അഘോരബലി / കപാലഹോമം / ചക്രഹോമം / പ്രതികാരബലി എന്നിവ നടത്തണം

യുക്ത്വാ ഷഷ്ഠപതിം വിലഗ്നപതിനാ യോ രാശിരത്രാഗതഃ
സോƒദിത്യാന്വിതവീക്ഷിതോ യദിബലിം കുര്യാദഘോരാഹ്വയം

കാര്യം ചന്ദ്രമസാ കപാലഹവനം സ്യാച്ചക്രഹോമം വിദാ
കര്‍ത്തവ്യം പ്രതികാരകര്‍മ്മ ഗുരുണാ പ്രോക്തം തദേവാര്‍ക്കിണാ

സാരം :- 

ലഗ്നാധിപന്‍റെ സ്ഫുടത്തേയും ഷഷ്ഠാധിപന്‍റെ സ്ഫുടത്തേയും ഒരുമിച്ചുകൂട്ടണം. അപ്പോള്‍ ആ യോഗസ്ഫുടം ഏത് രാശിയില്‍ വരുന്നുവോ ആ രാശിയില്‍ ആദിത്യന്‍റെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ മഹാഭിചാര ശമനത്തിനായി "അഘോരബലി" ചെയ്യണം. ആ യോഗസ്ഫുട രാശിയില്‍ ചന്ദ്രന്‍റെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ "കപാലഹോമം" നടത്തണം. ബുധന്‍റെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ "ചക്രഹോമം" നടത്തണം, വ്യാഴത്തിന്‍റെയോ ശനിയുടേയോ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ "പ്രതികാരബലി" നടത്തണം.

ഉയരം വളരെ കുറഞ്ഞതും അംഗവൈകല്യമുള്ളതുമായ പ്രജയുണ്ടാകുന്ന ലക്ഷണത്തെ പറയുന്നു

സൗരശശാംകദിവാകരദൃഷ്‌ടേ
വാമനകോ മകരാന്ത്യവിലഗ്നേ
ധീനവമോദയഗൈശ്ച ദൃഗാണൈഃ
പാപയുതൈരഭുജാംഘ്രിശിരാഃ സ്യാത്

സാരം :-

മകരം രാശിയിലെ ഒടുവിലെ നവാംശകം ലഗ്നമായി വരികയും, ആ ലഗ്നത്തിലേയ്ക്ക് ശനി, ചന്ദ്രന്‍, ആദിത്യന്‍ എന്നീ മൂന്നു ഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍, ജനിയ്ക്കുന്നത് വളരെ ഉയരം കുറഞ്ഞ പ്രജയായിരിക്കും. ഈ യോഗത്തില്‍ മകരത്തിലേയ്ക്ക് ശനി, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ മാത്രമാണ് നോക്കുന്നതെങ്കില്‍ അരയ്ക്കു മേല്പട്ടു മാത്രവും, ശനിസൂര്യന്മാര്‍ മാത്രമാണ് നോക്കുന്നതെങ്കില്‍ അരയ്ക്കു കീഴ്പ്പട്ടു മാത്രവും ദീര്‍ഘം കുറഞ്ഞ പ്രജയാണ് ജനിയ്ക്കുക എന്ന് ഒരു വിഭാഗവും കൂടി ഉണ്ടെന്നും ധരിയ്ക്കണം. നോക്കുന്നവരായ മൂന്നു ഗ്രഹങ്ങള്‍ക്ക്‌ ബലമുണ്ടെങ്കില്‍ മാത്രമേ കേവലം കൃശഗാത്രനാവുകയുള്ളുവെന്നും, ബലമില്ലെങ്കില്‍ ഉയരത്തിന് ഏതാണ്ടൊരു വികാരം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അറിയുക. അപ്രകാരം തന്നെ ലഗ്നം ഏതു ദ്രേക്കാണമാണോ അഞ്ചാംഭാവത്തില്‍ ആ ദ്രേക്കാണത്തില്‍ കുജരാഹുകേതു എന്നീ ഗ്രഹങ്ങളില്‍ രണ്ടെണ്ണം നില്‍ക്കുകയും ആ ദ്രേക്കാണത്തിലേയ്ക്ക് ശനി സൂര്യന്‍ ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ നോക്കുകയും ചെയ്‌താല്‍ ജനിയ്ക്കുന്ന ശിശുവിന് കയ്യുകള്‍ ഉണ്ടാവുകയില്ല. അങ്ങനെതന്നെ ഒമ്പതാം ഭാവത്തിലെ ലഗ്നതുല്യദ്രേക്കാണത്തിലാണ് മേല്‍പറഞ്ഞവര്‍ നിന്ന് ശനി ചന്ദ്രന്‍ സൂര്യന്‍ എന്നീ മൂന്നു ഗ്രഹങ്ങളുടേയും ദൃഷ്ടിയുണ്ടാവുന്നതെങ്കില്‍ പ്രജയ്ക്ക് കാലുകള്‍ ഉണ്ടാകയില്ലെന്നും, ഉദയലഗ്നദ്രേക്കാണത്തിലാണ് മേല്‍പറഞ്ഞവിധം  സംഭവിയ്ക്കുന്നതെങ്കില്‍ ശിരസ്സുണ്ടാവുകയില്ലെന്നും പറയണം. ഈ യോഗങ്ങള്‍ക്ക് ലക്ഷണങ്ങള്‍ പരിപൂര്‍ണ്ണമായി കണ്ടാല്‍ മാത്രമേ ഫലവും ശരിക്കൊക്കുകയുള്ളു. അല്ലെങ്കില്‍ അതാത് അവയവങ്ങള്‍ക്ക് വൈകൃതാദികള്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അറിയുക. 

പ്രശ്ന ഭേദങ്ങള്‍

പ്രശ്ന കര്‍ത്താവ് ചോദിക്കുന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രശ്നത്തിന് പല പേരുകള്‍ പറയാറുണ്ട്‌. പ്രശ്നത്തില്‍ പ്രധാനമായവ അഷ്ടമംഗലപ്രശ്നം അഥവാ കുടുംബപ്രശ്നം, ദേവ പ്രശ്നം എന്നിവയാണെങ്കിലും ഇവയെക്കൂടാതെ മറ്റു വിഷയങ്ങളെ ആധാരമാക്കിയുള്ള ചില പ്രധാന പ്രശ്നങ്ങളുള്ളവയുടെ പേര് താഴെ കൊടുക്കുന്നു.

വിവാഹ പ്രശ്നം, സന്താന പ്രശ്നം, രോഗ പ്രശ്നം, ആയുഃ പ്രശ്നം, മരണ പ്രശ്നം, സ്വപ്ന പ്രശ്നം, യാത്രാ പ്രശ്നം, യുദ്ധ വിജയ പരാജയ പ്രശ്നം, സന്ധി പ്രശ്നം, വൃഷ്ടി പ്രശ്നം - മഴ പെയ്യുമോ ഇല്ലയോ - എപ്പോള്‍ മഴ പെയ്യും, കൂപ പ്രശ്നം - വെള്ളം ഉണ്ടോ എന്നറിയല്‍, നഷ്ട പ്രശ്നം - നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ വസ്തു തിരിച്ചു കിട്ടുമോ എന്ന പ്രശ്നം, നഷ്ട ജാതക പ്രശ്നം - ജാതകം നഷ്ടപ്പെട്ടു പോയവര്‍ക്കും ഇല്ലാത്തവര്‍ക്കും ജാതകം തയാറാക്കി കൊടുക്കല്‍, ഭോജന പ്രശ്നം - ഞാന്‍ എന്ത് ആഹാരം കഴിച്ചു എന്നുള്ള ചോദ്യം, പ്രോഷിതാഗമന പ്രശ്നം - വീട് വിട്ടു പോയ ആള്‍ എപ്പോള്‍ തിരിച്ചു വരും, സുരത പ്രശ്നം - സ്ത്രീക്ക് പുരുഷനുമായി ബന്ധം ഉണ്ടായോ?, വിദേശ യാത്രാ പ്രശ്നം. താംബൂലം, നാളികേരം ഇവയെ അടിസ്ഥാനമാക്കി താംബൂല പ്രശ്നവും നാളികേര പ്രശ്നവും പറയാറുണ്ട്‌. ഇങ്ങനെ പ്രശ്നത്തിന് വിഷയമാക്കാന്‍ സാധിക്കാത്ത ഒരു വിഷയവുമില്ല എന്ന് വരുന്നു.

ക്ഷുദ്രം ഇരിക്കുന്ന ദിക്ക് / പ്രയാസം കൂടാതെ ക്ഷുദ്രം എടുത്തുകളയാന്‍ സാധിക്കുമെന്നും

യുക്തേ തസ്മിന്‍ രാഹുകേതുഗുളികൈഃ സര്‍പ്പസന്നിധൌ
ദിഗത്ര രിപുനാഥസ്യ വാച്യാ വാ ബാധകേശിതുഃ

ബാധാകാധിപസംയുക്തരാശേരപ്യംശകസ്യ വാ
അയത്നോദ്ധാര്യമേവസ്യാദ്ബാധേശേ ചരരാശിഗേ.

ഉഭയസ്ഥേ പ്രയത്നേനനോദ്ധാര്യം തല്‍സ്ഥിരസ്ഥിതേ

സാരം :-

ബാധകാധിപന്‍ രാഹു കേതു ഗുളികന്മാരോടുകൂടി നില്‍ക്കുന്നുവെങ്കില്‍ സര്‍പ്പകാവിന്‍റെ സമീപത്താണ് ക്ഷുദ്രം വച്ചിരിക്കുന്നതെന്ന് പറയണം. 

ആറാം ഭാവാധിപന് പറഞ്ഞ ദിക്കിലോ ബാധകാധിപന്‍റെ ദിക്കിലോ ബാധകാധിപന്‍ നില്‍ക്കുന്ന രാശിയുടെ അംശകത്തിന്‍റെയോ ആറിലോ ആയിരിക്കും ക്ഷുദ്രം വച്ചിരിക്കുന്നത്. ഇവിടെയും ബലാധിക്യം നോക്കി നിശ്ചയിച്ചുകൊള്ളണം. 

ബാധകാധിപന്‍ ചരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ പ്രയാസം കൂടാതെ ക്ഷുദ്രം എടുത്തുകളയാന്‍ സാധിക്കുമെന്നും, ഉഭയരാശിയില്‍ നില്‍ക്കുകയാണെങ്കില്‍ കുറച്ചു പ്രയാസപ്പെട്ടതിനു ശേഷമേ ക്ഷുദ്രം എടുക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും, ബാധകാധിപന്‍ സ്ഥിരരാശിയിലാണെങ്കില്‍ ക്ഷുദ്രം എടുത്തുകളയുവാന്‍ സാധിക്കുകയില്ലെന്നും പറയണം. 

പുറത്ത് കൂന് മറ്റു വൈകല്യങ്ങളുടെ ലക്ഷണത്തെ പറയുന്നു

സൗമ്യര്‍ക്ഷാംശേ രവിജരുധിരൗ ചേത് സദന്തോത്ര ജാതഃ
കുബ്ജസ്സ്വര്‍ക്ഷേ ശശിനി തനുഗേ മന്ദമാഹേയദൃഷ്‌ടേ
പംഗുര്‍മ്മീനേ യമശശികുജൈര്‍വ്വീക്ഷിതേ ലഗ്നസംസ്ഥേ
സന്ധൗ പാപേ ശശിനി ച ജഡഃ സ്യാന്ന ചേത് സൗമ്യദൃഷ്ടീഃ

സാരം :-

ശനിയും ചൊവ്വയും ബുധന്‍റെ ക്ഷേത്രത്തിലോ ബുധക്ഷേത്രാംശകത്തിലോ നിന്നാല്‍ ജനിയ്ക്കുമ്പോള്‍ തന്നെ കുട്ടിയ്ക്ക് പല്ലുണ്ടായിരിക്കും. 

ചന്ദ്രന്‍ സ്വക്ഷേത്രമായ കര്‍ക്കിടകത്തില്‍ നില്‍ക്കുകയും, ആ കര്‍ക്കിടകം ലഗ്നമായി വരികയും, ആ ചന്ദ്രനെ കുജമന്ദന്മാര്‍ നോക്കുകയും ചെയ്‌താല്‍ പ്രജ ജനിയ്ക്കുമ്പോള്‍ തന്നെ കൂനനായിരിക്കും. 

മീനം രാശി ലഗ്നമാവുകയും, ആ ലഗ്നത്തിലേയ്ക്ക് ചന്ദ്രന്‍റെയും ചൊവ്വയുടേയും ശനിയുടേയും ദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍ ശിശുവിന് മുടന്തലുണ്ടായിരിക്കും. 

കര്‍ക്കിടകം, വൃശ്ചികം, മീനം ഇതിലൊന്നില്‍ പാപഗ്രഹവും ചന്ദ്രനും നില്‍ക്കുകയും, അവര്‍ക്ക് ശുഭദൃഷ്ടിയില്ലാതിരിയ്ക്കയും ചെയ്‌താല്‍ പ്രജ ജഡനായിരിയ്ക്കുകയും ചെയ്യും. പറഞ്ഞത് മനസ്സിലാക്കുവാനും, മനസ്സിലാക്കിയത് പറയാനും ശക്തിയില്ലത്തവനേയാണ് "ജഡന്‍" എന്ന് പറയുന്നത്.

മേല്‍പറഞ്ഞ യോഗകര്‍ത്താക്കന്മാര്‍ക്ക് ശുഭദൃഷ്ടിയുണ്ടെങ്കില്‍ ആ ശുഭഗ്രഹങ്ങളുടെ ബലമനുസരിച്ച് യോഗഫലത്തിനു ശക്തി കുറയുകയോ യോഗഫലം തന്നെ കേവലം ഇല്ലാതാവുകയോ ചെയ്യുമെന്നും പറയേണ്ടതാണ്.

ദൈവജ്ഞന്‍ ജ്യോതിഷ പ്രവചനം ആരംഭിക്കേണ്ടത് എങ്ങനെ?

ജ്യോതിഷ സിദ്ധാന്തങ്ങള്‍ പഠിച്ചതിനുശേഷം ജ്യോതിഷന്‍ (ദൈവജ്ഞന്‍) ആകാന്‍ ആഗ്രഹിക്കുന്ന വ്യക്തി ശാസ്ത്രം അനുസരിച്ച് ഗുരുവില്‍ നിന്ന് മന്ത്രോപദേശം സ്വീകരിക്കണം. അതുപോലെ തന്‍റെ ഉപാസ്യദേവതയെ ജപഹോമാദികളെക്കൊണ്ട് സന്തോഷിപ്പിക്കണം. എന്തുകൊണ്ടെന്നാല്‍ സിദ്ധമന്ത്രനായ ദൈവജ്ഞന് മാത്രമേ ജാതകഫലം അറിയാനും വിശ്വാസ്യമായ രീതിയില്‍ അത് പറയാനും സാധിക്കുകയുള്ളൂ.

അതുപോലെ ആദിത്യാദി ഗ്രഹങ്ങളേയും മേടം മുതലായ പന്ത്രണ്ടു രാശികളേയും  ബലി, പൃഷ്പം, ഹോമം, ഗന്ധം മുതലായവയെക്കൊണ്ട് പൂജിക്കുകയും അതുപോലെ ഗുരുപൂജയും ചെയ്തിട്ട് വേണം ജ്യോതിശാസ്ത്ര പ്രവചനം ആരംഭിക്കേണ്ടത്.

മുകളില്‍ പറഞ്ഞ അനുശാസനം അനുസരിച്ച് ജ്യോതിഷം കൈകാര്യം ചെയ്യുന്നതിന് മുമ്പേ ഗുരുവിന്‍റെ അനുഗ്രഹം തേടണം. വിശേഷിച്ചും പ്രശ്നം കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഗുരുവില്‍ നിന്ന് കവിടി വാങ്ങുക എന്നൊരു ചടങ്ങ് അനുഷ്ഠിച്ചു വരുന്നു. അതിനുശേഷം ചിലര്‍ മൂകാംബികയിലോ മറ്റ് അഭീഷ്ട ദേവതാ സന്നിധിയിലോ കവിടി വെച്ച് അനുഗ്രഹം നേടി ജ്യോതിഷം കൈകാര്യം ചെയ്യാന്‍ തുടങ്ങുന്നു.

ദൈവജ്ഞ ലക്ഷണം

ജ്യോതിഷന്‍ (ദൈവജ്ഞന്‍) എത്ര പണ്ഡിതനായാലും പ്രശ്നം എത്ര ലളിതമായാലും അഹംഭാവത്തോടു കൂടി അത് കൈകാര്യം ചെയ്യരുത്.

ദൈവജ്ഞനില്‍ വിനയവും ഗുരുത്വവും ഈശ്വര വിശ്വാസവും ഇല്ലെങ്കില്‍ എത്ര ലളിതമായ പ്രശ്ന ക്രിയയും പരാജയത്തില്‍ കലാശിക്കുകയേ ഉള്ളു.

ദൈവജ്ഞന്‍ ശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ദൈവജ്ഞ ലക്ഷണങ്ങളെ ആത്മസാത്കരിക്കാന്‍ നിരന്തരം യത്നിക്കണം.

ദൈവജ്ഞന്‍ ജ്യോതിശാസ്ത്രത്തില്‍ പണ്ഡിതനും കണക്കില്‍ സമര്‍ത്ഥനും സത് സ്വഭാവം ഉള്ളവനും സത്യം പറയുന്നവനും വിനയവാനും വേദം പഠിച്ചവനും സൂര്യാദിഗ്രഹങ്ങളെ സംബന്ധിച്ച യാഗാദി കര്‍മ്മങ്ങളില്‍ സമര്‍ത്ഥനും ആയിരിക്കണം.

ദൈവജ്ഞന്‍ പല ഹോരാശാസ്ത്രഗ്രന്ഥങ്ങളുടേയും തത്ത്വം അറിയാവുന്നവനായിരിക്കണം. പ്രസിദ്ധങ്ങളായ 5 ജ്യോതിഷ ഗണിത ശാഖകള്‍ പഠിച്ചവനായിരിക്കണം. ഗ്രഹ സ്ഥിതിയെ അടിസ്ഥാനമാക്കി ഫലങ്ങള്‍ ഊഹിച്ചു പറയാന്‍ കഴിവുള്ളവനായിരിക്കണം. ഏതെങ്കിലും മന്ത്രസിദ്ധി വരുത്തിയവനായിരിക്കണം.

ജ്യോതിഷന്‍ നല്ല കുടുംബത്തില്‍ ജനിച്ചവനും ആളുകള്‍ക്ക് പ്രിയപ്പെട്ടവനും ലളിതമായ വേഷം ധരിയ്ക്കുന്നവനും സത്യം പറയുന്നവനും മറ്റുള്ളവരോട് അസൂയ തോന്നാത്തവനും സമമായും നല്ലപോലെ ഉറച്ചുയോജിച്ചതായും ഉള്ള ശരീരത്തോട് കൂടിയവനും അംഗവൈകല്യം ഇല്ലാത്തവനും മനോഹരങ്ങളായ കൈകള്‍ കാലുകള്‍ നഖങ്ങള്‍ കണ്ണുകള്‍ താടി പല്ലുകള്‍ ചെവികള്‍ നെറ്റി പുരികങ്ങള്‍ ഇവ ഉള്ളവനും നല്ല ശരീരം ഉള്ളവനും ഗാംഭീരവും ഉദാത്തവും മുഴക്കവുമുള്ള ശബ്ദം ഉള്ളവനും ആയിരിക്കണം.

ശുചിത്വം ഉള്ളവന്‍, സമര്‍ത്ഥന്‍, പ്രഗല്ഭന്‍, നല്ല വാക് ശക്തിയുള്ളവന്‍, പ്രതിഭാശാലി, ദേശകാലങ്ങള്‍ അറിയാവുന്നവന്‍, സത്ത്വഗുണം ഉള്ളവന്‍, പൊതുസഭകളില്‍ പരിഭ്രമിക്കാത്തവന്‍, , സഹപാഠികളെക്കൊണ്ട് തോല്പിക്കപ്പെടാന്‍ കഴിയാത്തവന്‍, പ്രവര്‍ത്തന സാമര്‍ത്ഥ്യം ഉള്ളവന്‍, ദുശീലങ്ങള്‍ ഇല്ലാത്തവന്‍, ഗ്രഹശാന്തി കര്‍മ്മങ്ങള്‍ അറിയാവുന്നവന്‍, ജാതകന് സുഖം, സന്തോഷം, ധനം, ആയുസ്സ്, ഐശ്വര്യം, പദവി, യശസ്സ് തുടങ്ങിയവ ലഭിക്കാനുള്ള പൌഷ്ടിക ക്രിയകള്‍ചെയ്യാന്‍ അറിയുന്നവന്‍, സ്നാന വിധികള്‍ അറിയാവുന്നവന്‍, സ്നാനവിധികളിലും വ്രതോപവാസാദികളിലും താല്പര്യം ഉള്ളവന്‍, സ്വന്തം പാണ്ഡിത്യം കൊണ്ട് ആളുകളെ ആശ്ചര്യ ഭരിതരാക്കാനും സ്വാധീനിക്കാനും കഴിയുന്നവന്‍, ഗ്രഹഗണിതം ഹോര സംഹിത എന്നീ ഗ്രന്ഥങ്ങള്‍ പഠിച്ചവന്‍, മേല്‍പറഞ്ഞവയാണ് ജ്യോതിഷന് (ദൈവജ്ഞന്) ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍.

മുകളില്‍ പറഞ്ഞിട്ടുള്ള യോഗ്യതകള്‍ നേടിയിട്ടുള്ള ദൈവജ്ഞന്‍ പ്രശ്ന കര്‍ത്താവിന്‍റെ ശുഭാശുഭങ്ങളെപ്പറ്റി പറയുന്ന വാക്ക് ഒരിക്കലും മിഥ്യയാവുകയില്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.