Showing posts with label budhadasha. Show all posts
Showing posts with label budhadasha. Show all posts

ബുധദശയിലെ ശനിയുടെ അപഹാരകാലം

അർത്ഥധർമ്മപരിലുപ്തിരുച്ചകൈ-
സ്സർവകാര്യവിഫലത്വമംഗിനാം
ശ്ലേഷ്മവാതജനിതോരുരുഗ്ഭവോ
ബോധനായുരസിതാഹൃതേ സതി.

സാരം :-

ബുധദശയിലെ ശനിയുടെ അപഹാരകാലം ധനത്തിനും ധർമ്മത്തിനും സകലകാര്യത്തിനും ഹാനിയും കഫവും വാതവും കോപിച്ചുണ്ടാകുന്ന രോഗങ്ങളെക്കൊണ്ട് ഉപദ്രവവും സംഭവിക്കും. ധർമ്മജ്ഞാനം കർമ്മസിദ്ധി ധനലാഭം അല്പസുഖം കൃഷിഗുണം എന്നീ ഫലങ്ങളും പക്ഷാന്തരപ്രകാരം കല്പിക്കാവുന്നതാണ്‌.

ശനിയ്ക്ക് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം മൃത്യുഞ്ജയജപവും കൃഷ്ണധേനുദാനവും മഹിഷദാനവും ചെയ്തുകൊൾകയും വേണം.

ബുധദശയിലെ വ്യാഴത്തിന്റെ അപഹാരകാലം

വ്യാധിശത്രുഭയവിച്യുതിർഭവേദ്
പ്രഹ്മസിദ്ധിരവനീശസൽകൃതി
ധർമ്മസിദ്ധതപസാം സമുദ്ഗമോ
ദേവമന്ത്രിണി വിദോ ദശാഗമേ.

സാരം :-

ബുധദശയിലെ വ്യാഴത്തിന്റെ അപഹാരകാലം രോഗത്തിൽ നിന്ന് നിവൃത്തിയും ശത്രുക്ഷയവും ഭയത്തിൽ നിന്നു മോചനവും ബ്രഹ്മസിദ്ധിയും രാജസമ്മാനവും ധർമ്മവും തപസ്സും ഉണ്ടാവുകയും ചെയ്യും. അടുത്ത ബന്ധുവിനു നാശം രോഗദുഃഖാദ്യരിഷ്ടം ഇവയും ഈ കാലം സംഭവിക്കാനിടയുള്ളതാകുന്നു. 

വ്യാഴത്തിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ശിവസഹസ്രനാമജപവും ഗോഭൂഹിരണ്യാദിദാനവും ചെയ്തുകൊൾകയും വേണം.

ബുധദശയിലെ രാഹുവിന്റെ അപഹാരകാലം

മാനഹാനിരഥവാശ്രയച്യുതി-
സ്സ്വക്ഷയോƒഗ്നിവിഷതോയജം ഭയം
മസ്തകാക്ഷിജാരപ്രപീഡനം
ശീതരശ്മിജദശാംഗതേƒസുരേ.

സാരം :-

ബുധദശയിലെ രാഹുവിന്റെ അപഹാരകാലം മാനഹാനിയും ആശ്രയനാശവും ധനനഷ്ടവും വിഷത്തിൽ നിന്നും അഗ്നിയിൽ നിന്നും ജലത്തിൽ നിന്നും ഭയവും ഉദരരോഗവും ശിരോരോഗവും നേത്രരോഗവും സംഭവിക്കും.

ചില ആചാര്യന്മാരുടെ അഭിപ്രായത്തിൽ ബന്ധുക്കളിൽനിന്നും സഹോദരന്മാരിൽ നിന്നും ധനലാഭാദികളായ ഗുണങ്ങളും സുഖവും വിദ്യയും രാജപ്രസാദവും ലഭിക്കയും ചെയ്യുമെന്നുമുണ്ട്.

രാഹുവിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ദുർഗ്ഗാമന്ത്രജപവും കൃഷ്ണധേനുദാനവും മഹിഷീദാനവും ചെയ്കയും വേണം.

ബുധദശയിലെ ചൊവ്വയുടെ അപഹാരകാലം

അഗ്നിഭീതിരഥ നേത്രജാ രുജാ
ചോരജം ഭയമതിവ ദുഃഖിതാ
സ്ഥാനഹാനിരപി വാതരോഗിതാ
ജ്ഞായുഷം ഹരതി മേദിനീസുതേ.

സാരം :-

ബുധദശയിലെ ചൊവ്വയുടെ അപഹാരകാലം അഗ്നിയിൽ നിന്നും കള്ളന്മാരിൽ നിന്നും ഭയവും നേത്രരോഗവും അതികഠിനമായ ദുഃഖവും വാതരോഗവും സ്ഥാനനാശവും ഫലമാകുന്നു.

വേറൊരു ആചാര്യന്റെ അഭിപ്രായപ്രകാരം ആരോഗ്യം, ശത്രുനാശം, പുണ്യകർമ്മാനുഷ്ഠാനം, യശസ്സ്, രാജപ്രസാദം മുതലായ ഗുണഫലങ്ങൾ ചൊവ്വയുടെ അപഹാരകാലത്തു സംഭവിക്കുമെന്നും കാണുന്നുണ്ട്.

ചൊവ്വയ്ക്ക്‌ മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം വൃഷഭദാനവും സുബ്രഹ്മണ്യഭജനവും മൃത്യുഞ്ജയജപവും ചെയ്കയും വേണം. 

ബുധദശയിലെ ചന്ദ്രന്റെ അപഹാരകാലം

മസ്തകാക്ഷിരുഗരേർഭയംഗവാം
കുഷ്ഠദദ്രുഗളപീഡനം തഥാ
പ്രാണസംശയമഥാപി വാ ഭവേൽ
ജ്ഞായുഷം വിശതി ശീതദീധിതൗ.

സാരം :-

ബുധദശയിലെ ചന്ദ്രന്റെ അപഹാരകാലം ശിരോരോഗം, നേത്രരോഗം, കുഷ്ഠം, മറ്റ് ത്വഗ്രോഗങ്ങൾ, കണ്ഠരോഗം ഇതുകളെക്കൊണ്ട് ഉപദ്രവവും ശത്രുക്കളിൽ നിന്നും പശുവൃഷമഹിഷാദികളിൽനിന്നും ഭയവും മരണശങ്കയും സംഭവിക്കും.

ചന്ദ്രന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ദുർഗ്ഗാദേവീപൂജയും ദുർഗ്ഗാമന്ത്രജപവും വസ്ത്രദാനവും ചെയ്യണം.

ബുധദശയിലെ സൂര്യന്റെ അപഹാരകാലം

ഹേമവിദ്രുമതുരംഗവാരണ-
പ്രാവൃതം ഭവനമന്നപാനയുക്
ഭൂപതേരപി ച പൂജനം ഭവേദ്
ഭാനുമാലിനി ബുധായുരാഹൃതേ.

സാരം :-

ബുധദശയിലെ സൂര്യന്റെ അപഹാരകാലം സ്വർണ്ണാദിധനങ്ങളും പവിഴം മുതലായ രത്നങ്ങളും ആന കുതിര മുതലായ വാഹനങ്ങളും ലഭിക്കും. അന്നപാനസാധനങ്ങൾ സുലഭങ്ങളായിരിയ്ക്കും. രാജാക്കന്മാരിൽനിന്നു വലിയ സമ്മാനങ്ങളും സൽക്കാരങ്ങളും സിദ്ധിക്കുകയും ചെയ്യും.

സൂര്യന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ശാന്തിഹോമവും സ്വർണ്ണധേനുദാനവും ചെയ്കയും വേണം.

ബുധദശയിലെ ശുക്രന്റെ അപഹാരകാലം

ദേവവിപ്രഗുരുപൂജനക്രിയാ-
ദാനധർമ്മനിരതിസ്സദാഗമഃ
വസ്ത്രഭൂഷണസുഹൃദ്യുതിർഭവേൽ
ബോധനായുരുശനസ്യപാഹൃതേ.

സാരം :-

ബുധദശയിലെ ശുക്രന്റെ അപഹാരകാലം ദേവപൂജയിലും ബ്രാഹ്മണാരാധനയിലും ഗുരുവന്ദനത്തിലും താൽപര്യവും കാര്യഗുണവും ദാനവും ധർമ്മവും തപസ്സും ചെയ്കയും സജ്ജനസംഗമവും വസ്ത്രാലങ്കാരലാഭവും ബന്ധുയോഗവും ഫലമാകുന്നു.

ശുക്രന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ദുർഗ്ഗാലക്ഷ്മീമന്ത്രജപം ചെയ്തു കൊൾകയും വേണം.

ബുധദശയിലെ കേതുവിന്റെ അപഹാരകാലം

ദുഃഖശോകകലഹാകുലത്വതാ
ഗാത്രകമ്പനമമിത്രസംയുതിഃ
ക്ഷേത്രയാനവിഹതിര്യദാ ഭവേൽ
സോമസൂനുശരദം ഗതശ്ശിഖീ.

സാരം :-

ബുധദശയിലെ കേതുവിന്റെ അപഹാരകാലം പലവിധത്തിലുള്ള ദുഃഖശോകങ്ങളും കലഹവും നിമിത്തം മനോവ്യാകുലതയും ശരീരത്തിനു വിറയലും ശത്രുക്കളിൽ നിന്ന് ഉപദ്രവവും ഭൂസ്വത്തിനും വാഹനങ്ങൾക്കും കാര്യങ്ങൾക്കും നാശവും ഫലമാകുന്നു.

കേതുവിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം അജദാനം പ്രായശ്ചിത്തം ചെയ്കയും വേണം.

ബുധദശയിലെ അപഹാരഫലങ്ങൾ

സൂര്യന്റെ / ചന്ദ്രന്റെ / ചൊവ്വയുടെ / വ്യാഴത്തിന്റെ / ശനിയുടെ / രാഹുകേതുക്കളുടെ യോഗദൃഷ്ടികളുള്ള ബുധന്റെ ദശാകാലം

രവിണാ സംയുതേ സൗമ്യേ മാതുർവ്വാ മരണം വിപൽ
ശശിനാ സംയുതേ ദൃഷ്‌ടേ സ്വല്പലാഭം തഥാ സുഖം

കുജേന സഹിതേ ദൃഷ്‌ടേ വ്രണരോഗീ ഭവേന്നരഃ
ഗുരുണാ സംയുതേ ദൃഷ്‌ടേ സർവ്വം ദത്വാ ഹരിഷ്യതി.

ശുക്രേണ സംയുതേ ദൃഷ്ടേ കളത്രസ്യ രുജാ ഭവേൽ
ബന്ധുനാശോ വിവാദശ്ച ദുഃഖം മന്ദേക്ഷിതാന്വിതേ.

രാഹുകേതുയുതേ ദൃഷ്‌ടേ ചോരഭീതിസ്സുഹൃൽക്ഷയം
ഭ്രമം പാണ്ഡ്വാദികം രോഗം വിപത്തിശ്ശത്രുപീഡനം.

സാരം :-

സൂര്യനോടുകൂടി നിൽക്കുന്ന ബുധന്റെ ദശാകാലം മാതാവിനു മരണമോ ദുഃഖമോ ഉണ്ടാകും.

ചന്ദ്രന്റെ യോഗമോ ദൃഷ്ടിയോ ഉള്ള ബുധന്റെ ദശാകാലം അല്പധനവും അല്പസുഖവും അനുഭവിക്കും.

ചൊവ്വയുടെ യോഗദൃഷ്ടികളുള്ള ബുധന്റെ ദശാകാലം വ്രണരോഗമുണ്ടാകും.

വ്യാഴത്തിന്റെ യോഗദൃഷ്ടികളുള്ള ബുധന്റെ ദശാകാലം പലവിധത്തിൽ കാര്യഗുണവും അതുകൾക്ക് നാശവും സംഭവിക്കും. എങ്കിലും ഭൂമിലാഭം പുത്രലാഭം രാജപ്രസാദം മുതലായ ചില ഗുണങ്ങൾകൂടി അക്കാലത്ത് അനുഭവിയ്ക്കുമെന്ന് ഗ്രന്ഥാന്തരവചനമുണ്ട്.

ശുക്രന്റെ യോഗദൃഷ്ടികളുള്ള ബുധന്റെ ദശാകാലം ഭാര്യയ്ക്ക് രോഗം ഉണ്ടായിരിക്കും.

ശനിയുടെ യോഗമോ ദൃഷ്ടിയോ ഉള്ള ബുധന്റെ ദശാകാലം ബന്ധുനാശവും വ്യവഹാരവും സംഭവിക്കും.

രാഹുകേതുക്കളുടെ യോഗദൃഷ്ടികളുള്ള ബുധന്റെ ദശാകാലം കള്ളന്മാരിൽനിന്നും ശത്രുക്കളിൽനിന്നും ഉപദ്രവവും ബന്ധുനാശവും ബുദ്ധിഭ്രമവും പാണ്ഡ്വാദിരോഗപീഡയും ആപത്തുകളും ശത്രുക്കളിൽ നിന്ന് ഉപദ്രവവും സംഭവിക്കും.

ഗുളികനോടുകൂടി നിൽക്കുന്ന ബുധന്റെ ദശാകാലം അനിഷ്ടഫലപ്രദമാണെന്ന് അറിഞ്ഞുകൊള്ളണം.

മീനം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

മീനസ്ഥബുധായേ തു ദുഷ്കീർത്തിം നിസ്സ്വതാം ലഭേൽ
ദുഷ്ടഭൂമിനിവാസം ച വൈകല്യമടനം തഥാ.

സാരം :-

മീനം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ദുഷ്കീർത്തിയും ദാരിദ്ര്യവും ദുഷ്ടഭൂമിയിൽ താമസവും അംഗവൈകല്യവും സ്ഥാനഭ്രംശവും സഞ്ചാരവും ഉണ്ടാകും.

കുംഭം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

കുംഭസ്ഥസൗമ്യദായേ തു ശത്രുപീഡാക്ഷിരുക് തഥാ
സർവസ്വം വിലയം യാതി കിഞ്ചിദ്ധാന്യം ധനം ലഭേൽ

സാരം :-

കുംഭം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ശത്രുപീഡയും നേത്രരോഗവും സകലവിധധനങ്ങൾക്കും ഹാനിയും ഇടയ്ക്ക് അല്പമായ ധനധാന്യലാഭവുമുണ്ടാകും.

മകരം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

മൃഗസ്ഥസൗമ്യദായേ തു ഭ്രാതൃണാം സുഖവർദ്ധനം
കർമ്മനാശം മനസ്താപം നൈർദ്ധന്യം സന്നിപാതരുക്.

സാരം :-

മകരം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം കർമ്മനാശവും മനോദുഃഖവും നിർദ്ധനത്വവും ത്രിദോഷകോപവും സഹോദരന്മാർക്ക് സുഖവും സംഭവിക്കും.

ധനുരാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

ചാപസ്ഥസൗമ്യദായേ തു ധനധാന്യസുഖായതിഃ
ഋണം വ്രണമരേർഭീതിം പിതുഃ ക്ലേശം ച സങ്കടം.

സാരം :-

ധനുരാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ധനധാന്യാഭിവൃദ്ധിയും സുഖവും കടവും ശരീരത്തിൽ വ്രണവും പിതാവിനു ക്ലേശദുഃഖങ്ങളും സംഭവിക്കും.

വൃശ്ചികം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

കീടസ്ഥിതജ്ഞദായേ തു ഭ്രാതൃണാം മരണം വ്രണം.
വിപദം രാജ്യവിഭ്രംശം കിഞ്ചിൽ സൗഖ്യമഥാപി വാ.

സാരം :-

വൃശ്ചികം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം വ്രണരോഗവും ആപത്തുകളും രാജ്യഭ്രംശവും അല്പമായ സുഖവും സഹോദരഹാനിയും സംഭവിക്കും.

തുലാം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

ജൂകസ്ഥസൗമ്യദായേ തു പുത്രനാശോƒഥവാ വിപൽ
കൃഷിഭാഗ്യവധൂനാം തഥാ രാജഭയം മഹൽ.

സാരം :-

തുലാം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം പുത്രനും ഭാര്യയ്ക്കും നാശമോ മാറ്റ്‌ ആപത്തുകളോ സംഭവിക്കുകയും ഭാഗ്യവും കൃഷിയും ക്ഷയിക്കുകയും രാജകോപമുണ്ടാകയും ചെയ്യും.

ചിങ്ങം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

ദായേ ലേയസ്ഥസൗമ്യസ്യ രാജ്യലാഭം തഥാ സുഖം
ദേവദ്വിജപ്രസാദാർത്ഥസിദ്ധിം പ്രാപ്നോതി മാനവഃ

സാരം :-

ചിങ്ങം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം രാജ്യലാഭവും സുഖവും ദേവബ്രാഹ്മണപ്രസാദവും അർത്ഥലാഭവും സിദ്ധിക്കും.

കർക്കടകം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

കുളീരബുധദായേ തു വിദ്യാകലഹരോഗഭാക്
വാഹനം മാതൃഹാനിശ്ച ബന്ധുദ്വേഷം ച വിന്ദതി.

സാരം :-

കർക്കടകം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം വിദ്യാഭ്യാസവും കലഹവും രോഗപീഡയും മാതാവിനു നാശവും വാഹനലാഭവും ബന്ധുദ്വേഷവുമുണ്ടാകും.

മിഥുനം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

യുഗ്മസ്ഥസൗമ്യദായേ തു ഭ്രാതൃസൗഖ്യം ധനായതിം
ധാന്യലാഭം കൃഷേസ്സിദ്ധിം കിഞ്ചിൽസുഖമരേർഭയം.

സാരം :- 

മിഥുനം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ധനലാഭവും കൃഷിഗുണവും തന്നിമിത്തം ധാന്യാഭിവൃദ്ധിയും അല്പമായ സുഖവും ശത്രുക്കളിൽനിന്ന് ഭയവും സഹോദരന്മാർക്ക് സുഖാനുഭവവുമുണ്ടാകും.

ഇടവം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

ദായേ വൃഷസ്ഥസൗമ്യസ്യ സ്വല്പവിത്തം തഥാവ്യയം
വിദ്യാഗുണമൃണം ധർമ്മം നേത്രരോഗം സുഹൃദ്യുതിം.

സാരം :-

ഇടവം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം അല്പമായ ധനലാഭവും അതിനുതന്നെ വ്യയവും ഋണബാധയും നേത്രരോഗവും ബന്ധുക്കളുടെ ചേർച്ചയും വിദ്യാഗുണവും ധർമ്മസിദ്ധിയും സംഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.