Showing posts with label prashnam. Show all posts
Showing posts with label prashnam. Show all posts

സിദ്ധയോഗം

ചിത്രാഗ്നീശ്വരപാശിനൊ ദിനപതേ
വാരെസനന്ദാസ്തഥാ
ഭൗമസ്യാംബു ഭുജംഗ പൗഷ്ണമരുതൊ
യോഗാവരാഖ്യാഃ ശുഭാഃ

നന്ദം ഭാർഗ്ഗവ ഭൗമ തീഷ്ണമഹസാം
ഭദ്രാകവീന്ദോർജയാ
ചാന്ദ്രീഷ്മാ സുതയോഃ ശനേരപിപരാ
പൂർണ്ണാഗുരോസിദ്ധിദാ

ഞായറാഴ്ച ചിത്ര, കാർത്തിക, ചതയം, പ്രഥമ ഷഷ്ഠി, ഏകാദശി എന്നീ താരതിഥികളിലൊന്നു ഒത്തു വന്നാലും; തിങ്കളും വെള്ളിയും ദ്വിതീയ സപ്തമി ദ്വാദശിപക്കങ്ങളിലൊന്നു ഒത്തു വന്നാലും; ചൊവ്വാഴ്ച പൂരാടം ആയില്യം രേവതി ചോതി, പ്രഥമ ഷഷ്ഠി ഏകാദശി എന്നീ താരതിഥികളിലൊന്നു ഒത്തു വന്നാലും:

ഞായർ ചൊവ്വ വെള്ളി ദിനങ്ങളിൽ പ്രഥമ ഷഷ്ഠി ഏകാദശി തിഥികളിലൊന്നു ഒത്തു വന്നാലും തിങ്കൾ ദിനം ദ്വിതീയ സപ്തമി ഏകാദശി ഇവയിലൊന്നു ഒത്തു വന്നാലും; ചൊവ്വ ബുധൻ തൃതീയ അഷ്ടമി ത്രയോദശി ഇവയിലൊന്നു ഒത്തു വന്നാലും; ശനിയാഴ്ച ചതുർത്ഥി നവമി ചതുർദ്ദശി ഇവയിലൊന്നു ഒത്തു വന്നാലും; വ്യാഴാഴ്ച പഞ്ചമി ദശമി വാവ് ഇവയിലൊന്നു ഒത്തു വന്നാലും; ഏവ സിദ്ധയോഗമാണ്. സിദ്ധയോഗം പൃച്ഛക്കും ശുഭകർമ്മങ്ങൾക്കും ഉത്തമമാണ്.

അമൃതയോഗം

സാർക്കാദിവാരാഗുരുമൂലഹസ്താ
ശ്ചിത്രാദിമാർദ്ധ ശ്രവണേന്ദുതാരാ
ബുദ്ധ്ന്യാശ്വനീ വിശ്വഭഗപ്രചേതാ
വിശ്വാഗ്നിമിത്രാഃ ശരശൈലതിത്ഥ്യോഃ

ത്രയോദശീമാതൃജലാന്ത്യഭാനി
ഭഗപ്രചേതോ മരുതഃ സനന്ദാഃ
ഭദ്രാ സമേത വസുധാതൃ വാതാഃ
ക്രമേണയോഗാ അമൃതാഭിധാന

ഞായറാഴ്ച പൂയം മൂലം അത്തം ഇവയിലൊന്നു വന്നാലും; തിങ്കളാഴ്ച ചിത്ര പൂർവ്വാർദ്ധം, തിരുവോണം മകീര്യം ഇവയിലൊന്നു വന്നാലും, ചൊവ്വാഴ്ച ഉത്രട്ടാതി അശ്വതി ഉത്രാടം ഉത്രം രോഹിണി ഇവയിലൊന്നു വന്നാലും അമൃതയോഗമാകുന്നു.

ബുധനാഴ്ച പഞ്ചമി സപ്തമിയിലൊന്നും ഉത്രാടം കാർത്തിക അനിഴം ഈ നാളിലൊന്നും ഒത്തു വന്നാലും; വ്യാഴാഴ്ച ത്രയോദശിയും പുണർതം പൂരാടം രേവതി നക്ഷത്രങ്ങളിലൊന്നും ഒത്തു വന്നാലും, വെള്ളിയാഴ്ച പ്രഥമ ഷഷ്ഠി ഏകാദശി തിഥികളിലൊന്നും ഉത്രം ചതയം ചോതി നക്ഷത്രങ്ങളിലൊന്നു ഒത്തു വന്നാലും, ശനിയാഴ്ച ദ്വിതീയ സപ്തമി ഏകാദശി തിഥികളിലൊന്നും അവിട്ടം രോഹിണി ചോതി നക്ഷത്രങ്ങളിലൊന്നും ഒത്തു വന്നാലും അമൃതയോഗമാണ്. അമൃതയോഗത്തിൽ ആനന്ദം, സൗഭാഗ്യം എന്നിവ അനുഭവിക്കും. അമൃതയോഗം പൃച്ഛക്കും ശുഭകർമ്മത്തിനും ഉത്തമമാണ്.

സിദ്ധിയോഗം

ഉത്തരാ സലില പൗഷ്ണ വിഷ്ണവൊ
മാതൃമാരുത വസു പ്രചേതസഃ
മിത്ര ദണ്ഡ ധര പൗഷ്ണ താരകാ
സോമ മിത്ര ഭഗ വിശ്വവേധസഃ

* * *

മൈത്രാശ്വനീ മാരുത മാതൃനിഷ്യാ
ഭഗ ത്രയീനൈര്യത പൗഷ്ണ ദസ്രാഃ
ധാത്രാഗ്നി വായുത്രയ വാരിനാഥാ
സാർക്കാദിവാരാഃ ശുഭസിദ്ധയോഗഃ

ഞായറാഴ്ച ഉത്രം ഉത്രാടം ഉത്രട്ടാതി പൂരാടം രേവതി തിരുവോണം ഇവയിലൊന്നു വന്നാലും; തിങ്കളാഴ്ച പുണർതം ചോതി അവിട്ടം ചതയം ഇവയിലൊന്നു വന്നാലും; ചൊവ്വാഴ്ച അനിഴം ഭരണി രേവതി ഇവയിലൊന്നു വന്നാലും; ബുധനാഴ്ച മകീര്യം അനിഴം ഉത്രം രോഹിണി ഇവയിലൊന്നു വന്നാലും; വ്യാഴാഴ്ച അനിഴം അശ്വതി ചോതി പുണർതം പൂയം ഇവയിലൊന്നു വന്നാലും; വെള്ളിയാഴ്ച ഉത്രം അത്തം ചിത്ര മൂലം രേവതി അശ്വതി ഇവയിലൊന്നു വന്നാലും; ശനിയാഴ്ച രോഹിണി കാർത്തിക ചോതി വിശാഖം അനിഴം ചതയം ഇവയിലൊന്നു വന്നാലും സിദ്ധിയോഗമാണ്. ഇത് ശുഭ സമയവും അഭിഷ്ടസിദ്ധി പ്രദവുമാണ്.

ശുഭമുഹൂർത്തം

ആതിരായില്യമനിഴം
മങ്കയോടൊത്തവിട്ടവും
വഞ്ഞിയുത്രാടമഭിജിത്
രോഹിണീ കേട്ടശാഖവും
മൂലം ച ചതയം പൂര
മുത്രമേവം ദിവാക്രമം

* * *

ശിവനും നരനും ഗോവും
പൂഷാവും വാജിവാരണം
അഗ്നിയും ബ്രഹ്മനും ചന്ദ്ര
നദിതീച ബ്രഹസ്പതി
വിഷ്ണു വാദിത്യത്വഷ്ടാവും
വായുമേ വം നിശാക്രമം

* * *

ദിനരാത്രികളീരണ്ടു
നാഴികക്കിവചേർന്നതിൽ
നാളിലൂണ്‍ നാളെഴുംനേരം
ശുഭയോഗമുഹൂർത്തമാം

ഇങ്ങനെ പറയുന്നു. ഒരു ദിവസം 30 മുഹൂർത്തം. ഒരു മുഹൂർത്തത്തിനു ശരാശരി 2 നാഴിക. പകൽ 15 മുഹൂർത്തവും രാത്രി 15 മുഹൂർത്തവും വരുന്നു. ഇവിടെ ദിനരാത്രികളുടെ ഏറ്റക്കുറവുകളനുസരിച്ച് ഈ 2 നാഴികയിൽ വരുന്ന ഏറ്റക്കുറവുകളും കണക്കിലെടുക്കേണ്ടതുണ്ട്.

പകൽ ഒന്നുമുതൽ 15 മുഹൂർത്തങ്ങൾക്ക് ക്രമത്തിൽ തിരുവാതിര, ആയില്യം, അനിഴം, മകം, അവിട്ടം, പൂരാടം, ഉത്രാടം, അഭിജിത്, (ഉത്രാടത്തിന്റെ അവസാനവും തിരുവോണത്തിന്റെ ആദ്യവും ചേർന്ന 19 നാഴികയാണ് അഭിജിത്ത് നക്ഷത്രം) രോഹിണി, പുണർതം, വിശാഖം, മൂലം, ചതയം, പൂരം, ഉത്രം ഇങ്ങനെ 15 നക്ഷത്രങ്ങൾ മുഹൂർത്ത നക്ഷത്രങ്ങളാണ്.

രാത്രി ഒന്നുംമുതൽ 15 മുഹൂർത്തങ്ങൾക്കു തിരുവാതിര, പൂരോരുട്ടാതി, ഉത്രട്ടാതി, രേവതി, അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകീര്യം, പുണർതം, പൂയം, തിരുവോണം, അത്തം, ചിത്ര, ചോതി ഇവ യഥാക്രമം ഓരോ മുഹൂർത്തത്തിന്റേയും നക്ഷത്രങ്ങളാണ്.

ഇവയിൽ ഊണ്‍നാൾ വരുന്ന മുഹൂർത്തസമയം ശുഭമുഹൂർത്തമാണ്. ഇത് പൃച്ഛക്കും ശുഭകർമ്മത്തിനും ശുഭമാകുന്നു. 

ശുഭോദയം

രാഹുമന്ദകുജാഭാനു കേതുഃ പാപാഃ പരേശുഭാഃ
ക്ഷീണചന്ദ്രോപിപാപസ്യാൽ പാപയുക്തോബുധോപിവാ

രാഹു ശനി ചൊവ്വ സൂര്യൻ കേതു എന്നീ ഗ്രഹങ്ങളും ക്ഷീണ ചന്ദ്രനും പാപയുക്തനായ ബുധനും പാപഗ്രഹങ്ങളാകുന്നു. പൂർവ്വപക്ഷചന്ദ്രൻ പാപബന്ധമില്ലാത്ത ബുധൻ വ്യാഴം ശുക്രൻ എന്നീ ഗ്രഹങ്ങൾ ശുഭഗ്രഹങ്ങളാകുന്നു. ഈ ശുഭഗ്രഹങ്ങൾ നിൽക്കുന്ന രാശിസമയവും നോക്കുന്ന രാശിസമയവും പൃച്ഛക്കും ശുഭമാണ്.

ശുഭയോഗാദേവരാശി
പാപമുക്തോവിശുദ്ധ്യതി
ശുഭയോഗം വിനാപ്യർക്ക
മുക്തിരാശി സ്തു ഗ്രഹ്യതെ.

പാപഗ്രഹങ്ങൾ വിട്ടുപോന്ന രാശി ചന്ദ്രാദി ശുഭഗ്രഹബന്ധത്തോടുകൂടിയിരുന്നാൽ ശുഭമാണ്. "നവഗ്രഹേഷു രാജത്വം പാപദോഷം നിഹന്തിചേൽ" എന്ന നിയമംകൊണ്ട് സൂര്യന് പാപരാഹിത്യം സംഭവിക്കുകയാൽ സൂര്യൻ വിട്ടുപോന്നരാശി ശുഭഗ്രഹയോഗംകൂടാതെതന്നെ ശുഭമാണെന്നു വരുന്നു. പാപമുക്തരാശിയിൽ സൂര്യനിരുന്നാൽ - സൂര്യനും പാപനും ഒന്നിച്ചിരുന്നതിൽ നിന്നു പാപഗ്രഹം മറ്റു രാശിയിലേയ്ക്കു പകർന്നാൽ - ആ രാശി ശുഭരാശിയാകുന്നില്ലെന്നത് മേൽപ്പറഞ്ഞതിനു അപവാദമെന്നും ഓർക്കണം. ശുഭനും പാപനും കൂടിയിരുന്ന രാശിയിൽ നിന്ന് പാപൻ മാത്രം വിട്ടുപോന്നാൽ ആ രാശി ശുഭംതന്നെയാണ്. 

അമൃതഘടി

സംകൃത്യാകൃതീ നാഗ നായക ജിനൈ
രിന്ദ്രോൽ കൃതീഭ്യാംജിനൈർ
മന്ന്വർക്കൈ സ്തിഥിശക്ര നാഗവസുഭിർ
വേദാഷ്ടശക്രൈക്രമാൽ

വിദ്യേന്ദ്രാബ്ധിയുഗാർക്ക ദിഗ്ധ്യതിജിനൈ
രാർക്കൈഃ പുരാണൈര്യുതാ
നാഡീസ്ത്രീശദതീത്യ ഭേഷുപരതൊ
നാഡ്യശ്ചതസ്രോമൃതം

അശ്വതി മുതൽ രേവതിയടക്കം 27 നാളിന് ഓരോന്നിനും സംകൃത്യാദി സംഖ്യകളുണ്ട്. ആ സംകൃത്യാദി സംഖ്യകളോടുകൂടെ 30 കൂട്ടിയാൽ വരുന്ന നാഴിക കഴിഞ്ഞ് 4 നാഴികയാണ് അമൃതഘടീസമയം. ഈ സമയം ശുഭകർമ്മങ്ങൾക്കെല്ലാം അത്യുത്തമമാണ്. അശ്വതി മുതൽക്കുളള സംകൃത്യാദി നാഴികകൾ താഴെ കൊടുക്കുന്നു.

അശ്വതി                  24
ഭരണി                     22
കാർത്തിക             8
രോഹിണി              5
മകീര്യം                  24
തിരുവാതിര          14
പുണർതം              26
പൂയം                     24
ആയില്യം              14
മകം                      10
പൂരം                      15
ഉത്രം                     14
അത്തം                 8
ചിത്ര                     8
ചോതി                  4
വിശാഖം              8
അനിഴം               14
തൃക്കേട്ട               18
മൂലം                     14
പൂരാടം                 4
ഉത്രാടം                4
തിരുവോണം      12
അവിട്ടം               10
ചതയം                18
പൂരോരുട്ടാതി       24
ഉത്രട്ടാതി             12
രേവതി                18  

വാരതാരയോഗം

പിതൃയമ വസുമൈത്രേന്ദ്വഗ്നിശൂർപ്പാശിനീന്ദ്രൈഃ
ഗുരുജല പിതൃശൂർപ്പത്വഷ്ടമൈത്രോത്തരാഭിഃ
അപിഗിരിശവിശാഖാ ശക്രപൗഷ്ണാം ബുഷൾക്കൈർ
വസുനിര്യതിയമാശ്വിന്യന്ത്യ ഭാദ്രാ ദ്വിദേവൈഃ

ഭഗജല പതിരോഹിണ്യഗ്നിചിത്രേന്ദുരുദ്രൈർ
മരുദ ജയമശൂർപ്പാർക്കർക്ഷ പുഷ്യാഹിചൈത്രൈഃ
രവി ഗുരു ഭഗമാതൃത്വഷ്ടതോയത്രയാന്ത്യൈഃ
ശുഭകൃതിഷു വിനിന്ദ്യാ വാരയോഗാഃ ക്രമേണ.

ഞായറാഴ്ച മകം ഭരണി അവിട്ടം അനിഴം മകീര്യം കാർത്തിക വിശാഖം അശ്വതി തൃക്കേട്ട ഇവയിലൊന്നു ഒത്തു വന്നാലും; തിങ്കളാഴ്ച പൂയം പൂരാടം മകം വിശാഖം, ചിത്ര ഉത്തരാർദ്ധം, അനിഴം ഉത്രം ഉത്രാടം ഉത്രട്ടാതി ഇവയിലൊന്നു ഒത്തു വന്നാലും; ചൊവ്വാഴ്ച ആയില്യം തിരുവാതിര വിശാഖം തൃക്കേട്ട രേവതി പൂരാടം ഉത്രാടം തിരുവോണം അവിട്ടം ചതയം പൂരോരുട്ടാതി ഉത്രട്ടാതി ഇവയിലൊന്നു ഒത്തു വന്നാലും; ബുധനാഴ്ച അവിട്ടം മൂലം ഭരണി അശ്വതി രേവതി പൂരോരുട്ടാതി വിശാഖം ഇവയിലൊന്നു ഒത്തു വന്നാലും; വ്യാഴാഴ്ച ഉത്രം ചതയം രോഹിണി കാർത്തിക ചിത്ര മകീര്യം തിരുവാതിര ഇവയിലൊന്നു ഒത്തു വന്നാലും, വെള്ളിയാഴ്ച ചോതി രോഹിണി ഭരണി വിശാഖം അത്തം പൂയം ആയില്യം മകം ഇവയിലൊന്നു ഒത്തു വന്നാലും; ശനിയാഴ്ച അത്തം പൂയം ഉത്രം പുണർതം ചിത്ര പൂരാടം ഉത്രാടം തിരുവോണം രേവതി ഇവയിലൊന്നു ഒത്തു വന്നാലും വാരതാരയോഗമാണ്. ഇവ ദുഷ്ടയോഗങ്ങളായാൽ പൃച്ഛക്കും ശുഭകർമ്മത്തിനും വർജിക്കണം.

ഇത്യാദി ശബ്ദപ്രയോഗംകൊണ്ട് ഉല്ക്കാപാതം ഭൂകമ്പം ഉപരാഗം ധൂമകേതുദയം എന്നിവ ഗ്രഹിക്കണമെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതായി കാണുന്നു. 

ഉല്കാപാതം

ഉല്കാപാതമുണ്ടായാൽ മൂന്നു ദിവസം ശുഭകർമ്മങ്ങൾക്കു വർജിക്കണം.

നരാ പ ചാരൈഃ കുപിതാവി സൃഷ്ടാ
ദേവൈ വിനാശായ തഥാല്പപുഛാ
ബൃഹച്ചിരാ ഹസ്തചതുഷ്കദീർഘാ
തേജോമയോല്ക്കാ ഗഗനാൽപതന്തി

എന്നിങ്ങനേയാണ്‌ ഉല്ക്കാരൂപം പറഞ്ഞുകാണുന്നത്.

ഭൂകമ്പം

ഭൂകമ്പമുണ്ടായാൽ ഇപ്രകാരം തന്നെ 3 ദിവസം ഒരു ശുഭകർമ്മങ്ങളും ചെയ്യാൻ പാടുള്ളതല്ലെന്നു പറയുന്നു. 

ഭൂകമ്പത്തെ ഇങ്ങനെ പറഞ്ഞുകാണുന്നു,

ഭൂ ഭാര ഖിന്ന നാഗേന്ദ്ര
ശീർഷവിശ്രാമ സംഭവഃ
ഭൂകമ്പസ്സോപിജഗതാ
മശു ഭായ ഭവെത്തദാ

ഇത് ഇന്നുള്ളവർക്ക് വെറും സങ്കല്പകഥ. അക്ഷാംശദണ്ഡിനുണ്ടാകുന്ന ഭ്രമണവേഗതയിലെ വ്യതിചലനം യഥാർത്ഥ സത്യം. നൂറ്റാണ്ടുകളുടെ ഭാവനാമാധുര്യം ആസ്വദിക്കാനാവാത്ത ആധുനികശാസ്ത്രയുഗത്തെ പുച്ഛിക്കുന്നതിലെന്തിരിക്കുന്നു.

ഉപരാഗം 

ദൃശ്യമല്ലാത്ത ഗ്രഹണം ശുഭകർമ്മങ്ങൾക്ക്‌ വർജിക്കേണ്ടതില്ല.

ഗ്രഹണം ദൃശ്യമാണെങ്കിൽ മൂന്നു ദിവസം ശുഭകർമ്മങ്ങൾക്ക്‌ വർജിക്കുകതന്നെ വേണം.

ഇത്യാദി ദോഷരഹിതെ
കാലേമൃത ഘടീഷു ച
ശുഭാനാ മുദയേ ദൃഷ്‌ടൗ
മുഹൂർത്തേഷു ശുഭേഷു ച
സിദ്ധാമൃതാദിയോഗേഷു
പൃച്ഛാഭീഷ്ട ഫലപ്രദാ

മേൽ വിവരിക്കപ്പെട്ട ദോഷങ്ങൾ ഒഴിഞ്ഞ സമയത്തിലും അമൃതഘടീ, ശുഭോദയം, ശുഭദൃഷ്ടി, ശുഭമുഹൂർത്തം, സിദ്ധയോഗം അമൃതയോഗം ഇവയുള്ള സമയത്തും പൃച്ഛ അഭിഷ്ടഫലം ചെയ്യും.

വാരതിഥിയോഗം

അർക്കസ്യഹസ്താർക്ക കുലാദ്രർക്ക ചതുർത്ഥ്യഃ
പ്രാലേയാംശോഃ ശൂലധരോർവ്വീധരഷഷ്ട്യാഃ
ക്ഷോണീസൂനോ ഭൂ ഭുജംഗാദ്രി ദശമ്യോഃ
നേത്രക്ഷോണീ നാഗ നവമ്യഃ ശശിസൂനോഃ

വാഗീശസ്യാഹസ്കര നന്ദദ്വീപ ഷഷ്ട്യഃ
കാവ്യസ്യാക്ഷി സ്ഥാണുദിഗംകാഹി തൃതീയാഃ
സൗരസ്യാദ്രിശാതിജഗത്യസനവമ്യത്യാജ്യാ
യുക്താഃ സന്തതമേതേതിഥിവാരാഃ

ഞായറാഴ്ച ഷഷ്ഠി സപ്തമി ദശമി ചതുർത്ഥി ഇവയിലൊന്നു വന്നാലും; തിങ്കളാഴ്ച ഷഷ്ഠി സപ്തമി ഏകാദശി ഇവയിലൊന്നു വന്നാലും; ചൊവ്വാഴ്ച പഞ്ചമി സപ്തമി അഷ്ടമി ദശമി ഇവയിലൊന്നു വന്നാലും; ബുധനാഴ്ച പ്രതിപദം അഷ്ടമി നവമി ഇവയിലൊന്നു വന്നാലും; വ്യാഴാഴ്ച ഷഷ്ഠി അഷ്ടമി ദ്വാദശി ഇവയിലൊന്നു വന്നാലും; വെള്ളിയാഴ്ച ദ്വിതീയ തൃതീയ നവമി ദശമി ഏകാദശി ഷഷ്ഠി ഇവയിലൊന്നു വന്നാലും; ശനിയാഴ്ച സപ്തമി നവമി ഏകാദശി ത്രയോദശി ഇവയിലൊന്നു വന്നാലും വാരതിഥിയോഗമാണ്. ഈ യോഗത്തിനു ദുഷ്ടയോഗമെന്നാണ് നാമം. ഇത് പൃച്ഛക്കും ശുഭകർമ്മത്തിനും വർജ്ജിക്കണം.

വാരതാരതിഥിയോഗം

പഞ്ചമ്യാ സഹകൃത്തികാ ദിനകരെ
ചിത്രാദ്വിതീയെ വിധൗ
രാധാ ധാതൃയുതാ കുജേശശിസുതെ
യാമ്യാന്വിതാ സപ്തമി

ജീവെമൈത്രയുതാത്രയോ ദശതിഥി
ശ്രോണാ സ ഷഷ്ഠീ ഭൃഗൗ
മന്ദേപൗഷ്ണഗതാഷ്ടമീതി ഗദിതാ
യോഗാവിഷാഖ്യാ ഇമെ.

ഞായറും കാർത്തികയും പഞ്ചമിയും, തിങ്കളും ചിത്രയും ദ്വിതീയയും, ചൊവ്വാഴ്ചയും രോഹണിയും പൗർണ്ണമിയും, ബുധനാഴ്ചയും ഭരണിയും സപ്തമിയും, വ്യാഴാഴ്ചയും അനിഴവും ത്രയോദശിയും, വെള്ളിയാഴ്ചയും തിരുവോണവും ഷഷ്ഠിയും, ശനിയാഴ്ചയും രേവതിയും അഷ്ടമിയും കൂടി വരുന്ന വാരതാരതിഥി യോഗങ്ങളെ വിഷയോഗമെന്നു പറയുന്നു. ഇങ്ങിനെ ഒത്തു വരുന്ന ദിനം പൃച്ഛക്കും ശുഭകർമ്മങ്ങൾക്കും വർജ്യമാണ്.

അശുഭയോഗം

ഭരണീ ചിത്തിരോത്രാട
മവിട്ടം കേട്ട വഞ്ഞിയും
രേവതീ രവിവാരാദി
യൊത്താലശുഭയോഗമാം

ഞായറാഴ്ചയും ഭരണിയും, തിങ്കളും ചിത്രയും, ചൊവ്വാഴ്ചയും ഉത്രാടവും, ബുധനാഴ്ചയും അവിട്ടവും, വ്യാഴാഴ്ചയും തൃക്കേട്ടയും, വെള്ളിയാഴ്ചയും പൂരാടവും, ശനിയാഴ്ചയും രേവതിയും ഒത്തു വരുന്നത് അശുഭയോഗമാണ്. ഇത് പൃച്ഛക്കും ശുഭകർമ്മത്തിനും വർജിക്കണം. 

വിപൽനക്ഷത്രം

വിപത്താരം തൃതീയം ച
പ്രത്യരം പഞ്ചമം തഥാ
സപ്തമം വധതാരം ച
പൃച്ഛാകാലെ വിവർജ്ജയേൽ.

പൃച്ഛക്കു പൃച്ഛകന്റെ മൂന്നഞ്ചേഴാം നക്ഷത്രവും, ജന്മാഷ്ടമരാശികളും ഒഴിവാക്കണം. "മൃത്യുദഗ്ധാദിയോഗേഷു" എന്നതിലെ ആദിശബ്ദംകൊണ്ടു ഗ്രഹിക്കപ്പെടേണ്ടവ എന്തെന്നു പറയുന്നു.

സംക്രാന്തി

സംക്രാന്തി രണ്ടാണ്.

1). സൂര്യൻ മേഷാദിരാശികളിൽ സംക്രമിക്കുന്ന സമയം. ഇതിനു രാശിസംക്രാന്തി എന്നുപറയുന്നു. 2). ഈ രാശി സംക്രാന്തിസമയത്തിന്റെ മുമ്പും പിൻപുമുള്ള 16 - 16 നാഴികകൾ ബിംബസംക്രാന്തിയാണ്. ഇവരണ്ടും പൃച്ഛക്കും ശുഭകർമ്മത്തിനും വർജിക്കണം.

യസ്മിൻ ദിനേർക്ക സംക്രാന്തി
സ്തദ്ദിനെ കർമ്മ വർജ്യയേൽ
രാദ്രാത്രൗ സംക്രമസ്തസ്യാം
രാത്രൗകർമ്മ വിവർജയേൽ

രവിസംക്രമണാൽ പൂർവ്വം
പരതശ്ചാപിഷോഢശഃ
ഘടികാശ്ച വിവർജ്യാസ്സ്യു
സർവ്വേഷു ശുഭകർമ്മസു.

രവിദർശനം

ഇത് പാട്ടുരാശീസമയമാണ്. സൂര്യൻ ഉദിക്കുന്ന രാശിയുടെ ഏഴാമത്തെ രാശിയിൽ പകൽ കഴിവാനുള്ള സമയം പൃച്ഛക്കും ശുഭകർമ്മത്തിനും വർജിക്കണം.

നിശീഥം

ഭുക്ത്യുദ്വാഹ നിഷേകേഷു
ഭാസ്കരസ്യോദയാൽ പുരാ.
ഷണ്‍ നാഡികാ വിവർജ്യാസ്യു
ചതസ്രോന്യേഷു കർമ്മസു.

ആദിത്യാസ്തമയാൽ പശ്ചാൽ
ത്യജന്തിഘടികാ ദ്വയം
മധ്യാഹ്നെ ചാർദ്ധരാത്രേ ച
ത്യാജ്യാ ദശവിനാഡീകാ.

സൂര്യോദയാൽ പൂർവ്വം 6 നാഴിക രൗദ്രീനാമസന്ധ്യയാണ്. ഇത് ഭുക്തി, ഉദ്വാഹം, നിഷേകം ഇവയ്ക്കു വർജിക്കണം. സൂര്യാസ്തമനാൽപരം 2 നാഴിക പൈശാചീനാമ സന്ധ്യയാണ്. അർദ്ധരാത്രി 10 വിനനാഴിക രാക്ഷസീനാമ സന്ധ്യയാണ്. മധ്യാഹ്നം ബ്രാഹ്മീനാമസന്ധ്യ 10 വിനനാഴികാസമയമാണ്. ഇവകൾ പൃച്ഛക്കും ശുഭകർമ്മത്തിനും വർജിക്കണം. 

ത്രയോദശി പ്രദോഷം

ഇത് ശിവപ്രദോഷമാണ്. അന്നു മൂന്നേമുക്കാൽ നാഴിക രാത്രി ചെല്ലുംവരെ പൃച്ഛ ദോഷപ്രദമാണ്.

മിതസന്ധ്യാത്രയോദശ്യാ
മാസ്മരന്നാത്മനോഹിതം
അഹ്നോഷ്ടമാംശസംയുക്തം
രാത്ര്യാർദ്ധം മൗനമാചരേൽ.


ശിവപ്രദോഷ ദിവസം ആത്മഹിതം ഒന്നും നടത്തരുത്. ആത്മഹിതത്തെക്കുറിച്ച് സ്മരണം പോലും നടത്തരുതെന്നാണ് വിധി. അന്നു പകലിന്റെ എട്ടാമത്തെ അംശം മുതൽ അർദ്ധരാത്രിവരെ കർമ്മം ഒന്നും അരുത്. ശിവപൂജാ ശിവാരാധനം നാമകീർത്തനം എന്നിവ നിർവ്വഹിക്കാവുന്നതാണ്‌. ആത്മഹിതമെന്നാൽ

ഭോജനം മൈഥുനം സ്നാന
മഭ്യാംഗം ഹരിദർശനം
അന്യാനിശുഭകർമ്മാണി
പ്രദോഷെ നൈവകാരയേൽ

എന്നുണ്ട്. 

ദഗ്ധയോഗം

ബുധദ്വീതീയാ, കുജപഞ്ചമീച
ഷഷ്ഠീഗുരോരഷ്ടമിശുക്രവാരെ
ഏകാദശീ സോമശനീർനവമ്യാം
ദ്വാദശ്യഥാർക്കേണ ച ദഗ്ധയോഗഃ

സാരം :-

ബുധനാഴ്ചയും ദ്വിതീയയും; ചൊവ്വാഴ്ചയും പഞ്ചമിയും; വ്യാഴാഴ്ചയും ഷഷ്ഠിയും; വെള്ളിയാഴ്ചയും അഷ്ടമിയും; തിങ്കളാഴ്ചയും ഏകാദശിയും; ശനിയാഴ്ചയും നവമിയും; ഒത്തുവന്നാൽ ദഗ്ധയോഗമാണ്. ഈ വാരങ്ങൾ പൃച്ഛക്കും പ്രശ്നത്തിനും അശുഭമാണ്. ദഗ്ധയോഗം വർജിക്കണം.

മൃത്യുയോഗം

മൃത്യുയോഗമിവ ഞായറാഴ്ചതൊ
ട്ടേഴിനോടുമകവും വിശാഖവും
രൗദ്രമൂലശതതാര രോഹിണീ
വൈശ്യദേവകളൊത്തുകൂടുകിൽ

സാരം :-

ഞായറും മകവും; തിങ്കളും വിശാഖവും; ചൊവ്വയും തിരുവാതിരയും; ബുധനാഴ്ചയും മൂലവും; വ്യാഴാഴ്ചയും ചതയവും; വെള്ളിയാഴ്ചയും രോഹിണിയും; ശനിയാഴ്ചയും ഉത്രാടവും ഒത്തു വന്നാൽ അതാണ്‌ മൃത്യുയോഗം. മൃത്യുയോഗം പൃച്ഛക്കും പ്രശ്നത്തിനും ഒഴിവാക്കണം.

ഗുളികോദയം

ഒരു രാശിയിൽ ഗുളികനാഴിക എത്രയുണ്ടോ അത്രയും നാഴിക ആ രാശി വർജിക്കണം. രാശ്യാന്തത്തിൽ ഗുളികൻ വന്നാൽ ആ രാശി മുഴുവൻ വർജിക്കണം. 

രാശിസന്ധികൾ, അംശകസന്ധികൾ

ഓരോ രാശിയുടേയും ആദ്യാന്തം (ആദ്യവും അവസാനവും) അഞ്ചു വിനനാഴികയും (രാശിസന്ധി) വർജിക്കണം -- രാശ്യാംശകസന്ധിയിൽ ഓരോ വിനനാഴികയും വർജിക്കണം.

തിഥിസന്ധി

നക്ഷത്രത്തിനു പറഞ്ഞവിധം തന്നെ തിഥിയുടേയും തുടക്കവും ഒടുക്കവും ഓരോ നാഴിക തിഥിസന്ധിയാണ്. ഇത് വർജിക്കണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.