പൃഛക വസ്ത്രാഭരണാദികള്‍

പൃഛകന്‍റെ വേഷഭൂഷാദികളില്‍ നിന്നും പ്രശ്നത്തിന്‍റെ ശുഭാശുഭത്വം മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയും, പൃഛകന്‍ ജലം കൊണ്ട് നനഞ്ഞതോ, കീറിയതോ, അഴുക്കുള്ളതോ ചുവന്നതോ നീലയോ ആയ വസ്ത്രം ധരിച്ചിരുന്നാല്‍ പൃഛകന് ദുഃഖം അനുഭവപ്പെടും. കൂടാതെ അമംഗള വസ്തുക്കള്‍ കൈയില്‍ വെച്ച് കൊണ്ട് ദൈവജ്ഞനെ സന്ദര്‍ശിച്ചാലും അശുഭഫലമായിരിക്കും.

പൃഛകന്‍ പൂക്കളുടെ സുഗന്ധം കൊണ്ടും ആഭരണം കൊണ്ടും ആകര്‍ഷകത്വമുള്ളവനായിരിക്കണം. മനസ്സില്‍ ദുഷ്ടവിചാരങ്ങളില്ലാതെ സ്വസ്ഥചിത്തനായിരിക്കണം. പ്രശ്നസമയത്ത് ദൈവജ്ഞനില്‍ നിന്നും ദൃഷ്ടി തിരിച്ചു പിടിക്കാതെ അഭിമുഖമായിത്തന്നെ നില്‍ക്കണം. വൃഗ്രത പ്രദര്‍ശിപ്പിക്കാതെ കണ്ണുകള്‍ ഉറപ്പിച്ചിരിക്കണം.

പൃഛക ഭാവം

പൃഛകന്‍റെ മുഖഭാവവും പ്രശ്നത്തിന്‍റെ ഫലാഫലങ്ങളെ സൂചിപ്പിക്കുന്നതാണ്. പൃഛകന്‍റെ മുഖത്ത് കോപം, ക്ഷീണം, മനോവിഷമം തുടങ്ങിയ ഭാവങ്ങളാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അത് പ്രശ്നഫലത്തിന്‌ അനുകൂലമായിരിക്കുകയില്ല.

ദൈവജ്ഞ സന്നിധിയിലെത്തുന്ന ദൂതന്‍ സുന്ദരനും കുലീനനും വിനയശീലനും ആരോഗ്യവാനും പ്രസന്നനും ആയിരുന്നാല്‍ പൃഛകന് സുഖാനുഭവം ഉണ്ടാകും.

ദൈവജ്ഞസന്നിധിയിലെത്തുന്ന പൃഛകന്‍ മുകളിലോട്ടും താഴോട്ടും നോക്കാതേയും മംഗളകരമായ വസ്തുക്കളില്‍ കണ്ണുതുറപ്പിച്ചുകൊണ്ടും കണ്ണടയ്ക്കാതേയും ഇരുന്നാല്‍ നല്ല അനുഭവമായിരിക്കും.

ദൂതന്‍ പ്രഷ്ടാവിന്‍റെ തന്നെ ജാതിക്കാരനായിരുന്നാല്‍ അത് പ്രശ്നത്തിനനുകൂലമാണ്. ഭിന്ന ജാതിക്കാരനായിരുന്നാല്‍ കാര്യവൈപരീത്യം അനുഭവപ്പെടും.

ദൂതന്‍റെ പെരുമാറ്റം

ദൈവജ്ഞന്‍റെ സന്നിധിയില്‍ നില്‍ക്കുന്ന പൃഛകന്‍റെ ചേഷ്ടകളേയും വാക്കുകളേയും ഹാവഭാവാധികളേയും നിയന്ത്രിക്കുന്നത് അയാളല്ലെന്നും മറ്റേതോ ആദൃശ്യ ശക്തികളാണെന്നും നാം മനസ്സിലാക്കിയല്ലോ, അതുകൊണ്ട് ദൂതന്‍റെ ചേഷ്ടകളെ സൂക്ഷ്മമായി വീക്ഷിച്ചാല്‍ അതില്‍ നിന്നും പ്രശ്നഫലം അനുകൂലമാണോ  പ്രതികൂലമാണോ എന്ന പൂര്‍വ്വ സൂചന ലഭിക്കും.

പൃഛകന്‍ കൈകള്‍ തിരുമ്മുക, ശരീരം ക്ഷീണിക്കുക, അത്യന്തം കോപിഷ്ഠനായിരിക്കുക, ശരീരം വളഞ്ഞിക്കുക, രണ്ടു കൈകളും കുടയുക, മുഖം തിരിച്ചു പിടിക്കുക, താന്‍ വന്നകാര്യം മറന്നു പോകുക, ഇങ്ങനെയൊക്കെ വന്നാല്‍ പ്രശ്നഫലം പ്രതികൂലമായിരിക്കും.

പ്രശ്നസമയത്ത് ദൂതന്‍ സ്വന്തം ശരീരത്തിലോ മറ്റെവിടെയെങ്കിലുമോ ബലമായി അടിച്ചാല്‍ അത് മരണത്തെ സൂചിപ്പിക്കും. അതുപോലെ തന്നെ നാശനഷ്ടങ്ങളുമായി ബന്ധപ്പെടുന്ന ഏതെങ്കിലും കാര്യം മനസ്സില്‍ ആലോചിക്കുകയോ കേള്‍ക്കുകയോ കാണുകയോ ചെയ്താലും പ്രശ്നസമയത്ത് ദൈവജ്ഞനും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായാലും മരണം സുനിശ്ചിതമാണ്.

പ്രശ്ന സമയത്ത് ദൂതനോ ദൈവജ്ഞനോ ഉറങ്ങുക, തലമുടി അഴിച്ചിട്ടിരിക്കുക, ശൂചിയില്ലാതിരിക്കുക, കരയുക, മുഖം മുറിഞ്ഞിരിക്കുക, തല മൊട്ടയടിക്കുക, നഗ്നനായിരിക്കുക, ഏതെങ്കിലും പൊട്ടിക്കുകയോ മുറിക്കുകയോ ചെയ്യുക, ഓടുക, അഗ്നിയില്‍ ഹോമം ചെയ്തുകൊണ്ടിരിക്കുക, ദൂതന്‍ കൈകാലുകള്‍ കോര്‍ത്തു ബന്ധിക്കുക, കൈകൊണ്ടു കണ്ണുകള്‍ തിരുമ്മുക, ദീനനായിരിക്കുക, തടി, പുല്ല് മുതലായത് മര്‍ദ്ദിച്ചു കൊണ്ടിരിക്കുക എന്ന സ്ഥിതിലായാല്‍ പൃഛകന്‍റെ പ്രശ്നത്തിന്‍റെ ഫലം ശുഭമായിരിക്കുകയില്ല എന്ന് പറയാം.

പൃഛകന്‍ ജ്യോതിഷിയെ (ദൈവജ്ഞനെ) സമീപിക്കുമ്പോള്‍ ജ്യോതിഷന്‍ മുകളില്‍ പറഞ്ഞ രീതിയാലായാലും അത് തന്നെയായിരിക്കും ഫലം.

പ്രശ്നസമയത്ത് ദൈവജ്ഞനോ പൃഛകനോ വ്യാപരിക്കുന്ന ക്രിയകളെക്കൊണ്ട് പ്രശ്നത്തിന്‍റെ ശുഭാശുഭഫലങ്ങളെ സൂചിപ്പിക്കുന്ന രീതി വിവരിക്കുന്നു. പ്രശ്നം ചോദിക്കുമ്പോള്‍ ജ്യോതിഷനോ പൃഛകനോ കയര്‍ പിരിച്ചുകൊണ്ടിരിക്കുക, നഖം കൊണ്ട് തറയില്‍ എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കുകയോ കീറുകയോ ചെയ്യുക. ആരെങ്കിലും ഇവരെ തടയുക, തള്ളി മാറ്റുക, എണ്ണതേയ്ക്കുക, ഭസ്മം, ചാരം, ഈയം, ചാണകം ഇവ സംഭരിക്കുക, വ്യാധിതനായിരിക്കുക, വസ്ത്രം തോളില്‍ ഇട്ടുകൊണ്ടിരിക്കുക, രൂക്ഷവും അശുഭവുമായ വാക്കുകള്‍ പറയുക, പരേതന്മാര്‍ക്ക് തര്‍പ്പണം നടത്തുക, പിണ്ഡദാനം ചെയ്യുക എന്നീ സന്ദര്‍ഭങ്ങളിലാണ് പ്രശ്നം ചെയ്യുന്നതെങ്കില്‍ പ്രശ്നം ശുഭമായിരിക്കുകയില്ല.

പൃഛകന്‍ ജ്യോതിഷിയെ സമീപിക്കുന്ന നേരത്ത് അവരിലാരെങ്കിലും കത്തി, വാള്, വയ്ക്കോല്‍, വല, ഉമി, ചെരുപ്പ്, മയില്‍പ്പീലി, തോല്‍, കൊമ്പ് ഇവ കയ്യില്‍ വച്ചിരിക്കുന്നത് പ്രശ്നത്തിന് ശുഭസൂചകമല്ല.

അതുപോലെ പൃഛകന്‍ അംഗവൈകല്യം വന്നവനോ, ചൂലുകൈയില്‍ എടുത്തിരിക്കുന്നവനോ, ചെറുള എന്ന ചെടിയോ, പുഷ്പമോ ധരിച്ചിട്ടുള്ളവനോ, മുറം, കയറ്, ഉലക്ക, ഇവ കൈയിലെടുക്കുന്നവനോ വിശപ്പുള്ളവനോ ആയിരിക്കരുത്.

ഈശ്വരസേവ മന്ത്രജപം മുതലായ പുണ്യസേവകള്‍ക്കൊണ്ട് രോഗം നിശ്ചയമായും ശമിക്കുമെന്ന് പറയണം

ഭാഗ്യസ്ഥാനഗതേ ശുഭേ തദധിപേ പ്രാണിന്യഭീഷ്ടസ്ഥിതേ
ലഗ്നേശേ തപനേന വാഥ ധിഷണേനാലോകിതേവാന്വിതേ
സ്യാദേവേശ്വരസേവയാ ഗദശമസ്തദ്വന്മനൂനാം ജപൈര്‍-
ല്ലഗ്നേശേ നവമേ ച ദോഷസഹിതേ വ്യാധേഃ ശമോ ദുര്‍ല്ലഭഃ

സാരം :-

ഒന്‍പതാം ഭാവത്തില്‍ ശുഭഗ്രഹം നില്‍ക്കുക ഒന്‍പതാംഭാവാധിപന്‍ ബലവാനായി ഇഷ്ടഭാവത്തില്‍ നില്‍ക്കുക ലഗ്നാധിപന് വ്യാഴത്തിന്‍റെ യോഗമോ ദൃഷ്ടിയോ വരിക ഇങ്ങിനെ ആയാല്‍ ഈശ്വരസേവ മന്ത്രജപം മുതലായ പുണ്യസേവകള്‍ക്കൊണ്ട് രോഗം നിശ്ചയമായും ശമിക്കുമെന്ന് പറയണം. ഒന്‍പതാംഭാവത്തിന് പാപയോഗം പാപദൃഷ്ടി മുതലായ ദോഷങ്ങളും ലഗ്നാധിപന് പാപയോഗം പാപദൃഷ്ടി മൌഢ്യം നീചം മുതലായ ദോഷങ്ങളുണ്ടെങ്കില്‍ രോഗം അസാദ്ധ്യമാണെന്ന് പറയണം.

പ്രസവസ്ഥലവിശേഷത്തെ പറയുന്നു

പിതൃമാതൃഗൃഹേഷുതദ്ബലാത്
തരുസാലാദിഷു നീചഗൈഃ ശുഭൈഃ
യദി നൈകഗതൈസ്തു വീക്ഷിതൌ
ലഗ്നേന്ദു വിജനേ പ്രസൂയതേ

സാരം :-

എപ്പോഴും ഒമ്പതാം ഭാവാധിപന്‍ പിതൃഗ്രഹമാണ്. ജനനം പകലാണെങ്കില്‍ സൂര്യനും, രാത്രിയാണെങ്കില്‍ ശനിയും പിതൃഗ്രഹങ്ങളാകുന്നു. അപ്രകാരം തന്നെ നാലാംഭാവാധിപന്‍ മാതൃഗൃഹമാണ്, പകലാണ്‌ ജനനമെങ്കില്‍ ശുക്രനും, രാത്രിയാണെങ്കില്‍ ചന്ദ്രനും മാതൃഗ്രഹങ്ങളുമാകുന്നു.

ജനനസമയത്തിങ്കല്‍ പിതൃമാതൃഗ്രഹങ്ങളില്‍ വെച്ച് ബലം അധികമുള്ളത്തിന്‍റെ ഗൃഹത്തിലാണ് ജനനമെന്നും പറയാവുന്നതാണ്. ഈ അദ്ധ്യായത്തിലെ എട്ടാം ശ്ലോകം മുതല്‍ക്ക്‌ ആറ്‌ ശ്ലോകംകൊണ്ട് പറഞ്ഞ യോഗങ്ങളൊന്നും ഇല്ലെങ്കില്‍ മാത്രമേ ഈ പറഞ്ഞ വിധം ചിന്തിയ്ക്കേണ്ടതുള്ളു. ഉച്ചം, വക്രം മുതലായതുകളാല്‍ ഈ പറഞ്ഞ പിതൃഗ്രഹങ്ങള്‍ക്കാണ്‌ ബലാധിക്യമുള്ളതെങ്കില്‍ പിതൃഗൃഹത്തിലും, മാതൃഗ്രഹങ്ങള്‍ക്കാണ് ബലാധിക്യമുള്ളതെങ്കില്‍  മാതൃഗൃഹത്തിലും പിതൃമാതൃഗ്രഹങ്ങള്‍ ബലഹീനന്മാരും മറ്റു ഗ്രഹങ്ങള്‍ ബലവാന്മാരുമാണെങ്കില്‍ അന്യഗൃഹത്തിലുമാണ് പ്രസവിച്ചതെന്നും പറയണം.

ശുഭഗ്രഹങ്ങളൊക്കയും നീചസ്ഥന്മാരായാല്‍ മരങ്ങളുടെ ചുവട്, മതിലിന്‍റെ സമീപം, തോടുവക്ക്, പുഴവക്ക് മുതലായ മറവില്ലാത്ത സ്ഥലങ്ങളിലാണ് പ്രസവിച്ചതെന്ന് പറയേണ്ടതാണ്. മൂലംകൊണ്ട് സ്പഷ്ടമായിട്ടില്ലെങ്കിലും ലഗ്നാധിപന്‍ നീചസ്ഥനായാലും ഈ ഫലം അനുഭവിക്കുന്നതാണെന്ന് വിചാരിക്കാം. ഗ്രഹങ്ങള്‍ നീചസ്ഥന്മാരായാല്‍ അവര്‍ മാനഹാനി, മനോവേദന മുതലാതുകളെ സൂചിപ്പിക്കുന്നവരാകുന്നു. "നീചസ്ഥിതേരിപുനിപീഡനമന്യദേശയാനം പദാല്‍ ച ചലനം ധനഹാനി ദൈന്യേ" എന്നുണ്ട്.

ഗ്രഹങ്ങളൊക്കയും ഒരു രാശിയില്‍ നില്‍ക്കുക, ഇവര്‍ വേറെ വേറെ നില്‍ക്കുന്ന ലഗ്നചന്ദ്രന്മാരെ അരയ്ക്കാല്‍, കാല്‍ ഇങ്ങിനെ സ്വല്പദൃഷ്ടി കൊണ്ടുപോലും നോക്കാതിരിയ്ക്കുക, ഈ ലക്ഷണങ്ങളുണ്ടായാല്‍ മരച്ചുവട് മുതലായ അനാവൃതസ്ഥലങ്ങളിലാണെങ്കില്‍ കൂടി പ്രസവസമയത്ത് വേറെ  ഒരു മനുഷ്യരും ഉണ്ടായിരുന്നില്ലെന്ന് പറയേണ്ടതാണ്. ലഗ്നവും, ചന്ദ്രനും ഒന്നിച്ചായാലും വേറെ ആയാലും വേണ്ടതില്ല ആ രണ്ടിനേയും അധികം ഗ്രഹങ്ങള്‍ നോക്കുന്നുണ്ടെങ്കില്‍ വളരെ ജനങ്ങളുണ്ടായിരുന്ന സ്ഥലത്താണ് പ്രസവിച്ചതെന്നും മേല്‍പറഞ്ഞതുകൊണ്ടുതന്നെ വന്നുകൂടി. മുന്‍പറഞ്ഞവിധം വിജനസ്ഥലത്ത് പ്രസവിക്കുവാനുള്ള ലക്ഷണമുണ്ടാവേണമെങ്കില്‍ ലഗ്നാല്‍ രണ്ടില്‍ ചന്ദ്രനും മൂന്നില്‍ മറ്റെല്ലാ ഗ്രഹങ്ങളും നില്‍ക്കുകതന്നെ വേണമെന്നും അറിക. 

ആരൂഢരാശിയെ ആസ്പദമാക്കിയാണ് ബാധയെ വിചാരിക്കേണ്ടത്. ലഗ്നരാശി ആസ്പദമാക്കിയാണ് രോഗശമനത്തെ ചിന്തിക്കേണ്ടത്.

ബാധാരൂഢല്ലഗ്നഗോ വ്യാധിശാന്തി-
ശ്ചിന്ത്യാരൂഢേ പാപയോഗേക്ഷണാദ്യൈഃ
ദോഷൈര്‍യുക്തേ വ്യാധിവൃദ്ധിര്‍ഗ്ഗതാധഃ
പ്രാഗ് ലഗ്നേ സാ ഭാവിനീ പൃച്ഛകാനാം

സാരം :-

ആരൂഢരാശിയെ ആസ്പദമാക്കിയാണ് ബാധയെ വിചാരിക്കേണ്ടത്. ലഗ്നരാശി ആസ്പദമാക്കിയാണ് രോഗശമനത്തെ ചിന്തിക്കേണ്ടത്. ആരൂഢരാശിക്ക് പാപഗ്രഹങ്ങളുടെ യോഗം ദൃഷ്ടി കേന്ദ്രം തുടങ്ങിയ ദോഷങ്ങളുണ്ടെങ്കില്‍ രോഗത്തിന്‍റെ അഭിവൃദ്ധികാലം കഴിഞ്ഞിരിക്കുന്നു എന്നും ലഗ്നരാശിക്ക് പാപഗ്രഹയോഗദൃഷ്ടി മുതലായ ദോഷങ്ങളുണ്ടെങ്കില്‍ വ്യാധിയുടെ വൃദ്ധികാലം വരാനിരിക്കുന്നു എന്നും പറയണം.

ശിശുവിനെ മാതാവ് ഉപേക്ഷിക്കുകയും ഉടനെ ശിശു മരിയ്ക്കുകയുംചെയ്യും

പാപേക്ഷിതേ തുഹിനഗാവുദയേ കുജേƒസ്തേ
ത്യക്തോ വിനശ്യതി കുജാര്‍ക്കജയോസ്തഥായേ
സൗമ്യേƒഭിപശ്യതി തഥാവിധഹസ്തമേതി
സൗമ്യേതരേഷു പരഹസ്തഗതോപ്യനായുഃ

സാരം :- 

1). പ്രസവകാലോദയലഗ്നത്തില്‍ ശനിസൂര്യന്മാരുടെ ദൃഷ്ടിയുള്ള ചന്ദ്രനും ഈ ലഗ്നാല്‍ എഴില്‍ കുജനും നില്‍ക്കുക; അല്ലെങ്കില്‍ 2). ലഗ്നത്തില്‍ പാപദൃഷ്ടിയോടുകൂടിയ ചന്ദ്രനും (ഇവിടെ പാപദൃഷ്ടിയ്ക്ക് ചന്ദ്രനില്‍ നിന്ന് ഏഴില്‍ സൂര്യന്‍ നില്‍ക്കുകതന്നെ വേണം) പതിനൊന്നാം ഭാവത്തില്‍ കുജമന്ദന്മാരും നില്‍ക്കുക; ഈ രണ്ടു യോഗത്തില്‍ ജനിച്ചാലും ശിശുവിനെ മാതാവ് ഉപേക്ഷിക്കുകയും ഉടനെ ശിശു മരിയ്ക്കുകയുംചെയ്യും. ഈ രണ്ടു യോഗങ്ങളിലും ലഗ്നത്തിനു ഏതെങ്കിലും ശുഭഗൃഹത്തിന്‍റെ ദൃഷ്ടിയുണ്ടെങ്കില്‍ ആ ശുഭന്‍റെ ജാതിയായ ഒരുവന്‍റെ കയ്യില്‍, ഉപേക്ഷിയ്ക്കപ്പെട്ട് ശിശു അകപ്പെടുന്നതാണ്. ദ്രഷ്ടാവായ ശുഭന്‍ അതിബലവാനാണെങ്കില്‍ ശിശു വളരെക്കാലം സസുഖം ജീവിച്ചിരിയ്ക്കയും ചെയ്യും. ലഗ്നത്തിലേയ്ക്ക് മൂന്ന് ശുഭന്മാരും നോക്കുന്നുണ്ടെങ്കില്‍ ശിശു അത്യന്തം സുഖിയും ദീര്‍ഘായുഷ്മാനും ആയിരിയ്ക്കുമെന്നും, ക്രമേണ കുറഞ്ഞ് ഒരു ശുക്രന്‍ മാത്രമേ നോക്കുന്നുള്ളുവെങ്കില്‍ അല്പംമാത്രം സുഖമുള്ളവനും അല്പായുസ്സുമായിരിയ്ക്കുമെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ലഗ്നത്തിലേയ്ക്ക് ശുഭദൃഷ്ടിയില്ലെങ്കിലും അതിനെ നോക്കുന്നവരായ ആദിത്യകുജമന്ദന്മാരില്‍ ബലവാന്‍റെ ജാതിയില്‍പ്പെട്ട ഒരുവന്‍റെ കയ്യില്‍ ശിശു അകപ്പെടാതിരിയ്ക്കയുമില്ല. പക്ഷേ ഉടനെ മരിയ്ക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.