അഞ്ചു നിയമങ്ങൾ

നമ്മുടെ ജീവിതചര്യ മന്ത്രദീക്ഷയ്ക്കു യോജിച്ചതായിരിക്കണം. താഴെപറയുന്ന അഞ്ചു ജീവിതചര്യകൾ ഞാൻ നിർദ്ദേശിക്കുകയാണ്. ഇതിലൊരു രഹസ്യവുമില്ല. എല്ലാവരും അറിയേണ്ടതാണിത്. അതിനാൽ എല്ലാവർക്കും വേണ്ടിയാണ് ഞാനിതു പറയുന്നത്. പരിശുദ്ധമായ ഒരു ജീവിതചര്യയിലൂടെയല്ലാതെ ആർക്കും ഈശ്വരനിലേക്ക് എത്താൻ സാദ്ധ്യമല്ല. ഈശ്വരമാർഗ്ഗത്തിൽ മുന്നേറാൻ പരിശുദ്ധമായ ജീവിതം അനിവാര്യമാണ്.

ശുദ്ധമായ ഭക്ഷണം കഴിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി നാം കേൾക്കാറുണ്ട്. ധാരാളം നെയ്യും കൂട്ടി ഉണ്ണണമെന്നാണോ അതിനർത്ഥം? അല്ലേ അല്ല. പരിശുദ്ധമായ ഭക്ഷണമെന്നാൽ " സാത്വിക " മായ ഭക്ഷണം - പോഷകഗുണമുള്ള ഭക്ഷണം. ഇതു ശാസ്ത്രവിധിയാണ്. ശരീരത്തിന്റെയോ മനസ്സിന്റെയോ വളർച്ചയ്ക്ക് ഹിതകരമായ ഭക്ഷണം ആവശ്യത്തിനുമാത്രം കഴിക്കണം. അതായത് ഒരാളുടെ ആഗ്രഹത്തിനും രുചിക്കും അനുസരിച്ചു മാത്രം ഭക്ഷണം കഴിക്കരുത് എന്നു താല്പര്യം. ഞാൻ കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെയും മനസ്സിന്റെയും പോഷണത്തിനുപകരിക്കും. ഇപ്രകാരം ആരോഗ്യദൃഢമായ ശരീരവും മനസ്സും ഈശ്വരധ്യാനത്തിനുവേണ്ടി ഉപയോഗിക്കും എന്ന സങ്കല്പത്തോടെ ഭക്ഷണം കഴിക്കണം.

ഭക്ഷണശുദ്ധിയേക്കാൾ പ്രധാനപ്പെട്ടതാണ് ജീവിതചര്യയിലെ പരിശുദ്ധി. 

അഞ്ചു തരത്തിലുള്ള നല്ല പ്രവൃത്തികൾ താഴെ കൊടുത്തിരിക്കുന്നവയാണ്.

1). എല്ലാവരുടെയും ക്ഷേമത്തിനുവേണ്ടി നാം പ്രാർത്ഥിക്കണം. ആരുടേയും മനസ്സിനെയും വിചാരത്തെയും ബാധിക്കാത്ത വിധത്തിലും ആരെയും വേദനിപ്പിക്കാത്ത രീതിയിലും ആയിരിക്കണം നമ്മുടെ പെരുമാറ്റം. ശാരീരികവും മാനസികവുമായി ആരേയും ദ്രോഹിക്കുന്ന വിധത്തിൽ നാം പെരുമാറരുത്. അഹിംസയെപ്പറ്റി ശാസ്ത്രങ്ങൾ പറയുന്നുണ്ട്. മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതുമാത്രമല്ല, മറ്റുള്ളവരെപ്പറ്റി ചീത്തയായി ചിന്തിക്കുന്നതും അതിലടങ്ങിയിരിക്കുന്നു. " അഹിംസ " മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രായോഗികമാക്കണം.

2). ഏതൊരു പരിതഃസ്ഥിതിയിലും അകന്നുമാറാത്ത വിധത്തിൽ സത്യത്തെ മുറുകെ പിടിക്കണം. അസത്യവുമായി ഒരിക്കലും ബന്ധപ്പെടരുത്. നാം ഏറ്റെടുത്ത പ്രവൃത്തിയെ മാനിക്കണം. ശ്രീരാമകൃഷ്ണദേവൻ പറയുന്നു, ' സത്യത്തെ മുറുകെ പിടിക്കുന്നവൻ ദൈവത്തിന്റെ മടിയിൽ വിശ്രമിക്കുന്നു " എന്ന്. അദ്ദേഹം വീണ്ടും പറയുന്നു, " കലിയുഗത്തിലെ തപസ്സാണ് സത്യസന്ധത. " സത്യത്തെ മുറുകെ പിടിക്കുന്നത് എളുപ്പമാണെന്നു ഞാൻ പറയുന്നില്ല. ഒരുവിധത്തിൽ അതെളുപ്പവുമല്ല. സത്യത്തെ മുറുകെ പിടിക്കണമെങ്കിൽ ജീവിതത്തിൽ വളരെ ത്യാഗം ചെയ്യേണ്ടിവരും. അതുകൊണ്ട് അതൊരെളുപ്പമായ കാര്യമൊന്നുമല്ല. എന്നാൽ സത്യത്തെ മുറുകെ പിടിക്കുന്നതാണ് നമ്മുടെ ആദർശമെന്ന് നാമൊരിക്കലും മറക്കരുത്.

3). നാമൊരിക്കലും ഒരു വിധത്തിലും മറ്റൊരാളെ ചതിക്കരുത്. മറ്റുള്ളവരെ ചതിച്ചുകൊണ്ട് നാമൊന്നും നേടരുത്. നമുക്ക് അർഹതപ്പെട്ടതുകൊണ്ട് തൃപ്തിപ്പെടുക. ഇതാണ് മറ്റുള്ളവരുമായി ഇടപഴുകുന്നതിലെ സത്യസന്ധത. ആദ്ധ്യാത്മിക മാർഗ്ഗത്തിൽ ഇതു വലിയൊരു സഹായമാണ്.

4). ഇന്ദ്രിയങ്ങളെയെല്ലാം അടക്കി നിർത്തണം. അവ നമ്മളെ നയിക്കാതെ സൂക്ഷിക്കണം. ഒന്നോ രണ്ടോ ഇന്ദ്രിയങ്ങളെ അടക്കിയതുകൊണ്ടായില്ല. എല്ലാ ഇന്ദ്രിയങ്ങളേയും  അടക്കിനിർത്തനം.ആദ്ധ്യാത്മിക ജീവിതത്തിന് അത് അത്യന്താപേക്ഷിതമാണ്.

5). ജീവിതം ഈശ്വരനെപ്പറ്റി ചിന്തിക്കുന്നതിനും ഈശ്വരനെ സാക്ഷാത്കരിക്കുന്നതിനും വേണ്ടിയുള്ളതാണ്. സരളവും സത്യസന്ധവും സ്വാഭാവികവുമായ ജീവിതം നയിക്കുക. ആഡംബരങ്ങൾക്കു പുറകെ പോകരുത്. എല്ലാവരും ഭിക്ഷക്കാരെപ്പോലെ കീറിപ്പറിഞ്ഞ തുണിയും കെട്ടി ദരിദ്രജീവിതം നയിക്കണമെന്നല്ല ഞാനുദ്ദേശിക്കുന്നത്. അത്യാവശ്യം വേണ്ടതുകൊണ്ട് ലളിതമായി എന്നാൽ സതൃപ്തരായി ജീവിക്കാൻ നാം ശീലിക്കണമെന്നാണ് വിവക്ഷ. ലോഭത്തിൽനിന്നു നാം പൂർണ്ണമായും മോചനം നേടണം. ആയിരം രൂപ പ്രതിമാസം സമ്പാദിക്കുന്ന ഒരാൾ അയ്യായിരം രൂപ സമ്പാദിക്കാൻ ആഗ്രഹിക്കുന്നു. അയ്യായിരം രൂപ പ്രതിമാസം സമ്പാദിക്കുന്നവൻ പതിനായിരം രൂപ സമ്പാദിക്കാൻ മോഹിക്കുന്നു. അതുപോലെ മറ്റു ചിലരുടെ ലക്ഷ്യം പതിനായിരത്തിൽനിന്നു ലക്ഷത്തിലേക്കും  ലക്ഷത്തിൽനിന്നു കോടിയിലേക്കുമാണ്. ഇങ്ങനെയാണ് നമ്മുടെ ആഗ്രഹങ്ങൾ തുടർച്ചയായി വളർന്നു വലുതാവുന്നത്. നിരന്തരം വളർന്നു വലുതാവുന്ന ആഗ്രഹങ്ങൾ മനസ്സിനെ ചഞ്ചലമാക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.