ഗ്രഹങ്ങളെക്കൊണ്ട് ക്ഷുദ്രം വച്ച സ്ഥലം കണ്ടുപിടിക്കുന്നത് എങ്ങനെ?

അര്‍ക്കേ വാര്‍ക്കേണ യുക്തേ വാ ബാധേശേ ദേവസന്നിധൌ
ചന്ദ്രേ ചന്ദ്രാന്വിതേ തോയപ്രദേശേ വാഥവോഷരേ.

കുജേ വാ കുജയുക്തേ വാ ശ്മശാനേ വാഗ്നിസന്നിധൌ
യുദ്ധോര്‍വ്യാം വൈവമാദ്യേഷു ശശിജേ വാഥ തദ്യുതേ

വിദ്യാഭ്യാസവിഹാരോര്‍വ്യാമഥ ജീവേ ച തദ്യുതേ
ദേശാന്തേ കോശഗേഹേ വാ തതഃ ശുക്രേ ച തദ്യുതേ

ശയ്യാഗൃഹേ വാ ഗ്രാമാന്തേ തതോ മന്ദേ ച തദ്യുതേ
ഉച്ഛിഷ്ടാദിപരിത്യാഗസ്ഥാനേ ചൂര്‍ണ്ണാദികം വദേല്‍.


സാരം :-

ബാധകാധിപന്‍ സൂര്യനായാലും സൂര്യനോടുകൂടിയായാലും ക്ഷുദ്രം വച്ചിരിക്കുന്നത് ദേവാലയത്തിന്‍റെ സമീപത്താണെന്ന് പറയണം.

ബാധകാധിപന്‍ ചന്ദ്രനാവുകയോ ചന്ദ്രനോടുകൂടുകയോ ചെയ്‌താല്‍ വെള്ളമുള്ള സ്ഥലത്തോ ഓരുള്ള സ്ഥലത്തോ ആണ് ക്ഷുദ്രം വച്ചിരിക്കുന്നതെന്ന് പറയണം.

ബാധകാധിപന്‍ ചൊവ്വാ ആവുകയോ ചൊവ്വയോട്‌ ചേരുകയോ ചെയ്‌താല്‍ ചുടുകാട് (ശ്മശാനം), അടുപ്പ് മുതലായ അഗ്നിസ്ഥാനങ്ങള്‍,  യുദ്ധഭൂമി എന്നിങ്ങനെയുള്ള പ്രദേശത്താണ് ക്ഷുദ്രം വച്ചിരിക്കുന്നതെന്ന് പറയണം

ബാധകാധിപന്‍ ബുധനാവുകയോ ബുധനോട് ചേരുകയോ ചെയ്‌താല്‍ എഴുതുപള്ളി (വിദ്യാഭ്യാസസ്ഥലം), കളിസ്ഥലം എന്നിങ്ങനെയുള്ള പ്രദേശത്താന് ക്ഷുദ്രം വച്ചിരിക്കുന്നതെന്ന് പറയണം.

ബാധകാധിപന്‍ വ്യാഴമാവുകയോ വ്യാഴത്തോട് ചേരുകയോ ചെയ്‌താല്‍ ദേശത്തിന്‍റെ അതിര്‍ത്തിസ്ഥാനത്തോ ഭണ്ഡാരപ്പുരയിലോ ആണ് ക്ഷുദ്രം വച്ചിരിക്കുന്നതെന്ന് പറയണം.

ബാധകാധിപന്‍ ശുക്രനാവുകയോ ശുക്രനോടുകൂടി ചേരുകയോ ചെയ്‌താല്‍ ശയനഭവനത്തിലോ ഗ്രാമത്തിന്‍റെ അതിര്‍ത്തിസ്ഥലത്തോ ആണ് ക്ഷുദ്രം ചെയ്തിരിക്കുന്നത് എന്ന് പറയണം.

ബാധകാധിപന്‍ ശനിയോ ശനിയോടുകൂടി ചേര്‍ന്നോ നില്‍ക്കുന്നു എങ്കില്‍ എച്ചിലും കുപ്പയും ഇടുന്ന സ്ഥലത്താണെന്ന് ക്ഷുദ്രം ചെയ്തിരിക്കുന്നതെന്ന് പറയണം. 

പ്രജയ്ക്ക് അംഗവൈകല്യം മുതലായതുണ്ടാകുന്ന ലക്ഷണങ്ങളെ പറയുന്നു

ത്രികോണഗേ ജ്ഞേ വിബലൈസ്തതോപരൈര്‍-
മ്മുഖാംഘ്രിഹസ്തൈര്‍ദ്വിഗുണസ്തദാ ഭവേത്
അവാഗ്ഗവീന്ദാവശുഭൈര്‍ഭസന്ധിഗൈഃ
ശുഭേക്ഷിതശ്ചേത് കുരുതേ ഗിരഞ്ചിരാത്

സാരം :-

ബുധന്‍ ത്രികോണത്തില്‍ (5, 9 ഭാവങ്ങളില്‍) നില്‍ക്കുമ്പോള്‍ ചൊവ്വയും വ്യാഴവും വിബലന്മാരായിരുന്നാല്‍ രണ്ടു മുഖമായും, ചന്ദ്രനും ശുക്രനും വിബലന്മാരായിരുന്നാല്‍ നാല് കാലുകളായിട്ടും, ആദിത്യനും ശനിയും ബലഹീനന്മാരായിരുന്നാല്‍ നാല് കൈകളോട്കൂടിയവനായും ഇരിയ്ക്കുന്ന പ്രജയാണുണ്ടാവുക. ഈ യോഗങ്ങള്‍ പൂര്‍ണ്ണങ്ങളായിരുന്നാല്‍ മാത്രമേ യോഗഫലത്തിന് പൂര്‍ണ്ണതയുണ്ടാവുകയുള്ളൂ. യോഗങ്ങള്‍ അപൂര്‍ണ്ണങ്ങളാണെങ്കില്‍ മുഖം മുതലായ അവയവങ്ങള്‍ക്ക് വികൃതത്വം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അറിയണം. അല്ലെങ്കില്‍ (അര്‍ത്ഥാന്തരമെന്നു താല്പര്യം) ബുധനൊഴിച്ചു മറ്റെല്ലാ ഗ്രഹങ്ങളും വിബലന്മാരായിരിയ്ക്കുമ്പോള്‍ ബുധന്‍ ലഗ്നത്തില്‍  നിന്നാല്‍ രണ്ടു മുഖമായും , അഞ്ചാം ഭാവത്തില്‍ നിന്നാല്‍ നാല് കാലുകളുള്ളവനായും, ബുധന്‍ ഒന്‍പതാം ഭാവത്തില്‍ നിന്നാല്‍ നാല് കൈകളോട് കൂടിയവനായും ജനിയ്ക്കുമെന്നു പറയണം. 

ചന്ദ്രന്‍ രണ്ടാം ഭാവത്തില്‍ നില്‍ക്കുകയും പാപഗ്രഹങ്ങള്‍ കര്‍ക്കിടകം, വൃശ്ചികം, മീനം ഈ രാശികളിലെ അന്ത്യദ്രേക്കാണത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ ഊമയായിരുക്കുന്നതാണ്. ഈ യോഗത്തില്‍ രണ്ടില്‍ നില്‍ക്കുന്ന ചന്ദ്രന് ശുഭഗ്രഹ ദൃഷ്ടിയുണ്ടെങ്കില്‍ പ്രയാസപ്പെട്ടുകൊണ്ട് (അല്ലെങ്കില്‍ സംസാരിക്കേണ്ട പ്രായമായിട്ട് പിന്നേയും വളരെ താമസിച്ച്) സംസാരിയ്ക്കുവാന്‍ സാധിയ്ക്കുകയും ചെയ്യും. "ഗവി" എന്നതിന് ചന്ദ്രന്‍ ഇടവത്തില്‍ നില്‍ക്കുകയും പാപഗ്രഹങ്ങളെല്ലാം മുന്‍പറഞ്ഞപ്രകാരം നില്‍ക്കുകയും ചെയ്താലും ഊമയാവുമെന്നും പറയാം. മേല്‍പറഞ്ഞതുകൊണ്ടും യോഗമൊന്നുമില്ലാതേയും, ചന്ദ്രന് ശുഭഗ്രഹങ്ങളുടെ ദൃഷ്ടിമാത്രം ഉണ്ടാവുകയും ചെയ്‌താല്‍ വാക്ക് വളരെ മനോഹരമായിരിയ്ക്കുമെന്ന് ഊഹിയ്ക്കാവുന്നതാണ്. 

പ്രശ്നകര്‍ത്താവും ദൈവജ്ഞനും

ക്ലേശാനുഭവങ്ങളെക്കൊണ്ട് പൊറുതി മുട്ടി എല്ലാവാതിലുകളിലും മുട്ടിയിട്ട് രക്ഷ ലഭിയ്ക്കാതെ പരവശനായിട്ടാണ് ചോദ്യകര്‍ത്താവ് ദൈവജ്ഞനെത്തേടി വരുന്നത്. ഈ സമയത്ത് ദൈവജ്ഞന്‍ തന്‍റെ ചുമതല മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ജ്യോതിഷി (ദൈവജ്ഞന്‍) തന്‍റെ ആഗ്രഹങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റിത്തന്നു സഹായിക്കും എന്ന് പ്രശ്ന കര്‍ത്താവ് വിശ്വസിക്കുന്നതുപോലെ, പൃഛകന്‍റെ (ചോദ്യകര്‍ത്താവിന്‍റെ) ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം തോന്നിക്കേണമേ എന്ന് ഗുരുവിനോടും ഉപാസ്യദേവതകളോടും പ്രാര്‍ത്ഥിച്ചു കൊണ്ട് ദൈവജ്ഞന്‍ പ്രശ്ന കൃത്യം തുടങ്ങണം. ഈ സമയത്ത് ദൈവജ്ഞന്‍റെ പ്രാര്‍ത്ഥന കൊണ്ടും ഗ്രഹങ്ങളുടെ പ്രഭാവം കൊണ്ടും ദൈവജ്ഞന്‍റെയും പൃഛകന്‍റെയും (ചോദ്യകര്‍ത്താവിന്‍റെയും) മനസ്സുകളില്‍ പ്രവര്‍ത്തനപ്രതിവര്‍ത്തനങ്ങള്‍ നടക്കുകയും രണ്ടു പേരുടേയും മാനസികാവസ്ഥകള്‍ ഒന്നാകുകയും ചെയ്യുന്നു. കാമക്രോധാദിഹീനനും അഹം മുക്തനുമായ ദൈവജ്ഞന്‍റെ അന്തഃകരണശക്തി ഉണര്‍ന്നു പ്രഷ്ടാവിന്‍റെ ജീവിതാനുഭവങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്നു.

ദൈവജ്ഞന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെ ജാഗരൂകനായിരിക്കണം. അലസമായി പ്രശ്നം കൈകാര്യം ചെയ്യരുത്. ജീവിത ക്ലേശങ്ങളുടെ നീര്‍ച്ചുഴിയിലകപ്പെട്ട് കരകയറാന്‍ കഴിയാതെ നട്ടം തിരിയുന്ന പ്രശ്നകര്‍ത്താവിന്‍റെ കണ്ണില്‍ ദൈവജ്ഞന്‍ ക്ലേശകാരണങ്ങള്‍ കണ്ടുപിടിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്ന ദൈവദൂതനാണ്‌. 

പ്രശ്നത്തില്‍ ഉദ്ദേശ്യ ശുദ്ധിക്കാണ് പ്രാധാന്യം. പ്രശ്ന കര്‍ത്താവ് പ്രശ്ന ഫലത്തില്‍ താല്പര്യമില്ലാതെ ഉദാസീന ഭാവത്തില്‍ ചോദ്യം ചോദിക്കരുത്. ദൈവജ്ഞനെ പരീക്ഷിക്കാന്‍ ചോദ്യം ചോദിക്കരുത്. ദൈവജ്ഞന്‍ തന്‍റെ തീരാ ക്ലേശങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കും എന്ന പൂര്‍ണ്ണ വിശ്വാസത്തോടുകൂടി വേണം ദൈവജ്ഞനെ സമീപിക്കാന്‍. പരിഹാരം കാണുന്നതില്‍ പൃഛകന് (ചോദ്യകര്‍ത്താവിന്) താല്പര്യം ഉണ്ടായിരിക്കണം.

ക്ഷുദ്രം വച്ചിരിക്കുന്നത് വെള്ളത്തില്‍

ബാധേശേ ജലരാശിസ്ഥേ സിന്ധുനദ്യാദികൂലഗം
ജലേ ക്ഷിപ്തം നിഖാതം വാ വാച്യമൂര്‍ദ്ധ്വാനനാദിഭിഃ

സാരം :-

ബാധകാധിപന്‍ ജലരാശിയിലാണെങ്കില്‍ ക്ഷുദ്രം വച്ചിരിക്കുന്നത് കടല്‍ക്കരയിലോ നദീത്തീരത്തിലോ മറ്റോ ആണെന്ന് പറയണം. അവിടെയും ബാധകാധിപന്‍ നില്‍ക്കുന്ന ജലരാശി ഊര്‍ദ്ധ്വമുഖമാണെങ്കില്‍ വെള്ളത്തിന്‍റെ മുകളിലാണ് ക്ഷുദ്രസാധനമിട്ടിരിക്കുന്നതെന്നും അധോമുഖമാണെങ്കില്‍ വെള്ളത്തിനടിയിലുള്ള ഭൂമിയില്‍ കുഴിച്ചിട്ടിരിക്കുകയാണെന്നും തിര്യങ്മുഖരാശിയിലാണെങ്കില്‍ വെള്ളത്തിനടിയില്‍ ഇട്ടിരിക്കുന്നു എന്നും പറയണം. 

ഗര്‍ഭം ധരിച്ചാല്‍ പ്രസവകാലംവരേയുള്ള പത്തുമാസങ്ങളിലെ അധിപഗ്രഹങ്ങളേയും തല്‍ഫലങ്ങളേയും പറയുന്നു

കലലഘനാംകുരാസ്ഥിചര്‍മ്മാംഗജചേതനദാ-
സ്സിതകുജജീവസൂര്യചന്ദ്രാര്‍ക്കിബുധാഃ പരതഃ
ഉദയപചന്ദ്രസൂര്യനാഥാഃ ക്രമശോ ഗദിതാ
ഭവതി ശുഭാശുഭഞ്ച മാസാധിപതേ സദൃശം.

സാരം :-

ഗര്‍ഭാദാനം ചെയ്‌താല്‍ ആ ഗര്‍ഭത്തിന്‍റെ ആധിപത്യം, ആദ്യത്തെ മാസത്തില്‍ ശുക്രനും, രണ്ടാം മാസത്തില്‍ കുജനും, മൂന്നാം മാസത്തില്‍ വ്യാഴത്തിനും, നാലാം മാസത്തില്‍ സൂര്യനും, അഞ്ചാം മാസത്തില്‍ ചന്ദ്രനും, ആറാം മാസത്തില്‍  ശനിയ്ക്കും, ഏഴാം മാസത്തില്‍ ബുധനുമാകുന്നു.

ശുക്രന്‍ തന്‍റെ ആധിപത്യകാലമായ ആദ്യത്തെ മാസത്തില്‍ ഗര്‍ഭത്തിലെ ശുക്ലശോണിതങ്ങളെ കൂട്ടിക്കലര്‍ത്തുകയും, കുജന്‍ രണ്ടാം മാസത്തില്‍ ആര്‍ദ്രമായ ശുക്ലശോണിതങ്ങളെ കട്ടിയാക്കുകയും, വ്യാഴം കരചരണാദി അവയവങ്ങളെ ഉണ്ടാക്കുകയും (മൂന്നാം മാസത്തിലാണ് സ്ത്രീപുരുഷഭേദം തീര്‍ച്ചപ്പെടുക.) സൂര്യന്‍ അസ്ഥിയേയും, ചന്ദ്രന്‍ തൊലിയേയും, ശനി വിരല്‍, നഖം, രോമം, മുതലായവയേയും, ബുധന്‍ സുഖദുഃഖാദിജ്ഞാനങ്ങളേയും ഉണ്ടാക്കുകയും ചെയ്യുന്നു. 

എട്ടാം മാസത്തിലെ അധിപന്‍ ഗര്‍ഭാധാനലഗ്നാധിപനും (അത് നിശ്ചയമില്ലെങ്കില്‍ പ്രശ്നലഗ്നാധിപനും) ഒമ്പതാം മാസത്തിന്‍റെ അധിപന്‍ ചന്ദ്രനും, പത്താം മാസത്തിന്‍റെ അധിപന്‍ സൂര്യനുമാകുന്നു. 

ആധാനകാലത്ത് ശത്രുനീചാദ്യനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ അവയുടെ ആധിപത്യകാലത്ത് ദോഷഫലത്തേയും, ഉച്ചം, ബന്ധുക്ഷേത്രം മുതലായ ഇഷ്ടസ്ഥാനങ്ങളില്‍ നില്ക്കുന്നവ ശുഭഫലത്തേയും ഉണ്ടാക്കുന്നതാണ്. 

പ്രശ്നത്തിനും ജാതകത്തിനും തമ്മിലുള്ള വ്യത്യാസം

ജാതകത്തിലേയ്ക്ക് വേണ്ടി ആരെങ്കിലും ശിശുവിന്‍റെ ജനന സമയവും തിയ്യതിയും നക്ഷത്രവും ജ്യോതിഷനെ (ദൈവജ്ഞനെ) അറിയിക്കുമ്പോള്‍ അതില്‍ സ്വാഭാവികമായും താഴെ പറയുന്ന കാര്യങ്ങളെക്കൊണ്ട് തെറ്റുകള്‍ സംഭവിക്കാന്‍ ഇടയുണ്ട്.

ജനനം കഴിഞ്ഞ് വളരെ സമയം കഴിഞ്ഞതിനു ശേഷം പ്രസവവുമായി നേരിട്ട് ബന്ധപ്പെടാത്ത മറ്റ് ആരോ ആണ് ജ്യോതിഷനോട് ശിശുവിന്‍റെ ജനനസമയം അറിയ്ക്കുന്നത്.

പ്രസവം നോക്കുന്ന ഡോക്ടര്‍ക്കോ നഴ്സിനോ ജാതകത്തിനുവേണ്ടി ജനനം കുറിക്കേണ്ട യഥാര്‍ത്ഥ സമയം പൊക്കിള്‍ കൊടി മുറിക്കുന്ന സമയമാണ് എന്നറിയാത്തത് കൊണ്ട് ചിലര്‍ ശിരസ്സ്‌ കാണുന്ന സമയത്തേയും ചിലര്‍ ശിശു കരയുന്ന സമയത്തേയും പ്രസവസമയമായി കണക്കാക്കുന്നു. ചിലര്‍ക്ക് പ്രസവത്തില്‍ ശ്രദ്ധിച്ചിരിക്കുന്നതുകൊണ്ട് ശരിയായ സമയം ഓര്‍മ്മിക്കാന്‍ സാധിക്കാതെ ഒരു ഏകദേശ സമയം പറയാറുമുണ്ട്.

രാത്രി 12 മണിക്ക് മുകളില്‍ നടക്കുന്ന ജനനത്തില്‍ പലരും ഇംഗ്ലീഷ് തിയ്യതി തെറ്റായിട്ട് അറിയ്ക്കുന്നു. തിയ്യതി ഇംഗ്ലീഷില്‍ പറയുകയും സമയം മലയാളത്തില്‍ പറയുകയും ചെയ്താണ് ഇവര്‍ ഈ തെറ്റ് വരുത്തുന്നത്. 

കേരളത്തില്‍ ചില പ്രദേശങ്ങളില്‍ മാസാരംഭ മലയാള തിയ്യതികള്‍ സ്വീകരിക്കുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. സൂര്യസംക്രാന്തി ഉച്ചയ്ക്ക് മുമ്പായാല്‍ അന്നേ ദിവസം തന്നെ മാസം ആരംഭിച്ചതായി കണക്കാക്കും. ചിലര്‍ അടുത്ത ദിവസം മുതല്‍ മാസാരംഭം കണക്കാക്കും. ഈ കണക്കനുസരിച്ച് കുംഭം 30 ന് നടക്കുന്ന ജനനം മീനം 1 ആയി വരും. ഇതിലും ലഗ്നവും രാശിസ്ഥിതികളുമെല്ലാം മാറിപ്പോകും.

പ്രശ്നത്തിലാകട്ടെ മേല്‍പറഞ്ഞ തെറ്റുകള്‍ സംഭവിക്കുകയില്ല. പ്രശ്ന സമയം ജ്യോതിഷി (ദൈവജ്ഞന്‍) നേരിട്ടാണ് കുറിക്കുന്നത്. പ്രസവ സമയം പോലെ പ്രശ്ന സമയത്തിന് അനിശ്ചിതത്വമില്ല. തിയ്യതി വ്യത്യാസം പ്രശ്നത്തിന് ബാധകമല്ല.

ജാതകത്തില്‍ ജാതകന്‍റെ പുരുഷായുസ്സു മുഴുവനുള്ള 12 ഭാവങ്ങളെ സംബന്ധിച്ച ഫലങ്ങള്‍ വ്യക്തമാകുന്നു. പ്രശ്നത്തിലാകട്ടെ പ്രശ്നകര്‍ത്താവിന്‍റെ തത്കാലത്തേക്കുള്ളതോ അഥവാ സമീപ ഭാവിയിലേക്കുള്ളതോ ആയ ഒന്നോ രണ്ടോ കാര്യങ്ങളെ സംബന്ധിച്ച ഫലങ്ങള്‍ മാത്രമാണ് ചിന്തിക്കാന്‍ കഴിയുന്നത്. ജാതകം ജനനം മുതല്‍ മരണം വരെയുള്ള അനുഭവങ്ങളെപ്പറ്റി സാമാന്യമായി പറയുമ്പോള്‍ പ്രശ്നം ഒരു പ്രത്യേക സമയത്ത് നടക്കുന്ന നിശ്ചിത സംഗതിയെപ്പറ്റി ഒരു ചെറിയ കാലഘട്ടത്തിലേയ്ക്ക് നിശ്ചിത പ്രവചനം നടത്തുന്നു. ജാതകത്തില്‍ ഒരു പുരുഷായുസ്സു മുഴുവന്‍ ചര്‍ച്ചാവിഷയമാകുമ്പോള്‍ പ്രശ്നത്തില്‍ ഏതാനും ദിവസത്തേയ്ക്കുള്ള അനുഭവമാണ് ചര്‍ച്ചാവിഷയമാകുന്നത്.

ജാതകഫലത്തിന് പരപ്പും വൈവിധ്യവും ഉള്ളപ്പോള്‍ പ്രശ്നത്തിന് സൂക്ഷ്മതയും ഏകതാനതയും കൂടും.

ജാതകം പൂര്‍വ്വജന്മാര്‍ജിത പുണ്യ പാപ ഫലങ്ങളെയാണ് വിവരിക്കുന്നത്. ഈ ഫലങ്ങള്‍ക്ക് ഇഹ ജന്മ കൃത പുണ്യ ഫലങ്ങളെക്കൊണ്ട് മാറ്റം വരാം. അതുകൊണ്ട് ജാതകത്തിന്‍റെ അടിസ്ഥാനത്തില്‍ പറയുന്ന ഫലങ്ങള്‍ക്കും യഥാര്‍ത്ഥ ഫലങ്ങള്‍ക്കും വ്യത്യാസം വരാം. ജാതകത്തില്‍ ആയുര്‍ദോഷം കാണിക്കുന്ന വ്യക്തി ജപദാന പുണ്യാദികള്‍ കഴിച്ചാല്‍ ആയുര്‍ദോഷത്തിന് പരിഹാരം ലഭിയ്ക്കും. ഈ ചുറ്റുപാടില്‍ ജാതകഫലം ശരിയായി വരുകയില്ല. മുന്‍ ജന്മത്തില്‍ ചെയ്ത ഏതു കര്‍മ്മത്തിന്‍റെ ഫലമാണ് ഇപ്പോള്‍ അനുഭവിയ്ക്കുന്നത് എന്നും ഇഹ ജന്മത്തില്‍ ചെയ്ത ഏതു പുണ്യ പാപ ഫലങ്ങളാണ് അനുഭവിയ്ക്കുന്നത് എന്നും പ്രശ്നം വ്യക്തമാക്കുന്നു. അതുകൊണ്ട് പ്രശ്നഫലം തെറ്റാറില്ല.

ജാതകത്തില്‍ ജനനസമയത്തിന് മാത്രമേ പ്രസക്തിയുള്ളൂ. പ്രശ്നത്തില്‍ ചോദ്യകര്‍ത്താവിനാണ് പ്രസക്തിയും പ്രാമുഖ്യവും. പ്രശ്നത്തില്‍ ചോദ്യ കര്‍ത്താവ് പ്രശ്ന ദേശമായും രാശിയുമായും പ്രശ്ന കാലവുമായും ബന്ധപ്പെടുന്നു. പ്രശ്ന കര്‍ത്താവ് വന്ന് നില്‍ക്കുന്ന സ്ഥാനത്തിനും - ആരൂഢ രാശിക്കും - ചോദ്യം ചോദിക്കുന്ന സമയത്തിനെന്നപോലെ - ഉദയലഗ്നം - പ്രാധാന്യമുണ്ട്. ചോദ്യ കര്‍ത്താവ് പ്രശ്നത്തില്‍ കാലവുമായും ദേശവുമായും ബന്ധപ്പെടുമ്പോള്‍ ജാതകത്തില്‍ കാലവുമായിട്ടു മാത്രമേ  ബന്ധം ഉള്ളു.

പ്രശ്നത്തില്‍ ദൈവജ്ഞനോട് ചോദ്യം ചോദിക്കുമ്പോള്‍ പ്രശ്ന കര്‍ത്താവ് വന്ന് നില്‍ക്കുന്ന രാശിയായ ആരൂഢ രാശിക്കുള്ള പ്രാധാന്യം ജാതകത്തിലില്ല. പ്രശ്ന കര്‍ത്താവിന്‍റെ മനോഗതങ്ങളെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഗ്രഹം അയാളെ തന്‍റെ രാശിയില്‍ കൊണ്ട് വന്നു നിര്‍ത്തും. അതുകൊണ്ട് പ്രശ്നകര്‍ത്താവ് വന്നു നില്‍ക്കുന്ന ആരൂഢ രാശി നോക്കിതന്നെ സൂക്ഷ്മ ദൃക്കായ ദൈവജ്ഞന് ഏതാനും ഫലങ്ങള്‍ പറയുവാന്‍ കഴിയും. ജാതകത്തില്‍ ആരൂഢ രാശി എന്നൊന്നില്ല.

ജാതകത്തില്‍ നിന്ന് ദൈനിക പ്രശ്നങ്ങളുടെ സ്വഭാവം മനസ്സിലാക്കാനോ അവയുടെ കാരണം കണ്ടുപിടിച്ച് പരിഹാരകര്‍മ്മങ്ങള്‍ ചെയ്യാനോ സാധ്യമല്ല. പ്രശ്നത്തിലാണെങ്കില്‍ ക്ലേശാനുഭവങ്ങള്‍ക്കുള്ള കാരണങ്ങളെന്തെന്നും അവയ്ക്ക് വേണ്ട പരിഹാരങ്ങള്‍ എന്തെന്നും മനസ്സിലാക്കും. മാത്രമല്ല, പരിഹാരങ്ങള്‍ ചെയ്ത് കഴിഞ്ഞ് ക്ലേശകാരണങ്ങള്‍ മാറിയോ എന്ന് ഒഴിവ് നോക്കാനും സാധിക്കും.

ചുരുക്കി പറഞ്ഞാല്‍ പ്രശ്നം ജാതകത്തേക്കാള്‍ കൂടുതല്‍ ഉപയുക്തമാണ്. സാധാരണ മനുഷ്യര്‍ക്ക്‌ നിത്യ ജീവിതത്തില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ക്ലേശങ്ങള്‍ക്ക്‌ അത് പരിഹാരം നിര്‍ദ്ദേശിക്കുന്നു.

ക്ഷുദ്രംവെച്ച സ്ഥലം

മാന്ദിരാശ്യംശയോര്‍യോ ദിക് ദിശം താമത്രനിര്‍ദ്ദിശേല്‍
ഏവം ഹി സമ്പ്രദായോത്ര കശ്ചിദന്യോഥ കഥ്യതേ

സാരം :-

ഗുളികന്‍ നില്‍ക്കുന്ന രാശിയുടെ ദിക്കിലോ അല്ലെങ്കില്‍ ഗുളികന്‍റെ അംശകരാശിക്ക് പറഞ്ഞിട്ടുള്ള ദിക്കിലോ ആണ് ക്ഷുദ്രം സ്ഥാപിച്ചിട്ടുള്ളതെന്നു പറയണം. ക്ഷുദ്രസ്ഥിതിയേയും മറ്റും കുറിച്ച് ഇങ്ങനെ ഒരു സമ്പ്രദായം പറഞ്ഞു ഇനിയും ക്ഷുദ്രത്തെ സംബന്ധിച്ച് തന്നെ വേറൊരു വിധത്തില്‍കൂടി പറയുന്നു.

**************************************************

ഊര്‍ദ്ധ്വാസ്യേ ബാധകാധീശേ നിഹിതം ഭൂരുഹോപരി
നിഖാതം കാവധോവക്ത്രേ തിര്യഗ്വദനഗസ്സ ചേല്‍

പാഷാണദ്രുമമദ്ധ്യാദിന്യസ്തം ചൂര്‍ണ്ണാദികം വദേല്‍
ബാധേശതല്‍സ്ഥരാശിഭ്യാം ദ്രുമതല്‍സ്ഥപ്രദേശയോഃ

ശുഭാശുഭര്‍ക്ഷ ഇത്യേതോ നേഹ്യാ ചോത്തമനീചതഃ
ബാധകാധിപതിസ്വാംശാന്നവാംശേ യാവതി സ്ഥിതഃ

തല്‍സംഖ്യാഃ സ്യുര്‍ദ്രുമാസ്തത്ര മദ്ധ്യഗാംശകപോദിതാഃ

സാരം :-

ബാധകാധിപന്‍ ഊര്‍ദ്ധ്വമുഖരാശിയില്‍ നിന്നാല്‍ ക്ഷുദ്രം വച്ചിരിക്കുന്നത് വൃക്ഷത്തിന്‍റെ മുകളിലാണെന്ന് പറയണം. അധോമുഖരാശിയില്‍ നില്‍ക്കുകയാണെങ്കില്‍ ഭൂമിയില്‍ കുഴിച്ചുവച്ചിരിക്കുന്നുവെന്ന് പറയണം. തിര്യങ്മുഖരാശിയില്‍ നില്‍ക്കയാണെങ്കില്‍ കല്ലിന്‍റെ ഇടയിലോ മരങ്ങളുടെ പൊത്തുകളിലോ ആണ് ക്ഷുദ്രം വച്ചിരിക്കുന്നത് എന്നും പറയണം. ബാധേശനെക്കൊണ്ട്  വൃക്ഷത്തിന്‍റെയും ബാധകാധിപന്‍ നില്‍ക്കുന്ന രാശിയെക്കൊണ്ട് വൃക്ഷം നില്‍ക്കുന്ന പ്രദേശത്തിന്‍റെയും നന്മതിന്മകള്‍ ഊഹിച്ചറിയേണ്ടതാണ്. അതിനെ ഊഹിപ്പാനുള്ള മാര്‍ഗ്ഗം "ശുഭോശുഭര്‍ക്ഷേരുചിരംകുഭൂതലേ" എന്നാദിയായ ശ്ലോകമനുസരിച്ച് ചിന്തിക്കേണ്ടതാണ്. ശുഭനായ ബാധകാധിപന്‍ പാപക്ഷേത്രത്തില്‍ നില്‍ക്കുന്നുവെങ്കില്‍ ശുഭരൂപമായ വൃക്ഷം നികൃഷ്ടപ്രദേശത്ത് നില്‍ക്കുന്നു എന്നും പാപനായ ബാധകാധിപന്‍ ശുഭക്ഷേത്രത്തില്‍ നില്‍ക്കുന്നു എങ്കില്‍ വൃക്ഷം നിന്ദ്യമാണെന്നും ഉത്തമസ്ഥലത്താണ് നില്‍ക്കുന്നതെന്നും ബാധകാധിപന്‍ ശുഭന്‍ തന്നെ ശുഭക്ഷേത്രത്തില്‍ നില്‍ക്കുകയാണെങ്കില്‍ നല്ല വൃക്ഷമാണെന്നും നല്ല പ്രദേശത്ത് തന്നെ നില്‍ക്കുകയാണെന്നും ബാധകാധിപന്‍ പാപനായി പാപരാശിയില്‍ നില്‍ക്കുകയാണെങ്കില്‍ വൃക്ഷവും വൃക്ഷം നില്‍ക്കുന്ന പ്രദേശവും നിന്ദ്യമാണെന്നും ഊഹിച്ചുകൊള്ളണം.

ബാധകാധിപന്‍ അംശകിച്ചിരിക്കുന്നത് സ്വനവാംശകം മുതല്‍ എത്രാമത്തെ അംശകത്തിലാണോ അത്രയും വൃക്ഷങ്ങള്‍ അവിടേയും ഉണ്ടെന്നു പറയണം.  ആ വൃക്ഷങ്ങള്‍ ആ അംശകാധിപന്മാര്‍ക്ക് പറഞ്ഞിട്ടുള്ളവയാണെന്നും ഗ്രാഹ്യമാകുന്നു. ചൊവ്വ ബാധകാധിപത്യം വഹിച്ച് കര്‍ക്കിടകത്തില്‍ അംശകിച്ചിരിക്കുന്നു എന്ന് വിചാരിക്കുക. അപ്പോള്‍ സ്വനവാംശകമായ മേടം മുതല്‍ കര്‍ക്കിടകം വരെ നാലാമത്തെ അംശകത്തിലാണല്ലോ നില്‍ക്കുന്നത്. അതുകൊണ്ട് ക്ഷുദ്രം സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് നാല് വൃക്ഷങ്ങളുണ്ടെന്നു പറയണം. ഈ അംശകാധിപന്മാര്‍ ചൊവ്വ, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍ ഇവരാണല്ലോ. ഇവരില്‍ ചൊവ്വയെക്കൊണ്ട് മുള്ളുള്ള വൃക്ഷങ്ങളേയും ശുക്രനെക്കൊണ്ട് പുഷ്പവൃക്ഷങ്ങളേയും ബുധനെക്കൊണ്ട് ഫലമുണ്ടാക്കാത്ത വൃക്ഷങ്ങളേയും ചന്ദ്രനെക്കൊണ്ട് പാലോ എണ്ണയോ ഉള്ള വൃക്ഷങ്ങളേയും വിചാരിച്ചു കൊള്ളണം. ഇക്കൂട്ടത്തില്‍ ബാധകാധിപനെക്കൊണ്ട് ഏതൊരു വൃക്ഷത്തെയാണോ ചിന്തിക്കപ്പെട്ടത്, ആ വൃക്ഷത്തിന്‍റെ സമീപത്തുതന്നെ ഭൂമിയിലോ അഥവാ ആ വൃക്ഷത്തിന്‍റെ മദ്ധ്യത്തിലുള്ള കവരങ്ങളിലോ പൊത്തുകളിലോ ആണ് ക്ഷുദ്രം വച്ചിരിക്കുന്നതെന്ന് പറയണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.