Showing posts with label nagam. Show all posts
Showing posts with label nagam. Show all posts

നാഗവഴിപാടുകളും ഫലസിദ്ധികളും

വെള്ളരി, ആയില്യപൂജ, നൂറും പാലും         :-  സമ്പല്‍സമൃദ്ധിക്ക് 

പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍   :- വിദ്യക്കും സല്‍കീര്‍ത്തിക്കും

 ഉപ്പ്      :- ആരോഗ്യം വീണ്ടുകിട്ടാന്‍

മഞ്ഞള്‍  :- വിഷനാശത്തിന്

ചേന   :- ത്വക്ക് രോഗശമനത്തിന്

കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്

നെയ്യ്  :- ദീര്‍ഘായുസ്സിന്

വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ട എന്നീ രൂപങ്ങള്‍ :-  സര്‍പ്പദോഷ പരിഹാരത്തിന് 

പാല്, കദളിപ്പഴം, നെയ്യ് പായസ്സം   :-  ഇഷ്ടകാര്യസിദ്ധി

നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി  :- സന്താനലാഭത്തിന്

പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്.

ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍

   ബ്രഹ്മാവ്‌ ഓരോ നാഗങ്ങളെയും ഓരോ ദിവസത്തിന്റെ അധിപതികളായി നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് കരുതുന്നു.

ഞായര്‍               :-  അനന്തന്‍ 

തിങ്കള്‍                :- വാസുകി 

ചൊവ്വ                :- തക്ഷകന്‍ 

ബുധന്‍                :- കാര്‍ക്കോടകന്‍ 

വ്യാഴം                :- പത്മന്‍

വെള്ളി                :- മഹാപത്മന്‍ 

ശനി                    :- കാളിയന്‍, ശംഖപാലന്‍ 

സര്‍പ്പദോഷം

   സര്‍പ്പക്കാവ് വെട്ടി തെളിക്കുക, സര്‍പ്പത്തിന്റെ മുട്ട നശിപ്പിക്കുക, സര്‍പ്പക്കാവ് ആശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സര്‍പ്പദോഷം ഉണ്ടാകും. ഭൂമിയുടെ അവകാശികളായ നാഗങ്ങള്‍ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു. ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്രം, ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്താല്‍ സംഭവിക്കുന്നു.

തിഥിസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?


  ചന്ദ്രനില്‍ സ്ഫുടത്തില്‍ നിന്ന് സൂര്യസ്ഫുടം നീക്കിയാല്‍ (കുറച്ചാല്‍) തിഥിസ്ഫുടം വരും. ഇതാണ് നിയമം. 

    ജനനസമയത്തിനു സൂക്ഷ്മപ്പെടുത്തിയ ചന്ദ്രസ്ഫുടത്തില്‍നിന്നും സൂര്യസ്ഫുടം കുറച്ചാല്‍ ശിഷ്ടം വരുന്നതാണ് തിഥിസ്ഫുടം. ചന്ദ്രസ്ഫുടത്തില്‍ നിന്ന് സൂര്യസ്ഫുടം പോകാതെ വരുമ്പോള്‍ ചന്ദ്രസ്ഫുടരാശിയില്‍ 12 കൂട്ടി അതില്‍നിന്നും സൂര്യസ്ഫുടം കളയണം (കുറയ്ക്കണം). ഈ തിഥിസ്ഫുടത്തെ തിഥികണ്ടാല്‍ ജനനസമയത്തിനുള്ള തിഥിയും ആ തിഥിയില്‍ ചെന്ന നാഴികയും ലഭിക്കും.

ഉദാഹരണം :-

1152 വൃശ്ചികം 6 (ആറാം) തിയ്യതിക്കുള്ള സൂര്യസ്ഫുടം 7-5-30 ഉം ചന്ദ്രസ്ഫുടം 7-1-58 ഉം ആണല്ലോ ലഭിച്ചിരിക്കുന്നത്. 



ഈ ചന്ദ്രസ്ഫുടത്തില്‍ നിന്ന് സൂര്യസ്ഫുടം കളയണം. സൂര്യസ്ഫുടത്തെക്കാള്‍ കുറവായതുകൊണ്ട് ചന്ദ്രസ്ഫുടരാശിയില്‍ 12 കൂട്ടി അതില്‍നിന്ന് സൂര്യസ്ഫുടം കളഞ്ഞാല്‍ (കുറച്ചാല്‍) (19.1.58 - 7.5.39) = 11-26 = 19 കിട്ടും. ഇതാണ് തിഥിസ്ഫുടം. 

എങ്ങനെയെന്നാല്‍ 58 ല്‍ നിന്ന് 39 പോയാല്‍ ശിഷ്ടം 19.

 1 ല്‍ നിന്ന് 5 പോകാത്തതിനാല്‍ രാശിയില്‍ നിന്ന് ഒരു രാശി തിയ്യതിയില്‍ ചേര്‍ത്താല്‍ 31 ആയി. അതില്‍ നിന്ന് 5 കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം 26. രാശി സംഖ്യ 18 ല്‍ നിന്ന് 7 കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം 11. ഇങ്ങനെയാണ് ക്രിയ ചെയ്യേണ്ടത്.

ഇനി തിഥിയില്‍ ചെന്ന നാഴികയും തിഥിയും അറിയുവാന്‍ പറയുന്നു.


11 രാശിക്ക് ത്രയോദശി 1/2 യ്ക്ക് 30 നാഴിക.

1 തിയ്യതിക്ക് 5 നാഴിക പ്രകാരം 26 തിയ്യതിക്ക് 130 നാഴിക.

ഒരു കലയ്ക്ക് 5 വിനാഴിക പ്രകാരം 19 കലയ്ക്ക് 1 നാഴിക 35 വിനാഴിക.

ഇവ ഒന്നിച്ചു ചേര്‍ത്താല്‍ 30 + 130 + 1.35 = 161.35 നാഴിക കിട്ടുന്നു.

  ഇതില്‍ നിന്ന് ത്രയോദശിക്കും ചതുര്‍ദ്ദശിക്കും കൂടിയുള്ള പൂര്‍ണ്ണ നാഴികകളായ 120 നാഴിക കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം വരുന്ന 41 നാഴിക 35 വിനാഴികയാണ് ജനനസമയത്ത് വാവില്‍ ചെന്ന നാഴികകള്‍. വാവിന് ചതുഷ്പാത്തും നാഗവുമാണ് കരണങ്ങള്‍. 30 നാഴിക കഴിവോളം ചതുഷ്പാത് കരണവും, പിന്നെ 30 നാഴിക കഴിവോളം നാഗവും ആണ് കരണം. അതിനാല്‍ 41 നാഴിക 35 വിനാഴിക ചെന്നതുകൊണ്ട് ജനനസമയത്തെ കരണം നാഗമാണ്. കരണത്തില്‍ 11 നാഴിക 35 വിനാഴികയും കഴിഞ്ഞിരിക്കുന്നു എന്നും അറിയണം.

തിഥി കാണുവാന്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

അത്തിപ്പെറ്റ നാഗകന്യകാക്ഷേത്രം

     മണ്ണാര്‍ക്കാട് പെരിന്തല്‍മണ്ണ റൂട്ടിലെ കരിങ്കല്ലത്താണിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരം അത്തിപ്പെറ്റ മനയോട് ചേര്‍ന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നു. പഴയകാലത്ത് അത്തിപ്പെറ്റമനയിലെ കാരണവര്‍ വൈക്കത്ത് ഭജനമിരിക്കാന്‍ പോയിരുന്നു.  ഒരാഴ്ചത്തെ ഭജനം കഴിഞ്ഞ് തിരിച്ച് ഇല്ലത്തെത്തിയപ്പോള്‍ കൂടെ കൊണ്ടുപോയിരുന്ന ഓലക്കുടയില്‍ നാഗമിരിക്കുന്നു.  നാഗത്തെ കാരണവര്‍ യഥാവിധി നടുമുറ്റത്ത് പ്രതിഷ്ഠ ചെയ്ത് ആരാധിച്ചു പോന്നു. പ്രസ്തുത നാഗപ്രതിഷ്ഠയാണ് ഇപ്പോള്‍ മനയുടെ നടുമുറ്റത്ത് കാണുന്ന പുറ്റും ഒങ്ങുമരവും. നിത്യപൂജക്കായി ഇല്ലത്തിന്റെ വടക്കുഭാഗത്ത് നാഗകന്യകാക്ഷേത്രവും കാരണവര്‍ പണികഴിപ്പിച്ചു. ദിവസവും രാവിലെ മാത്രമാണ് പൂജ. സര്‍പ്പദോഷം കൊണ്ടുണ്ടാവുന്ന ചൊറിച്ചില്‍, പാണ്ട്, തുടങ്ങിയ രോഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി നല്‍കുന്ന കണ്മഷി ഉത്തമമായ ഔഷധമാണ്. കണ്ണിലെ അസുഖം മാറാന്‍ കണ്മഷി കണ്ണിലെഴുതുന്നതിന് പുറമേ സ്വര്‍ണ്ണം, വെള്ളി എന്നിവകൊണ്ട് കണ്ണ് വഴിപാടായി സമര്‍പ്പിക്കുന്നതും ഇവിടെ പ്രധാനാണ്. വിവാഹ തടസ്സം മാറാന്‍ മംഗല്യപൂജയും സ്വര്‍ണ്ണംകൊണ്ട് താലി, പട്ട് എന്നിവയോ ഇണസര്‍പ്പം വഴിപാടോ ശ്രേഷ്ഠമാണ്. 

നാഗചരിത്രം കേരളത്തില്‍

  പരശുരാമനാണ് കേരളത്തില്‍ നാഗാരാധനക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. പരശുരാമന്‍ കേരളം സൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യം മൂലവും ജലത്തിലെ ലവണാംശവും നിമിത്തം ഭൂമി വാസയോഗ്യമല്ലാതായി. ഈ മണ്ണ് മനുഷ്യവാസത്തിന് ഉചിതമല്ലെന്ന് കണ്ട് പരശുരാമന്‍ ശ്രീ പരമേശ്വരനെ തപസ്സ് ചെയ്തു. ശിവഉപദേശത്താല്‍ നാഗരാജാവായ അനന്തനേയും സര്‍പ്പശ്രേഷ്ഠനായ വാസുകിയേയും പരശുരാമന്‍ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരും എന്ന നിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേകം വാസസ്ഥാനം നല്‍കിയാല്‍ സര്‍പ്പശല്യം അവസാനിക്കുമെന്നും അവര്‍ അരുളി ചെയ്തു. ഉച്ചാസവായുകൊണ്ട് ജലത്തിലെ ലവണാംശം നശിപ്പിക്കാന്‍ സര്‍പ്പങ്ങളെ നിയോഗിക്കുകയും ചെയ്തു. ഭൂമി കൃഷിക്കും താമസത്തിനും യോഗ്യമാക്കിയതില്‍ സന്തുഷ്ടനായ പരശുരാമന്‍ നാടിന്റെ രക്ഷയ്ക്കുവേണ്ടി നാഗങ്ങളെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

   പ്രാചീന കേരളത്തെ വിളിച്ചിരുന്നത് 'അഹിഭൂമി' (നാഗങ്ങളുടെ നാട്) എന്നാണ്. ചില തമിഴ് കൃതികളിലാകട്ടെ കേരളത്തെ നാഗലോകം എന്നാണ് പരാമര്‍ശിക്കപ്പെടുന്നത്. നാഗങ്ങളെവെച്ചാരാധിച്ചാല്‍ അവ മനുഷ്യനെ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. പഴയകാലത്തെ സ്ത്രീകള്‍ സര്‍പ്പഫണതാലിയും സര്‍പ്പത്തിന്റെ രൂപം കൊത്തിയുണ്ടാക്കിയ വളകളും, മോതിരവും ധരിചിരുന്നതായി കാണാം. പിന്‍കുടുമ മാറ്റി പത്തിയും വാലുമുള്ള പാമ്പിന്റെ ആകൃതിയുള്ള മുന്‍കുടുമ ഇവിടെയെത്തിയ ബ്രാഹ്മണര്‍ സ്വീകരിച്ചത് നാഗപ്രീതിക്ക് വേണ്ടിയാണെന്ന് അനുമാനിക്കുന്നു. കേരളത്തിലെ ഭൂരിഭാഗവും ധര്‍മ്മദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചിരുന്നു. തറവാടുകളില്‍ ഒരു ഭാഗത്ത് സര്‍പ്പക്കാവും സന്ധ്യക്കുള്ള വിളക്കുവെക്കലും പതിവാണ്. ഇവയൊക്കെ പുരാതനകാലം മുതല്‍ പ്രബലമായിരുന്ന നാഗാരാധനയുടെ സൂചകങ്ങളാണ്.

മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം

   ആലപ്പുഴ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് ബസ്റ്റോപ്പില്‍ നിന്നും 3 കിലോമീറ്റര്‍ പടിഞ്ഞാറായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാന പ്രതിഷ്ഠ വാസുകിയും, സര്‍പ്പയക്ഷിയുമാണ്. കിഴക്കോട്ട് ദര്‍ശനം. മൂന്ന് വശവും സര്‍പ്പങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഭൃത്യന്റെ പുറത്തിരിക്കുന്ന മട്ടിലാണ് നാഗരാജാവിന്റെ ശിലാവിഗ്രഹം. സര്‍പ്പയക്ഷി പ്രതിഷ്ഠയ്ക്ക് പ്രത്യേകിച്ചൊരു രൂപമില്ല. വെള്ളാരങ്കല്ല് മാത്രമേയുള്ളൂ. സര്‍പ്പത്തിന്റെ ഒരു തല കൈയിലും വാല് മറുകൈയിലുമായി നില്‍ക്കുന്ന സങ്കല്പമാണിതിന്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത്‌ കരിങ്കല്ലുകൊണ്ട് തീര്‍ത്ത രണ്ട് ഉപക്ഷേത്രങ്ങളുണ്ട്. ഒന്നില്‍ നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ നാഗയക്ഷിയും മറ്റൊന്നില്‍ സഹോദരി നാഗചാമുണ്ഡിയും കുടികൊള്ളുന്നു. നാഗചാമുണ്ഡി ചിത്രകൂടത്തിലാണ് വസിക്കുന്നത്. ഇവിടെ പൂജാദികര്‍മ്മങ്ങള്‍ ഒന്നുമില്ല. ക്ഷേത്ര ഇല്ലത്ത് നിലവറയ്ക്കകത്ത് പഞ്ചമുഖ നാഗമായ അനന്തന്‍ കുടികൊള്ളുന്നു. നിലവറയില്‍ വര്‍ഷത്തിലൊരിക്കലേ പൂജയുള്ളൂ. വല്യമ്മ തന്നെയാണ് പൂജനടത്തുന്നത്. അനന്തനെ ആദരവോടെ അപ്പൂപ്പനെന്നു പറയും. അനന്തന്റെ വിഹാര രംഗമായ അപ്പൂപ്പന്‍കാവ് തൊട്ടടുത്തുതന്നെയാണ്‌. കാവിനോട് ചേര്‍ന്നു തന്നെ കാടിനുള്ളിലായി ധര്‍മ്മശാസ്താവിന്റെയും, ഭദ്രകാളിയുടെയും ചെറിയ ക്ഷേത്രങ്ങളുണ്ട്‌. മുപ്പത് ഏക്കര്‍ സ്ഥലത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നതില്‍ ഭൂരിഭാഗവും കാവാണ്‌. ലക്ഷകണക്കിന് നാഗരൂപങ്ങള്‍ ഇവിടെയുണ്ട്. കേരളീയ ഭാവനങ്ങളിലെല്ലാം സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നതില്‍ നിലനിര്‍ത്തുവാനാവാതെ വരുന്ന പരിതസ്ഥിതിയില്‍ ഇവയെ മറ്റെവിടെയെങ്കിലും കുടിയിരുത്തുന്നു.. ഇതിനെ "കാവുമാറ്റം" എന്നാണ് പറയുന്നത്. മറ്റു കാവുകളില്‍ നിന്നു കൊണ്ട് വരുന്ന ദേവതകളെ കുടിയിരുത്തിയിട്ടുള്ള മണ്ണാറശാലയില്‍ അനേകമുണ്ട്.

     ഖാണ്ഡവവനം ദഹിച്ചുകൊണ്ടിരിക്കെ പടര്‍ന്നു പന്തലിച്ച അഗ്നി പരശുരാമന്‍ പ്രതിഷ്ഠിച്ച ക്ഷേത്ര സമീപത്തെത്തി. കാട്ടുതീയില്‍ ഇല്ലത്തിനു ചുറ്റുമുണ്ടായിരുന്ന സര്‍പ്പക്കാവുകള്‍ വെന്തുനശിച്ചു. സര്‍പ്പങ്ങള്‍ കുറെ നശിച്ചു തുടങ്ങിയപ്പോള്‍ അവ നിലവിളിച്ചുകൊണ്ട് ഇല്ലത്തിനടുത്തെത്തി. ഇല്ലത്തമ്മമാര്‍ കുളത്തില്‍ നിന്ന് വെള്ളം കോരി തീ കെടുത്തുകയും സര്‍പ്പങ്ങളുടെ മേല്‍ ഒഴിച്ച് ചൂടാറ്റുകയും ചെയ്തു. മരുന്നും മന്ത്രവും കൊണ്ട് തങ്ങളുടെ ആരാധന മൂര്‍ത്തികളെ ചികിത്സിച്ചു. മാളങ്ങളും ചിത്രകൂടങ്ങളും ഒരുക്കി അവയെ പാര്‍പ്പിച്ചു. മണ്ണാറുന്നതുവരെ വെള്ളമൊഴിച്ച് അവരെ രക്ഷിച്ചു. അന്ന് മുതല്‍ ആ പ്രദേശത്തെ "മണ്ണാറശാല"  എന്നറിയപ്പെടുന്നു. തങ്ങളെ രക്ഷിച്ചത് അമ്മയായതിനാല്‍ സ്ത്രീജനങ്ങള്‍ പൂജിച്ചാല്‍ മതിയെന്നും അതുകൊണ്ട് തൃപ്തിയാണെന്നും അറിയിച്ചു. താന്ത്രികവിധി പ്രകാരം സ്ത്രീകള്‍ പൂജനടത്തുന്ന ഏക ക്ഷേത്രമെന്ന മഹാത്മ്യവും മണ്ണാറശാലയ്ക്കുണ്ട്.

  സര്‍പ്പദൈവങ്ങളുടെ പൌരോഹിത്യ ചുമതലയുള്ള ഇല്ലത്തെ വല്യമ്മയാണ് മണ്ണാറശാലയമ്മയെന്ന് പറയുന്നത്. അമ്മ പൂജാദി കര്‍മ്മങ്ങള്‍ നടത്തുകയും, ഭക്തജനങ്ങള്‍ക്ക് ദര്‍ശനമരുളി അവരുടെ സങ്കടങ്ങള്‍ക്ക് പ്രതിവിധി നിശ്ചയിക്കുകയും ചെയ്യുന്നു. ശ്രീകോവിലില്‍ ചിലദിവസങ്ങളില്‍ അമ്മ തന്നെയാണ് പൂജ നടത്തുന്നത്. മലയാള മാസം ഒന്നാം തിയ്യതി, പൂയ്യം നക്ഷത്രം, മകരത്തിലെ കറുത്തവാവുമുതല്‍ കുംഭത്തിലെ ശിവരാത്രിവരെ, ചിങ്ങത്തിലെ തിരുവോണനാള്‍, കര്‍ക്കിടകം ഒന്ന് മുതല്‍ പന്ത്രണ്ട് വരെ, കന്നിയിലും തുലാത്തിലും ആയില്യത്തിനു തൊട്ടു മുമ്പുള്ള പന്ത്രണ്ട് ദിവസം എന്നിവയാണ്. ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ സര്‍പ്പബലി നടത്തുന്നതും, അടുത്ത ദിവസം നിലവറയിലും, അപ്പൂപ്പന്‍ കാവിലും നൂറും പാലും നടത്തുന്നത് അമ്മയാണ്. കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യവും ശിവരാത്രിയുമാണ് പ്രധാന ആഘോഷദിനങ്ങള്‍. നാഗാരാജാവിന്റെയും അനന്തന്റെയും ജന്മദിനങ്ങളാണ് യഥാക്രമം കന്നിയിലെയും കുംഭത്തിലേയും ആയില്യം നക്ഷത്രങ്ങള്‍. തുലാമാസത്തിലെ ആയില്യമാണ് വിഖ്യാതമായ മണ്ണാറശാല ആയില്യം. ചരിത്രപ്രാധാന്യമുള്ള ഒരു ഉത്സവമാണ് 41 വര്‍ഷം കൂടുമ്പോള്‍ മണ്ണാറശാലയില്‍ നടക്കാറുള്ള സര്‍പ്പപ്പാട്ട്.

    നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, നിവേദ്യം, ഉഷഃപൂജ, ഉച്ചപൂജ തുടങ്ങിയവുണ്ട്. പാലും പഴവും, പാല്‍പായസവും, നിവേദ്യവും, പുറ്റും മുട്ടയും, ഉപ്പും മഞ്ഞളും, സര്‍പ്പവിഗ്രഹങ്ങളും നടക്ക് സമര്‍പ്പിക്കലുമാണ് പ്രധാന വഴിപാട്. സര്‍പ്പദോഷ പരിഹാരത്തിനായി ഇവിടെ നടത്തുന്ന പ്രധാന വഴിപാടുകളാണ് സര്‍പ്പബലിയും നൂറും പാലും. സര്‍പ്പബലിപൂജ അമ്മയാണ് ചെയ്യുന്നത്. വര്‍ഷത്തില്‍ 15 സര്‍പ്പബലിയെ നടത്താറുള്ളു. നൂറും പാലും വഴിപാട് കന്നിമാസത്തിലെ ആയില്യം കഴിഞ്ഞ് തുടങ്ങി ഇടവം പതിനഞ്ചുവരെ എല്ലാദിവസവും നടത്താറുണ്ട്‌. ആല്ലാത്ത മാസങ്ങളില്‍ ആയില്യം തോറും നടത്തുന്നു. വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതികള്‍ ഉരുളി കമിഴ്ത്തല്‍ വഴിപാട് നടത്തുന്നു. സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ, ഓടിലോ ഉള്ള ഉരുളിയാണ് ക്ഷേത്രനടയില്‍ സമര്‍പ്പിക്കുന്നത്. ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായ അമ്മ ഈ ഉരുളി ക്ഷേത്രനിലവറയില്‍ കുടികൊള്ളുന്ന അനന്തന് മുന്നില്‍ കമിഴ്ത്തും. കുട്ടിയുണ്ടായി ആറുമാസം കഴിയുമ്പോള്‍ കുട്ടിയുമായി വന്ന് ഉരുളി മലര്ത്തല്‍ ചടങ്ങ് നടത്തുന്നു. ഇവിടെ വന്ന് ഉരുളി കമിഴ്ത്തിയ ഭക്തര്‍ക്ക്‌ നിരാശപ്പെടേണ്ടിവന്നിട്ടില്ല. ധാരാളമാളുകള്‍ ഈ വഴിപാട് നടത്തി ഫലം കൈവരിച്ചിട്ടുണ്ട്. സര്‍പ്പപ്രീതിയിലൂടെ ദോഷ പരിഹാരങ്ങളകറ്റി സര്‍പ്പദേവതാനുഗ്രഹം ലഭ്യമാക്കുവാന്‍ മണ്ണാറശാലയിലെ പരിശുദ്ധ മണ്ണിന് കഴിയും.

നാഗം വിവിധ ദൃഷ്ടിയില്‍

  വേദങ്ങളില്‍ ഭോഗതയുടെ പ്രതീകമാണ് സര്‍പ്പങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. അഥര്‍വ്വവേദത്തിലാകട്ടെ സര്‍പ്പവിഷങ്ങള്‍ക്കെതിരായി ഉപയോഗിക്കേണ്ട മന്ത്രങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. പാമ്പ് വളയൂരുന്നതും, അവയുടെ ചലനരീതികളും, ശൈത്യക്കാലത്ത് മണ്ണിനടിയില്‍ പോകുന്ന പമ്പുകളുടെ മയക്കത്തെപ്പറ്റിയും, സര്‍പ്പവിഷത്തിന്റെ ദുഷ്ഫലങ്ങളും, മന്ത്രം പ്രയോഗിച്ച് അവയ്ക്കുള്ള പരിഹാരങ്ങളും അഥര്‍വ്വവേദത്തില്‍ കാണുവാന്‍ സാധിക്കും. ഋഗ്വേദത്തിലും മറ്റുചില സംഹിതകളിലും സര്‍പ്പദംശത്തിന്റെ വിഷസ്വഭാവം പറയുന്നുണ്ട്. യജുര്‍വേദത്തിലും അഥര്‍വ്വവേദത്തിലും ഒരു ആരാധന സമ്പ്രദായം എന്നനിലയില്‍ സര്‍പ്പങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. (സര്‍പ്പസൂക്തം)

  പുരാണങ്ങളിലാകട്ടെ, അമൃത് തേടിപ്പോയ പാമ്പുകള്‍ കുശപ്പുല്ലില്‍ വെച്ച അമൃതകുംഭം തട്ടിവീഴുകയും മൂര്‍ച്ചയുള്ള കുശപ്പുല്ലില്‍ വീണ അമൃതം നക്കിയപ്പോള്‍ നാവ് പിളര്‍ന്ന കഥയും കാണുവാന്‍ സാധിക്കും.

  തന്ത്രശാസ്ത്രസംബന്ധമായും നാഗങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യമുണ്ട്. കുണ്ഡലിനി ശക്തി പെണ്‍പാമ്പായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മൂലാധാര ചക്രത്തില്‍ കിടന്നുറങ്ങുന്ന കുണ്ഡലിനി ശക്തിയെ സര്‍പ്പശക്തിയെന്നു വിളിക്കുന്നു. മനുഷ്യരുടെ ഗുദലിംഗങ്ങള്‍ക്കിടയില്‍ മൂലാധാരചക്രത്തില്‍ മൂന്നര ചുറ്റായി പെണ്‍പാമ്പിനെപോലെ തിറയിട്ട് കിടന്നുറങ്ങുന്ന ശക്തിയെ ഉണര്‍ത്താന്‍ ആദ്യപടിയായി ആവിഷ്കരിച്ച സമ്പ്രദായമാണ് നാഗാരാധന എന്നൊരു അഭിപ്രായമുണ്ട്. ആടുപാമ്പേ പുനം തേടുപാമ്പേ, ആനന്ദകുത്തുകണ്ടാടുപാമ്പേ  എന്ന് ശ്രീനാരായണഗുരുദേവന്റെ കുണ്ഡലിനിപ്പാട്ടില്‍ പാടിയ പാമ്പ് സുഷ്മനാശീര്‍ഷണിയില്‍ ഉറങ്ങികിടക്കുന്ന പാമ്പിനെ ഉണര്‍ത്തലാണ്.

   ജ്യോതിഷപരമായി രാഹുദോഷങ്ങള്‍ക്ക് സര്‍പ്പസംബന്ധമായ വഴിപാടുകളാണ് പരിഹാരമായി വിധിക്കുന്നത്. നാഗവിഗ്രഹങ്ങളുടെ നിര്‍മ്മാണരീതികള്‍ ശില്പരത്നം എന്ന ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. ഒറ്റസംഖ്യയില്‍ വരുന്ന ഫണങ്ങളോട് കൂടിയതും മനുഷ്യാകാരം പൂണ്ടതുമായ രൂപത്തിലാണ് നാഗവിഗ്രഹങ്ങള്‍. ശിവലിംഗം പഞ്ചഫണമായും, വാല്‍ക്കണ്ണാടിയും ഫണമായും നാഗവിഗ്രഹങ്ങള്‍ പ്രചാരത്തിലുണ്ട്. നാഗവിഗ്രഹങ്ങള്‍ അധികവും ശിലയിലായിരിക്കും നിര്‍മ്മിക്കപ്പെടുക.

  വിവിധ മതങ്ങളിലും നാഗം സുപ്രധാന ഘടകമാണ്. ചൈന, ശ്രീലങ്ക, ജപ്പാന്‍, ജാവ, ഈജ്പിത് തുടങ്ങിയ രാജ്യങ്ങളില്‍ നാഗാരാധന നിലവിലുണ്ടായിരുന്നു. നാഗ്പ്പൂര്‍, നാഗപട്ടണം, നാഗാലാന്റ്, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലനാമങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ നാഗാരാധനയുമായി ബന്ധപ്പെട്ടതാണ്.

നാഗബന്ധം ദേവതകളില്‍

മഹാവിഷ്ണു              :- നാഗശയ്യയില്‍ ശയിക്കുന്നു.


പരമശിവന്‍                 :- സര്‍പ്പത്തെ കണ്ഠാഭാരണമായി അണിയുന്നു.

ഗണപതി    :- സര്‍പ്പത്തെ യജ്ഞോപവീതമായി - പൂണൂല്‍ ആയി ധരിക്കുന്നു.

ദുര്‍ഗ്ഗാദേവി                  :- നാഗത്തെ ഒരായുധമായും  കയറായും ധരിക്കുന്നു

കാളി                              :- സര്‍പ്പത്തെ വളയായി അണിഞ്ഞിരിക്കുന്നു.

സൂര്യഭഗവാന്‍      :- സര്‍പ്പങ്ങളാകുന്ന കയറുകൊണ്ട് ഏഴ് കുതിരകളെ പൂട്ടിയ രഥത്തില്‍ ഇരിക്കുന്നു.

ദക്ഷിണാമൂര്‍ത്തി         :- ഉത്തരീയമായും തോള്‍വളകളായും ധരിച്ചിരിക്കുന്നു.

ത്വരിതാദേവി               :- സര്‍പ്പങ്ങളെ കുണ്ഡലമായി ധരിച്ചിരിക്കുന്നു.

നീലസ്വരസ്വതി           :- സര്‍പ്പത്തെ മാലകളായി അണിഞ്ഞിരിക്കുന്നു.

ശ്രീകൃഷ്ണന്‍    :- കാളിയസര്‍പ്പത്തിന്റെ ഫണാഗ്രത്തില്‍ നൃത്തം ചെയ്യുന്നു.

ഗരുഡന്‍                        :- സര്‍പ്പങ്ങളെ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു.

സപ്തമാതൃക്കളില്‍ മഹേശ്വരി      :- വന്‍ പാമ്പുകളാകുന്ന വളകളും കുണ്ഡലങ്ങളും ധരിച്ചിരിക്കുന്നു.

ശ്രീപാര്‍വ്വതി  :- കിരാതരൂപം പൂണ്ടപ്പോള്‍ ശിരസ്സിനലങ്കാരം സര്‍പ്പമായിരുന്നു.

വരുണഭഗവാന്‍            :- കുടയായി ഉപയോഗിക്കുന്നത് പാമ്പിന്‍ പത്തിയാണ്.

നാഗങ്ങള്‍ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

1. നാരദന് നാഗവീണ നിര്‍മ്മിച്ച്‌ കൊടുത്തത് ആര്?
    സരസ്വതി 

2. ആയില്യം നക്ഷത്രത്തിന്റെ ദേവത?
    സര്‍പ്പം

3. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചിഹ്നം?
    സര്‍പ്പം

4. നാഗപഞ്ചമി എന്ന് പറയുന്ന ദിവസമേത്?
    ശ്രാവണമാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിവസം.

5. ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം?
    നാഗപഞ്ചമി 

6. ഗൃഹത്തില്‍ നാഗമരം നടേണ്ട ദിക്ക്?
    വടക്ക് 

7. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്?
    നാഗദൈവങ്ങളെ 

8. ബുധശാസനകളുടെ കാവല്‍ക്കാരായി കരുതപ്പെടുന്നത്?
    നാഗങ്ങള്‍ 

9. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്?
    ഉലൂപിക

10. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്?
       ചിത്രകൂടക്കല്ല് 

11. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്?
      വാസുകിയെ 

12. ഗര്‍ഗ്ഗമുനി തന്റെ അറിവ് സമ്പാദിച്ചത് ആരില്‍ നിന്നാണ്?
      ശേഷനാഗനില്‍ നിന്ന് 

13. ഉപപ്രാണങ്ങളില്‍ ഒന്നിന്റെ പേര്?
      നാഗന്‍

14. ആദിശേഷന്റെ അവതാരമായി ത്രേതായുഗത്തില്‍ ജനിച്ചതാര്?
      ലക്ഷ്മണന്‍ 

15. ആദിശേഷന്റെ അവതാരമായി ദ്വാപരയുഗത്തില്‍ ജനിച്ചതാര്?
      ബലരാമന്‍

16. ദശാവതാരങ്ങളില്‍ ആരുടെ ആത്മാവാണ് നാഗമായി രൂപാന്തരപ്പെട്ടത്?
      ബലരാമന്‍

17. മഹാമേരുവില്‍ ഉള്ള ഇരുപതു പര്‍വ്വതങ്ങളില്‍ ഒന്നിന്റെ പേര്?
      നാഗം 

18. ശത്രു നിഗ്രഹത്തിനായി അയക്കുന്ന ഒരു അസ്ത്രം?
      നാഗാസ്ത്രം 

19. പാതാളവാസികളായ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര്?
      കുഴിനാഗം 

20. ഭൂതലവാസികളായാ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര്?
      സ്ഥലനാഗം 

21. ആകാശവാസികളായ നാഗങ്ങള്‍ക്ക്‌ പറയുന്ന പേര്?
      പറനാഗം

22. വാസുകിയുടെ നിറമേത്?
      മുത്തിന്റെ വെളുത്ത നിറം

23. തക്ഷകന്റെ നിറമെന്ത്?
      ചുവപ്പ് നിറം പത്തിയില്‍ സ്വസ്തിക 

24. കാര്‍ക്കോടകന്റെ നിറമെന്ത്?
      കറുപ്പ് നിറം

25. പദ്മന്റെ നിറമെന്ത്?
      താമരയുടെ ചുവപ്പുനിറം 

26. മഹാപദ്മന്റെ നിറമെന്ത്?
      വെളുത്ത നിറം, പത്തിയില്‍ ത്രിശൂലം

27. ശഖപാലന്റെ നിറമെന്ത്?
      മഞ്ഞനിറം 

28. ഗുളികന്റെ നിറമെന്ത്?
      ചുവപ്പ് നിറം

29. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര്?
      നാഗപ്പത്തി വിളക്ക്.

30. ജ്യോതിശാസ്ത്രപ്രകാരം പഞ്ചമി തിഥിയുടെ ദേവത?
      നാഗങ്ങള്‍.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.