Showing posts with label vigraham. Show all posts
Showing posts with label vigraham. Show all posts

ക്ഷേത്രങ്ങളും വിഗ്രഹാരാധനയും

ക്ഷേത്രം എന്ന വാക്കിന് സ്ഥലം എന്നാണര്‍ത്ഥം. സാധാരണ ഹൈന്ദവരുടെ ഇടയില്‍ ആരാധനകേന്ദ്രം എന്ന അര്‍ത്ഥത്തില്‍ അറിയപ്പെടുന്നവയാണ് ക്ഷേത്രങ്ങള്‍. അതിപുരാതനകാലംമുതല്‍ക്കേ ഭാരതത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു ആരാധിച്ചുപോന്നിരുന്നു. അന്നെല്ലാം ഭരണാധികാരികള്‍ ക്ഷേത്രങ്ങളുടെ നിലനില്പിനുവേണ്ടി വളരെ അധികം ശ്രദ്ധിച്ചിരുന്നു. പക്ഷേ ക്ഷേത്രങ്ങളില്‍ പലതും നാട്ടുകാരുടേയോ വലിയ പ്രഭുക്കന്മാരുടേയോ വകയായിരുന്നു. ഒരു കരയ്ക്കു ഒന്നും അതിലധികവും ക്ഷേത്രങ്ങളുണ്ടായിരുന്നു. കരപ്രധാനിമാരുടേ ആജ്ഞാനുവര്‍ത്തികളായിരുന്ന കരക്കാര്‍ ക്ഷേത്രസങ്കേതങ്ങളെ കേന്ദ്രമാക്കി സംഘടിക്കുകയും അങ്ങിനെ മതപരമായും ആത്മീയപരമായുമുള്ള പുരോഗതിക്കുവേണ്ടി പ്രയത്നിച്ചുവരികയുമാണുണ്ടായിട്ടുള്ളത്. കേരളത്തിന്റെ സ്ഥിതിയും ഇതില്‍ ഒട്ടും വ്യത്യസ്തമായിരുന്നില്ല. അഥവാ കേരളത്തിലുള്ളിടത്തോളം ക്ഷേത്രങ്ങള്‍ മറുനാടുകളില്‍ ഉണ്ടായിരുന്നില്ലെന്നു പറയുന്നതായിരിക്കും കുറേക്കൂടി ശരി.
ദക്ഷിണേന്‍ഡ്യയില്‍ ചേര, ചോള പാണ്ഡ്യരാജാക്കന്മാര്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അതീവതാല്പര്യവും പ്രകടിപ്പിച്ചുപോന്നിരുന്നു. അവിടെക്കാണുന്ന ക്ഷേത്രങ്ങള്‍ കലാനിലയങ്ങളായിരുന്നു. കല്ലിലും തടിയിലും ചെയ്തിട്ടുള്ള കൊത്തുപണികള്‍ അവരുടെ കലാവിരുതിന്റെ ഉറവിടങ്ങള്‍തന്നെയായിരുന്നു. ഉത്തരേന്‍ഡ്യയിലും ക്ഷേത്രനിര്‍മ്മാണത്തിലും ക്ഷേത്രസംരക്ഷണത്തിലും അന്നത്തെ ഭരണാധികാരികള്‍ ബന്ധശ്രദ്ധരായിരുന്നു. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് കുറവാണെങ്കിലും ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളും കലാശില്പങ്ങള്‍ തന്നെയായിരുന്നു. വിദേശിയാക്രമണം ഉത്തരേന്‍ഡ്യക്കാരെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. കൂടാതെ മുഗള്‍ ഭരണകാലവും ക്ഷേത്രങ്ങളുടെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലും ടിപ്പുവിന്റെ ആക്രമണത്തോടെ ചില ക്ഷേത്രധ്വംസനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നുള്ളവര്‍ ആത്മീയമായും മാനസികമായും കലാപരമായും വിദ്യാഭ്യാസപരമായും ഉള്ള അഭ്യുന്നതിക്ക് ക്ഷേത്രങ്ങളെ അഭയം പ്രാപിച്ചുപോന്നു.

ക്രൈസ്തവര്‍, മുസ്ലീങ്ങള്‍, ജൂതന്മാര്‍, സിക്കുക്കാര്‍, പാര്‍സികള്‍ തുടങ്ങി ഒട്ടധികം മതക്കാര്‍ അധിവസിക്കുന്ന ഭാരതത്തില്‍ ഏതെങ്കിലും മതക്കാരില്‍പ്പെട്ടവര്‍ തങ്ങളുടെ മതത്തേയോ ആരാധനാകേന്ദ്രങ്ങളേയോ ദുക്ഷിച്ചു സംസാരിച്ചതായി കേട്ടുകേള്‍വിപോലുമില്ല. അഭിപ്രായഭിന്നത എവിടയുണ്ടായകാം. അതു സ്വാഭാവികം മാത്രമാണ്. അവ നമ്മുടെ സംഘടനയ്ക്കുള്ളില്‍ പറഞ്ഞു പരിഹരിക്കാവുന്നതേയുള്ളു. പരിഹരിക്കപ്പെടേണ്ടവയുമാണ്. അവിടെയാണ് നമ്മുടെ ക്ഷേത്രങ്ങളില്‍ പണ്ടുണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നതുമായ സംഘടനാരാഹിത്യം സ്പഷ്ടമായി കാണുന്നത്. ക്ഷേത്രങ്ങളെ കേന്ദ്രമാക്കി സംഘടിച്ചിരുന്നുവെങ്കില്‍ ഒരു വ്യക്തിക്ക് ഇത്തരം കാര്യങ്ങള്‍ പറയുവാന്‍ കാണുമായിരുന്നുവോ എന്ന് ഒന്നാലോചിച്ചു നോക്കണം.

നമ്മുടെ ഭരണത്തില്‍നിന്നും സര്‍ക്കാര്‍ അധീനതയില്‍ ചേര്‍ന്നപ്പോള്‍ ക്ഷേത്രങ്ങള്‍ നമ്മുടേതല്ലെന്നും നമുക്ക് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും ചിലരെങ്കിലും ധരിച്ചുകാണും. ഇപ്പോള്‍ ആ നില മാറി വീണ്ടും ക്ഷേത്രഭരണം ഹിന്ദുക്കളുടെ കയ്യില്‍ നിക്ഷിപ്തമായിരിക്കുകയാണ്. അതിനാല്‍ ക്ഷേത്രത്തിന്റെ നിലനില്പിനും പരിശുദ്ധിക്കും വേണ്ടിയും ഹിന്ദുക്കളുടെ ആത്മീയവും കലാപരവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കുവേണ്ടിയും ഹിന്ദുക്കള്‍ ക്ഷേത്രങ്ങളെ കേന്ദ്രമാക്കി സംഘടിക്കുകയും ക്ഷേത്രത്തിന്റെ പരിശുദ്ധിക്കോ നിലനില്പിനോ താന്താങ്ങളുടെ ഉന്നതിക്കോ ക്ഷേത്രങ്ങളില്‍ കാണുന്ന ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അപര്യപ്തമെന്നു കണ്ടാല്‍ ആ സംഘടനമൂലം അവയെ നിര്‍മ്മാര്‍ജ്ജനംചെയ്തു ശരിയായ നടപടി കൈക്കൊള്ളേണ്ടതുമാണ്.

ഇന്ന് ക്ഷേത്രങ്ങളോടനുബന്ധിച്ച് നടത്തിവരുന്ന മതപാഠശാലകളും ഗീതാക്ലാസ്സുകളും കുറേക്കൂടെ വിശാലമായ അടിസ്ഥാനത്തില്‍ നടത്തുന്നപക്ഷം ആയത് ഓരോ ഹിന്ദുവിനും പ്രയോജപ്പെടുന്നതും തന്നിമിത്തം മതപരമായും ആത്മീയമായും കൂടുതല്‍ ജ്ഞാനം സമ്പാദിക്കാന്‍ കാരണമാകുന്നതും ആണ്. ക്ലാസുകളില്‍ സംഘടനയില്‍പ്പെട്ടുവരുടെ ഹാജര്‍ നിര്‍ബന്ധമാക്കേണ്ടതുമാണ്.

വിഗ്രഹാരാധനയെപ്പറ്റി ഹൈന്ദവരും ഇതരമതസ്ഥരും പലപ്പോഴും എതിരായ അഭിപ്രായം പുറപ്പെടുവിപ്പിച്ചു കേട്ടിട്ടുണ്ട്. അവര്‍ പറയുന്നതെന്താണെന്ന് അവര്‍ക്കുതന്നെ നിശ്ചയമില്ല.

വിതണ്ഡാവാദത്താല്‍ എതിരാളിയെ തോല്‍പിക്കുക എന്നതില്‍ കവിഞ്ഞ് ഈ വക വാദങ്ങളില്‍ വലിയ വിലയൊന്നും കല്പിക്കുവാന്‍ ഇല്ലതന്നെ. പഠിപ്പുള്ളവരെന്നും അറിവുള്ളവരെന്നും അറിയപ്പെട്ടുപോരുന്നവര്‍തന്നെ വിഗ്രഹാരാധനയെപ്പറ്റിയും ക്ഷേത്രങ്ങളെപ്പറ്റിയും അവജ്ഞയോടെ സംസാരിക്കാറുണ്ട്, ക്ഷേത്രങ്ങളും വിഗ്രഹാരാധനയും ഹിന്ദുക്കള്‍ക്കു മാത്രമുള്ളതല്ല. എല്ലാവയെപ്പറ്റി ആരും ഒന്നും പറഞ്ഞുകാണുന്നില്ല. കാരണം അവര്‍ ആരാധനാകേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുള്ള സംഘടനകളില്‍പ്പെട്ടവരാണ്. ആത്മീയമായും മതപരമായും വിദ്യാഭ്യാസപരമായും കലാപരമായുമുള്ള എല്ലാ ഉത്കര്‍ഷത്തിനും നിദാനം ആരാധനാകേന്ദ്രങ്ങളാണ്. കേരളത്തിലും പണ്ട് ഹിന്ദുക്കള്‍ ക്ഷേത്രവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിപ്പോന്നിരുന്നതായി ‘ക്ഷേത്രസന്നിധിയിലെ ജനക്കൂട്ടംകൂടി’ ദേശകാര്യങ്ങളും രാജ്യകാര്യങ്ങളും മറ്റും ജനകീയസമ്പ്രദായത്തില്‍ നിര്‍വ്വഹിച്ചുപോന്നിരുന്നതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ആ പഴയ നിലയില്‍ ഹിന്ദുക്കള്‍ ഒന്നായിച്ചെന്നു ചേര്‍ന്നാല്‍ മാത്രമേ നമ്മുടെ ആരാധനാകേന്ദ്രങ്ങള്‍ക്കൊണ്ടുള്ള മുഴുവന്‍ പ്രയോജനവും നമുക്ക് സിദ്ധിക്കയുള്ളൂ.

ഹിന്ദുക്കള്‍ വിഗ്രഹാരാധനക്കാരാണെന്നുള്ളതാണ് മറ്റൊരാക്ഷേപം, യഥാര്‍ത്ഥത്തില്‍ വിഗ്രഹാരാധന ശരിയോ തെറ്റോ എന്നുള്ളതല്ല അവരുടെ ആക്ഷേപത്തിന്റെ അടിസ്ഥാനതത്ത്വം. അവരും വാസ്തവത്തില്‍ വിഗ്രഹാരാധകരാണ്.

പ്രാര്‍ത്ഥിക്കുമ്പോള്‍ മനസ്സില്‍ ഒരു രൂപം നിശ്ചയമായും സങ്കല്പിക്കാതെ പറ്റില്ല. അതു മനോഹരമായ ഒരു വിഗ്രഹമായാല്‍ എന്താണ് തെറ്റുള്ളത്. ഏതേതു ദേവന്മാരെ ഉപാസിക്കുന്നുവോ അതാതു ദേവന്മാരെ മനസ്സില്‍ ഉറപ്പിക്കുന്നതിന് ധ്യാതാവ് വിഗ്രഹങ്ങളെ ആശ്രയിക്കുന്നത്. ആരുംതന്നെ ‘എന്റെ കല്ലേ’ എന്റെ മരമേ’ അല്ലെങ്കില്‍ ‘കൃഷ്ണന്റെ വിഗ്രഹമേ’ എന്നൊന്നും സങ്കല്പിക്കയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുമെന്നു തോന്നുന്നില്ല. ഈശ്വരന്‍ സര്‍വ്വവ്യാപിയും നിരാകാരനുമാണെന്ന് ആരാധകന് നേരത്തേന്നെ അറിയാവുന്നതും അവന്‍ വിഗ്രഹത്തെ ദേവന്റെ പ്രതിരൂപമായിമാത്രം കരുതിവരുന്നതും തന്നിമിത്തം സങ്കല്പത്തിന് വിഗ്രഹങ്ങള്‍ അവന് സഹായകമായി ഭവിക്കുന്നതുമാണ്. മറ്റു ചിലര്‍ പറയുന്നത് ഈശ്വരന്‍ അന്തര്‍യ്യാമിയാണ്. നാം തന്നെയാണ് ഈശ്വരന്‍. എല്ലാത്തിലും ഈശ്വരനെ ദര്‍ശിക്കണം. ക്ഷേത്രത്തിനുള്ളില്‍ നട്ടിരിക്കുന്ന ശിലയിലല്ല ഈശ്വരനുള്ളത് എന്നും മറ്റുമാണ്. ഇതു ഒരു വൃദ്ധന്‍ ശൈശവത്തേയും യൗവ്വനത്തേയും തെറ്റെന്നു പറയുന്നതിന് തുല്യമാണ്.

‘യേ യഥാ മാം പ്രപദ്യന്തേ
താം സ്തഥൈവ ഭജാമ്യഹം’

എന്നാണ് ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുള്ളത്. അതിനാല്‍ വിഗ്രഹാരാധകനെ വിഗ്രഹധാരിയായി അനുഗ്രഹിക്കാനും ഭഗവാനു കഴിയും. വിഗ്രഹങ്ങള്‍ കൂടാതെ തന്നെ ആരാധനയ്ക്കു സാധിക്കുന്നവര്‍ ആ മാര്‍ഗ്ഗം ഉപയോഗിച്ചു കൊള്ളട്ടെ. അല്ലാതെ വിഗ്രഹം കൂടാതെ സങ്കല്പിക്കാന്‍ ശക്തിയില്ലാത്തവന്‍ വിഗ്രഹത്തെ ആശ്രയിക്കുന്നപക്ഷം അതിനെ എതിര്‍ക്കുന്നതും ആക്ഷേപിക്കുന്നതും തെറ്റാണ്. വിഗ്രഹാരാധനയില്‍കൂടെയല്ലാതെ സാധാരണക്കാരന് ആദ്ധ്യാത്മിക ഉന്നതി കൈവരുന്നതല്ലെന്നുള്ളതിന് ശ്രീരാമകൃഷ്ണദേവന്‍തന്നെ ഒന്നാംതരം തെളിവാണ്. വിഗ്രഹാരാധനയെപ്പറ്റി സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ ചിക്കാഗോപ്രസംഗത്തില്‍ വളരെ അധികം പറയുന്നുണ്ട്. കൂടാതെ ഒരു പാതിരി വിഗ്രഹങ്ങളെപ്പറ്റി വളരെ അധികം ഭത്സിച്ചിട്ട് ‘നിങ്ങളുടെ വിഗ്രഹത്തെ ഈ വടികൊണ്ട് അടിച്ചാല്‍ അതു എന്തുചെയ്യും. എന്നു ചോദിച്ചതായും അതിനു മറുപടിയായി ‘നിങ്ങളുടെ ദൈവത്തെ ഞാന്‍ നിന്ദിച്ചാല്‍ അതു എന്തുചെയ്യും’ എന്നൊരു മറുചോദ്യം ചോദിച്ചപ്പോള്‍ ‘നീ മരിക്കുമ്പോള്‍ എന്റെ വിഗ്രഹവും നിന്നെ ശിക്ഷിക്കും’ എന്ന് ഒരു ഹിന്ദു തിരിച്ചടിച്ചതായും വിവേകാനന്ദസ്വാമി പറഞ്ഞിട്ടുണ്ട്.

വിഗ്രഹാരാധനയെപ്പറ്റിയും ക്ഷേത്രോപാസനയെപ്പറ്റിയും ഓരോരുത്തര്‍ പറഞ്ഞുപരത്തിയ തെറ്റിദ്ധാരണ ജാതിപരമായ നിന്ദ്യവും വിനാശകരവുമായ സ്ഥിതിവിശേഷങ്ങളും അഭ്യസ്തവിദ്യരെന്നറിയപ്പെടുന്ന ചില പാശ്ചാത്യപ്രേമികളുടെ പെരുമാറ്റങ്ങളും നമ്മെ ക്ഷേത്രങ്ങളുമായി ബഹുദൂരം അകറ്റി നിര്‍ത്തുന്നതിന് കാരണമായിതീര്‍ന്നിട്ടുണ്ട്. മറ്റെല്ലാ തുറകളിലുമെന്നപോലെ ക്ഷേത്രങ്ങളിലും ശാന്തിക്കാരുടേയോ കഴകക്കാരുടേയോ മറ്റു സില്‍ബന്ധികളുടേയോ കൊള്ളരുതായ്കകൊണ്ട് എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിക്കൂടെന്നില്ല. അതിന് അങ്ങിനെയുള്ള അഴിമതിക്കാരെ കണ്ടുപിടിച്ചു മാതൃകാപരമായി ശിക്ഷിക്കാവുന്നതും അനാചാരങ്ങളോ അന്ധവിശ്വാസങ്ങളോ ക്ഷേത്രത്തിനുള്ളിലെ ക്രിയാദികളിലോ പെരുമാറ്റങ്ങളിലോ കാണുന്നപക്ഷം ആയവ നിര്‍മ്മാര്‍ജ്ജനം ചെയ്തു. ക്ഷേത്രസങ്കേതങ്ങളെ പരിശുദ്ധമാക്കാവുന്നതും ആണെന്നിരിക്കെ അതിനൊന്നിന്നും മുതിരാതെ ക്ഷേത്രങ്ങള്‍ നശിച്ചേ അന്ധവിശ്വാസം കുറയൂ എന്നും മറ്റും പറയുന്നത് വെറും ബുദ്ധിശൂന്യതമാത്രമാണ്. അതിനാല്‍ ക്ഷേത്രങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനും അങ്ങിനെ നമ്മുടെ സംഘടനയെ വളര്‍ത്താനും തദ്വാരാ ആത്മീയവും ഭൗതികവുമായ എല്ലാ ശ്രേയസ്സുകളും കൈവരിക്കാനും എല്ലാ ഹിന്ദുക്കളും തയ്യാറാകണമെന്നുള്ള അപേക്ഷയോടുകൂടി തല്ക്കാലം നിര്‍ത്തുന്നു.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

പാപമോചനത്തിന് ഭഗവാനെ ദര്‍ശിയ്ക്കാം


 ദേവാലയത്തിനുള്ളിലുണ്ട് ബിംബം. ബിംബിയ്ക്കുന്നതുകൊണ്ടാണ് ബിംബം എന്ന പേരുണ്ടായത്. ഭക്തന്‍റെ അഭിലാഷങ്ങള്‍ക്ക് അനുസരിച്ച് ദേവനില്‍ നിന്നും ശക്തിപ്രവാഹം അനുഗ്രഹകലകളായി ഒഴുകി ഭക്തനിലേയ്ക്ക് വരുന്നതാണ്. ബിംബത്തിലെ പ്രതിഫലനമാണത്. അതാണ്‌ ബിംബമായത്. ശക്തി ബിംബിയ്ക്കുകയാണ്. പരിശുദ്ധമനസ്സുകളിലേയ്ക്ക് ആ ശക്തി പകര്‍ന്നെത്തിക്കൊള്ളും.

 ഭക്തന്‍റെ ഭാവത്തിനും സങ്കല്‍പ്പത്തിനും അനുസരിച്ചാകുന്നു അനുഗ്രഹം ലഭിയ്ക്കുന്നത്. ശുദ്ധമാനസരിലേയ്ക്ക് ശുദ്ധമായി ദേവശക്തി ഒഴുകിയെത്തുന്നതാണ്. ദുഷ്ടഭാവനയുള്ളവരില്‍ ആ രീതിയിലായിരിയ്ക്കും ഈശ്വരശക്തി ലയിച്ചു ചേരുന്നത്. നിഷ്കളങ്കതയും പരിശുദ്ധമനസ്സും ചിന്തയുമായി നില്‍ക്കുന്നവരില്‍ പരിപാവനമായ വിധത്തില്‍ ഭഗവല്‍ ചൈതന്യത്തെ നേരില്‍ അനുഭവിയ്ക്കുന്നു എന്നറിയുക. ഭഗവാന് ഒന്നിനോട് വേര്‍തിരിവുണ്ടാകുന്നതല്ല.

കടുശര്‍ക്കരയോഗത്തിന്റെ പ്രസക്തിയെന്ത്?

  ക്ഷേത്രങ്ങളിലെ ബിംബങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു ശാസ്ത്രവിധിയാണ് കടുശര്‍ക്കരയോഗം. ഈ വിധിപ്രകാരം ചെയ്യുന്ന ബിംബങ്ങളെ അഷ്ടബന്ധം പോലുള്ള കടുശര്‍ക്കര (ഒരു തരം പശ) യുണ്ടാക്കി ആസകലം പൂശി ആവാഹിക്കും. സ്വര്‍ണ്ണംകൊണ്ട് ഞരമ്പുകളും വെള്ളികൊണ്ട് അസ്ഥികളും സാളഗ്രാമം കൊണ്ട് ഹൃദയവും നിര്‍മ്മിച്ച്‌ ശരീരരൂപമുണ്ടാക്കി കടുശര്‍ക്കരയില്‍ ബലപ്പെടുത്തി ദേവരൂപമുണ്ടാക്കുന്നു. കാവിമണ്ണും കൂടാതെ കടുക്ക, താന്നിക്ക, നെല്ലിക്ക,. കോഴിപ്പരല്‍, ചെഞ്ചല്യം എന്നിവയും പൊടിച്ച് പിന്നെ ഉരലില്‍ ഇടിച്ചാണ് കടുശര്‍ക്കരയുണ്ടാക്കുന്നത്. ഇത് യോഗ (വിധി) പ്രകാരമാണ് ചെയ്യുന്നത്.

  ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അനന്തശയനവിഗ്രഹം കടുശര്‍ക്കരയോഗത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.

വനയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?

  ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കാന്‍ ഒരുങ്ങുമ്പോള്‍ നടത്തുന്ന ഒരു കര്‍മ്മമാണിത്. ഏതു വനത്തില്‍ നിന്നാണോ ശിലയെടുത്തത് ആ വനത്തെ യഥാവിധി പൂജിക്കുകയാണ് ഇതുകൊണ്ട് ചെയ്യുന്നത്. വനത്തില്‍ ഒരു പ്രത്യേക സ്ഥാനം കുഴിച്ച് അവിടെ വൃത്തിയാക്കി മണ്ഡപം നിര്‍മ്മിച്ച്‌ വിഷ്ണു ഭഗവാനെ പൂജിക്കും. ഇതിനെയാണ് വനയോഗം എന്നുപറയുന്നത്.

ക്ഷേത്ര പ്രശ്നോത്തരി - 2

18. ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്?
സ്ഥാപത്യശാസ്ത്രം

19. വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
അചലം, ചലം, ചലാചലം

20. ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
അചല ബിംബങ്ങള്‍

21. എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു?
ചലം എന്ന വിഭാഗത്തില്‍

22. പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
ചലാചലം

23. ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം?
ഏകവര്‍ണ്ണം

24. ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
പ്ലാവ്, ചന്ദനം, ദേവദാരു, ശമീ

25. പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?
നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും.

26. സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?
മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും

27. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?
4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍

28. ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയില്‍ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?
ശിരസ്സ്‌

29. ഭൂമിയില്‍ പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?
മുഖം

30. ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത്. 
ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്‍ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം

31. ബിംബത്തില്‍ നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?
സ്വര്‍ണ്ണം

32. ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില്‍ തരുന്ന ഫലമെന്ത്?
മോക്ഷം

33. ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില്‍ തരുന്ന ഗുണമെന്ത്?
ധാന്യാഭിവൃദ്ധി

34. ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില്‍ തരുന്ന ഫലം?
ധവര്‍ദ്ധനവ്‌

35. പഞ്ചലോഹ വിഗ്രഹത്തില്‍ ചേര്‍ക്കേണ്ട ലോഹ അനുപാതം എത്ര?
വെള്ളി നാലുഭാഗം, സ്വര്‍ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം

36. ക്ഷേത്ര ബിംബങ്ങള്‍ക്കുള്ള മൂന്നു ഭാവങ്ങള്‍ ഏതെല്ലാം?
രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)

37. ദേവാലയ നിര്‍മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള്‍ ഏതെല്ലാം?
സുപത്മ, ഭദ്ര, പൂര്‍ണ്ണാ, ധൂമ്രാ.

38. സുപത്മാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
രോഗം, അനര്‍ത്ഥം എന്നിവയെ നശിപ്പിക്കുന്നു.

39. ഭദ്ര എന്ന ഭൂമിയില്‍ ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഫലം?
സര്‍വ്വാഭിഷ്ട സിദ്ധി കൈവരുന്നു.

40. പൂര്‍ണ്ണാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
ധനധാന്യാദികളുടെ വര്‍ദ്ധനവ്‌

41. ധൂമ്രാ എന്ന ഭൂമിയില്‍ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഉണ്ടാകുന്ന ഗുണം?
സര്‍വ്വ ദോഷങ്ങളും സംഭവിക്കും.

42. ദേവ വിഗ്രഹം പുരുഷശിലയാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
സ്ത്രീശില

43. ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില്‍ പീഠം ഏതു ശിലയിലായിരിക്കണം?
പുരുഷശില

44. വൃഷയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
കിഴക്ക്

45. ധ്വജയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്?
പടിഞ്ഞാറ്

46. സിംഹയോനിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ മുഖം ഏത് ദിക്കാണ്? 
വടക്ക്

47. വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എന്തെല്ലാം?
ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി

48. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ശൈലി

49. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി

50. ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
കിഴക്കും, പടിഞ്ഞാറും

51. ഗ്രാമാദികളില്‍ ശിവ ക്ഷേത്രമാണെങ്കില്‍ ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
ഈശാനകോണില്‍

52. ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
വായുകോണില്‍

53. ഗ്രമാദികളില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്.
വടക്ക്

54. ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
നിര്യതികോണില്‍

55. പടിഞ്ഞാറ് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തിന് അവലംബിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
ഈശാനം, കിഴക്ക്, അഗ്നികോണ്‍, തെക്ക്

53. ഗ്രമാദികളില്‍ കിഴക്ക് ദര്‍ശനമായിരിക്കുന്ന ക്ഷേത്രത്തില്‍ അവലംഭിക്കുന്ന ദിക്കുകള്‍ ഏതെല്ലാം?
നിര്യതി, പടിഞ്ഞാറ്, വായുകോണ്‍, വടക്ക്

57. ദശാതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍

58. നവതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
അഷ്ടദിക്പാലകന്മാര്‍, സൂര്യന്‍

59. സ്പ്തതാല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
ചെറു ദൈവങ്ങള്‍

60. ഷഡ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
കുമാരന്‍

61. ചതുഷ്താല വ്യവസ്ഥയില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
ഭൂതഗണങ്ങള്‍

62. ദ്വിതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങള്‍ ഏതെല്ലാം?
മത്സ്യം, കൂര്‍മ്മം

63. ഏകതാലത്തില്‍ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത്?
നാഗം 

വിഗ്രഹാരാധനയുടെ പിന്നിലെ തത്ത്വമെന്താണ്?

     വാസ്തവത്തില്‍ ഹിന്ദുക്കള്‍ വിഗ്രഹത്തെ ആരാധിക്കുന്നില്ല. വിഗ്രഹത്തില്‍ കൂടി എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആ പരമചൈതന്യത്തെയാണ് അവര്‍ ദര്‍ശിക്കുന്നത്. കാമുകി നല്‍കിയ ഒരു പേനയില്‍ അല്ലെങ്കില്‍ പത്തുപൈസ വിലവരുന്ന ഒരു മുത്തില്‍ കാമുകന്‍ ദര്‍ശിക്കുന്നത് സ്വന്തം കാമുകിയെ ആണ്. ആ വസ്തുവിനെയല്ല. അതിനു പകരം മറ്റെന്തു നല്‍കാമെന്നു പറഞ്ഞാലും അവന്‍ സമ്മതിക്കില്ല. ആ കാമുകനെ സംബന്ധിച്ച് കാമുകി നല്‍കിയ പേന വെറും പേനയല്ല. ആ മുത്ത് വെറും മുത്തല്ല. വില മതിക്കാനാകാത്ത തന്റെ കാമുകി തന്നെയാണ്. സാധാരണ ഒരു യുവാവിന് ഇങ്ങിനെ ഒരു ഭാവം വരുമെങ്കില്‍, ഒരു ഭക്തനെ സംബന്ധിച്ച് സര്‍വ്വേശ്വരന്റെ പ്രതീകമായ ആ വിഗ്രഹം എത്രമാത്രം വിലപ്പെട്ടതാണ്‌! അത് ആ ഭക്തന് കേവലം ശിലയല്ല, ചൈതന്യമൂര്‍ത്തിയാണ്.

     മുസ്ലീങ്ങള്‍ മക്കയെ വളരെ പവിത്രമായി കാണുന്നു. അവിടേക്ക് നോക്കി നിസ്കരിക്കുന്നു. അവിടെ ഭക്തി വന്നില്ലെ. അതൊരു പ്രതീകമായില്ലെ. നിര്‍ഗുണമെന്ന് പറഞ്ഞാലും രൂപം വന്നപ്പോള്‍ ഗുണങ്ങള്‍ വന്നില്ലേ. ഗുണാതീതനായ ഈശ്വരന്റെ ഗുണങ്ങളെയാണല്ലോ ഓരോരുത്തരും വാഴ്ത്തുന്നത്.  ഗുണങ്ങളല്ലാത്തവനാണ് ഈശ്വരനെങ്കില്‍ പിന്നെ ഈശ്വരനെ കുറിച്ച് എന്താണ് പറയുവാന്‍ കഴിയുക? അതിനാല്‍ ഹിന്ദു മതത്തില്‍ പറയുന്നത് എല്ലാ ഗുണങ്ങളും ഈശ്വരനാണെന്നാണ്. ഈശ്വരനല്ലാതെ യാതൊന്നുമില്ല. ആയതിനാല്‍ സര്‍വ്വതിനെയും ഉള്‍കൊള്ളാന്‍ തക്ക വിശാലത ഹിന്ദുവിനുണ്ട്. ഈശ്വരനെയല്ലാതെ മറ്റൊന്നും അവനു കാണുവാന്‍ കഴിയില്ല. 

    ക്രിസ്തുമതത്തില്‍ മെഴുകുതിരി കത്തിക്കുന്നില്ലെ. ക്രിസ്തുരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്നില്ലേ? ഇതൊക്കെ വിഗ്രഹാരാധനയുടെ വിത്യസ്തരൂപങ്ങളല്ലേ? പിന്നെ എന്തുകൊണ്ട് ഹിന്ദുക്കളുടെ ആരാധനമാത്രം ചിലര്‍ പിശാചിന്റെ ആരാധന എന്ന് പറയുന്നു?. അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന മകന്‍ ഓര്‍ക്കുന്നത് പിതാവിനെയാണ്. ചിത്രകാരനെയല്ല. ഇതേപോലെ സാധാരണ ജനങ്ങളില്‍ സര്‍വ്വത്ര നിറഞ്ഞുനില്‍ക്കുന്ന ഈശ്വര ചൈതന്യത്തെകുറിച്ച് ബോധം ജനിപ്പിക്കുവാന്‍ വിഗ്രഹങ്ങള്‍ സഹായിക്കുന്നു. വിഗ്രഹത്തിനു മുന്നില്‍ നില്‍ക്കുന്നവര്‍ കണ്ണടച്ച് ഉള്ളിലാണ് ഈശ്വരനെ ദര്‍ശിക്കുന്നത്. ഉള്ളിലെ ചൈതന്യത്തെ ദര്‍ശിക്കാന്‍ വിഗ്രഹം സഹായകമായിത്തീരുന്നു.

      വാസ്തവത്തില്‍ ഈശ്വരനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് നമ്മുടെ മനസ്സ്. നമ്മുടെ മുഖം തെളിഞ്ഞു കാണണമെങ്കില്‍, കണ്ണാടിയിലെ പൊടിയും മറ്റ് അഴുക്കുകളും തുടച്ചു മാറ്റണം. അതേ പോലെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കിയാല്‍ മാത്രമേ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയു. അതിനു പറ്റിയ മാര്‍ഗ്ഗമായിട്ടാണ് ക്ഷേത്രാരാധനയും മറ്റാചാരങ്ങളും ഹിന്ദു മതത്തില്‍ നമ്മുടെ പൂവ്വികര്‍ വിധിച്ചിട്ടുള്ളത്. ഹിന്ദു മതത്തില്‍ ഈശ്വരനെ തിരയുന്നത് പുറമേയല്ല ഉള്ളിലാണ്. കാരണം, ഈശ്വരനെ പ്രത്യേകിച്ച് തിരയേണ്ട കാര്യമില്ല. ഈശ്വരന്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്‌. എന്നാല്‍ മനസ്സിനെ മൂടിയിരിക്കുന്ന അഴുക്കുകള്‍ കാരണം കാണാനാകുന്നില്ല. അതിനാല്‍ മനസ്സിനെ വൃത്തിയാക്കിയാല്‍ മാത്രം മതി, ഈശ്വരനെ ദര്‍ശിക്കാനാകും.

     ചിലര്‍ പറയും വിവാഹം വെറും ഒരു താലി കെട്ടലല്ലേയെന്ന്. ശരിയാണ് വെറും ഒരു ചരട് കഴുത്തില്‍ കെട്ടുകയാണ്. എന്നാല്‍ ആ ചരടിനും ആ മുഹൂര്‍ത്തത്തിനും നമ്മള്‍ എത്ര വിലയാണ് കല്പിക്കുന്നത്!. ജീവിതത്തില്‍ അസ്ഥിവാരം കുറിക്കുന്ന മുഹൂര്‍ത്തമാണത്. ആ ചടങ്ങിന് നമ്മള്‍ കല്പിക്കുന്നത്, ആ ചരടിന്റെ വിലയല്ല. ജീവിതത്തിന്റെ മൊത്തം വിലയാണ്. ഇതേ പോലെ വിഗ്രഹത്തിന്റെ വില വെറും കല്ലിന്റെതല്ല. അത് വിലമതിക്കാനാകാത്തതാണ്. പ്രപഞ്ചനാഥന് തുല്യമാണ് അതിന്റെ സ്ഥാനം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.