ധ്യാനമാർഗ്ഗത്തിൽ മനസ്സിനെ നിയന്ത്രിക്കുന്നത് ഒഴിച്ചുകൂടാത്ത കാര്യമാണ്. മനസ്സ് ശാന്തമായാൽ അതിന്റെ ഫലം ജീവിതത്തിൽ മുഴുവനും പ്രതിഫലിക്കും. വാക്കും പ്രവൃത്തിയും അക്ഷുബ്ധവും ശാന്തവുമായിത്തീരും. സ്വഭാവത്തിൽ മൃദുത്വം ദൃശ്യമാകും. അസ്ഥിരത ഉണ്ടാവുകയേയില്ല.
ഇതെല്ലാവരിലും സംഭവിക്കുന്നു. എല്ലാവർക്കും ഇതറിയുകയും ചെയ്യാം. മനസ്സും ധ്യാനവിഷയത്തിനപ്പുറത്തുള്ള വിഷയങ്ങളിൽ വ്യാപരിക്കുന്നു. ആ സമയത്ത് മനസ്സിനെ വീണ്ടും ധ്യാനവിഷയത്തിൽ കേന്ദ്രീകരിക്കാൻ ശ്രമിക്കണം. മനസ്സ് കലുഷിതമാണെങ്കിൽ വിഷയങ്ങ (ഭോഗവസ്തുക്ക) ളിലേക്ക് ആകർഷിക്കപ്പെടുന്നു. മനസ്സും ഭോഗേച്ഛയാൽ വിഷയങ്ങളിൽ ആകർഷിക്കപ്പെടുന്നുവെങ്കിൽ വളരെ ശ്രദ്ധിക്കണം. ഉണർന്നിരിക്കതന്നെ വേണം.