പ്രഷ്ടാവ് ജനിച്ച ലഗ്നമെന്നും പറയാം

ജന്മാദിശേല്ലഗ്നഗേ വീര്യഗേ വാ
ഛായാംഗുലഘ്നേƒർക്കശുദ്ധേƒവശിഷ്ടം
ആസീനസുപ്തോത്ഥിതോത്തിഷ്ഠതാം ഭം
ജായാസുഖാജ്ഞോദയസ്ഥം പ്രദിഷ്ടം.

സാരം :-

പ്രശ്നസമയത്ത് പ്രശ്നലഗ്നത്തിൽ ഒരു ഗ്രഹം നില്ക്കുന്നുണ്ടെങ്കിൽ അതിന്റെ ഒന്നിൽ അധികം പേർ ലഗ്നത്തിലുണ്ടെങ്കിൽ അവരിൽ അധികബലവാന്റെ, സ്ഫുടത്തെ പ്രശ്നസമയത്തേയ്ക്കു താല്കാലിച്ചുണ്ടാക്കി അതിനെ, പ്രശ്നകാലത്തെ ദ്വാദശാംഗുലശങ്കുഛായാം - ഗുലംകൊണ്ടു പെരുക്കി ഇലിയെ അറുപതിലും തിയ്യതിയെ മുപ്പതിലും കയറ്റി രാശിയെ പന്ത്രണ്ടിൽ ഹരിച്ചുകളയുക. ശിഷ്ടം കാണുന്ന രാശി ഉദിയ്ക്കുമ്പോഴാണ്‌ (ഈ കിട്ടിയതു പ്രഷ്ടാവിന്റെ ജനനസമയത്തെ ലഗ്നസ്ഫുടമാണെന്നു സാരം) പ്രഷ്ടാവിന്റെ ജനനമെന്നു പറയാവുന്നതാണ്.

പ്രഷ്ടാവ് ഇരുന്നിട്ടാണ് ചോദിച്ചതെങ്കിൽ പ്രശ്നലഗ്നത്തിന്റെ ഏഴാംരാശിയും, കിടന്നിട്ടാണ് ചോദിച്ചതെങ്കിൽ പ്രശ്നലഗ്നത്തിന്റെ നാലാംരാശിയും, നിന്നിട്ടാണ്‌ ചോദിച്ചതെങ്കിൽ പ്രശ്നലഗ്നത്തിന്റെ പത്താംരാശിയും, നടന്നിട്ടാണ് ചോദിച്ചതെങ്കിൽ പ്രശ്നലഗ്നരാശിയുമാണ്‌ പ്രഷ്ടാവ് ജനിച്ച ലഗ്നമെന്നും പറയാം.

ഭാര്യ ഈശ്വരപരങ്ങളായ അനുഷ്ഠാനങ്ങളിൽ (വ്രതാനുഷ്ഠാനങ്ങളിൽ) താൽപര്യമുള്ളവളായിരിക്കും

ഗുരുണാ സഹിതേ ദൃഷ്‌ടേ ദാരനാഥേ ബലാന്വിതേ
കാരകേ വാ തഥാഭാവേ പത്നീ വ്രതപരായണാ,

സാരം :-

ഏഴാം ഭാവാധിപതിക്കോ ശുക്രനോ വ്യാഴത്തിന്റെ ദൃഷ്ടിയോ യോഗമോ വേണം ബലവും ഉണ്ടായിരിക്കണം. എന്നാൽ ഭാര്യ ഈശ്വരപരങ്ങളായ അനുഷ്ഠാനങ്ങളിൽ (വ്രതാനുഷ്ഠാനങ്ങളിൽ) താൽപര്യമുള്ളവളായിരിക്കും.

ശീലഗുണാദിസമ്പൂർണ്ണയായ നല്ല ഭാര്യയുണ്ടാകുമെന്നു പറയണം

ദാരേശേ ശുഭരാശ്യംശേ കാരകേ വാ തഥാവിധേ
കർമ്മേശേ ബലസംയുക്തേ സൽകളത്രസമന്വിതഃ

സാരം :-

ബലവാനായ ഏഴാം ഭാവാധിപനോ ശുക്രനോ ശുഭഗ്രഹങ്ങളുടെ രാശിയിലും നവാംശകത്തിലും നിൽക്കുകയും പത്താം ഭാവാധിപൻ ബലവാനായിരിക്കുകയും ചെയ്‌താൽ ശീലഗുണാദിസമ്പൂർണ്ണയായ നല്ല ഭാര്യയുണ്ടാകുമെന്നു പറയണം.

ഭാര്യയും പുത്രന്മാരും തന്മൂലമുള്ള സുഖങ്ങളും അനുഭവിക്കാനിടവരും

ദാരേശേ ശുഭസംയുക്തേ ശുഭഖേചരവീക്ഷിതേ
ശുഭഗ്രഹാണാം മധ്യസ്ഥേ സൽകളത്രാദിഭാഗ്ഭവേൽ.

സാരം :-

പുരുഷജാതകാൽ ഏഴാം ഭാവാധിപതിക്കു ശുഭഗ്രഹയോഗം ശുഭഗ്രഹദൃഷ്ടി ശുഭ മദ്ധ്യസ്ഥിതി എന്നീ ഗുണങ്ങളുണ്ടായാൽ ഭാര്യയും പുത്രന്മാരും തന്മൂലമുള്ള സുഖങ്ങളും അനുഭവിക്കാനിടവരും.

ജന്മലഗ്നത്തെയാണ് പറയുന്നത്

ഹോരാനവാംശപ്രതിമം വിലഗ്നം
ലഗ്നാദ്രവിര്യാവതി വാ ദൃഗാണേ
തസ്മാദ്വദേത്താവതിഥം വിലഗ്നം
പ്രഷ്ടുഃ പ്രസൂതാവിതി ശാസ്ത്രമാഹ.

സാരം :-

പ്രശ്നകാലോദയലഗ്നത്തിന്റെ നവാംശകം ഏതൊരു രാശിയിലാണോ ആ രാശി ഉദിയ്ക്കുന്ന സമയത്താണ് പ്രഷ്ടാവിന്റെ ജനനമെന്നു പറയണം.

പ്രശ്നകാലോദയലഗ്നദ്രേക്കാണം മുതൽക്കെണ്ണിയാൽ പ്രശ്ന സമയത്തെ സൂര്യൻ എത്രാംദ്രേക്കാണത്തിലാണോ നില്ക്കുന്നത്, പ്രശ്നകാലോദയലഗ്നം മുതൽക്ക്‌ അത്രാംരാശി ഉദിയ്ക്കുമ്പോണ് പ്രഷ്ടാവിന്റെ ജനനമെന്നും പറയാം. പ്രശ്നലഗ്നം മകരമദ്ധ്യദ്രേക്കാണത്തിലും പ്രശ്നസമയത്തെ സൂര്യസ്ഥിതി വൃശ്ചികമദ്ധ്യദ്രേക്കാണത്തിലും ആണെന്ന് വിചാരിയ്ക്കുക. എന്നാൽ ആ ദ്രേക്കാണസംഖ്യയായ 31 ൽ നിന്നു ഇരുപത്തിനാലു കളഞ്ഞു ബാക്കി ഏഴിനെ പ്രശ്നലഗ്നമായ മകരം മുതൽക്ക്‌ എണ്ണിയാൽ വരുന്നത് കർക്കടകം. മേൽകാണിച്ച ഉദാഹരണമാണ് പ്രശ്നം എങ്കിൽ പ്രഷ്ടാവിന്റെ ജനനലഗ്നം കർക്കടകം രാശിയാണെന്നാണ് പറയേണ്ടതെന്നു സാരം. മേല്ക്കാണിച്ചരണ്ടു പ്രകാരത്തിലും ലഗ്നത്തെ പറയാമെന്നാണ് പൂർവ്വശാസ്ത്ര അഭിപ്രായം. പ്രശ്നലഗ്നദ്രേക്കാണത്തിൽ നിന്നു പ്രശ്നസമയസൂര്യൻ എത്രാം ദ്രേക്കാണത്തിലാണോ നില്ക്കുന്നത്, ആ സൂര്യസ്ഥിതദ്രേക്കാണം മുതല്ക്കു അത്രാം ദ്രേക്കാണം ഉദിയ്ക്കുമ്പോഴാണ്‌ പ്രഷ്ടാവിന്റെ ജനനമെന്നും വിചാരിയ്ക്കാമെന്നും ഇതിന്നൊരർത്ഥമുണ്ട്.

  അടുത്ത അദ്ധ്യായത്തിൽ പറയുവാൻ പോകുന്ന 36 ദ്രേക്കാണസ്വരൂപങ്ങളിൽ ഏതൊന്നിന്റെ എങ്കിലും ആയുധാദികളെ പ്രശ്നസമയത്ത് യദൃച്ഛയാ കാണുകയോ അവയെ സ്മരിയ്ക്കുന്ന ശബ്ദശ്രവണാദികളുണ്ടാവുകയോ ചെയ്‌താൽ ആ ദ്രേക്കാണത്തിൽ സൂര്യൻ നിൽക്കുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നു വിചാരിയ്ക്കാമെന്നു ഈ ശ്ലോകത്തിൽ സൂര്യന്റെ ദ്രേക്കാണസ്ഥിതികഥനം മൂലം ആചാര്യൻ സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയണം. " യത്ര്യംശസംബന്ധിപരശ്വധാദിപദാർത്ഥവീക്ഷാശ്രവണാദികം സ്യാത് യദൃച്ഛയാ പ്രശ്നവിധൌ ദൃഗാണേ തസ്മിൻനിഷണ്ണം രവിമാഹുരാര്യാഃ എന്നുണ്ട്.  

സ്ത്രീകളെ സംബന്ധിച്ച ചില പ്രത്യേക ലക്ഷണങ്ങൾ

സ്ത്രീകളുടെ കാലിന്റെ ചെറുവിരൽ, നടുവിരൽ, അണിവിരൽ ഇവയിൽ ഏതെങ്കിലും ഒന്നു തറയിൽ തൊടാതിരുന്നാൽ ആ സ്ത്രീ ദുഃസ്വാതന്ത്ര്യക്കാരിയോ വിധവയോ ആയിത്തീരും. കാലിന്റെ ചൂണ്ടുവിരൽ തള്ളവിരലിനേക്കാൾ നീണ്ടിരിക്കുന്നതും ദുഃസ്വാതന്ത്ര്യത്തിന്റെ ലക്ഷണമാകുന്നു. ചിരിക്കുമ്പോൾ കവിൾത്തടങ്ങളിൽ ചുഴിയുണ്ടാകുന്നത് ദുഃസ്വഭാവക്കാരിയായ സ്ത്രീയുടെ ലക്ഷണമാകുന്നു. പൊടിപറത്തിക്കൊണ്ടു നടക്കുന്നതും ദുഃസ്വഭാവികളാണ്.

കൈകൾ അധികം വണ്ണിച്ചതും രോമമുള്ളതുമാണെങ്കിൽ വിധവയായിത്തീരുന്നതാണ്. തോൾ വളഞ്ഞതും ഘനമുള്ളതുമായിരിക്കുക, പുറകുവശം രോമമുള്ളതും മാംസളവുമായിരിക്കുക, മുട്ടിനുതാഴെ രോമമുണ്ടായിരിക്കുക ഓരോ രോമകൂപത്തിലും മൂന്നു  രോമംവീതം ഉണ്ടായിരിക്കുക ഇവയും വിധവകളുടെ ലക്ഷണമാകുന്നു.

ശരീരം മുഴുവൻ രോമമുണ്ടായിരിക്കുക, ചെങ്കനൽ പ്രഭയുള്ള കണ്ണുകളും നീണ്ട ദന്തങ്ങളും മാർദ്ദവമില്ലാത്ത സംസാരവും വലിയ ഉദരവും ഉണ്ടായിരിക്കുക, ഇവയെല്ലാം അധമകളായ സ്ത്രീകളുടെ ലക്ഷണങ്ങളാകുന്നു. മുടി കുറവായിരിക്കുന്നതും സംസാരം പരുഷമായിരിക്കുന്നതും അധമകൾക്കാകുന്നു. വലുതും തടിച്ചുതൂങ്ങിയതുമായ ഉദരമാണുള്ളതെങ്കിൽ ആ സ്ത്രീ വന്ധ്യ (പ്രസവിക്കാത്ത സ്ത്രീ) ആയിരിക്കുന്നതാണ്. 

ഒരു പുരുഷന്റെ ഉൽക്കർഷം മുഴുവൻ അവന്റെ ഭാര്യയെ ആശ്രയിച്ചാണിരിക്കുന്നത്. എത്ര ഭാഗ്യവാനാകട്ടെ ദുഃഖിതനാകാനും എത്ര ദീനനാകട്ടെ സുഖിമാനാകാനും അവന്റെ ഭാര്യയുടെ ദുർഗുണസൽഗുണങ്ങൾ യഥാക്രമം പ്രേരകമായിത്തീരുമെന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. ശുഭലക്ഷണങ്ങളുള്ള പതിവ്രതയായ സ്ത്രീയുടെ ഭാഗ്യം നിർഭാഗ്യവാനായ ഭർത്താവിനെക്കൂടി ഭാഗ്യവാനാക്കുന്നതാണ്. അതിനാൽ ശുഭലക്ഷണയുക്തകളായ സ്ത്രീകളെ വിവാഹം ചെയ്യേണ്ടതാകുന്നു.

വിവാഹാർത്ഥിയായ പുരുഷൻ സ്ത്രീയെ ആദ്യമായിക്കാണുന്ന അവസരത്തിൽ കരഞ്ഞുകൊണ്ടിരിക്കുകയോ, തീണ്ടാർന്നിരിക്കുകയോ, എണ്ണതേച്ചുകൊണ്ടിരിക്കുകയോ, ഉറങ്ങുകയോ, നഗ്നയായോ, അർദ്ധനഗ്നയായോ, മറഞ്ഞിരിക്കുകയോ, കലഹിച്ചുകൊണ്ടിരിക്കുകയോ, വസ്ത്രം മുറിച്ചുകൊണ്ടിരിക്കുകയോ ചെയ്‌താൽ ആ സ്ത്രീയെ വിവാഹം ചെയ്യാൻ പാടില്ലെന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു.

പുസ്തകം വായിച്ചുകൊണ്ടിരിക്കുകയോ, ഈശ്വരസ്തോത്രങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുകയോ, ആഭരണങ്ങളണിഞ്ഞു  കൊണ്ടിരിക്കുകയോ, ശുഭവസ്ത്രം ധരിക്കുകയോ, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയോ, വെളിച്ചത്തിരിക്കുകയോ, ആനന്ദിച്ചിരിക്കുകയോ ആണെങ്കിൽ ഏറ്റവും ശുഭമാകുന്നു. 

സ്ത്രീയെ കാണുമ്പോൾ പുരുഷന്റെ വലതുഭാഗം തുടിക്കുന്നുണ്ടെങ്കിൽ ശുഭവും ഇടതുഭാഗമാണെങ്കിൽ അശുഭവുമാകുന്നു. സ്ത്രീയുടെ ഇടതുഭാഗം തുടിക്കുന്നതു ശുഭവും വലതുഭാഗം തുടിയ്ക്കുന്നത് അശുഭവുമാകുന്നു. 

സ്ത്രീയുടെ മറുക് (ബിന്ദുക്കൾ)

ലക്ഷണശാസ്ത്രത്തിലും രേഖാശാസ്ത്രത്തിലും ബിന്ദുക്കൾ (മറുക്) ക്ക് പ്രാധാന്യമുണ്ട്. ബിന്ദുക്കൾ തേൻ നിറമുള്ളതും കറുപ്പുനിറമുള്ളതും അങ്ങനെ രണ്ടുവിധമാകുന്നു. ഇതിൽ തേനിന്റെ നിറമുള്ളത് ശുഭകരവും കറുപ്പുനിറമുള്ളത് അശുഭകരവുമത്രെ. ചില ബിന്ദുക്കൾ അരിമ്പാറപോലെ തടിച്ചതുമായിരിക്കും. നെറ്റിയുടെ മദ്ധ്യം തിലകം ചാർത്തുന്ന സ്ഥലത്ത് തേൻ നിറമുള്ള ബിന്ദുവുണ്ടെങ്കിൽ അവൾ ധനികയും ഐശ്വര്യവതിയുമാണ്‌. ഈ ബിന്ദു കറുത്തതാണെങ്കിൽ ധനമില്ലെങ്കിലും ഐശ്വര്യവും വിദ്യാഭ്യാസവുമുണ്ടാകും.

ഇടതു പുരികത്തിന്റെ മുകളിൽ തേൻ നിറമുള്ള മറുകുണ്ടെങ്കിലവൾ അധികാരമുള്ള ഉദ്യോഗം ഭരിക്കും. കറുത്തതാണെങ്കിൽ വിദ്യാഹീനയും എന്നാൽ ധനികയുമാവും.

വലതു പുരികത്തിന്റെ മുകളിലാണ് കറുത്ത മറുകെങ്കിൽ ദരിദ്രയും ഇത് തേൻ നിറമുള്ളതാണെങ്കിൽ കാമുകിയുമാകുന്നു.

കണ്‍പോളയിലെ മറുക് അപസ്മാരരോഗമുള്ള സ്ത്രീയുടെ ലക്ഷണമത്രെ. ഇതു കറുത്തതോ തേനിന്റെ നിറമുള്ളതോ ആയാലും ഫലമൊന്നുതന്നെ. അതുപോലെ തന്നെ ഇടതോവലതോ കണ്ണിന്റെ പോളയിലായാലും മറ്റും ഫലമൊന്നുമില്ല.

നെറ്റിയുടെ ഇടതരികിൽ തേൻ നിറമുള്ള മറുക് വിദ്യാഭ്യാസപരമായ ധനാർജ്ജനത്തേയും കറുത്തത് ദാരിദ്ര്യത്തേയും എന്നാൽ സൗശീലത്തേയും കുറിക്കുന്നു. ഇതു വലതു ഭാഗമായിരുന്നാൽ തേൻനിറം വ്യഭിചാരത്തേയും ധനമഹിമയേയും കറുത്തത് നിത്യദാരിദ്ര്യത്തേയും കാണിക്കുന്നു.

ചെവിയുടെ അകത്തെ ബിന്ദു ഇടതുഭാഗത്തേത് തേൻ നിറം വാചാലതയുള്ളവൾക്കും, കറുത്തത് കാമചാരണിക്കുമാകുന്നു. വലതുചെവിയുടെ കറുത്ത ബിന്ദു (മറുക്) നിത്യദാരിദ്ര്യത്തേയും, തേൻ നിറം അഭിസാരത്തേയും സൂചിപ്പിക്കുന്നു.

ഇടതുചെവിയുടെ പിൻവശം തേൻ നിറമായ ബിന്ദു (മറുക്) അടുക്കവും ഒതുക്കവുമുള്ള മഹിളയ്ക്കുണ്ടായിരിക്കും. അതും കറുപ്പാണെങ്കിൽ വ്യഭിചാരദോഷം കേൾക്കാം.

വലതുചെവിയുടെ പുറകുവശം തേൻനിറമോ കറുത്തതോ ആയ ബിന്ദുവുള്ളവൾ നിത്യദരിദ്രയാകുന്നു.

കഴുത്തിന്റെ പിൻവശം ഒന്നോ അതിലധികമോ ബിന്ദു (മറുക്) തേൻ നിറത്തിലുള്ളവൾ സ്വൈരിണിയും അവ കറുപ്പുനിറമായിരുന്നാൽ അവൾ ദരിദ്രയും അഹങ്കാരിണിയുമാകുന്നു.

കഴുത്തിന്റെ മുൻവശം കറുത്ത മറുകുള്ളവൾ ധനദുർവ്വിനിയോഗം ചെയ്യുന്നവളാണ്. തേൻ നിറമായിരുന്നാൽ വിദ്യാസമ്പന്നയാകുന്നു.

കഴുത്തിന്റെ ഇടതുഭാഗത്തെ കറുത്ത ബിന്ദു ധനപ്രമത്തതയേയും അഹങ്കാരത്തേയും സൂചിപ്പിക്കുന്നു. വലതുഭാഗത്തേത് ദരിദ്രലക്ഷണമാകുന്നു. തേൻ നിറമുള്ളതാണ് വലതു ഭാഗത്തെ മറുകെങ്കിൽ അവൾ ഭക്ഷണപ്രിയയാണ്.

മൂക്കിന്റെ വശങ്ങളിലോ അഗ്രഭാഗത്തോ തേൻ നിറമുള്ളതോ കറുത്തതോ ആയ മറുകുണ്ടെങ്കിൽ അവൾ ശൂരയാകുന്നു. ആ ഭാഗത്ത് അരിമ്പാറപോലെ തടിച്ച ബിന്ദുവുള്ളവൾ (മറുക്) അധികാരഭ്രമിയും ശൂരയുമാണ്‌.

മേൽചുണ്ടിനുപരി കറുത്തതോ തേനിന്റെ നിറമുള്ളതോ ആയ ബിന്ദുവുണ്ടെങ്കിൽ അവൾ കർക്കശഹൃദയയും ധനികയുമാകുന്നു. ഇത് അധരത്തിന് (താഴത്തെ ചുണ്ട്) താഴെയാണെങ്കിൽ ധനമഹിമയേയും സന്താനസൗഭാഗ്യത്തേയും കുറിക്കുന്നു.

താടിയിൽ കറുത്ത മറുകുണ്ടെങ്കിൽ അവൾ ഗണികയായിരിക്കും. ഇത് തേൻ നിറമുള്ള മറുകാണെങ്കിൽ വേശ്യയും ധനികയും പുത്രസമ്പത്തുള്ളവളുമാകുന്നു.

വലതുകവിളിലെ കറുത്തതും തേൻ നിറമുള്ളതുമായ മറുക് പ്രസവിക്കാത്തവളെ സൂചിപ്പിക്കുന്നതാണ്.

സ്തനങ്ങളുടെ മേൽഭാഗം കഴുത്തിനുതാഴെയായി മറുകുള്ളവൾ വിധവയായിരിക്കും. ഇത് കറുത്തതോ തേൻ നിറമുള്ളതോ ആയിരുന്നാലും ഫലമൊന്നുതന്നെ. 

ഇടതുമുലയിലെവിടെയെങ്കിലും തേൻനിറമുള്ള മറുകുണ്ടായിരുന്നാൽ അവൾ ധനികയാകുന്നു. കറുത്ത മറുകാണെങ്കിൽ ദാരിദ്ര്യവും സന്താനദുരിതവും ഫലമാകുന്നു. വലതു മുലയിലാണ് കറുത്ത മറുകെങ്കിൽ ബന്ധപ്പെട്ട കുടുംബം പുലർത്തുകയും മര്യാദയായി ജീവിക്കുകയും ചെയ്യും .

വയറ്റത്തോ പൊക്കിളിനു മുകളിലോ ഏതെങ്കിലും നിറത്തിൽ ബിന്ദുവുണ്ടെങ്കിൽ അവൾ അധികം പ്രസവിക്കുന്നവളും എന്നാൽ സന്താനഭാഗ്യമില്ലാത്തവളുമാകുന്നു. ഈ ബിന്ദു (മറുക്) മറുവശം കഴുത്തിനും അരക്കെട്ടിനുമിടയ്ക്കായിരുന്നാൽ ഗണികയാണവളെന്നു നിശ്ചയിക്കാം.

തോളത്തോ കൈപ്പടങ്ങളിലോ ഏതെങ്കിലും നിറത്തിൽ ബിന്ദുവുണ്ടെങ്കിൽ വലതുഭാഗത്തുള്ളത് അശുഭലക്ഷണവും ഇടതുഭാഗത്തേത് ശുഭകരവുമാണ്.

ഇടതുകയ്യുടെ പുറത്ത് എവിടെയെങ്കിലും തേൻ നിറമുള്ള ബിന്ദുവാണെങ്കിൽ സുശീലയും നിർദ്ധനയുമായിരിക്കും.

സ്ത്രീകളുടെ വലതു കയ്യിലേയും വലതു കാലിലേയും ബിന്ദുക്കളും രേഖകളും ശാസ്ത്രപ്രകാരം പരിഗണനാർഹമല്ലാത്തതിനാൽ ഇവിടെ വിവരിക്കുന്നില്ല.

ഇടതുകയ്യിലെ തള്ളവിരലിന്റെ ചുവട്ടിലോ വശങ്ങളിലോ തേൻ നിറമുള്ള മറുകുണ്ടെങ്കിൽ അവൾ വിദ്യാസമ്പന്നയും സുശീലയുമാകുന്നു. കറുത്തതായിരുന്നാൽ വിദ്യാഭ്യാസമുണ്ടെങ്കിലും അതുകൊണ്ടു ഫലം സിദ്ധിക്കുന്നതല്ല.

ചെറുവിരലിന്റെ വശങ്ങളിലും ചുവട്ടിലും കറുത്ത മറുകുണ്ടെങ്കിൽ ധനികയാകുന്നു. തേൻ നിറമാണെങ്കിൽ ദരിദ്രയും സുശീലയുമാകുന്നു. മറ്റുവിരലുകളിൽ വശങ്ങളിലോ പുറത്തോ ഉള്ള മറുക്, തേൻ നിറം സമൃദ്ധിയേയും, കറുത്തത് ദാരിദ്ര്യത്തേയും സൂചിപ്പിക്കുന്നു.

കയ്യുടെ അകത്ത് മണിബന്ധത്തിനോടു ചേർന്നോ തള്ളവിരലിന്റെ മടക്കിനോടു ചേർന്നോ കറുത്ത മറുകുണ്ടെങ്കിലവൾ ബാല്യവിധവയോ ബാല്യകാലം മുതൽ ഗണികയോ ആകുന്നു. ഇത് തേനിന്റെ നിറമുള്ളതായിരുന്നാൽ ധനികയും വിധവയുമായിരിക്കും.

കൈപ്പത്തിയുടെ നടുവിൽ കറുത്തതോ തേൻ നിറമുള്ളതോ ആയ മറുകുണ്ടെങ്കിലവൾ അധികാരഗർവ്വുള്ളവളാണ്.

യോനിയുടെ മേൽപുറത്തോ ഇടതുഭാഗത്തോ കറുത്ത മറുകുള്ളവൾ ഗണികയായിരിക്കും. ഇവിടെ തേൻ നിറമുള്ള മറുകുണ്ടായിരിക്കുന്നതല്ല.

യോനിയോടുചേർന്ന് ഇടത്തെ തുടയിൽ തേൻ നിറത്തിൽ മറുകുണ്ടെങ്കിലവൾ സുശീലയും ദരിദ്രയുമാകുന്നു.

മുട്ടിനുമുകളിൽ മറ്റെവിടെയെങ്കിലും ഇടത്തേ തുടയിലുള്ള തേൻ നിറമായ മറുക് ശുഭകരവും കറുപ്പുനിറമുള്ളത് അശുഭകരവുമത്രേ.

മുട്ടിലോ മുട്ടിന്റെ ചരിവുകളിലോ കറുത്തതും തേൻനിറമുള്ളതുമായ മറുക് ശുഭകരമാണ്.

കണങ്കാലിൽ കറുത്ത മറുക് ദാരിദ്ര്യലക്ഷണവും തേൻ നിറമുള്ളത് വിദ്യാലക്ഷണവുമാകുന്നു.

ഉപ്പുകുറ്റിയുടെ ഏതെങ്കിലും ഭാഗത്തോ മുകളിലോ കറുത്തതും തേൻ നിറമുള്ളതുമായ മറുകുള്ളവൾ നർത്തകിയും ധനികയുമായിരിക്കും.

പാദത്തിന്റെ പുറത്തും വിരലുകളിലുമുള്ള എല്ലാത്തരം മറുകും ശുഭകരമാണ്.

തള്ളവിരലിന്റെ വലത്തെ ഇറമ്പിലെ കറുത്തതോ തേൻ നിറമുള്ളതോ ആയ മറുക് ഗണികയുടേയും നർത്തകിയുടേയും ലക്ഷണമത്രെ. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.