന്നു ഭാവങ്ങളിലും ശുഭഗ്രഹങ്ങൾ നിൽക്കുകയും ശുഭഗ്രഹങ്ങളുടെ ദ്രേക്കാണം ഹോര നവാംശം മുതലായ ഷഡ്വർഗ്ഗയോഗം വരികയും ചെയ്താലും ലഗ്നം രണ്ടാം ഭാവം ഏഴാം ഭാവം എന്നീ മൂന്നു ഭാവങ്ങളുടേയും അധിപതികൾ ശുഭഗ്രഹദൃഷ്ടിയോടുകൂടി നിന്നാലും ബാല്യത്തിൽ വിവാഹവും ഭർത്തൃസാഹചര്യവും സംഭവിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.