Showing posts with label vidya. Show all posts
Showing posts with label vidya. Show all posts

സ്ഥിരഝഷങ്ങൾ

സ്ഥിരരാശികളായ ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവയും വിശേഷാൽ മീനവുമായി വരുന്ന രാശി സമയങ്ങൾ വിദ്യാരംഭത്തിനു വർജിക്കണം. മിഥുനം, കന്നി, ധനു എന്നീ ഉദയരാശിസമയങ്ങൾ വിദ്യാരംഭത്തിനു അത്യുത്തമങ്ങളാണ്. വിദ്യാരംഭസമയം വിദ്യാകാരകനായ ബുധന് മൌഢ്യം ഉണ്ടായിരിക്കരുത്. വിദ്യാരംഭമുഹൂർത്തലഗ്നത്തിന്റെ എട്ടാം ഭാവത്തിൽ ചൊവ്വയും; രണ്ടാം ഭാവത്തിലും അഞ്ചാം ഭാവത്തിലും പാപഗ്രഹങ്ങളും വർജിക്കണം, വിദ്യാരംഭത്തിനു ജന്മനക്ഷത്രം വർജിക്കണം. ഷൾദോഷങ്ങൾ, കർത്തൃദോഷങ്ങൾ; നിത്യദോഷങ്ങൾ എന്നിവ പ്രത്യേകം വർജിക്കണം.

പാപഃ ദ്വിതീയെ വർജ്യാസ്സ്യുഃ പഞ്ചമേ ച വിശേഷതഃ
രന്ധ്രേ ഭൗമശ്ച വർജ്യാസ്യാൽ ഷൾദോഷമനു വർജ്യയേൽ.

എന്ന് വിധി - കുജാർക്ക്യഹങ്ങൾ - വിദ്യാരംഭത്തിനു ചൊവ്വ തിങ്കൾ ശനി എന്നീ ദിവസങ്ങൾ വർജിക്കണം. ബുധനാഴ്ച്ച വിദ്യാരംഭത്തിനു അത്ത്യുത്തമം. വ്യാഴം വെള്ളി ദിവസങ്ങൾ വിദ്യാരംഭത്തിനു ഉത്തമം.

വാരാബുധേഢ്യശുക്രാണാം ശസ്താഃസൂര്യസ്യമധ്യമഃ
ചന്ദ്രവാരസ്തുനൈവേഷ്ടൊ വർജ്യൗമന്ദാരവാസരൗ

എന്നതാണ് വിധി. ഇവയ്ക്കും പുറമേ

ഏവം ശുഭാശുഭം ജ്ഞാത്വാ വിദ്യാരംഭം ച കാരയേൽ
വേദാരംഭെ സുരാചാര്യ ശ്ശാസ്ത്രാരംഭെ ച സോമജഃ
അന്യേഷു  ഭൃഗുജഃ ശ്രേഷ്ഠൊ മംഗല്യേഷു വിശേഷതഃ
തേഷൂദയേഷു കർത്തവ്യം ശുഭാശുഭമവേക്ഷ്യ ച
സർവ്വവിദ്യാ ഗ്രഹെ സൂര്യോ ഗുണയുക്ത ശുഭാവഹ
ചന്ദ്രോപിഗുണയുക്തസ്സ്യാൽ സർവ്വംചന്ദ്രബലാൽ ഭവേൽ

എന്നും വ്യക്തമായി ശാസ്ത്രം അനുശാസിക്കുന്നു. വിദ്യാരംഭയോഗങ്ങളും ഉണ്ടായിരിക്കുന്നത് ഉത്തമമാണ്. അതിനാൽ മുഖ്യയോഗങ്ങളെ പറയുന്നു.

വിദ്യാരംഭേഷു സർവ്വേഷു ശസ്തം സാരസ്വത വിദു
തസ്മാൽ പ്രചക്ഷതെ സൗമ്യാർക്കയോഗം സാരസ്വതാഹ്വയം
ആദിത്യർക്ഷെ ബുധസ്യാംശെ വർത്തന്തേജ്ഞേന്ദു ഭാസ്കരാ
ബുധവാരെ ച തൽ ലഗ്നെയോഗം സാരസ്വതം വിദുഃ
വനിതാരാശി ഭോഗാനു സ്തസ്മിൻ പഞ്ചദശാംശഗഃ
ബുധശ്ചേൽ ബുധവാരേ ച തല്ലഗ്നെയോഗ ഈരിതഃ

ഇവയാണ് മുഖ്യവിദ്യായോഗങ്ങൾ. മുഹൂർത്തസമയത്തോടൊപ്പം ഈ യോഗങ്ങളേതേങ്കിലുമുണ്ടായിരിക്കുന്നത് വിദ്യാരംഭത്തിനു ഉൽകൃഷ്ടമാണ്. ശ്രേഷ്ഠമായ വിദ്യാരംഭമുഹൂർത്തത്തിന്റെ അസംഭവത്തിൽ വിജയദശമീദിവസം എല്ലാവർക്കും വിദ്യാരംഭം ചെയ്യാം. അന്നു മുഹൂർത്തം ചിന്തനീയമല്ല. അശ്വിനചാന്ദ്രമാസത്തിൽ ശുക്ലപക്ഷനവമിദിനമധ്യത്തിൽ വരുന്ന ദിവസം മൂന്നുനേരവും സരസ്വതിപൂജ ചെയ്യണം. ഇതാണ് മഹാനവമി. ഈ തിഥി രണ്ടുദിവസമായി മധ്യാഹ്നബന്ധം പുലർത്തിയാൽ ഈ രണ്ടു ദിവസവും സരസ്വതിപൂജ വിധി പ്രകാരം ചെയ്യേണ്ടതാണ്. ദിനമധ്യബന്ധം ഉണ്ടായില്ലെങ്കിലും ദശമിയുടെ തലേദിനം നവമി ആചരിച്ചുവരുന്നതായിട്ടാണ്‌ സദാചാരം നിലനിന്നു വരുന്നത്. കന്നിമാസത്തിൽ - അശ്വിനം - ദശമി സൂര്യോദയാൽപരം ആറുനാഴിക ഉണ്ടായിരുന്നാൽ അന്നാണ് ദശമി ആഘോഷിക്കേണ്ടത്. ആറുനാഴികക്കുമുമ്പ് ദശമി കഴിയുന്നപക്ഷം തലേന്നാൾ ദശമി ആചരിക്കണം.

മാസ്യാശ്വിനാഖ്യേദശമീയദ ഹ്നി
ഷണ്‍നാഡികാരവ്യുദയാൽപരം സ്യാൽ
തദ ഹ്നി സത്യാം തു തിഥൗദശമ്യാം
ആരഭ്യതെ സർവ്വജനൈശ്ചവിദ്യാ

എന്നതാണ് നിയമം. അതിനാൽ വിജയദശമിക്കു തലേ ദിവസങ്ങൾ രണ്ടും അനദ്ധ്യായങ്ങളും സരസ്വതീപൂജയുമായി ആചരിച്ചുവരുന്നു. ഈ മഹാദശമി ദിവസം കേരളീയർക്കു പ്രത്യേകിച്ചും വിദ്യാരംഭം കഴിഞ്ഞവരും ജ്ഞാനവയോവൃദ്ധരും വിദ്യാപ്രണയികളും സദാചാരത്താൽ പരന്മാരും അശ്വിനമാസത്തിലെ അനധ്യായദിവസങ്ങളാചരിച്ച് മഹാദശമി ദിവസം വിദ്യാരംഭണവും പഠനാരംഭണവും നടത്തിവരുന്നു. എല്ലാ വിധികളും സദാചാരത്തിന്റെ മാറ്റുരകല്ലുകളാണ്. 

ന നവമീ വർജ്യാ

"അനധ്യായപരത്വാശ്ച നവമീ കൈശ്ചിദീഷ്യതെ" എന്ന് പറഞ്ഞിരിക്കയാൽ നവമി വിദ്യാരംഭത്തിനു മധ്യമം. വിദ്യാരംഭദിനവും അതിന്റെ അടുത്ത ദിനവും അനദ്ധ്യായമാവരുത്. വിദ്യാരംഭത്തിന്റെ അടുത്ത ദിനത്തിന് അന്വാരംഭം എന്നാണു പേര്. അതുകൊണ്ടാണ് വിദ്യാരംഭത്തിന്റെ രണ്ടാം ദിവസം അനദ്ധ്യായമാവരുതെന്നു പറഞ്ഞിരിക്കുന്നത്. കേരളീയാചാരപ്രകാരം പ്രതിപദംമാത്രമാണ് അനദ്ധ്യായം. നവമി വർജിക്കാറില്ല. എന്നാൽ ത്രയോദശി ദിവസത്തിന്റെ തലേദിവസം ഓത്തുനിർത്തുന്നതുകൊണ്ട് ത്രയോദശിയെ അനദ്ധ്യായമായിട്ടാണ് ആചരിച്ചുവരുന്നതെന്നു കാണുന്നു. ഓത്തുനിർത്തുക എന്ന അർത്ഥത്തിലിതിനെ വേദസപ്തമിയെന്നാണ് പറഞ്ഞുവരുന്നത്. ഈ വേദസപ്തമിയെ പ്രദോഷദിവസം  എന്നും പറയപ്പെടുന്നു.

ത്രയോദശ്യുത്തരാർദ്ധംചേൽ ദൃശ്യമർക്കോദയാൽപുരാ
തൽപൂർവ്വരാത്രി സ്തച്ഛേഷ ശ്ചാനദ്ധ്യായഃ പരൈ സ്മൃതഃ

എന്നു ഇതിനു നിയമവുമുണ്ട്. ആശ്വിനചാന്ദ്രമാസത്തിലെ ശുക്ലനവമി അനദ്ധ്യായദിവസമാകുന്നു. അഷ്ടമി ആരംഭിക്കുന്ന ദിവസവും അവസാനിക്കുന്ന ദിവസവും സപ്തമിയുടെ അന്ത്യപാദവും അനദ്ധ്യായദിവസങ്ങളാണ്. ഇവയെ വിദ്യാരംഭത്തിനു അന്വാരംഭത്തിന്നും വർജ്ജിക്കണം. വിശേഷാൽ വിദ്യാരംഭം നടത്തിയ സമയം മുതൽ 24 മണിക്കൂർ കഴിഞ്ഞു വരുന്ന വിദ്യാരംഭസമയത്തിൽ അന്വാരംഭം നടത്തണം. സാവനകാലംതന്നെ വിദ്യാരംഭത്തിനും പരിഗണിക്കണമെന്നുള്ളതുകൊണ്ട് അന്വാരംഭം 24 മണിക്കൂർ കഴിഞ്ഞാൽ വിദ്യാരംഭസമയത്ത് നടത്തേണ്ടതാണ്. ബ്രാഹ്മണന്മാർക്കു ഉപനയനം നടത്തുന്നതിനുമുമ്പ് വിദ്യാരംഭം നടത്തണമെന്ന് നിർബന്ധമാണ്. എല്ലാ കർമ്മങ്ങൾക്കും ഉത്തരായണം മുഖ്യമെന്ന കണക്കിൽ വിദ്യാരംഭത്തിനും ഉത്തരായണകാലം ശുക്ലപക്ഷം മുഖ്യമാണെന്നു വിധിച്ചിരിക്കുന്നു. പകൽ വിദ്യാരംഭത്തിനു പ്രാതസ്സന്ധ്യയും അപരാഹ്നവും സായംസന്ധ്യയും വർജിക്കണം. രാത്രിയാണെങ്കിൽ അപരരാത്രമാണ് ശുഭം. ദിനമധ്യത്രിഭാഗം നിന്ദ്യം. അപരാഹ്ന സായാഹ്നങ്ങളും നിന്ദ്യംതന്നെ.  

വിദ്യാരംഭ മുഹൂർത്തം

സേശം പ്രാശനഭം ശുഭം ന നവമീ
വർജ്യാക്ഷരാരംഭണെ
സ്വാധ്യായത്വ മിഹോത്തരേപി ദിവസെ
സ്യാ ദ്വത്സര ശ്ചൗളവൽ

വ്യന്ത്യ ത്രിംശനിശാം ത്യജേൽ സ്ഥിരഝഷാൻ
വിൽ മൗഢ്യ മാരം മൃതൗ
ധീ വിത്തോഗ്ര കുജാർക്ക്യഹാനി ജനിഭം
ചേന്ദോർദിനം നേഷ്യതെ.


അക്ഷരാരംഭത്തിനു സേശനക്ഷത്രവും അന്നപ്രാശനവിധായക നക്ഷത്രങ്ങളും ശുഭം. നവമീ വർജ്യമല്ല. ഇതിലും ഉത്തമദിവസത്തിലും വിദ്യാരംഭം ഭവിക്കണം. വത്സരം ചൗളവിധിപോലെതന്നെ. വ്യന്ത്യത്രിംശ നിശയും സ്ഥിരഝഷരാശികളും വിത്തിന്റെ മൗഢ്യവും മൃതിയിലെ ആരനും ജനിഭവും ധീ വിത്തത്തിലെ ഉഗ്രന്മാരും കുജാർക്ക്യഹികളും ത്യജിക്കണം. ഇന്ദുദിനം ഇഷ്ടമല്ല.

വിദ്യാരംഭമെന്നാൽ വിദ്യാഭ്യാസ ജ്ഞാനാരംഭമെന്നർത്ഥം. ഇതിനു തിരുവാതിര നക്ഷത്രവും ചോറൂണിനു വിധിച്ച നക്ഷത്രങ്ങളും ശുഭമാണ്. ശേഷം പത്ത് നക്ഷത്രങ്ങളും അശുഭങ്ങളാണ്. വിധിക്കപ്പെട്ട പതിനേഴുനക്ഷത്രങ്ങളിൽ പൂയം അത്തം അശ്വതി അഭിജിത്ത് എന്നീ നാല് നക്ഷത്രങ്ങൾ ക്ഷിപ്രനക്ഷത്രങ്ങളാണ്. ഇവയിൽ ഏറ്റവും ശ്രേഷ്ഠം അത്തം നക്ഷത്രമാകുന്നു. ഇവയിലൊന്നിൽ വിദ്യാരംഭം ചെയ്‌താൽ ക്ഷിപ്രം വിദ്യകരഗതമാകും.

ക്ഷിപ്രം സ്മൃതം പുഷ്യതാരാ ഹസ്താശ്വിന്യഭിജിത്തഥാ
ഹസ്തോ ബഹുഷു ശാസ്ത്രേഷു വിശേഷേണപ്രശസ്യതെ.

എന്നാണ് വിധി.

അത്തം നക്ഷത്രം വിദ്യാരംഭത്തിനു ഉത്തമോത്തമം ശ്രേഷ്ഠം. പൂയം അഭിജിത്ത് അശ്വതി എന്നീ നക്ഷത്രങ്ങൾ വിദ്യാരംഭത്തിനു അത്യുത്തമം. ചതയം ചോതി തിരുവോണം പുണർതം ചിത്ര രേവതി അനിഴം മകീര്യം എന്നീ നക്ഷത്രങ്ങൾ വിദ്യാരംഭത്തിനു ഉത്തമം. ഉത്രം ഉത്രാടം ഉത്രട്ടാതി രോഹിണി തിരുവാതിര എന്നീ നക്ഷത്രങ്ങൾ വിദ്യാരംഭത്തിനു മധ്യമം. ഇങ്ങനെ നാലായി തരംതിരിക്കാമെങ്കിലും മൂലപദ്യത്തിൽ ഇവയെല്ലാം ഉത്തമമെന്നു തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഇവ സാമാന്യവിധിയെങ്കിലും അക്ഷരജ്ഞാനപഠനത്തിനുള്ള വിശേഷവിധിയെന്നുപറയാം. ചിലപ്രത്യേക വിദ്യാഭ്യസിക്കാൻ പ്രത്യേക നക്ഷത്രങ്ങൾ പറയുന്നുണ്ട്. അവയിവിടെ താഴെ ഉപയോഗപ്രദമായി കൊടുക്കുന്നു. 

ഹയവിദ്യായാമശ്വിന്യജഭം
വേദേ ച ശകുനവിജ്ഞാനെ
സംഗീതേ ച വിശേഷാൽ
ഗജവിദ്യായാം ച ശസ്യതെ സൗമ്യം.

ഗാന്ധർവ്വെ  ദിതി പവനൗ
സാമുദ്രിക നീതിനാട്യവാദ്യേഷു
വസുരേവതീന്ദുകമലജ
മിത്രാദിതയ സ്തു ശബ്ദശാസ്ത്രേഷു.

അതിപൂജിതാധനിഷ്ഠാ സായുർ
വേദേ തഥാധനുർവേദെ
ഗജതുരഗവൈദ്യശാസ്ത്രെ
മിത്രഭമാരോഹണെ തയോർധ്രുവഭം  *

മൂലാന്ത്യമാതൃവാരുണ 
പവനാവേദാംഗശാസ്ത്രവിദ്യാസു
വരണസ്തുയോഗശാസ്ത്രെവസു
മിത്രമഹേശ പൂഷണോഗണിതെ

വരുണോത്തരാ പ്രജാപതി
പവനാദിതി വിഷ്ണവൊർത്ഥശാസ്ത്രേഷു
വിഷശാസ്ത്രേമൃതയോഗാ
ശ്രാവണം മായാസു ചൗര്യശാസ്ത്രേഷു. 

-----------------------------------------------------------
* ധ്രുവഭം = സ്ഥിരനക്ഷത്രങ്ങൾ

ബുധാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

ബുധാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

   ബുധാഷ്ടവര്‍ഗ്ഗഫലം ഓരോന്നിലും അഷ്ടവര്‍ഗ്ഗാനുസാരം എഴുതണം. ബുധന്‍ നില്‍ക്കുന്ന രാശിയുടെ രണ്ടാമത്തെ രാശിയില്‍ ഒരക്ഷവുമില്ലെങ്കില്‍ - ബുധന്‍ നില്‍ക്കുന്ന രാശിയുടെ രണ്ടാമത്തെ രാശി ശൂന്യമാണെങ്കില്‍ - ജാതകന്‍ സംസാരിക്കാന്‍ കഴിയാത്തവനായിത്തീരും. ഒന്നോ, രണ്ടോ, മൂന്നോ അക്ഷമുണ്ടായാല്‍ സംഭാഷണം ചപലമായിരിക്കും. നാലക്ഷമുണ്ടെങ്കില്‍ മറ്റൊരുത്തന്റെ വാക്കിന് മറുപടി കൊടുക്കാന്‍ സമര്‍ത്ഥന്‍ ആയിരിക്കും. അഞ്ചോ, ആറോ, അക്ഷമുണ്ടായാല്‍ ഔചിത്യപൂര്‍വ്വം ജനസമ്മതമായി സംസാരിക്കാന്‍ കഴിവുറ്റവനായിത്തീരും. ഏഴക്ഷമുണ്ടായാല്‍ കവിയായിത്തീരും.

  ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ 8 അക്ഷമുണ്ടായാല്‍ അവന്റെ വാക്കിന് മറുത്തു പറയുവാനാളുണ്ടാവില്ല. സംഭാഷണം അത്രയും ന്യായയുക്തമായിരിക്കും. ലഗ്നാല്‍ രണ്ടില്‍ പാപഗ്രഹങ്ങളുടെ അക്ഷമുണ്ടായാല്‍ ധാര്‍ഷ്ട്യം, ഡംഭ് ഇവയോട് കൂടിയ സംഭാഷണമായിരിക്കും. ശുഭഗ്രഹങ്ങളുടെ അക്ഷമുണ്ടായാല്‍ സംഭാഷണം ഗുണാഡ്യമായിരിക്കും. 

  ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ആദിത്യന്റെ അക്ഷമുണ്ടായാല്‍ ജ്ഞാനോപദേശാത്മകങ്ങളായി ദാര്‍ഡ്യയുക്തമായി സംഭാഷണം ചെയ്യും. 

  ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ കുജന്റെ അക്ഷമുണ്ടായാല്‍ കലഹയുക്തമായ സംഭാക്ഷണം ചെയ്യും.

  ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍  ബുധന്റെ അക്ഷമുണ്ടായാല്‍ സംഭാഷണം മനോഹരമായിരിക്കും. 

  ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ വ്യാഴത്തിന്റെ അക്ഷമുണ്ടായാല്‍ സ്പഷ്ടവും യുക്തിപുരസ്സരവും ആയിരിക്കും സംഭാഷണം. 

  ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ശുകന്റെ അക്ഷമുണ്ടായാല്‍ പുരാണകാവ്യനാടകാദികളുടെ അര്‍ത്ഥം സയുക്തികമായും, സന്തോഷപൂര്‍വ്വകവുമായും സംഭാഷണം ചെയ്യും. 

  ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ശനിയുടെ അക്ഷമുണ്ടായാല്‍ വ്യാജസംഭാഷണം ചെയ്യും.

  ബുധന്റെ അഷ്ടവര്‍ഗ്ഗത്തില്‍ അക്ഷം അധികമുള്ള രാശിയില്‍ ബുധന്‍ നില്‍ക്കുന്ന സമയം - നാലില്‍ കൂടുതല്‍ അക്ഷം അധികമുള്ള രാശികളില്‍ - വിദ്യാഭ്യാസം ചെയ്‌താല്‍ പരിപൂര്‍ണ്ണ ഫലപ്രാപ്തിയും, വാദപ്രതിവാദത്തില്‍ വിജയവും സിദ്ധിക്കും.

  അക്ഷാധിക്യമുള്ള രാശിദിക്കില്‍വെച്ച് വിദ്യ അഭ്യസിച്ചാലും, ആ രാശിദിക്കില്‍ ക്രീഡാമന്ദിരം നിര്‍മ്മിച്ച്‌ ക്രീഡ നടത്തിയാലും ആ ദിക്കിലുള്ള വിഷ്ണു ഭഗവാനെയും രാജാവിനെയും സേവിച്ചാലും അക്ഷം കൂടുതലുള്ള രാശിസമയത്ത് അക്ഷാധിക്യമുള്ള രാശിദിക്കില്‍ നിന്ന് വ്യവഹാരാദികള്‍ നടത്തിയാലും പരിപൂര്‍ണ്ണവിജയവും ഫലസിദ്ധിയും ഉണ്ടാകും.

വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യായോഗം


  അഞ്ചാംഭാവാധിപന്‍ ഗുരു ദൃഷ്ടിയോടുകൂടി നില്‍ക്കുകയും, നാലാംഭാവാധിപനും ഗുരുവും ശുക്രന്റെ വീക്ഷണത്തോടുകൂടി നില്‍ക്കുകയും, ശനിയുടെയോ രാഹുവിന്റെയോ  ചന്ദ്രന്റെയോ ബുധന്റെയോ ദൃഷ്ടിയോടുകൂടി കുജന്‍ നില്‍ക്കുകയും, ശനിയും ബുധനും ഉച്ചത്തിലും അഞ്ചാംഭാവാധിപന്‍ ചന്ദ്രനോടുകൂടി നില്‍ക്കുകയും നാലിന്റെയും അഞ്ചിന്റെയും അധിപന്മാരും വ്യാഴവും ചേര്‍ന്ന് നാളില്‍ നില്‍ക്കുകയോ, പത്തില്‍നിന്നുകൊണ്ട് നാലിലേക്ക് നോക്കുകയോ ചെയ്താലും അവന്‍ വലിയ വിദ്വാനായിത്തീരും.

  ശുക്രന്‍ നാലില്‍ നിന്നാല്‍ അവന്‍ സംഗീതവിദ്വാനായും ബുധന്‍ നിന്നാല്‍ ഗണിതജ്ഞനായും ഭവിക്കും.

  ആദിത്യനോ ബുധനോ രാഹുവോ അഞ്ചില്‍ നിന്നാല്‍ അവന്‍ ജ്യോതിഷവിദ്വാനായോ വിഷദ്രവ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവനായോ ഭവിക്കും.

  ആദിത്യനും ബുധനും ചേര്‍ന്ന് രണ്ടില്‍ നിന്നാല്‍ അവന്‍ വലിയ ജ്യോത്സ്യനായി ഭവിക്കും. ഇവരെ ശനി വീക്ഷിക്കുക ചെയ്‌താല്‍ ഒന്നാന്തരം ഗണിതക്കാരനായും ഭവിക്കും.

  ആദിത്യനും കുജനുംചേര്‍ന്ന് രണ്ടില്‍ നിന്നാല്‍ അവന്‍ തര്‍ക്കശാസ്ത്രജ്ഞനായും, ശനിയും ബുധനും ആദിത്യനും ചേര്‍ന്ന് അഞ്ചില്‍ നിന്നാല്‍ അവന്‍ ഒരു വലിയ തത്വജ്ഞാനിയായും ഭവിക്കും.

  ആദിത്യനും ബുധനും ചേര്‍ന്ന് കേന്ദ്രത്രികോണങ്ങളിലോ, പതിനൊന്നിലോ നിന്നാല്‍ അവന്‍ കണക്കുശാസ്ത്രജ്ഞനായി ഭവിക്കും. ശുക്രന്‍ രണ്ടില്‍ നിന്നാല്‍ കവിയായും ഭവിക്കും.

  രാഹു അഞ്ചില്‍ നിന്നാല്‍ ബുദ്ധിക്ക് അതിസൂക്ഷ്മതയുള്ളവനായും, അന്തരാര്‍ത്ഥങ്ങളെ ഗ്രഹിക്കുവാന്‍ സമര്‍ത്ഥനായും ഭവിക്കും. രാഹു നാലില്‍ നിന്നാല്‍ അവന്റെ മാതാവ് വളരെക്കാലം ജീവിച്ചിരിക്കും.

  ഗുരു രണ്ടില്‍നിന്നാല്‍ വേദശാസ്ത്രങ്ങളെ അറിയുന്നവനായും, ഇങ്ങനെ നില്‍ക്കുന്നത് ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ ആയാല്‍ ടി ശാസ്ത്രത്തില്‍ അതിനിപുണനായും ഭവിക്കും. രണ്ടാംഭാവാധിപനും ഗുരുവും ചേര്‍ന്ന് കേന്ദ്രത്രികോണങ്ങളില്‍ നിന്നാല്‍ അവന്‍ പല വിദ്യകളേയും അഭ്യസിക്കുന്നവനായും, ബഹുജനപൂജ്യനായും ഭവിക്കും.

  ചന്ദ്രനും കുജനും ചേര്‍ന്ന് രണ്ടില്‍ നിന്നാല്‍ അവന്‍ ഒരു പണ്ഡിതനോ, മതോപദേശിയോ ആയി ഭവിക്കും. ശനി രണ്ടില്‍ നിന്നാല്‍ മഠയശിരോമണിയായും ഭവിക്കും.

ഭൂമിനാഥയോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.