ഭക്തന്റെ സങ്കൽപ്പം സാക്ഷാൽകരിക്കുന്നു

വില്വമംഗലത്തിന്റെ ഭൃത്യന്മാരിൽ അല്പം മന്ദബുദ്ധിയും പാമരനുമായ ഒരുവനുണ്ടായിരുന്നു; കോന്തുണ്ണി. സ്വാമിയാരുടെ കൂടെ നടന്ന് കോന്തുണ്ണിക്കും ഭഗവാനെ ഭജിക്കണമെന്ന് ആഗ്രഹം മനസ്സിലുദിച്ചു. എങ്ങനെയാണ്, ഏതു രൂപത്തിലാണ്, ഗുരുവായൂരപ്പനെ ഭജിക്കേണ്ടതെന്ന് പാവം കോന്തുണ്ണിക്ക് അറിയില്ലായിരുന്നു. ഒരിക്കൽ വില്വമംഗലം സ്വാമിയാർ ഏകാന്തതയിൽ വിശ്രമിച്ചിരുന്ന സമയത്ത് വളരെ സങ്കോചത്തോടെ കോന്തുണ്ണി അദ്ദേഹത്തിന്റെ മുമ്പിൽ ചെന്ന്, പഞ്ചപുച്ഛമടക്കിക്കൊണ്ടു നിന്നു. ഭൃത്യന്റെ ഭാവവും അപേക്ഷ വഴിയുന്ന നോട്ടവും കണ്ട് സഹതാപത്തോടെ സ്വാമിയാർ ചോദിച്ചു. "എന്താ കോന്തുണ്ണിക്കു വേണ്ടത്? ". കോന്തുണ്ണി പറഞ്ഞു. "അടിയനൊരു സംശയം; അങ്ങയോടല്ലാതെ അടിയൻ ആരോടാണ് അത് ചോദിക്കുക? '. സ്വാമിയാർ ആശ്ചര്യപ്പെട്ടു. നിരക്ഷരനും മന്ദബുദ്ധിയുമായ തന്റെ ഭൃത്യന് ഒരു സംശയമോ?. അദ്ദേഹത്തിന് രസം പിടിച്ചു. " ആകട്ടെ എന്താച്ചാൽ പറയൂ. നമുക്കറിയാമെങ്കിൽ പറഞ്ഞുതരാം ". കോന്തുണ്ണിക്കു സന്തോഷമായി. അയാൾ പറഞ്ഞു. "അടിയന് ഗുരുവായൂരപ്പനെ ഭജിക്കണമെന്നാഗ്രഹമുണ്ട്. ഏതു രൂപത്തിലാണ് ഗുരുവായൂരപ്പനെ മനസ്സിൽ നിരിക്കേണ്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല ". സ്വാമിയാർ ഫലിത രൂപത്തിൽ പറഞ്ഞു. " ഓ ! ഇത്രേയുള്ളു. സംശയമെന്താ. ചട്ടിയെരുമയെ കണ്ടിട്ടില്ലേ. ആ രൂപത്തിൽ മനസ്സിൽ വിചാരിച്ചാൽ മതി ". ഒരു നിധി കിട്ടിയ സന്തോഷത്തോടെ കോന്തുണ്ണി മടങ്ങി. മാസം അഞ്ചാറു കഴിഞ്ഞു. വില്വമംഗലം സ്വാമിയാർ ഒരു ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വന്നു. കൂടെ കോന്തുണ്ണിയുമുണ്ട്. ശീവേലിക്ക് പുറത്തേക്ക് ഭഗവാനെ എഴുന്നെള്ളിക്കേണ്ട സമയമായി. ശീവേലിത്തിടമ്പുമായി കീഴ്ശാന്തി ശ്രീലകനടവരെ എത്തി. എന്തുചെയ്‌തിട്ടും ഭഗവാന്റെ തിടമ്പ് പുറത്ത് കടക്കുന്നില്ല. ഭക്തജനങ്ങൾ ഉത്കണ്ഠാകുലരായി. കീഴ്ശാന്തിമാരിൽ ചിലർ കൂടി ശ്രമിച്ചു നോക്കി. പറ്റുന്നില്ല. ഇതൊക്കെ വീക്ഷിച്ചുകൊണ്ട് വില്വമംഗലം സ്വാമിയാരും മണ്ഡപത്തിലിരുന്നിരുന്നു. അദ്ദേഹത്തിൻറെ പിന്നിൽ തന്നെ കോന്തുണ്ണിയും നില്പുണ്ട്. അവിടത്തെ കോലാഹലമൊക്കെ കേട്ട് കോന്തുണ്ണി മന്ത്രിച്ചു. "തിരുമനസ്സേ, ചട്ടിയെരുമയുടെ കൊമ്പുതടഞ്ഞിട്ടാണ് ബിംബം പുറത്തേക്കു കടക്കാത്തത്. അല്പം ചെരിച്ചുകടത്താൻ അവിടുന്നു കല്പിച്ചാലും ". അപ്പോഴാണ് സ്വാമിയാർക്ക് താൻ പണ്ടു കോന്തുണ്ണിയോടു പറഞ്ഞ ഫലിതത്തെപ്പറ്റി ഓർമ്മ വന്നത്. ബിംബം അല്പം ചെരിച്ചു കടത്താൻ വില്വമംഗലം സ്വാമിയാർ മണ്ഡപത്തിലിരുന്നുകൊണ്ട് വിളിച്ചു പറഞ്ഞു. എന്തത്ഭുതം! അനായാസം തിടമ്പ് പുറത്തേക്ക് കടത്താൻ കഴിഞ്ഞു.

അത്ഭുതസ്തബ്ധനും, കോന്തുണ്ണിയെ കളിയാക്കിയതിൽ പശ്ചാത്താപവിവശനുമായ വില്വമംഗലം സ്വാമിയാർ, കോന്തുണ്ണിയെ അരികെ വിളിച്ചു കൊണ്ട് പറഞ്ഞു. "കോന്തുണ്ണി, നീ തന്നെയാണ് എന്നേക്കാൾ ഭക്തൻ. നിനക്ക് അലോഗ്യം തോന്നരുത്. ഞാൻ അന്ന് ഒരു ഫലിതം പറഞ്ഞതായിരുന്നു. നിന്റെ സങ്കല്പശക്തി ഭക്തജനങ്ങളെ ബോധ്യപ്പെടുത്താൻ ഗുരുവായൂരപ്പൻ ചട്ടിയെരുമയുടെ വേഷം കെട്ടി ". അതിനു ശേഷം ഭഗവാനെ ഭജിക്കേണ്ടത് ശരിയാംവണ്ണം കോന്തുണ്ണിക്ക് വില്വമംഗലം വിവരിച്ചു കൊടുത്തു. ക്രമേണ കോന്തുണ്ണി വില്വമംഗലം സ്വാമിയാരുടെ ഉത്തമ ശിഷ്യനായിത്തീർന്നു എന്നതാണ് ഐതിഹ്യം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.