Showing posts with label rajayogam. Show all posts
Showing posts with label rajayogam. Show all posts

രാജോചിതങ്ങളായ ഉൽകൃഷ്ടസുഖങ്ങളെ അനുഭവിയ്ക്കുവാനും വനചരന്മാരുടേയും കള്ളന്മാരുടേയും ആധിപത്യം സിദ്ധിയ്ക്കുവാനുള്ള യോഗലക്ഷണങ്ങളേയാണു് ഇനി പറയുന്നത്

ഗുരുസിതബുധലഗ്നേ സപ്തമസ്ഥേƒർക്കപുത്രേ
വിയതി ദിവസനാഥേ ഭോഗിനാം ജന്മ വിദ്യാൽ
ശുഭബലയുതകേന്ദ്രൈഃ ക്രൂരഭസ്ഥൈശ്ച പാപൈർ-
വ്രജതി ശബരദസ്യുസ്വാമിതാമർത്ഥഭാക് ച.

സാരം :-

ഗുരുബുധശുക്രന്മാരിൽ ഒന്നു ലഗ്നത്തിലും ശനി ലഗ്നാൽ ഏഴാം ഭാവത്തിലും ആദിത്യൻ പത്താം ഭാവത്തിലും നിൽക്കുമ്പോൾ ജനിച്ചവൻ മഹാരാജാക്കന്മാരെപ്പോലെ അത്യുൽകൃഷ്ടസുഖങ്ങളെ അനുഭവിയ്ക്കുന്നവനായിത്തീരും. ബുധശുക്രന്മാരിൽ ഒന്നു ലഗ്നത്തിലും ആദിത്യൻ പത്താം ഭാവത്തിലും വരിക എന്നത് അസംഭവമാകയാൽ ഇവിടെ യോഗലക്ഷണത്തിൽ പക്ഷാന്തരമുണ്ട്. 1). ബുധശുക്രന്മാരിൽ ബലവാൻ ലഗ്നത്തിലും ശനി ഏഴാം ഭാവത്തിലും നിൽക്കുക; 2). വ്യാഴം ലഗ്നത്തിലും ശനി ഏഴാം ഭാവത്തിലും സൂര്യൻ പത്താം ഭാവത്തിലും നിൽക്കുക, ആ പക്ഷാന്തരപ്രകാരം ഇങ്ങനെ രണ്ടു യോഗമായിട്ടാണ് കല്പിച്ചിട്ടുള്ളത്. ഇപ്പോഴത്തെ കരണപ്രകാരം അസംഭവമായ യോഗലക്ഷണം പറഞ്ഞതിന്റെ കാരണം - പൂർവ്വശാസ്ത്രാനുസാരേണ - ഇത്യാദി വചനങ്ങളെക്കൊണ്ടു ഗ്രന്ഥകാരൻ പന്ത്രണ്ടാം അദ്ധ്യായത്തിൽ സ്പഷ്ടമാക്കുന്നുമുണ്ട്. അതിനാൽ ഒന്നാമതു പറഞ്ഞതുതന്നേയാണ് ആചാര്യന്റെ അഭിപ്രായമെന്നു അറിയണം.

ലഗ്നകേന്ദ്രത്തിൽപ്പെട്ട നാലു രാശികളും ശുഭന്മാരുടേതാവുകയും, അവർക്കെല്ലാം നല്ല ബലമുണ്ടാവുകയും, പാപന്മാരെല്ലാം ബലവാന്മാരും പാപരാശിയിൽ നിൽക്കുന്നവരുമാകയും ചെയ്ക; ഈ യോഗത്തിൽ ജനിച്ചാൽ വനവാസികളായ കാട്ടാളാദികളുടേയോ തസ്കരന്മാരുടേയോ അധിപനും വലിയ ധനികനും ആവുന്നതാണ്.

ഈ രണ്ടു യോഗങ്ങളും രാജയോഗാദ്ധ്യായത്തിൽ പഠിച്ചിരിയ്ക്കയാൽ ഇവ രാജയോഗങ്ങളോടു തുല്യങ്ങളാണെന്നും അറിയുക.

രാജയോഗങ്ങളിൽ ജനിച്ചവരുടെ ആ രാജാധികാരം സിദ്ധിയ്ക്കുന്നതു എന്നായിരിയ്ക്കുമെന്നും, ആ അധികാരം പിന്നീട് ഭ്രംശിച്ചു പോകാതെ എന്നെന്നും നിലനിൽക്കുമോ

കർമ്മലഗ്നഗതപാകദശായാം
രാജലബ്ധിരഥവാ പ്രബലസ്യ
ശത്രുനീചഗൃഹയാതദശായാ-
ഞ്ഛിദ്രസംശ്രയദശാ പരികല്പ്യാ.

സാരം :-

മുകളിൽ കാണിച്ച യോഗങ്ങളിലേതെങ്കിലും ഒരു രാജയോഗത്തിൽ ജനിയ്ക്കുകയും, യോഗകർത്താക്കന്മാരിൽ ഒരു ഗ്രഹം ജാതകത്തിലെ ഉദയലഗ്നത്തിലോ ലഗ്നാൽ പത്താം ഭാവത്തിലോ നിൽക്കുകയും ചെയ്ക; എന്നാൽ ലഗ്നത്തിലോ പത്താം ഭാവത്തിലോ നിൽക്കുന്ന ആ ഗ്രഹത്തിന്റെ ദശാപഹാരം ഛിദ്രം മുതലായ കാലങ്ങളിലാണ് രാജാധിപത്യം സിദ്ധിയ്ക്കുക. ലഗ്നത്തിലോ പത്താം ഭാവത്തിലോ ഒന്നിലധികം യോഗകർത്തൃഗ്രഹങ്ങളുണ്ടെങ്കിൽ അവരിൽവെച്ചു ബലവാനായതിന്റെ ദശാദികാലങ്ങളിലാണ് ആധിപത്യം സിദ്ധിയ്ക്കുക എന്നും അറിക.

ലഗ്നത്തിലും പത്താം ഭാവത്തിലും യോഗകർത്താക്കന്മാർ ആരും ഇല്ലാതിരിയ്ക്കുകയോ ഉള്ളവർക്കു ബലം ഇല്ലാതിരിയ്ക്കയോ ചെയ്ക, വേറെ ബലവാനായ ഏതെങ്കിലും ഗ്രഹം അവിടങ്ങളിൽ ഉണ്ടായിരിയ്ക്കുകയും ചെയ്‌താൽ അവരിൽ അധികബാലവാന്റേയും അങ്ങനേയും ആരും ആ രണ്ടു ഭാവങ്ങളിലുമില്ലെങ്കിൽ ലഗ്നം കർമ്മം ഇവയുടെ അധിപന്മാരിൽ ബലം ഏറിയതിന്റെയും, അവരും വിബലന്മാരാണെങ്കിൽ ജന്മകാലത്തു എല്ലാറ്റിലും വെച്ചു ബലം അധികമുള്ളതിന്റേയും ദശാദികാലങ്ങളിലാണ് ആധിപത്യം സിദ്ധിയ്ക്കുക എന്നും വിചാരിയ്ക്കാം. കർമ്മം ലഗ്നം ഭാഗ്യം ഈ ഭാവാധിപന്മാർ ബലവാന്മാരും ഇഷ്ടസ്ഥന്മാരുമായാൽ മാത്രമേ രാജയോഗത്തിന്റെ ഫലമായ രാജാധിപത്യം സസുഖം സിദ്ധിയ്ക്കുകയുള്ളുവെന്നും പ്രത്യേകം ഓർക്കണം.

ജാതകത്തിൽ രാജയോഗലക്ഷണമില്ലെങ്കിലും ലഗ്നത്തിന്റേയും പത്താം ഭാവത്തിന്റെയും അധിപന്മാർ ആ ഭാവങ്ങളിൽ നിൽക്കുന്നവർ ഇവരിൽവെച്ച് ബലവാന്റെ ദശാദികാലങ്ങളിൽ സ്വഗൃഹത്തിലെ കാരണവസ്ഥാനവും കൈകാര്യകർത്തൃത്വവും സിദ്ധിയ്ക്കുമെന്നും പറയാവുന്നതാണ്.

"വിലഗ്നകർമ്മോപഗതഗ്രഹാണാം വിലഗ്നകർമ്മാധിപയോശ്ച തദ്വൽ
ദശാദികേഷു പ്രബലസ്യ ചൈഷാം മർത്ത്യഃ പ്രയായാൽ സ്വഗൃഹാധിപത്യം"

എന്നുണ്ട്

സാധാരണ യോഗങ്ങൾക്കുള്ളതുപോലെ രാജയോഗങ്ങൾക്കും ഭംഗം അപവാദം ഇത്യാദികളുണ്ട്. ഭംഗം എന്നുവെച്ചാൽ യോഗഫലം അനുഭവിയ്ക്കായ്കയും, അപവാദം എന്നുവെച്ചാൽ യോഗഫലം ശക്തി കുറഞ്ഞു അനുഭവിയ്ക്കയുമാകുന്നു. വിസ്തൃതങ്ങളായ ഗ്രന്ഥങ്ങളിൽ മാത്രമേ ആ വക വിഷയങ്ങളെ പറയുന്നുള്ളൂ. രാജയോഗങ്ങളെ സംബന്ധിച്ച് അതിന്റെ ഒരു സൂചന മാത്രമാണു ശ്ലോകത്തിന്റെ ബാക്കി അംശംകൊണ്ട് പറയുന്നത്.

യോഗകർത്താക്കന്മാരിൽ ചിലർ ശത്രുക്ഷേത്രത്തിലോ നീചത്തിലോ (മൌഢ്യമുണ്ടായാലും ഫലം ഇതുതന്നെയാണ്) നിൽക്കുന്നുണ്ടെങ്കിൽ അവരുടെ ദശാദികാലങ്ങളിൽ രാജാധിപത്യം നഷ്ടമാകയും ചെയ്യും. ഇങ്ങനെ ശത്രുക്ഷേത്രാദിസ്ഥിതി നിമിത്തം വിബലന്മാരായവരുടെ ദശാദികാലങ്ങളിൽ പൂർവ്വാവസ്ഥയിൽ നിന്നു ഭ്രംശം വരുമെന്നു തീർത്തും പറയാം. എന്നാൽ ആധിപത്യത്തിനു കുറേ ഭ്രംശം സംഭവിക്കുകയോ മുഴുവൻ തന്നെ നഷ്ടപ്പെടുകയോ മറ്റു ചില ആപത്തുകൾ കൂടി വേണ്ടിവരികയോ എന്തെല്ലാമാണു സംഭവിയ്ക്കുക എന്നും മറ്റുമുള്ള വിഭാഗം മേല്പറഞ്ഞവരുടേയും അവരുടെ ദ്രേക്കാണഹോരാദിഷഡ്വർഗ്ഗങ്ങളുടേയും ബലാദികളും കാലദേശാവസ്ഥാദികളും നല്ലപോലെ ആലോചിച്ചു പറയുകയും വേണം. 

രണ്ടു രാജയോഗങ്ങൾ!

മേഷൂരണായതനുഗാശ്ശശിമന്ദജീവാ
ജ്ഞാരൌ ധനേ സിതരവീ ഹിബുകേ നരേന്ദ്രഃ
വക്രാസിതൌ ശശിസുരേഡ്യസിതാർക്കസൌമ്യാ
ഹോരാസുഖാസ്തശുഭഖാപ്തിഗതാഃ പ്രജേശഃ

സാരം :-

1). ലഗ്നാൽ പത്താം ഭാവത്തിൽ ചന്ദ്രനും, പതിനൊന്നാം ഭാവത്തിൽ ശനിയും ലഗ്നത്തിൽ വ്യാഴവും അതിന്റെ രണ്ടാം ഭാവത്തിൽ കുജബുധന്മാരും നാലാം ഭാവത്തിൽ ആദിത്യശുക്രന്മാരും*.  2). ലഗ്നത്തിൽ കുജമന്ദന്മാരും ലഗ്നാൽ നാലാം ഭാവത്തിൽ  ചന്ദ്രനും ഏഴാം ഭാവത്തിൽ വ്യാഴവും ഒമ്പതാം ഭാവത്തിൽ ശുക്രനും പത്താം ഭാവത്തിൽ സൂര്യനും പതിനൊന്നാം ഭാവത്തിൽ ബുധനും നിൽക്കുക. ഈ രണ്ടു രാജയോഗങ്ങളിൽവെച്ച് ഒരു രാജയോഗത്തിൽ ജനിച്ചതു രാജപുത്രനാണെങ്കിൽ അയാൾ രാജാവായിത്തീരുന്നതാണ്. അന്യവംശജനാണെങ്കിൽ ധനികനും പ്രഭുവുമായിത്തീരുകയും ചെയ്യും.

മുകളിലെ രണ്ടു യോഗങ്ങളിൽ ഒന്നാമത്തേതിൽ ഇപ്പോഴത്തെ കരണപ്രകാരം അസംഭവമായ ഗ്രഹസ്ഥിതി ഉണ്ടാകയാൽ ആ യോഗത്തെ ഇതിനു താഴെ പറയും പ്രകാരം ചിലർ വ്യാഖ്യാനിച്ചു കാണുന്നുണ്ട്. ലഗ്നത്തിൽ വ്യാഴം പതിനൊന്നാം ഭാവത്തിൽ ശനി പത്താം ഭാവത്തിൽ ചന്ദ്രൻ ഇതിനുപുറമേ ലഗ്നാൽ രണ്ടാം ഭാവത്തിൽ കുജബുധന്മാരോ അല്ലെങ്കിൽ ലഗ്നാൽ നാലാം ഭാവത്തിൽ ആദിത്യശുക്രന്മാരോ നിൽക്കുക. ഇങ്ങനേയാണ് യോഗലക്ഷണമെന്നാണ് ഇവർ പറയുന്നത്/ 

--------------------------------------------------------------

* ആദിത്യശുക്രന്മാർ ഇത്ര അകന്നുവരുന്നതല്ല. ഇതിന്റെ സമാധാനം ഈ അദ്ധ്യായത്തിലെ നാലാം ശ്ലോകവ്യാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ട്.  

രണ്ടു യോഗങ്ങൾ!

വൃഷോദയേ മൂർത്തിധനാരിലാഭഗൈ-
ശ്ശശാംകജീവാർക്കിസിതൈർനൃപോƒപരഃ
സുഖേ ഗുരൌ ഖേ ശശിതീക്ഷ്‌ണദീധിതീ
യമോദയേ ലാഭഗതൈർനൃപോƒപരൈഃ

സാരം :-

1). ഇടവം രാശിയിൽ ചന്ദ്രനും മിഥുനം രാശിയിൽ വ്യാഴവും തുലാം രാശിയിൽ ശനിയും മീനം രാശിയിൽ ആദിത്യകുജബുധശുക്രന്മാരും നിൽക്കുമ്പോൾ ഇടവലഗ്നത്തിൽ ജനിയ്ക്കുക. 2). വ്യാഴം കന്നി രാശിയിലും ആദിത്യചന്ദ്രന്മാർ മീനം രാശിയിലും കുജബുധശുക്രമന്ദന്മാർ മേടം രാശിയിലും നിൽക്കുമ്പോൾ മിഥുനലഗ്നമായി ജനിയ്ക്കുക. ഈ രണ്ടു യോഗങ്ങളിൽവെച്ച് ഒന്നിൽ ഒരു രാജപുത്രനാണ്‌ ജനിച്ചതെങ്കിൽ അയാൾക്കു രാജ്യാധികാരം സിദ്ധിയ്ക്കുന്നതാണ്.

ഇവിടെ 'യമോദയേ" എന്നതിന്റെ അർത്ഥം മിഥുനലഗ്നം എന്നല്ലെന്നും യമോദയം ശനിയുടെ ലഗ്നസ്ഥിതി എന്നു അർത്ഥം കല്പിച്ചു ലഗ്നം ഏതു രാശിയായാലും വിരോധമില്ല ശനി ലഗ്നത്തിലുണ്ടാവേണമെന്നാണു താൽപര്യമെന്നും ഒരു അഭിപ്രായമുണ്ട്. ലഗ്നത്തിൽ, ശനിയും നാലാം ഭാവത്തിൽ വ്യാഴവും പത്താം ഭാവത്തിൽ ആദിത്യചന്ദ്രന്മാരും, പതിനൊന്നാം ഭാവത്തിൽ കുജബുധശുക്രന്മാരും നിൽക്കണമെന്നാണ് ഇവരുടെ അഭിപ്രായം.

ധനവാനായിട്ടും ഭവിക്കും

സൌമ്യേ വീര്യയുതേ തനുസംസ്ഥേ
വീര്യാഢ്യേ ച ശുഭേ സുഖയാതേ
ധർമ്മാർത്ഥോപ ചയേഷ്വവശേഷൈർ-
ദ്ധർമ്മാത്മാ നൃപജഃ പൃഥിവീശഃ

സാരം :-

ലഗ്നം ഏതു രാശിയായാലും വേണ്ടതില്ല. ലഗ്നത്തിൽ എല്ലാ വിധത്തിലും ബലസമ്പൂർണ്ണനായ ബുധനും, ഒമ്പതാം ഭാവത്തിൽ ബലവാനായ ഒരു ശുഭഗ്രഹവും, ലഗ്നാൽ 8 - 2 - 3 - 6 - 10 - 11 എന്നീ ഭാവങ്ങളിൽ മറ്റെല്ലാ ഗ്രഹങ്ങളും നിൽക്കുമ്പോൾ ജനിച്ചതു രാജപുത്രനാണെങ്കിൽ അയാൾ ധർമ്മശ്രദ്ധയോടുകൂടിയ രാജാവായിത്തീരും. അന്യവംശത്തിൽ ജനിച്ചവനാകുന്നു എങ്കിൽ ധർമ്മശ്രദ്ധയോടുകൂടിയ അയാൾ ധനവാനായിട്ടും ഭവിക്കും.

ധനികനായിത്തീരും

സ്വർക്ഷേ ശുക്രേ പാതാളസ്ഥേ
ധർമ്മസ്ഥാനം പ്രാപ്തേ ചന്ദ്രേ
ദുശ്ചിൽക്കാംഗപ്രാപ്തിപ്രാപ്തൈ-
ശ്ശേഷൈർജ്ജാതഃ സ്വാമീഃ ഭൂമേഃ

സാരം :-

ലഗ്നം കുംഭമോ കർക്കടകമോ ആവുക, ആ ലഗ്നത്തിൽ നിന്നു നാലാം ഭാവത്തിൽ ശുക്രനും ഒമ്പതാം ഭാവത്തിൽ ചന്ദ്രനും ലഗ്നം 3 - 11 എന്നീ ഭാവങ്ങളിൽ മറ്റു ഗ്രഹങ്ങളൊക്കയും നിൽക്കുക. ഈ യോഗത്തിൽ ജനിച്ചതു രാജപുത്രനാണെങ്കിൽ രാജാവായിത്തീരും. രാജപുത്രനല്ലെങ്കിൽ ധനികനായിത്തീരുകയേ ഉള്ളൂ. 

രാജാധിപത്യം സിദ്ധിയ്ക്കും

ലേഖാസ്ഥേƒർക്കേƒജേന്ദൌ ലഗ്നേ
ഭൌമേ സ്വോച്ചേ കുംഭേ മന്ദേ
ചാപം പ്രാപ്തേ ജീവേ രാജ്ഞഃ
പുത്രം വിദ്യാൽ പൃത്ഥ്വീപാലം.

സാരം :-

മേടം രാശിയിൽ ചന്ദ്രനും മകരം രാശിയിൽ ചൊവ്വയും കുംഭം രാശിയിൽ ശനിയും ധനു രാശിയിൽ വ്യാഴവും നിൽകുമ്പോൾ മേടമാസത്തിൽ അർദ്ധോദയസമയത്തു ജനിയ്ക്കുക - സൂര്യന്റേയും ഉദയലഗ്നത്തിന്റേയും സ്ഫുടങ്ങൾ ഒരു പോലെ ഇരിയ്ക്കണം - ഈ യോഗം ഒരു രാജപുത്രന്റെ ജന്മസമയത്താണെങ്കിൽ അയാൾക്കു രാജാധിപത്യം സിദ്ധിയ്ക്കും.

ധനികനും പ്രഭുവുമായിത്തീരുന്നതാണ്

സ്വോച്ചസ്വഗൃഹത്രികോണസംസ്ഥൈ-
സ്ത്യാദ്യൈർഭൂപതിവംശജാ നരേന്ദ്രാഃ
പഞ്ചാദിഭിരന്യവംശജാതാ
ഹീനൈർവ്വിത്തയുതാ ന ഭൂമിപാഃ സ്യുഃ

സാരം :-

സ്ഥാനദിക്കാലചേഷ്ടാദി എല്ലാ ബലങ്ങളും ഒരു വിധം ഉള്ളവരും, തന്റെ ഉച്ചം മൂലത്രികോണം ഇവയിലൊന്നിൽ നിൽക്കുന്നവരുമായ ഒന്നോ രണ്ടോ ഗ്രഹങ്ങൾ ഒരു രാജപുത്രന്റെ ജനനസമയത്തുണ്ടായാൽ അയാൾ വലിയ ധനികനും പ്രഭുവുമായിത്തീരുന്നതാണ്. അല്ലാതെ അയാൾക്ക്‌ രാജാധികാരം സിദ്ധിയ്ക്കുകയില്ല. ജന്മസമയത്ത് അത്തരം മൂന്നോ നാലോ ഗ്രഹങ്ങളുണ്ടെങ്കിൽ അയാൾ രാജവംശജാതനല്ലാത്ത ഒരാളുടെ ജന്മസമയത്താണ് ഈ യോഗമെങ്കിൽ അയാൾ വലിയ ധനവാനും പ്രഭുവായിത്തീരുകയും ചെയ്യും. ഇത്തരം അഞ്ചോ ആറോ ഏഴോ ഗ്രഹങ്ങളാണ് ഒരുവന്റെ ജനനസമയത്തുള്ളതെങ്കിൽ അയാൾ എത്ര തന്നെ നികൃഷ്ടനായിരുന്നാലും രാജാധികാരം സിദ്ധിയ്ക്കാതിരിയ്ക്കയുമില്ല.

രാജയോഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ

അപി ഖലകുലജാതാ മാനവാ രാജ്യഭാജഃ
കിമുത നൃപകുലോത്ഥാഃ പ്രോക്തഭൂപാലയോഗൈഃ
നൃപതികുലസമുത്ഥാഃ പാർത്ഥിവാ വക്ഷ്യമാണൈ-
ഭവതി നൃപതിതുല്യസ്തേഷ്വഭൂപാലപുത്രഃ

സാരം :-

രണ്ടാം ശ്ലോകം തുടങ്ങി ഇതുവരെ പറഞ്ഞ 73 രാജയോഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ ജനിച്ചാൽ അയാൾ കുലം ഐശ്വര്യം മുതലായവയിൽ എത്രതന്നെ നികൃഷ്ടനായിരുന്നാലും യഥാകാലം രാജാധികാരം ലഭിയ്ക്കാതിരിയ്ക്കയില്ല. രാജവംശത്തിൽ ജനിച്ചവരുടെ കഥ പിന്നെ പറയേണ്ടതുമില്ലല്ലോ. എന്നാൽ ഈ അദ്ധ്യായത്തിൽ ഇനി പറയാൻ പോകുന്ന രാജയോഗങ്ങളിലൊന്നിലാണ് ഒരാളുടെ ജനനമെങ്കിൽ. അയാൾ രാജവംശത്തിൽ പെട്ടവനാണെങ്കിൽ മാത്രമേ രാജാധികാരം സിദ്ധിയ്ക്കയുള്ളു. അല്ലെങ്കിൽ അയാൾ ധനം മുതലായ അവസ്ഥകളാൽ രാജ്യതുല്യനായിത്തീരുകയേ ഉള്ളൂ. 

രാജയോഗമാണ്

ഉച്ചസംസ്ഥേ ബുധേ ലഗ്നേ ഭൃഗൌ മേഷൂരണാശ്രിതേ
സജീവേƒസ്തേ നിശാനാഥേ രാജമന്ദാരയോസ്സുതേ.

സാരം :-

കന്നി ലഗ്നത്തിൽ ബുധനും മിഥുനം രാശിയിൽ ശുക്രനും മീനം രാശിയിൽ വ്യാഴവും ചന്ദ്രനും, മകരം രാശിയിൽ ശനിയും ചൊവ്വയും നിന്നാൽ രാജയോഗമാണ്.

യശസ്വിയായ രാജാവായിത്തീരും

മൃഗമുഖേƒർക്കതനയസ്തനുസംസ്ഥഃ
ക്രിയകുളീരഹരയോധിപയുക്താഃ
മിഥുനതൌലിസഹിതൌ ബുധശുക്രൌ
യദി തതഃ പൃഥുയശാഃ പൃഥിവീശഃ

സാരം :-

മകരം രാശിയിൽ ശനിയും, മേടം രാശിയിൽ ചൊവ്വയും, കർക്കിടകം രാശിയിൽ ചന്ദ്രനും, ചിങ്ങം രാശിയിൽ സൂര്യനും, മിഥുനം രാശിയിൽ ബുധനും, തുലാം രാശിയിൽ ശുക്രനും നിൽക്കുമ്പോൾ മകരലഗ്നമായി ജനിച്ചവൻ വലിയ യശസ്വിയായ രാജാവായിത്തീരും.

ബുധൻ മിഥുനം രാശിയിലും, ശുക്രൻ തുലാം രാശിയിലും നിൽക്കണമെന്നു പറഞ്ഞിട്ടുള്ളതു ഇന്നത്തെ കരണപ്രകാരം അസംഭവമാണ്. ഇതിന്റെ ന്യായവും ഈ അദ്ധ്യായത്തിലെ നാലാം ശ്ലോകവ്യാഖ്യാനത്തിൽ പറഞ്ഞതാകുന്നു.

വിവരണവ്യാഖ്യാതാവട്ടെ ബുധശുക്രന്മാർ പരസ്പരം പഞ്ചമനവമങ്ങളിൽ വരായ്കയാൽ ഈ ശ്ലോകംകൊണ്ടു രണ്ടു യോഗമാക്കി പറഞ്ഞിരിയ്ക്കുന്നു. 1). മകരലഗ്നത്തിൽ ശനി, മേടം രാശിയിൽ ചൊവ്വ, കർക്കിടകം രാശിയിൽ ചന്ദ്രൻ, ചിങ്ങം രാശിയിൽ സൂര്യൻ. 2). ശനി മകരലഗ്നത്തിലും, മിഥുനം രാശിയിലോ തുലാം രാശിയിലോ ബുധശുക്രന്മാരും നിൽക്കുക, ഇങ്ങനെയാണ് അത്. മറ്റു ചില വ്യാഖ്യാതാക്കന്മാർ "മിഥുനതൌലി സഹിതൌ" എന്ന ദിക്കിൽ "യുവതി തൌലി സഹിതൌ" എന്നു പാഠഭേദം വരുത്തി ബുധൻ കന്നി രാശിയിൽ നിൽക്കുകയായി എന്നു അർത്ഥം പറയുകയും ചെയ്യുന്നുണ്ട്. ഗ്രന്ഥകർത്താവിന്റെ അഭിപ്രായം ആദ്യം പറഞ്ഞതുതന്നെയാണെന്നും തോന്നുന്നുണ്ട്.

പരാക്രമശാലിയായ ഒരു രാജാവാകുന്നതാണ്

കർക്കിണി ലഗ്നേ തൽസ്ഥേ ജീവേ
ചന്ദ്രസിതജ്ഞൈരായ പ്രാപ്തൈഃ
മേഷഗതേƒർക്കേ ജാതം വിദ്യാ-
ദ്വിക്രമയുക്തം പൃഥിവീപാലം.

സാരം :-

കർക്കിടകം രാശിയിൽ വ്യാഴവും, ഇടവം രാശിയിൽ ചന്ദ്രബുധശുക്രന്മാരും, മേടം രാശിയിൽ സൂര്യനും നിൽക്കുന്ന സമയത്തു കർക്കിടകം ലഗ്നമായി ജനിച്ചവൻ അത്യന്തം പരാക്രമശാലിയായ ഒരു രാജാവാകുന്നതാണ്.

മൂന്നു രാജയോഗങ്ങൾ!!

ഝഷേ സേന്ദൌ ലഗ്നേ ഘടമൃഗമൃഗേന്ദ്രേഷു സഹിതൈ-
ര്യമാരാർക്കൈര്യോഭൂൽ സ ഖലു മനുജഃ ശാസ്തി വസുധാം
അജേ സാരേ മൂർത്തൌ ശശിഗ്രഹഗതേ ചാമരഗുരൌ
സുരേഡ്യേ വാ ലഗ്നേ ധരണിപതിരന്യോപി ഗുണവാൻ

സാരം :-

1). മീനം രാശിയിൽ ചന്ദ്രനും, കുംഭം രാശിയിൽ ശനിയും, മകരം രാശിയിൽ ചൊവ്വയും, ചിങ്ങം രാശിയിൽ സൂര്യനും നിൽക്കുമ്പോൾ മീനലഗ്നത്തിൽ ജനിയ്ക്കുക; എന്നാൽ നിർവ്വിവാദമായും രാജാവാകുന്നതാണ്.

2). കർക്കടകം രാശിയിൽ വ്യാഴവും, മേടലഗ്നത്തിൽ ചൊവ്വയും നിൽക്കുക; 3). മേടം രാശിയിൽ ചൊവ്വയും, കർക്കടകം രാശിയിൽ വ്യാഴവും നിൽക്കുമ്പോൾ കർക്കടകലഗ്നമായി ജനിയ്ക്കുക; മേൽപ്പറഞ്ഞ രണ്ടു യോഗജാതന്മാരും ഗുണവാന്മാരുമായ രാജാക്കന്മാരായിത്തീരും.

മൂന്നു രാജയോഗങ്ങൾ!

ഹയേ സേന്ദൌ ജീവേ മൃഗമുഖഗതേ ഭൂമിതനയേ
സ്വതുംഗസ്ഥൌ ലഗ്നേ ഭൃഗുജശശിജാവത്ര നൃപതീ
സുതസ്ഥൌ വക്രാർക്കീ ഗുരുശശിസിതാശ്ചാപി ഹിബുകേ
ബുധേ കന്യാലഗ്നേ ഭവതി ഹി നൃപോƒന്യോപി ഗുണവാൻ.

സാരം :-

1). ധനു രാശിയിൽ വ്യാഴവും ചന്ദ്രനും നിൽക്കുകയും, മകരം രാശിയിൽ ചൊവ്വ നിൽക്കുകയും, മീനലഗ്നത്തിൽ ശുക്രനും നില്ക്കുക 2). മകരം രാശിയിൽ ചൊവ്വ നിൽക്കുകയും ധനു രാശിയിൽ ചന്ദ്രനും വ്യാഴവും നിൽക്കുകയും, കന്നി ലഗ്നത്തിൽ ബുധനും നിൽക്കുക 3). ധനു രാശിയിൽ വ്യാഴവും ശുക്രനും നിൽക്കുകയും, മകരം രാശിയിൽ ചൊവ്വയും ശനിയും നിൽക്കുകയും, കന്നി ലഗ്നത്തിൽ ബുധനും നിൽക്കുക. ഈ മൂന്നു യോഗങ്ങളിൽ ജനിച്ചാലും ഗുണവാന്മാരായ രാജാക്കന്മാരാവാതിരിയ്ക്കയില്ല. 

രണ്ടു രാജയോഗങ്ങൾ

വൃഷേ സേന്ദൌ ലഗ്നേ സവിതൃഗുരുതീക്ഷ്‌ണാംശുതനയൈ-
സ്സുഹൃജ്ജായാഖസ്ഥൈർഭവതി നിയമാന്മാനവപതിഃ
മൃഗേ മന്ദേ ലഗ്നേ സഹജരിപുധർമ്മവ്യയഗതൈ-
ശ്ശശാങ്കാദ്യൈർജ്ജാതഃ പൃഥുഗുണയശാഃ പുംഗലപതിഃ

സാരം :-

1). ഇടവം ലഗ്നമാവുക, അതിൽ ചന്ദ്രനും ചിങ്ങം രാശിയിൽ സൂര്യനും വൃശ്ചികം രാശിയിൽ വ്യാഴവും കുംഭം രാശിയിൽ സൂര്യനും നിൽക്കുക. ഈ രാജയോഗത്തിൽ ജനിച്ചവൻ തീർച്ചയായും രാജാവായിത്തീരും. 

2). മകരലഗ്നത്തിൽ ശനിയും, മീനം രാശിയിൽ ചന്ദ്രനും, മിഥുനം രാശിയിൽ ചൊവ്വയും, കന്നി രാശിയിൽ ബുധനും, ധനു രാശിയിൽ വ്യാഴവും ഉണ്ടാവുക; ഈ യോഗജാതൻ വലിയ ഗുണവാനും യശസ്വിയുമായ രാജാവായി ഭാവിയ്ക്കും. 

മൂന്നു രാജയോഗങ്ങൾ

കുജേ തുംഗേർക്കേന്ദ്വോർദ്ധനുഷി യമലഗ്നേ ച കുപതിഃ
പതിർഭൂമേശ്ചാന്യഃ ക്ഷിതിസുതവിലഗ്നേ സശശിനി
സചന്ദ്രേ സൌരേസ്തേ സുരപതിഗുരൌ ചാപധരഗേ
സ്വതുംഗസ്ഥേ ഭാനാവുദയമുപയാതേ ക്ഷിതിപതിഃ

സാരം :-

1). ചൊവ്വ മകരം രാശിയിലും സൂര്യചന്ദ്രന്മാർ ധനു രാശിയിലും ലഗ്നത്തിൽ (ഇവിടെ ലഗ്നം ഇന്ന രാശിയാവണമെന്നില്ല) ശനിയും നിൽക്കുക. ഇതു ഒരു രാജയോഗമാകുന്നു. ഇവിടെ "യമലഗ്നേ" എന്നതിനു മുകളിൽ കാണിച്ചപോലെ ലഗ്നത്തിൽ ശനി നിൽക്കുക എന്നല്ല അർത്ഥമെന്നും, ലഗ്നം മിഥുനം രാശിയാവുകയാണെന്നും ഒരു അഭിപ്രായമുണ്ട്. 2). മകരം രാശി ലഗ്നമാവുക, അവിടെ ചന്ദ്രകുജന്മാരും ധനു രാശിയിൽ സൂര്യനും നിൽക്കുക. 3). മേടലഗ്നത്തിൽ സൂര്യനും തുലാം രാശിയിൽ ചന്ദ്രനും ശനിയും, ധനു രാശിയിൽ വ്യാഴവും നിൽക്കുക, ഇങ്ങനെയാണു ഈ ശ്ലോകംകൊണ്ടു മൂന്നു രാജയോഗങ്ങളെ കല്പിച്ചിരിയ്ക്കുന്നത്. 

അഞ്ച് രാജയോഗങ്ങൾ

യമേ കുംഭേർക്കേജേ ശശിനി ഗവി തൈരേവ തനുഗൈർ-
നൃയുക്സിംഹാളിസ്ഥൈശ്ശശിജഗുരുവക്രൈർനൃപതയഃ
യമേന്ദുതുംഗേംഗേ സവിതൃശശിജൌ ഷഷ്ഠഭവനേ
തുലാജേന്ദുക്ഷേത്രൈസ്സസിതകുജജീവൈശ്ച നരപൌ.

സാരം :-

ശനി കുംഭം രാശിയിലും സൂര്യൻ മേടം രാശിയിലും ചന്ദ്രൻ ഇടവം രാശിയിലും ബുധൻ മിഥുനം രാശിയിലും വ്യാഴം ചിങ്ങം രാശിയിലും ചൊവ്വ വൃശ്ചികം രാശിയിലും നിൽക്കുക; ഇങ്ങനെ ഗ്രഹസ്ഥിതിയുള്ളപ്പോൾ 1). കുംഭം ലഗ്നം 2). മേടം ലഗ്നം 3). ഇടവം ലഗ്നം ഇങ്ങനെ ലഗ്നഭേദേന മൂന്നു രാജയോഗങ്ങളെ കല്പിയ്ക്കാവുന്നതാണ്.

എന്നാൽ ഇപ്പോഴത്തെ കരണങ്ങൾ പ്രകാരം സൂര്യനിൽ നിന്ന് മൂന്നാം രാശിയിൽ ബുധൻ വരുന്നതല്ലാത്തതിനാൽ. 1). കുംഭലഗ്നത്തിൽ ശനി മിഥുനം രാശിയിൽ ബുധൻ, 2). മേടലഗ്നത്തിൽ സൂര്യൻ ചിങ്ങം രാശിയിൽ വ്യാഴം, 3). ഇടവലഗ്നത്തിൽ ചന്ദ്രൻ വൃശ്ചികം രാശിയിൽ ചൊവ്വ ഇങ്ങനെയാണ് യോഗങ്ങളെ കല്പിയ്ക്കേണ്ടതെന്നും ഒരു അഭിപ്രായമുണ്ട്. ഇപ്പോഴത്തെ കരണപ്രകാരം അസംഭവമായ ഗ്രഹസ്ഥിതികളെക്കല്പിച്ച് നാഭസയോഗാദ്ധ്യായാദി മറ്റു പലേടത്തും യോഗനിർദ്ദേശം ചെയ്തിട്ടുള്ളതുകൊണ്ട് ഗ്രന്ഥകർത്താവിന്റെ അഭിപ്രായം ആദ്യം പറഞ്ഞതുതന്നെയാണെന്നും തോന്നുന്നുണ്ട്. എന്നാൽ ഇങ്ങനെ ഇപ്പോൾ അസംഭവങ്ങളായ ഗ്രഹസ്ഥിതികളെക്കൊണ്ടു യോഗം കല്പിച്ചതിന്റെ കാരണത്തെ അടുത്ത അദ്ധ്യായത്തിലെ ആറാം ശോകവ്യാഖ്യാനത്തിൽ വിവരിക്കുന്നതുമുണ്ട്.

ശനി തുലാം രാശിയിലും ചന്ദ്രൻ ഇടവം രാശിയിലും സൂര്യബുധന്മാർ കന്നി രാശിയിലും ശുക്രൻ തുലാം രാശിയിലും ചൊവ്വ മേടം രാശിയിലും വ്യാഴം കർക്കടകം രാശിയിലും നിൽക്കുമ്പോൾ 1). തുലാം ലഗ്നമായാൽ 2). ഇടവം ലഗ്നമായാൽ ഇങ്ങനെ ലഗ്നഭേദേന രണ്ടു രാജയോഗങ്ങളെ കല്പിയ്ക്കേണ്ടതുമാണ്.  

22 രാജയോഗങ്ങൾ

വർഗ്ഗോത്തമഗതേ ലഗ്നേ ചന്ദ്രേ വാ ചന്ദ്രവർജ്ജിതൈഃ
ചതുരാദ്യൈർഗ്രഹൈർദൃഷ്‌ടേ നൃപാ ദ്വാവിംശതിഃ സ്മൃതാഃ

സാരം :-

ഉദയലഗ്നമോ ചന്ദ്രനോ ഒന്ന് വർഗ്ഗോത്തമാംശകത്തിൽ നിൽക്കുക, അതിനെ നാലോ അഞ്ചോ ആറോ ഗ്രഹങ്ങൾ പൂർണ്ണദൃഷ്ടിയോടെ നോക്കുകയും ചെയ്ക, എന്നാൽ 22 വിധത്തിലുള്ള രാജയോഗങ്ങൾ ഉണ്ടാകുന്നതാണ്‌. മേൽപ്പറഞ്ഞവിധം ലഗ്നത്തിൽ നിന്നും ചന്ദ്രനിൽ നിന്നും വെവ്വേറെ ഇരുപത്തിരണ്ടീത യോഗമായി ഈ ശ്ലോകംകൊണ്ടു ആകെ 44 രാജയോഗങ്ങളെ കല്പിയ്ക്കാമെന്നും ഒരു അഭിപ്രായമുണ്ട്. ഇവിടേയും യോഗങ്ങളിലെ ദ്രഷ്ടാക്കന്മാരല്ലാത്ത ഗ്രഹങ്ങളുടെ സ്ഥിതി എവിടെ ആയാലും വിരോധമില്ലെന്നറിക.

ഈ 22 യോലക്ഷണങ്ങളും ക്ഷണത്തിൽ മനസ്സിലാക്കുവാൻ വേണ്ടി ഒരു പട്ടികയായി താഴെ കാണിയ്ക്കാം. ലഗ്നചന്ദ്രന്മാരിൽ ഏതിനെക്കൊണ്ടാണോ യോഗം കല്പിയ്ക്കുന്നത് അതു എപ്പോഴും വർഗ്ഗോത്തമാംശകമായിരിയ്ക്കണമെന്നു പ്രത്യേകം ധരിയ്ക്കയും വേണം.

  നമ്പർ  ലഗ്നത്തെ നോക്കുന്ന ഗ്രഹങ്ങൾ 
  1.               ര   കു     ബു     ഗു 
  2.               ര   കു      ബു    ശു 
  3.               ര   കു      ബു    മ 
  4.               ര   കു      ഗു     ശു 
  5.               ര   കു      ഗു     മ 
  6.               ര   കു      ഗു     മ 
  7.               ര   ബു    ഗു     ശു 
  8.               ര   ബു    ഗു     മ 
  9.               ര   ബു    ശു    മ 
  10.               ര   ഗു     ശു    മ 
  11.              കു   ബു   ബു    ശു 
  12.              കു   ബു   ഗു     ശു 
  13.              കു   ബു   ശു    മ 
  14.              കു   ഗു    ശു    മ 
  15.              ബു  ഗു    ശു    മ 
  16.              ര    കു    ബു    ഗു   ശു 
  17.              ര    കു    ബു    ഗു   മ 
  18.              ര    കു    ബു    ഗു   മ 
  19.              ര    കു    ഗു     ശു   മ 
  20.              ര    ബു   ഗു     ശു   മ 
  21.              കു   ബു   ഗു     ശു   മ 
  22.              ര    കു    ബു   ഗു    ശു    മ 

32 രാജയോഗങ്ങൾ

വക്രാർക്കജാർക്കഗുരുഭിസ്സകലൈസ്ത്രിഭിശ്ച
സ്വോച്ചേഷു ഷോഡശ നൃപാഃ കഥിതൈകലഗ്നേ
ദ്വ്യേകാശ്രിതേഷു ച തദേകതമേ വിലഗ്നേ
സ്വക്ഷേത്രഗേ ശശിനി ഷോഡശ ഭൂമിപാഃ സ്യുഃ

സാരം :-

ചൊവ്വ, ശനി, സൂര്യൻ, വ്യാഴം എന്നിവരിൽ നാലോ മൂന്നോ ഗ്രഹങ്ങൾ ഉച്ചത്തിൽ നിൽക്കുക; അവരിൽ ഒന്നു ലഗ്നത്തിലാവുകയും ചെയ്ക; എന്നാൽ 16 രാജയോഗങ്ങൾ ഉണ്ടാകുന്നതാണ്. മേൽപ്പറഞ്ഞ കുജാദികളൊഴികെ മറ്റു ഗ്രഹങ്ങൾ എവിടെ നിന്നാലും വിരോധമില്ലെന്നും അറിക.

ചന്ദ്രൻ കർക്കടകത്തിൽ നിൽക്കുക, മേൽപ്പറഞ്ഞ കുജാദി നാലു പേരിൽ ഒന്നോ രണ്ടോ ഗ്രഹങ്ങൾ ഉച്ചസ്ഥന്മാരാവുക, ഈ ഉച്ചത്തിലുള്ളവരിൽ ഒന്നു ലഗ്നത്തിൽ നിൽക്കുകയും ചെയ്ക; ഇങ്ങനെ വന്നാലും 16 രാജയോഗങ്ങൾ സംഭവിയ്ക്കുന്നതാണ്. ഈ പറഞ്ഞ 16 രാജയോഗങ്ങളിലും മറ്റു ഗ്രഹങ്ങൾ എവിടെ നിന്നാലും വിരോധമില്ല.

എളുപ്പത്തിൽ രാജയോഗലക്ഷണത്തെ മനസ്സിലാക്കുവാൻ വേണ്ടി മേൽപ്പറഞ്ഞ 32 യോഗങ്ങളിലേയും ലഗ്നം ഗ്രഹസ്ഥിതി ഇതുകളെ താഴെ കാണിക്കുന്നു.

പൂർവ്വാർദ്ധംകൊണ്ടു പറഞ്ഞ രാജയോഗങ്ങൾ

നമ്പർ   ഉച്ചസ്ഥഗ്രഹങ്ങൾ  ലഗ്നം 
  1.       ര ഗു മ കു                മേടം 
  2.       ര ഗു മ കു                കർക്കടകം 
  3.       ര ഗു മ കു                തുലാം 
  4.       ര ഗു മ കു                മകരം
  5.       ര ഗു മ                     മേടം 
  6.       ര ഗു മ                     കർക്കടകം 
  7.       ര ഗു മ                     തുലാം 
  8.       ര ഗു കു                    മേടം 
  9.       ര ഗു കു                   കർക്കടകം 
  10.       ര ഗു കു                   മകരം
  11.       ര മ  കു                   മേടം 
  12.       ര മ  കു                   തുലാം 
  13.       ര മ  കു                   മകരം
  14.       ഗു മ കു                   കർക്കടകം
  15.       ഗു മ കു                   തുലാം
  16.       ഗു മ കു                   മകരം
***********************************************

ഉത്തരാർദ്ധംകൊണ്ടു പറഞ്ഞ രാജയോഗങ്ങൾ

  നമ്പർ  ഉച്ചസ്ഥഗ്രഹങ്ങൾ    ചന്ദ്രൻ         ലഗ്നം 
  1.             ര ഗു                     കർക്കടകം     മേടം 
  2.             ര ഗു                     കർക്കടകം     കർക്കടകം
  3.             ര മ                      കർക്കടകം     മേടം 
  4.             ര മ                      കർക്കടകം     തുലാം 
  5.             ര കു                     കർക്കടകം     മേടം 
  6.             ര കു                     കർക്കടകം     മകരം 
  7.             ഗു  മ                    കർക്കടകം     കർക്കടകം
  8.             ഗു  മ                    കർക്കടകം     തുലാം 
  9.             ഗു കു                    കർക്കടകം     കർക്കടകം
  10.             ഗു കു                    കർക്കടകം     മകരം 
  11.             മ കു                     കർക്കടകം     തുലാം 
  12.             ര കു                     കർക്കടകം     മകരം 
  13.             ര കു                     കർക്കടകം     മേടം 
  14.             ഗു കു                    കർക്കടകം     കർക്കടകം
  15.             മ കു                     കർക്കടകം     തുലാം 
  16.             കു കു                    കർക്കടകം     മകരം 

പാപഗ്രഹങ്ങൾ മാത്രം യോഗകർത്താക്കന്മാരായ രാജയോഗങ്ങളെക്കുറിച്ച് യവനാചാര്യരുടേയും ജീവശർമ്മാവിന്റേയും അഭിപ്രായത്തെ പറയുന്നു.

പ്രാഹുര്യവനാഃ സ്വതുംഗഗൈഃ-
ക്രൂരൈഃ ക്രൂരമതിർമ്മഹീപതിഃ
ക്രൂരൈസ്തു ന ജീവശർമ്മണഃ
പക്ഷേ ക്ഷിത്യധിപഃ പ്രജായതേ.

സാരം :-

ഈ അദ്ധ്യായത്തിൽ പറയാൻ പോകുന്ന രാജയോഗങ്ങളിൽ ചിലതു ഉച്ചസ്ഥന്മാരായ പാപന്മാരെക്കൊണ്ടു മാത്രവും ചിലതു അങ്ങനെയുള്ള ശുഭന്മാരെക്കൊണ്ടുമാത്രവുമായിട്ടുണ്ട്.അവയിൽ "കേവലം പപന്മാരെക്കൊണ്ടു മാത്രമുള്ള യോഗങ്ങളിൽ ജനിച്ച രാജാക്കന്മാർ ക്രൂരസ്വഭാവമുള്ളവരായിരിയ്ക്കു" മെന്നാണ് യവനാചാര്യർ പറയുന്നത്.

പാപഗ്രഹങ്ങൾ പാപകർമ്മത്തിന്റെ ഫലാനുഭവത്തെ സൂചിപ്പിയ്ക്കുന്നവരാകുന്നു. സകലജനവന്ദ്യത്വം മുതലായ അവസ്ഥകളാൽ രാജത്വമെന്നതു പുണ്യകർമ്മഫലത്തിന്റെ അനുഭവവുമാകുന്നു. അതിനാൽ കേവലം പാപഗ്രഹങ്ങൾ മാത്രം യോഗകർത്താക്കന്മാരായ രാജയോഗങ്ങളിൽ ജനിച്ചവർ വലിയ ധനവാന്മാരും അഥവാ രാജതുല്യന്മാരും ആവുകയേ ഉള്ളൂ. അല്ലാതെ ഇങ്ങനെയുള്ളവർക്കു രാജ്യാധികാരം സിദ്ധിക്കയില്ല. ഇതാണ് ജീവശർമ്മാവ് എന്ന ആചാര്യന്റെ അഭിപ്രായം. ഗ്രന്ഥകർത്താവിനു ജീവശർമ്മാവിന്റെ അഭിപ്രായം അത്ര സമ്മതമല്ലെന്നു രാജയോഗ അദ്ധ്യായത്തിൽ സ്പഷ്ടമാകയും ചെയ്യും. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.