വിവാഹജീവിതം

കർദ്ദമന്‍റെയും ദേവഹൂതിയുടെയും ദാമ്പത്യ വർണ്ണനം

[ഭാഗവതം തൃതീയ സ്കന്ധം ഇരുപതിമൂന്നാം അദ്ധ്യായം]

ഭാരതം അതിഗംഭീരമായ ശാസ്ത്രത്തെ അവതരിപ്പിച്ച നാടാണ്. ഒരിക്കലും നശിക്കാത്ത, എക്കാലത്തും പുതുമയാർന്ന ഗൗരവമുള്ള ശാസ്ത്രം. ജന ജീവിതത്തിനു വേണ്ട ക്രമമായിരുന്നു നമ്മുടെ ശാസ്ത്രം, അതുകൊണ്ട് തന്നെ ഇത് സംസ്ക്കാരം എന്നറിയപ്പെട്ടു. ഇന്നും ഇതു സനാതനമാകുവാൻ കാരണം കുടുംബം എന്ന പ്രസ്ഥാനം തന്നെയാണ് കാരണം. നമ്മുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും കുടുംബ പുരോഗതിക്കു വേണ്ടിയുള്ളതായിരുന്നു. ഗൃഹസ്ഥൻ അനുവർത്തിക്കേണ്ടതെല്ലാം ആചാര്യന്മാർ പറഞ്ഞിരിക്കുന്നു. എല്ലാം കുടുംബത്തിനു വേണ്ടി പറഞ്ഞിരിക്കുന്നു. കുടുംബത്തിന് വലിയ സ്ഥാനം ഋഷി കൽപ്പിച്ചിട്ടുണ്ട്.

ഭാഗവതം ഒന്നുമാത്രം പഠിച്ചാൽ മതി എല്ലാ അറിവുകളും കരസ്ഥമാക്കാം. കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട് ഭാഗവതം. ബ്രഹ്മചര്യമെന്ന പ്രഥമ ആശ്രമത്തിൽ നിന്ന് ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്ന ഒരു ചടങ്ങാണ് വിവാഹം.

ദാമ്പത്യ ജീവിതം തുടങ്ങും മുൻപ് എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വധൂവരന്മാർ തമ്മിലുള്ള നക്ഷത്രപ്പൊരുത്തമല്ല നോക്കേണ്ടതെന്ന് ഭാഗവതം പറയുന്നു. ഇത് പറഞ്ഞിരിക്കുന്നത് ഏതു കാലഘട്ടത്തിലാണ് എന്നു ചിന്തിക്കണം. ഇതൊരു Pre-Marriage കോഴ്സായി സ്വീകരിക്കാം.

ഭാഗവതം കർദ്ദമന്റെയും - ദേവഹൂതിയുടെയും വിവാഹ സംബന്ധമായി പറയുന്നു. ഇതായിരിക്കട്ടെ വിവാഹ പൊരുത്തത്തിന് പ്രമാണമെന്ന് മനുവിലൂടെ വ്യാസൻ ബോധിപ്പിക്കുന്നു.

ത്രിതീയ സ്കന്ധം, അദ്ധ്യായം - 23, ശ്ലോകം - 2, 3. ഈ രണ്ടു ശ്ലോകങ്ങൾ മാത്രമാണ് പറയുന്നത്.

ശ്ലോകം

"വിശ്രംഭേണാത്മശൌചേന ഗൌരവേണ ദമേന ച I
ശുശ്രൂഷയാ സൌഹൃദേന വാചാ മധുരയാച ഭോഃ "॥

1. വിശ്വാസം

വിവാഹ പൊരുത്തത്തിൽ പുരുഷനു വേണ്ട ഏഴു ഗുണങ്ങളെ പറയുന്നു. ഒന്നാമത്തെ ഗുണമാണ് വിശ്രംഭേണ, എന്നാൽ വിശ്വാസം.

വിശ്വാസമെന്നാൽ മനസ്സിലാക്കൽ എന്നർത്ഥം. വിശ്വാസം അതല്ലേ എല്ലാം !! ഈ വിശ്വാസമല്ല. ഇവിടെ പറയുന്ന വിശ്വാസം മനസ്സിലാക്കേണ്ടതാണ്. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ, ആ കുട്ടി അന്നുവരെ ശീലിച്ച ഒരു ചുറ്റുപാടിൽ നിന്ന് മറ്റൊരു ചുറ്റുപാടിലേക്ക് വരുകയാണ്. അറിയാത്ത വീട്, ആളുകൾ അങ്ങനെ പലതും. ഈ കേറി വരുന്ന വീട്ടിൽ ആകെ അറിയുന്നത് ഭർത്താവിനെ മാത്രമാണ്. ഈയൊരവസ്ഥയിലാണ് താൻ വിവാഹം കഴിച്ചുകൊണ്ടു വന്ന കുട്ടി, അവൾക്ക് ആകെ ആശ്രയമായിരിക്കുന്നത് ഈ പുരുഷനാണ് എന്ന് മനസ്സിലാക്കുക. തന്നെ വിശ്വസിച്ച്  മാതാപിതാക്കളെ, ബന്ധുക്കളെ, സ്വന്തം വീട് ഉപേക്ഷിച്ച് തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കുട്ടിയാണ്, അതുകൊണ്ട് ഇതു മനസ്സിലാക്കി വേണ്ട സ്നേഹവും സംരക്ഷണവും നൽകേണ്ടതുണ്ട്, ഇതാണ് ഒന്നാമത്തെ ഗുണം, വിശ്രംഭേണ...

പലപ്പോഴും ആദ്യരാത്രി തന്നെ ഇവൻ പറയും, ഞാൻ ഇങ്ങനെയാണ് എങ്ങനെ ? അല്പം മദ്യം കഴിക്കും, കൂട്ടുകാരൊത്ത് കറങ്ങും, ചിലപ്പോൾ താമസിച്ചേ വരു നീ നേരത്തെ കഴിച്ചു കിടന്നോണം. ഇതൊക്കെ കേൾക്കുന്ന പെൺകുട്ടി എന്താ വിചാരിക്കുക, ഇയാളുടെ കൂടെയുള്ള ജീവിതം എങ്ങനെയാകുമോ ??? എന്ന ചോദ്യമാകും ഉണ്ടാവുക.

ഉദാഹരണമായി അച്ഛൻ മരിച്ച ഒരു പെൺകുട്ടിയെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ, വിവാഹവേളയിൽ ആ വിഷമം തീർച്ചയായും പെൺകുട്ടിയിലും വീട്ടുകാരിലും ഉണ്ടാകും. ഇത് മനസ്സിലാക്കി, ഇന്നു മുതൽ നിനക്ക് ഞാനുണ്ട് എന്നു പറയുക. ഇതാണ് വിശ്വാസം. ഇതു തന്നെയാണ് വിവാഹത്തിനു വേണ്ടത്, ഇങ്ങനെയുള്ള പുരുഷൻ മാത്രമാണ് വിവാഹത്തിന് യോഗ്യൻ. ഇന്നു വിവാഹത്തിനു മുൻപ് തയ്യാറെടുക്കുന്ന മതാപിതാക്കളും കുട്ടികളും ഇതു മനസ്സിലാക്കേണ്ടതാണ്. വീട്ടിലേക്ക് വരുന്ന കുട്ടിയെ സ്നേഹിക്കാനും, സംരക്ഷിക്കാനും തന്റെ മകനു കഴിവുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്. പത്തിൽ എത്ര പൊരുത്തം എന്നല്ല നോക്കേണ്ടത് എന്നു ചുരുക്കം. പല വിവാഹ ബന്ധങ്ങളും തകരാറിലാകുന്നത് ഈ വിശ്വാസമില്ലായ്മയാണ്.

നോക്കൂ, രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിന്നാൽ പോലും നാം നമ്മുടെ വീട് മിസ് ചെയ്യും, അപ്പോൾ പിന്നെ വന്ന പെൺകുട്ടിയുടെ കാര്യമൊന്നു ആലോചിച്ചു നോക്കൂ. എത്ര വിഷമത്തിലാകും. ഈയൊരു അവസ്ഥയിൽ നിന്ന് ഒരു സംരക്ഷണം. ഭർത്താവിന് എല്ലാവിധ സംരക്ഷണവും ഭാര്യയ്ക്ക് നൽകാൻ സാധിക്കണം.

ഏതൊരു സ്ത്രീയും തന്റെ ഭർത്താവിൽ നിന്നുള്ള സംരക്ഷണമാണ് ആഗ്രഹിക്കുന്നത്. തന്റെ ഭർത്താവിന്റെ കൈകളിൽ എന്റെ ജീവിതം സുരക്ഷിതമാണെന്നുള്ള വിശ്വാസമാണ് പുരുഷൻ സ്ത്രീയിൽ ഉണ്ടാക്കേണ്ടത്, ഭക്ഷണം  ഉണ്ടാക്കുവാൻ സഹായിച്ചില്ലെങ്കിലും , തീൻമേശയിൽ ഒന്നെടുത്തു വെയ്ക്കാനെങ്കിലും ഒപ്പം നിൽക്കൂ. ഭാര്യയ്ക്ക് അസുഖമാണെങ്കിൽ ഒരു ഗ്ലാസ് ചുക്ക് കാപ്പി ഉണ്ടാക്കി കൊടുക്കൂ. ഈയൊരു സംരക്ഷണമാണ് വിശ്രംഭേണ, ഇതാണ് കർദ്ദമൻ ദേവഹൂതിക്ക് നൽകിയത്. വലിയ കൊട്ടാരം ഉപേക്ഷിച്ചു വന്നതാണ്. ഇതല്ലെ നമുക്കും പ്രമാണമാകേണ്ടത്?, ഇതല്ലെ യഥാർത്ഥ സംസ്ക്കാരം?, ഇതല്ലെ നമ്മുടെ കുടുംബങ്ങളിൽ ഭാര്യാഭർത്തു ബന്ധത്തിൽ വേണ്ടത് ? ഈ ധർമ്മശാസ്ത്രത്തെ വിശ്വസിക്കുന്നെങ്കിൽ ഋഷി പറയുന്നതു കേൾക്കാൻ തയ്യാറാകൂ. പത്തിൽ പത്ത് പൊരുത്തം ഉണ്ടെങ്കിലും ഇത് (വിശ്രംഭേണ) ഇല്ലെങ്കിൽ എന്താണ് കാര്യം.

2. ശുചിത്വം

ആത്മശൌചേന, എന്നു പറഞ്ഞാൽ ശുചിത്വം തന്നെ. ശാരീരികമായ ശുചിത്വം. പുരുഷൻമാർ മദ്യലഹരി, അരോചകമായ ബീഡി, സിഗററ്റ് ഗന്ധം ഇതൊക്കെ ഒഴിവാക്കണം. മദ്യപിക്കുന്ന പുരുഷന് മദ്യപിക്കുന്ന സ്ത്രീ തന്നെയാണ് യോജിക്കുന്നത്. അതു തന്നെയാണ് പൊരുത്തം. അതുകൊണ്ട് ശുചിത്വമുണ്ടാവുക. ശാരീരികമായും മാനസികമായ ശുചിത്വമുണ്ടാകുക.

3. ആദരവ്

മൂന്നാമത്തേത് ഗൌരവേണ, എന്നു പറഞ്ഞാൽ ആദരവ്. ഭർത്താവിന്റെ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കലാവരുത് എന്നർത്ഥം. ഭാര്യയെ ആദരിക്കുവാൻ കഴിയണം. അവരോട് അഭിപ്രായങ്ങൾ ചോദിക്കണം. അവരെയും കൂടി കേൾക്കുവാൻ തയ്യാറാവണം. ഒരു കാര്യം കുടുംബത്തിൽ ഉണ്ടാകുമ്പോൾ മക്കളോടു പറയണം, അമ്മയോടുകൂടി ചോദിക്കാമെന്ന്. ഇതാണ് ഗൌരവേണ ആദരവ് എന്നു പറയും. കാരണം ഭാര്യയുടെ അഭിപ്രായം ഭർത്താവിനോട് ചോദിക്കാറുണ്ട്, 'അച്ഛനോട് ചോദിച്ചിട്ടു ചെയ്യൂ' എന്നു പറയാറുണ്ട്. ഈ ബഹുമാനം, ആദരവ് ഭാര്യക്കും കൊടുക്കുവാൻ ഭർത്താവിനും കഴിയണം, അപ്പോൾ മാത്രമാണ് കുടുംബത്തിൽ ഇമ്പമുണ്ടാകുന്നത്. ഇത് പലപ്പോഴും നടക്കുന്നില്ല, ഞാൻ പറയുന്നത് ഭാര്യയും മക്കളും കേട്ടുകൊള്ളണം. ചോദ്യത്തിന് മാത്രം ഉത്തരം നൽകുക. ഒരു ദിവസം താമസിച്ചു വരുന്ന ഭർത്താവിനോട് എന്താ നിങ്ങൾ ഇന്ന് താമസിച്ചത് എന്നു ഭാര്യ ചോദിക്കും, സ്വാഭാവികം. എന്നാൽ അത് നീ അറിയണ്ട എന്നാണ് ഭർത്താവിന്റെ മറുപടിയെങ്കിൽ ആ കുടുംബത്തിൽ വഴക്കായിരിക്കും. നേരെ മറിച്ച് ഇന്ന് ജോലി തിരക്കുണ്ടായിരുന്നു എന്ന് ഭാര്യയുടെ ചോദ്യത്തിന്റെ മറുപടി കൊടുത്താൽ പ്രശ്നം തീരും. ഈയൊരു ബഹുമാനം അവർക്ക് കൊടുക്കാൻ ഈ പുരുഷനു സാധിക്കണം, അതാണ് ഗൌരവേണ. സഹധർമ്മിണിയാണ് , ധർമ്മത്തിൽ ചരിക്കുമ്പോൾ കൂടെ നിർത്തേണ്ടുന്ന ആളാണ് പത്നി.

4. ഇന്ദ്രിയ നിഗ്രഹം

ദമമെന്നാൽ ഇന്ദ്രിയ നിഗ്രഹം. എല്ലാതരത്തിലുമുള്ള നിയന്ത്രണം. ഭാര്യയെ ഒരു ഉപകരണമായി കാണാതിരിക്കുക. നമ്മൾ ഒന്നാണ് എന്നു പറഞ്ഞ് കൂടെ നിർത്തുക. പങ്കാളിയുടെ താല്പര്യം കൂടി സ്വീകരിക്കുക. ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇളകുവാൻ ചിലപ്പോൾ കാരണമായേക്കാവുന്ന ഒന്നാണ് ദമമില്ലായ്മ. ഇതൊക്കെ പലർക്കും അറിയാം പക്ഷേ ചെയ്യില്ല അതാണ് പ്രശ്നം. ഭർത്താവിന്റെ അഭിപ്രായങ്ങൾ അടിച്ചേല്പിക്കാനുള്ള യന്ത്രമല്ല ഭാര്യയെന്ന ബോധം പുരുഷനിൽ ഉണ്ടാകണം. ഇന്ന് ഗർഭദാനം പോലും തെറ്റായാണ് നടക്കുന്നത്. ഷോഡശ സംസ്ക്കാരത്തിൽ ആദ്യ കർമ്മം ഗർഭദാനമാണ്. ഇത് അറിയാതെ സംഭവിക്കേണ്ടതല്ല. ഭാര്യാഭർത്തു ബന്ധത്തിൽ ഇരുവരും അറിഞ്ഞു നടത്തേണ്ടുന്ന പവിത്രമായ ഒരു കർമ്മമാണ്. പ്രജാ സൃഷ്ടി അത്ര പവിത്രമായ ഒന്നായിട്ടാണ് ഭാരതീയ ആചാര്യന്മാർ കണ്ടിരുന്നത്. ഭക്തിയുണ്ടായിരിക്കണം, പവിത്രമായിരിക്കണം. സത് സന്താന സൃഷ്ടിയിൽ ഭക്തിപൂർവ്വമായ മൈഥുനമായിരിക്കണം. ഇതാണ് നാലാമത്തത് ദമേന ച.

5. പരിചരണം

ശുശ്രൂഷ പരിചരണം തന്നെയാണ്. ഭാര്യയെ കേൾക്കാൻ കഴിയണം. അവരിൽ ശ്രദ്ധയുണ്ടാകണം. മനസ്സിലാക്കണം. സ്നേഹമുണ്ടാകണം. ആചാര്യസ്വാമികൾ സ്നേഹത്തിന്റെ നിർവചനം പറയുന്നത്; കാഴ്ച, സ്പർശം, ശ്രവണം, ഭാഷണം ഇവയിലൂടെ അന്തഃകരണത്തെ ദ്രവിപ്പിക്കുന്നത്, അതാണ് സ്നേഹം. ഇവ കൊണ്ട് ഒരാളിൽ നമുക്കു മാറ്റത്തെ സൃഷ്ടിക്കുവാൻ കഴിയണം. ഉദാഹരണമായി സ്ത്രീകളുടെ ആർത്തവകാലങ്ങളിൽ പല ശാരീരിക അസ്വസ്ഥതകളും അവരിൽ ഉണ്ടാകും, ഇതറിഞ്ഞുള്ള പരിചരണവും സഹായവും കൊടുക്കുവാൻ ഭർത്താവെന്ന പുരുഷനു സാധിക്കണം. ഭാര്യ ചെറിയ അസുഖം വന്നു കിടന്നാൽ വീട്ടിലെ കാര്യങ്ങൾ നോക്കുക. അവരെ പരിചരിക്കുക. ഇതൊക്കെയാണ് സ്നേഹം. ഒന്ന് അടുത്തിരിക്കുക, മക്കളുടെ കാര്യമൊക്കെ  ഓർത്ത് വിഷമിക്കണ്ട ഞാൻ നോക്കിക്കൊള്ളാം നീ വിശ്രമിക്കൂ എന്നു പറയുവാൻ പുരുഷനു കഴിയണം.

6. സ്നേഹം

സൌഹൃദേന ഒരു സുഹൃത്തിനെപ്പോലെ എല്ലാം തുറന്നു പറയുവാൻ കഴിയണം. അപ്പോൾ ഒരു സുഹൃത്തിനെപ്പോലെ ഭാര്യയും സംസാരിക്കും. സ്നേഹത്തിൽ ഭക്തിയുണ്ടാകണം. സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യണം. സ്നേഹത്തിൽ നിബന്ധനകൾ ഉണ്ടാകുവാൻ പാടില്ല. ഒന്നും പ്രതീക്ഷിച്ചുകൊണ്ട് സ്നേഹിക്കുവാൻ പാടില്ല എന്നു സാരം (Unconditional Love).

7. മധുര ഭാഷണം

പ്രിയമോടെ സംസാരിക്കണം. നല്ല ഭാഷയിൽ സംസാരിക്കണം. ഇത് പലപ്പോഴും ഭർത്താവ് മക്കളോട് ചോദിക്കുന്നത് "നിന്റെ തള്ള എവിടാ " ഇത്തരം ഭാഷണങ്ങൾ ഒഴിവാക്കുക. ചീത്ത വർത്തമാനം, അത്തരം വാക്കുകൾ ചേർത്ത് പറയാതിരിക്കുക.

ഈ ഏഴുമാണ് വിവാഹം കഴിക്കാൻ തുടങ്ങുന്ന പുരുഷന് ഉണ്ടായിരിക്കേണ്ടത്. ഈ ഏഴിൽ ഒന്നു കുറഞ്ഞാൽ ജീവിതം നരകമായിരിക്കും. ഇതുണ്ടെങ്കിൽ ഇവൻ വിവാഹത്തിന് യോഗ്യനാണ്. ഈ പൊരുത്തം പുരുഷനു സ്ത്രീയിലുണ്ടായാൽ ഏതു തെരുവിലും ഇവർക്കു ജീവിക്കാം. ഇല്ലെങ്കിൽ ഉണ്ടാക്കിയെടുക്കണം. എന്റെ മകന് ഇപ്പറഞ്ഞ പൊരുത്തമുണ്ടോ എന്ന് അച്ഛനമ്മമാർ നോക്കണം. ഈ പറഞ്ഞ പുരുഷൻ ഒന്നു വീണാൽ, ഒന്നു പിടിക്കാൻ, കുറച്ച് വെള്ളമെടുത്തു തരാൻ ഭാര്യയെന്ന ഈ സ്ത്രീ മാത്രമേ കാണു എന്നുള്ള ബോധം പുരുഷനുണ്ടാകണം. അതുകൊണ്ട് ജാതകപ്പൊരുത്തമല്ല പ്രധാനം, ഇതാണ് ഭാരതീയ ധർമ്മശാസ്ത്രം അനുശാസിക്കുന്ന പൊരുത്തം. ഇത് ഒരാളുടെയും ജാതകത്തിൽ കാണില്ല. ഇത് വ്യാസൻ നമുക്ക് കാട്ടിത്തരുകയാണ്. ധർമ്മശാസ്ത്രത്തെ മാനിക്കുന്നുവെങ്കിൽ ഇതായിരിക്കട്ടെ ദാമ്പത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ.

ഭാര്യ ഉപേക്ഷിക്കേണ്ട ഏഴു ഗുണങ്ങൾ + ഭാര്യയിൽ ഉണ്ടായിരിക്കേണ്ടാത്ത ഏഴ് ഗുണങ്ങൾ 

ശ്ലോകം

"വിസൃജ്യ കാമം ദംഭം ച ദ്വേഷം ലോഭമഘം മദം I
അപ്രമത്തോദ്യതാ നിത്യം തേജീയം സമതോഷയത് II"

1. കാമം

ആഗ്രഹങ്ങളെ ഉപേക്ഷിക്കുക, എങ്കിൽ ദുഃഖമുണ്ടാകില്ല. ഒരിക്കൽ ഒരു സ്ത്രീ ബുദ്ധനെ കാണുവാൻ ചെന്നു. സന്തോഷമുണ്ടാകാൻ എന്താണ് മാർഗ്ഗം എന്നു ചോദിച്ചു. ബുദ്ധൻ പറഞ്ഞു  ഞാൻ, കാമം ഇവ രണ്ടും ഉപേക്ഷിക്കുക. ഇവിടെ കാമമെന്നാൽ ആഗ്രഹം. ആഗ്രഹം സാധിക്കാതെ വരുമ്പോഴാണ് ദേഷ്യമുണ്ടാക്കുന്നത്, ഇത് അവസാനം ദുഃഖത്തിൽ ചെന്നെത്തും. കാമത്തെ ഉപേക്ഷിക്കുക. ഉള്ളതിൽ സംതൃപിയുണ്ടാവണം. കിട്ടയതിൽ സന്തോഷിക്കുകയും നന്ദി പറയുകയും ചെയ്യുക. കൃതജ്ഞത ഉള്ളവരായി ജീവിക്കുക.

2. ലോഭം

തനിക്ക് ആവശ്യമില്ലെങ്കിൽ കൂടി മറ്റുള്ളവർക്ക് കൊടുക്കില്ല. കൊടുക്കാനുള്ള ഒരു മനസ്സ് ഉണ്ടാകണം. കൊടുക്കാൻ സാധിക്കണം. ലോഭം ഉപേക്ഷിക്കുക. ചില സ്ത്രീകൾ, പഴയ സാരിയാണ് ഇനി അത് ഉടുക്കില്ല എങ്കിലും മറ്റൊരാൾ വന്ന് ചോദിച്ചാൽ കൊടുക്കില്ല. അതുകൊണ്ട് ലോഭം ഒഴിവാക്കണം.

3. കാപട്യം

കാപട്യം ഉപേക്ഷിക്കുക. ഇല്ലാത്തതിനെ ഉണ്ടെന്ന് കാണിക്കാതിരിക്കുക. മറ്റുള്ളവരുടെ മുൻപിലും വീട്ടിലും കാപട്യത്തെ ഉപേക്ഷിക്കുക.

4. വെറുപ്പ്

ദ്വേഷം - വെറുപ്പ് വെച്ചു കൊണ്ടിരിക്കാതിരിക്കുക. വെറുപ്പ് ഉപേക്ഷിക്കുക.

5. പാപം

അഘം - പാപം ചെയ്യാതിരിക്കുക. പല തരത്തിലുള്ള കൊല്ലൽ ഒഴിവാക്കുക.

6. അഹംഭാവം

മദം - അഹംഭാവം ഉണ്ടാകരുത്. വീടുകൊണ്ട്, വീട്ടിലെ സൗകര്യങ്ങൾ, മക്കളുടെ ജോലി, ഭർത്താവിന്റെ ജോലി ഇതൊക്കെ കൊണ്ട് അഹംഭാവമുണ്ടാകരുത്.

7. മറവി

മറവി ഉണ്ടാകാതിരിക്കണം, അത് ഭർത്താവിന്റെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും. നമ്മുടെ പിറന്നാളിന് എന്നെ വിളിച്ച് ആരും ആശംസിച്ചില്ല എന്നു പറയാതിരിക്കുക. പിറന്നാളിന് സ്വന്തം അമ്മയെ വിളിച്ച് ആശംസിക്കുക, ഇന്ന് അമ്മ അമ്മയായ ദിവസമാണ്. അച്ഛാ ഇന്ന്  അച്ഛൻ അച്ഛനായ ദിവസമാണ്. മറവി ഉണ്ടാവരുത്.

ഇങ്ങനെ എന്നും സന്തോഷിപ്പിക്കുന്നവളായിട്ട് അതിതേജ്വസിനിയായി ഭർത്താവിനെ സന്തോഷിപ്പിച്ച് ജീവിച്ചു. ഇതായിരുന്നു കർദ്ദമദേവഹൂതി വിവാഹപൊരുത്തം. ഇതായിരിക്കട്ടെ നമ്മുടെ ദാമ്പത്യത്തിന്റെയും അടിസ്ഥാന പ്രമാണങ്ങൾ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.