ധനവാന്മാരുടെ കുടുംബത്തിൽ നിന്ന് വിവാഹത്തിനിടവരും / ഭാര്യക്കു സൌന്ദര്യവും ഉണ്ടായിരിക്കും / ഭാര്യക്കു സൌന്ദര്യവുമുണ്ടായിരിക്കയില്ല

ദ്യൂനേശേ ബലസമ്പൂർണ്ണേ വിവാഹോ ധനിനാം കുലാൽ
ബലഹീനേ ദരിദ്രാണാം ന സ്യാദ്രൂപവതി ച സാ.

സാരം :-

ഏഴാം ഭാവാധിപതിക്കു നല്ല ബലമുണ്ടെങ്കിൽ ധനവാന്മാരുടെ കുടുംബത്തിൽ നിന്ന് വിവാഹത്തിനിടവരും. ഭാര്യക്കു സൌന്ദര്യവും ഉണ്ടായിരിക്കും. ഏഴാം ഭാവാധിപതിയായ ഗ്രഹം ബലഹീനനാണെങ്കിൽ ധനഹീനന്മാരുടെ കുടുംബത്തിൽ നിന്നേ വിവാഹം ചെയ്യാൻ സാധിക്കുകയുള്ളൂ. ഭാര്യക്കു സൌന്ദര്യവുമുണ്ടായിരിക്കയില്ല.

ഭാര്യാസമ്പത്തുണ്ടായിരിക്കും

സ്വാമിസൗമ്യയുതവീക്ഷിതേ മദേ
വീര്യവത്യപി തഥാ ച തൽപതൗ
ഭാർഗവേ ച സമഭീഷ്ടഭാവഗേ
ദാരസമ്പദിഹ സംഭവേന്നൃണാം.

സാരം :-

ഏഴാം ഭാവത്തിൽ ഏഴാംഭാവാധിപന്റേയും ശുഭഗ്രഹങ്ങളുടേയും യോഗദൃഷ്ടികൾ ഉണ്ടായിരിക്കണം. ഏഴാം ഭാവത്തിനും ബലവും വേണം. അതുപോലെ ശുക്രനും ഏഴാംഭാവാധിപതിക്കും ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികളും ബലവും ഇഷ്ടഭാവസ്ഥിതിയും ഉണ്ടായാൽ അയാൾക്ക്‌ ഭാര്യാസമ്പത്തുണ്ടായിരിക്കും.

ഭാര്യക്കു ഭർത്താവിൽനിന്നും പുത്രന്മാരിൽ നിന്നും സൗഭാഗ്യം അനുഭവിക്കാൻ ഇടവരും / ഭാര്യ വലിയ ദീനക്കാരിയും പ്രസവിക്കാത്തവളും ആയിരിക്കുമെന്ന് അറിയേണ്ടതാണ്

സൗമ്യഃ സൗമ്യയുതേക്ഷിതോ മദപതിര്യദ്വാ മദേശാശ്രിതാ-
ദ്രാശേഃ പഞ്ചമസപ്തമായനവമസ്ഥാനാശ്രിതാഃ സൽഗ്രഹാഃ
അന്യോ വാ ബലവാൻ യദീഹ വനിതാം സൽഭർതൃകാം സത്സുതാം
വിന്ദേദേവ തതോന്യഥാ യദി പുമാൻ വന്ധ്യാന്തു വാ രോഗിണീം.

സാരം :-

ഏഴാംഭാവാധിപതി ശുഭഗ്രഹമായിരിക്കണം. ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികൾ ഉണ്ടായിരിക്കുകയും വേണം. അല്ലെങ്കിൽ ഏഴാംഭാവാധിപതി നിൽക്കുന്ന രാശിയിൽ നിന്ന് 5, 7, 9, 11 എന്നീ രാശികളിൽ ശുഭഗ്രഹങ്ങളോ ബലവാന്മാരായ പാപഗ്രഹങ്ങളോ നിൽക്കണം. ഇങ്ങനെ വന്നാൽ ആ പുരുഷന്റെ ഭാര്യക്കു ഭർത്താവിൽനിന്നും പുത്രന്മാരിൽ നിന്നും ശരിക്ക് സൗഭാഗ്യം അനുഭവിക്കാൻ ഇടവരും. 

ഏഴാംഭാവാധിപതി പാപഗ്രഹമായോ പാപഗ്രഹദൃഷ്ടിയോടുകൂടിയോ അഥവാ ഏഴാംഭാവനാഥൻ നിൽക്കുന്ന രാശിയുടെ 5, 7, 9, 11 എന്നീ ഭാവങ്ങളിൽ പാപഗ്രഹങ്ങളോ ബലമില്ലാത്ത ശുഭഗ്രഹങ്ങളോ നിന്നാൽ ഈ യോഗമുള്ള പുരുഷന്റെ ഭാര്യ വലിയ ദീനക്കാരിയും പ്രസവിക്കാത്തവളും ആയിരിക്കുമെന്ന് അറിയേണ്ടതാണ്.

രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോഴാണ് ജനനം

യാവദ്ഗതശ്ശീതകരോ വിലഗ്നാൽ
ചന്ദ്രാദ്വദേത്താവതി ജന്മരാശിം
മീനോദയേ മീനയുഗം പ്രദിഷ്ടം
ഭക്ഷ്യാഹൃതാകാരരുതൈശ്ച ചിന്ത്യം.

സാരം :-

പ്രശ്നകാലോദയലഗ്നത്തിൽ നിന്നു എത്രാമത്തെ രാശിയിലാണോ പ്രശ്നകാലചന്ദ്രൻ നില്ക്കുന്നത്, ആ ചന്ദ്രാധിഷ്ഠിതരാശിയിൽ നിന്നു അത്രാംരാശിയിൽ ചന്ദ്രൻ നില്ക്കുമ്പോഴാണ്‌ പ്രഷ്ടാവിന്റെ ജനനമെന്നും പറയാം. ഇതുതന്നെ മറ്റൊരുവിധത്തിൽ പറയുകയാണെങ്കിൽ, പ്രശ്നകാലത്തേയ്ക്കു ലഗ്നചന്ദ്രന്മാരുടെസ്ഫുടമുണ്ടാക്കി ചന്ദ്രസ്ഫുടത്തെ രണ്ടേടത്തു വെച്ചു ഒന്നിൽനിന്നു ലഗ്നസ്ഫുടത്തെ വാങ്ങുക, ശേഷത്തെ മറ്റേ ചന്ദ്രസ്ഫുടത്തിൽ കൂട്ടിയാൽ വരുന്ന രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോഴാണ് ജനനമെന്നു സാരം.

പ്രശ്നകാലലഗ്നം മീനം രാശിയാണെങ്കിൽ പ്രഷ്ടാവിന്റെ ജനനം മീനക്കൂറിലാണെന്നും പറയണം.

മേഷാദി രാശികളുടെ ഭക്ഷണസാധനങ്ങളെ കാണുക, മേഷാദി രാശിസ്വരൂപദ്യോതകങ്ങളായ ആട് കാള ദമ്പതിമാർ ഇത്യാദികളേയോ അവയുടെ ചിത്രങ്ങളേയോ ആനക്കൊമ്പ് മരം മുതലായവകൊണ്ടുണ്ടാക്കിയ അവയുടെ പ്രതിമകളെയോ കാണുക, കൊണ്ടുവരിക, അവയെ സ്മരിപ്പിയ്ക്കുന്ന മറ്റു വല്ല സംഭവങ്ങളുണ്ടാവുക അവയുടെ ശബ്ദം കേൾക്കുക അവയുടെ ശബ്ദത്തോടു സാമ്യമുള്ള മറ്റുവല്ല ശബ്ദവും കേൾക്കുക, ആട്ടിൻ തോല് ഗദ വീണ ഇത്യാദികളായി രാശിദ്യോതകമായ വല്ല സാധനങ്ങളും വല്ലവരും കൊണ്ടുവരിക, ഇത്യാദികളിൽ, എന്തെങ്കിലും പ്രശ്നസമയത്തു യാദൃച്ഛികമായുണ്ടായാൽ ആ നിമിത്തം ഏതൊരു രാശിയെ സൂചിപ്പിക്കുന്നതാണോ ആ രാശിയിൽ ചന്ദ്രൻ നില്ക്കുമ്പോഴാണ് പ്രഷ്ടാവിന്റെ ജനനമെന്നും ചിന്തിക്കാം.

മേൽപറഞ്ഞതിനെ ഒന്നുകൂടി വിവരിയ്ക്കാം.

എരുക്കില കള്ളിയില തുടങ്ങിയ ആടിന്റെ ഭക്ഷണസാധനങ്ങൾ ആട്, ആട്ടിൻ ശബ്ദം, ആടിനെ സൂചിപ്പിക്കുന്ന മറ്റു അജാദിപദങ്ങൾ, ആനക്കൊമ്പ്, മരം, ലോഹം ഇവകൊണ്ടും മറ്റുമുണ്ടാക്കിയതോ ചിത്രമെഴുതിയതോ  ആയ ആടിൻ പ്രതിമ, ആട്ടിൻരോമം കൊണ്ടുണ്ടാക്കിയ കരിമ്പടം മുതലായവ, ഇതൊക്കെ മേടക്കൂറിനെ സൂചിപ്പിക്കുന്നതുകളാകുന്നു.

കാള, പശു ഇവയുടെ തോലുകൾ, ശബ്ദങ്ങൾ, അവയുടെ സ്വരൂപങ്ങൾ, പാല് തൈര് നെയ്യ് മുതലായ ഗവ്യപദാർത്ഥങ്ങൾ, കരി നുകം തുടങ്ങിയവ, പശുവിന്റേയും കാളയുടേയും ഭക്ഷണസാധനങ്ങളായ പുല്ല് വൈക്കോൽ മുതലായവ, പശു കാള ഇവയെ പറയുന്ന മറ്റു ശബ്ദങ്ങൾ - ഇതൊക്കെ ഇടവക്കൂറിനെ സൂചിപ്പിക്കുന്നു.

വീണ, ഗദ, ദമ്പതിമാർ, കിടയ്ക്ക, കട്ടിൽ മുതലായ കിടപ്പുസാമാങ്ങൾ, വെറ്റില അടയ്ക്ക മുതലായ മുറുക്കു സാമാനങ്ങൾ - ഇവയൊക്കെ മിഥുനക്കൂറിനെ സൂചിപ്പിക്കുന്നു.

മണ്ണ്‍, ഞണ്ട്, ഉണങ്ങി ജീർണ്ണിച്ച ഇല, വെള്ളം ഇവയും ഇവയുടെ സ്വരൂപാദികളും കർക്കടകക്കൂറിനെ സൂചിപ്പിക്കുന്നു.

സിംഹം, വ്യാഘ്രം, പന്നി, ആന, മേൽപറഞ്ഞവയുടെവർത്തമാനങ്ങൾ, പ്രതിമാദ്യാകൃതികൾ ഇവയൊക്കെ ചിങ്ങക്കൂറിനെ സൂചിപ്പിക്കുന്നു.

കന്യക, തോണി, മുതലായ ജലതരണസാധനങ്ങൾ, തീക്കൊള്ളി, നെല്ക്കതിർ, ഇത്യാദികളും ഇതുകളുടെ ഒക്കെ വർത്തമാനാദികളും കന്നിക്കൂറിനെ സൂചിപ്പിക്കുന്നു.

കച്ചവടത്തിനുള്ള പദാർത്ഥങ്ങൾ, കച്ചവടക്കാർ, പറ, ഇടങ്ങഴി, മുതലായ അവളവുസാധനങ്ങൾ, തുലാസ്സ് തുടങ്ങിയ തൂക്കുന്ന സാധനങ്ങൾ, കച്ചവടം ചെയ്യൽ, എണ്ണ തൂക്കം അളവ് മുതലായവ ഇത്യാദികളൊക്കെ തുലാക്കൂറിനെ സൂചിപ്പിക്കുന്നു.

പാമ്പ് തേൾ വണ്ട് മുതലായ വിഷജന്തുക്കൾ, വിഷം, വിഷവൈദ്യൻ ഇത്യാദികളും ഇവയുടെ കഥാസ്വരൂപാാദികളും വൃശ്ചികക്കൂറിനേയും സൂചിപ്പിക്കുന്നു.

വില്ല്, അമ്പ്, മറ്റു യുദ്ധാർത്ഥമുള്ള ആയുധങ്ങൾ, വില്ലാളി, കുതിര ഇത്യാദികൾ ധനുക്കൂറിനെ സൂചിപ്പിക്കുന്നു.

മാൻവർഗ്ഗത്തിൽപ്പെട്ട സകലവും, അവയെല്ലാറ്റിന്റേയും തോല് കൊമ്പ് മുതലായവ, മുതല, മാനുകളേയും മറ്റും നായാടുന്ന കാട്ടാളൻ മുതലായവർ ഇതൊക്കെ മകരക്കൂറിനെ സൂചിപ്പിക്കുന്നു.

കുടം, കുടമുണ്ടാക്കുന്നവൻ, വെള്ളപ്പാത്രങ്ങൾ, വെള്ളപ്പാത്രം എടുത്ത മനുഷ്യൻ ഇവയൊക്കെ കുംഭക്കൂറിനെ സൂചിപ്പിക്കുന്നു.

മത്സ്യം, മത്സ്യം പിടിക്കുന്നവർ, മത്സ്യം പിടിക്കുവാനുള്ള ചൂണ്ടൽ, ഒറ്റൽ വല മുതലായവ, വെള്ളം, ഇത്യാദികളും  ഇവയുടെ കഥാസ്വരൂപാദികളും, മറ്റും മീനക്കൂറിനേയുമാണ്‌ സൂചിപ്പിക്കുന്നത്.

മേൽപറഞ്ഞതൊക്കെ പ്രശ്നകാലത്തിങ്കൽ യാദൃച്ഛികങ്ങളായി മാത്രമേ ആവക നിമിത്തങ്ങളെക്കൊണ്ടു പറയേണ്ടതുള്ളുവെന്നും മറ്റും മുകളിൽ പറഞ്ഞിട്ടുമുണ്ടല്ലോ.

പുരുഷന്റെ മറുക് (ബിന്ദുക്കൾ)

ലക്ഷണശാസ്ത്രത്തിലും രേഖാശാസ്ത്രത്തിലും ബിന്ദുക്കൾ (മറുക്)ക്ക് പ്രാധാന്യമുണ്ട്. ബിന്ദുക്കൾ തേൻ നിറമുള്ളതും കറുപ്പുനിറമുള്ളതും അങ്ങനെ രണ്ടുവിധമാകുന്നു. ഇതിൽ തേനിന്റെ നിറമുള്ളത് ശുഭകരവും കറുപ്പുനിറമുള്ളത് അശുഭകരവുമത്രെ. പുരുഷന്മാരുടെ ദേഹത്ത് തേൻ നിറമുള്ള പുള്ളികൾ അല്പംകൂടെ ചുവപ്പുകലർന്നതായിരിക്കും. അതിനാൽ ഇവിടെയതിനെ ചുവപ്പു ബിന്ദുക്കളായി വ്യവഹരിക്കാം. ചില ബിന്ദുക്കൾ അരിമ്പാറപോലെ തടിച്ചതുമായിരിക്കും.

നെറ്റിയുടെ മദ്ധ്യഭാഗത്ത് തിലകം ചാർത്തുന്ന സ്ഥാനത്തുള്ള കറുത്തതും ചുവന്നതുമായ മറുക് പുരുഷന് ശുഭമാകുന്നു.

നെറ്റിയുടെ മുകളിലോ ഇടതും വലതും അരികുകളിലോ കറുത്ത ബിന്ദുക്കൾ അശുഭവും ചുവന്നവ ശുഭവുമാകുന്നു. പുരികങ്ങളുടെ മേൽഭാഗത്തോ പുരികങ്ങളിലോ കറുത്ത മറുകുള്ളവൻ (ബിന്ദുക്കൾ) വിവേകിയാകുന്നു.

രണ്ടു പുരികങ്ങളുടേയും ഇടയിലുള്ള കറുത്ത മറുക് ദാരിദ്ര്യലക്ഷണവും ചുവന്നവ നപുംസകലക്ഷണവുമാണ്.

കണ്‍പോളകളിൽ വലത്തേതിൽ ഏതെങ്കിലും നിറമുള്ള മറുകുണ്ടായിരുന്നാലവൻ സൂക്ഷ്മദൃക്കും ഇടത്തേതിലാണെങ്കിൽ ദരിദ്രനുമാകുന്നു.

ചെവികളുടെ അകത്തോ പുറത്തോ മറുകുള്ളവൻ അഹങ്കാരിയാണ്. ചുവന്നതാണെങ്കിലവൻ ധനികനും സഹൃദയനുമായിരിക്കും.

കഴുത്തിന്റെ മറുവശം മുടിയോടു ചേർന്ന് കറുത്തതോ ചുവന്നതോ ആയ മറുകുണ്ടെങ്കിലാ പുരുഷൻ കർമ്മനിരതനും ധനികനും എന്നാൽ സന്താനഹീനനുമായിരിക്കും.

വലതുകവിൾത്തടത്തിലെ കറുത്തതും ചുവന്നതുമായ മറുക് പുരുഷനലങ്കാരവും ശുഭവും ആകുന്നു. ഇടതുകവിളിലാണെങ്കിൽ അശുഭം.

മൂക്കിന്റെ നടുക്കോ വശങ്ങളിലോ അഗ്രഭാഗത്തോ പുരുഷനു മറുകുണ്ടെങ്കിൽ അതു കറുപ്പോ ചുവപ്പോ ആയാലും അതു ശുഭകരമല്ല.

മേൽ ചുണ്ടിനു മുകളിൽ കറുത്ത മറുകുള്ളവൻ അഹങ്കാരിയും ചുവന്ന മറുകുള്ളവൻ ധനികനും ദയാലുവുമായിരിക്കും.

താടിയിലോ താഴത്തെ ചുണ്ടിനോടു ചേർന്നോ ഏതെങ്കിലും നിറത്തിൽ മറുകുള്ളത് ശുഭകരമാണ്.

കഴുത്തിൽ കറുത്ത പുള്ളിയുള്ളവൻ കണ്ഠക്ഷോഭം ചെയ്യുന്നവനും ചുവന്ന മറുകുള്ളവൻ അരസികനുമായിരിക്കും.

പുരുഷന്റെ വലത്തേത്തോളത്തെ കറുത്തതോ ചുവന്നതോ ആയ മറുക് ധനലക്ഷണവും, ഇടത്തേതോളിലുള്ളത് കപടലക്ഷണവുമാണ്.

കക്ഷങ്ങളിൽ ഏതെങ്കിലും നിറത്തിൽ മറുകുണ്ടായിരിക്കുന്ന പുരുഷൻ സമർത്ഥനും വിവേകിയുമത്രെ.

പുരുഷന്റെ കൈത്തണ്ടകളിലും മുട്ടുകളിലും ഉള്ള കറുത്തതും ചുവന്നതുമായ മറുക് ശുഭകരമല്ല.

കൈപ്പത്തിയിൽ ഇടത്തേതിന്റെ ലക്ഷണം രേഖാശാസ്ത്രനിയമപ്രകാരം പരിഗണനാർഹമല്ല. വലതുകൈപ്പത്തിയിൽ പുറത്ത് വലതു ഭാഗത്തുള്ള കറുപ്പു ബിന്ദുക്കൾ (മറുകുകൾ) അശുഭകരവും ചുവന്നത് ശുഭകരവും ആകുന്നു. ഇടതുഭാഗത്താണെങ്കിൽ രണ്ടു നിറവും ഗുണകരമായിരിക്കയില്ല.

തള്ളവിരലിന്റേയും ചൂണ്ടുവിരലിന്റേയും ഇടയ്ക്കുള്ള സമതലത്തിലും കങ്കണപ്രദേശത്തുമുള്ള രണ്ടുനിറം മറുകുകളും ശുഭകരമാകുന്നു. ഇവൻ വിവേകിയും സന്മാർഗ്ഗചാരിയുമായിരിക്കും.

തള്ളവിരലിന്റെ പുറത്തോ ചെറുവിരലിന്റെ ചുവട്ടിലോ പുറത്തോ ഉള്ള കറുത്ത മറുക് ധനമഹിമയേയും ഹൃദയവിശാലതയേയും, ചുവന്നവ കാമലമ്പടത്വത്തേയും സൂചിപ്പിക്കുന്നു. മറ്റു വിരലുകളിലെ മറുകുകൾ ശുഭലക്ഷണമല്ല.

ഉള്ളം കയ്യിലെ മണിബന്ധത്തോടു ചേർന്നോ ഇടതുഭാഗത്തോ കാണുന്ന മറുക് ധനപ്രമത്തതേയും കറുത്തത് അധികാരദുർവ്വിനിയോഗത്തേയും വിളിച്ചറിയിക്കുന്നവയാകുന്നു.

ഉള്ളംകയ്യുടെ ഇടതരികിലോ തള്ളവിരലിനകത്തോ ഏതു നിറത്തിൽ മറുകുണ്ടെങ്കിലും അവൻ വിദ്വാനും ഉള്ളം കയ്യുടെ നടുമദ്ധ്യമുണ്ടായിരുന്നാലവൻ ഗ്രന്ഥകാരനും സഹൃദയനുമായിരിക്കും.

നെഞ്ചിൽ വലതുഭാഗത്തെ മറുകുകൾ ശുഭകരവും ഇടതുഭാഗത്തേത് അശുഭകരവുമാകുന്നു.

വയറ്റത്തോ പള്ളകളിലോ അടിവയറ്റിലോ മറുകുകളുള്ള പുരുഷൻ ദയാലുവും ദരിദ്രനുമായിരിക്കും.

ലിംഗത്തിന്റെ മേൽതട്ടിലോ ലിംഗത്തിന്മേലോ കറുത്ത മറുകുള്ളവൻ കാമചാരിയാകുന്നു. ഇവിടെ ചുവന്ന മറുകിന്റെ കാര്യം പറയുന്നില്ല.

തുടകളിൽ കറുത്തതോ ചുവന്നതോ ആയ മറുകുള്ള പുരുഷൻ വിവേകിയാണ്. കാൽ മുട്ടുകളിലോ കണങ്കാലുകളിലോ ചുവന്ന മറുകുള്ളത് ശുഭകരവും കറുത്ത മറുക് അശുഭകരവുമാകുന്നു.

ഉപ്പുകുറ്റിയുടെ വലതുവശത്തെ മറുകുകൾ ശുഭവും, ഇടതുവശത്തേത് അശുഭവുമത്രെ.

കാലിന്റെ വലതുപത്തിയിൽ വലതുവശത്തുള്ള രണ്ടു നിറം മറുകുകളും ശുഭകരവും ഇടതുവശത്തെ ചുവന്ന മറുക് കലാപരവും, കറുത്തത് ദാരിദ്ര്യപരവുമാണ്.

വലതുകാലിന്റെ തള്ളവിരലിന്റെ പുറത്ത് കറുത്ത മറുക് ശുഭകരവും മറ്റെവിടെയായിരുന്നാലും അശുഭവുമാകുന്നു. ഇവിടേയും ചുവന്ന മറുകിനെ വിവക്ഷിക്കുന്നില്ല. 

സ്ത്രീയുടെ ശബ്ദം

കുയിലിന്റെ കരച്ചിൽപോലെ ശബ്ദമുള്ള സ്ത്രീ സംഗീതദൂഷിയും ധനികയുമാകുന്നു.

മയിലിന്റെ കരച്ചിൽ പോലുള്ള ശബ്ദമാണെങ്കിൽ അവൾ വിദ്യാസമ്പന്നയും പ്രാസംഗികയുമാകുന്നു.

അരയന്നപ്പിടയുടെ ശബ്ദമാണുള്ളതെങ്കിൽ ആ സ്ത്രീ സുഭിക്ഷതയുള്ളവളും സന്താനസൗഭാഗ്യമുള്ളവളുമാകുന്നു.

കാക്കയുടെ ശബ്ദമുള്ള സ്ത്രീ ദരിദ്രയും സുശീലയുമാകുന്നു.

പരുപരുത്ത ശബ്ദമുള്ള സ്ത്രീയെ യാതൊരു കാര്യത്തിലും വിശ്വസിക്കാൻ പാടില്ല.

തുറന്ന ശബ്ദമുള്ളവൾ അഹങ്കാരിണിയും ഗണികയുമാകുന്നു.

അടക്കി സംസാരിക്കുന്നതുപോലെ ശബ്ദമുള്ളവളും ഗണികയാകുന്നു. 

ഭാഗ്യശാലിനിയും ധർമ്മബോധമുള്ളവളും നല്ല പുത്രഭാഗ്യത്തോടുകൂടിയവളുമായ ഭാര്യയെ ലഭിക്കും

സദ്യുതേ നവമേ ശുക്രാത്തദീശേ ച ബലാന്വിതേ
ധർമ്മശീലാ ഭവേൽ ഭാര്യാ സൽപുത്രാ ഭാഗ്യവത്യപി.

സാരം :-

ശുക്രന്റെ ഒമ്പതാം ഭാവത്തിൽ ശുഭഗ്രഹം വരിക, ആ ഭാവത്തിന്റെ അധിപതിക്കു ബലവും ഉണ്ടായിരിക്കുക, എന്നാൽ ഭാഗ്യശാലിനിയും ധർമ്മബോധമുള്ളവളും നല്ല പുത്രഭാഗ്യത്തോടുകൂടിയവളുമായ ഭാര്യയെ ലഭിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.