" വിദ്വാൻ വിനീതശീലോ
സ്ഥിരവൈരീ സജ്ജുനസ്തുത ശൂരഃ
ബഹുഭൃത്യധനോ ഭോഗീ
സുരപിതൃഭക്തോ മഹോദ്യമഃപിത്ര്യേ "
മകം നക്ഷത്രത്തിൽ ജനിക്കുന്നവൻ വിദ്വാനായും ഏറ്റവും ഒതുങ്ങിയ സ്വഭാവത്തോട് കൂടിയവനായും സ്ഥിരമായി ശത്രുക്കളെ സൃഷ്ടിക്കുന്ന സ്വഭാവക്കാരനായും സജ്ജനങ്ങളാൽ പ്രശംസിക്കപ്പെടുന്നവനായും വലിയ ധീരനായും ധാരാളം ഭൃത്യരും ധനവും ഉള്ളവരുമായും ദേവന്മാരിലും പിതൃക്കളിലും ഭക്തി ഉള്ളവനായും ഉത്സാഹമുള്ളവനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അർത്ഥം.
വടവൃക്ഷം എന്നറിയപ്പെടുന്ന പേരാൽ ഏറ്റവും ഉറച്ച മരം ആണ്. ധാരാളം വേരുകൾ താഴേക്ക് വരുന്നതിനാൽ മറ്റുള്ളവരുടെ യാത്രയെ അത് തടയുന്നുണ്ട്. ധാരാളം തണൽ നൽകുന്നതിനാൽ ഈ മരം ആശ്രയിക്കാവുന്നതാണ്. പക്ഷേ അരയാലിനെപ്പോലെ പോസിറ്റീവ് ഊർജ്ജം നൽകുന്ന വൃക്ഷമല്ല പേരാൽ. വാസ്തുശാസ്ത്രപരമായി കിഴക്ക് ആണ് ഇതിന് സ്ഥാനം. ഇത് ചർമ്മസംബന്ധമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന നാല്പാമരങ്ങളിൽ ഒന്നാണ്. കടിഞ്ഞൂൽ ശിശു ആണാകാൻ ഗർഭധാരണത്തിനുശേഷം മൂന്നാം മാസം അനുഷ്ഠിക്കുന്ന " പുംസവന " ത്തിന് പേരാലിന്റെ ചെറിയ കമ്പ് ആവശ്യമാണ്. ജലദൗർലഭ്യം ഉണ്ടാകാതിരിക്കാൻ ജലാശയങ്ങളുടെ കരയിൽ പേരാൽ വെച്ചുപിടിപ്പിക്കുവാൻ ബൃഹത്സംഹിതയിൽ വരാഹമിഹിരാചാര്യർ പറയുന്നുണ്ട്. പേരാലിനും മകത്തിനും പൊതുവായി ഒട്ടേറെ നേതൃത്വഗുണങ്ങൾ കാണാം. വിവാഹം, ഗൃഹാരംഭപ്രവേശനം ഇവയ്‌ക്കെല്ലാം മകം നല്ല നാളാണ്.
വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ
" ബഹു ഭൃത്യധനോ ഭോഗീ സുരപിതൃഭക്തോ മഹോദ്യമഃ പിത്ര്യേ "
എന്ന് മകത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.
കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്ന പ്രകൃതമാണ് മകക്കൂറുകാർക്ക്. ഏത് സാഹചര്യവുമായി പൊരുത്തപ്പെട്ട് ധന്യമായ വ്യക്തിത്വത്തിലേക്കുള്ള പ്രയാണമാണിവർക്ക്. കുടുംബസ്നേഹം, ആശ്രിതവാത്സല്യം, രാജഭാവം, സഹായമനസ്ഥിതി എന്നിവ ഇവർക്കുണ്ടാകും. മറ്റുള്ളവരുടെ നന്മകൾ ഉൾക്കൊണ്ട് സ്വന്തം വളർച്ചയ്ക്കും നിലനില്പിനും ഉപയോഗപ്പെടുത്തുന്നതും ഇവരുടെ പ്രത്യേകതയാണ്. ക്ഷിപ്രകോപം, മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യുവാൻ ഇഷ്ടപ്പെടായ്ക, ഒന്നും മറച്ചുവെക്കാതെ തുറന്ന് സംസാരിക്കുക തുടങ്ങിയവ ഉള്ളതിനാൽ ഈ നക്ഷത്രം അല്പം ശത്രുത കൂടി വിളിച്ചുവരുത്താറുണ്ട്. സ്ത്രീകൾക്ക് ഈ നാൾ ഉത്തമമായി കരുതുന്നു. മകം പിറന്ന മങ്കമാർക്ക് ഭർതൃഭാഗ്യം, സന്താനഭാഗ്യം ഇവയുണ്ടെങ്കിലും മനഃക്ലേശങ്ങൾ ഉണ്ടാകാം.
(ഫൈക്കസ് ബംഗാളൻസിസ്, ലിൻ., കുടുംബം: മൊറേസി.)
സംസ്കൃതം :- ന്യഗ്രോധ, ബഹുപദ, വട
ഹിന്ദി :- ബട
ബംഗാളി :- ബട
മറാഠി :- വട
തമിഴ് :- ആൽ
കന്നഡ :- ആല
തെലുങ്ക് :- പേട്ടിമാരി
ഇംഗ്ലീഷ് :- Banyan Tree
ഹിന്ദുക്കളുടെ പുണ്യവൃക്ഷമാണ് പേരാൽ. പേരാലിന്റെ കൊമ്പിൽ യക്ഷഗന്ധർവ്വാദികൾ വസിക്കുന്നതായി ഹിന്ദുക്കൾ വിശ്വസിക്കുന്നു.
ഇന്ത്യയിൽ ഇല പൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും പേരാൽ ഉണ്ട്. നനവാർന്ന നിത്യഹരിതവനങ്ങളിൽ ഇല്ല. താങ്ങു വേരുകളാണ് ഭൂമിക്ക് സമാന്തരമായി വളരുന്ന ശാഖകളെ താങ്ങിനിർത്തുന്നത്. താങ്ങുവേരുകളിൽ നിന്ന് കിട്ടുന്ന തടിക്ക് കാണ്ഡത്തേക്കാൾ ബലമുണ്ട്. വിശാലമണ്ഡപം പോലുള്ള പടുകൂറ്റൻ മരത്തിന് ജന്മമേകുന്ന പേരാലിന്റെ കായുടെ സർഗ്ഗശക്തി ആത്മാവിന്റെ അത്ഭുതപ്രതിഭാസത്തോട് ഛാന്ദോദ്യോപനിഷത്തിൽ ഉപമിച്ചിട്ടുണ്ട്. വരൾച്ച ഉള്ളിടത്ത് വളരുന്ന പേരാൽ ഡിസംബർ ജനുവരിയിൽ ഇല പൊഴിക്കും. ആൺ പൂവും പെൺപൂവും വെവ്വേറെയുണ്ട്. കായ വിളയാൻ മൂന്ന് മാസം വേണം. പക്ഷികൾ കായ കൊത്തി മുറിച്ച് വിത്തോടുകൂടി വിഴുങ്ങുകയാണ് പതിവ്. വിത്ത് കേടുകൂടാതെ പിന്നീട് വിസർജിക്കപ്പെടുന്നു. പന്തലിച്ച് വളരുന്ന ഈ മരം കോപ്പീസ് ചെയ്യും. വരൾച്ചയും ശൈത്യവുമുള്ള കാലാവസ്ഥയിലും വളരും. ശ്രീഘ്രവളർച്ചയുള്ള താങ്ങുവേരുകളുടെ ആലിംഗനത്തിൽ ആതിഥേയമരം നശിച്ചുപോകും.
പേരാൽ നല്ല തണൽമരമാണ്. ഗ്രാമാതിർത്തികളിൽ പേരാൽ വച്ചു പിടിപ്പിക്കണമെന്ന് മനുസ്മൃതിയിൽ ഭാഷ്യമുണ്ട്.
തടിക്ക് മങ്ങിയ വെള്ളനിറമാണ്. ഒരുവിധം കടുപ്പമുണ്ട്. നന്നായി ഉണങ്ങിയ തടി ഫർണിച്ചറിന് കൊള്ളാം. വെള്ളത്തിൽ കേടുകൂടാതെ കിടക്കുന്നതുകൊണ്ട് കിണറിന്റെ " നെല്ലിപ്പലക " യായി ഉപയോഗിക്കുന്നതിന് ഉത്തമമാണ്.
പേരാലിന്റെ തൊലിയിൽ ടാനിനും ഔഷധവുമുണ്ട്. തൊലിയിട്ട് തിളപ്പിച്ച വെള്ളം ഉഷ്ണപ്പുണ്ണ് കഴുകാൻ നല്ലതാണ്. ചക്രദത്തത്തിൽ പറഞ്ഞിട്ടുള്ളതിങ്ങനെയാണ് . തൊഴുത്തുണ്ടായിരുന്ന സ്ഥലത്ത് വളർന്ന പേരാലിന്റെ കിഴക്കുവശത്തു നിന്ന് വടക്കോട്ടുപോയ ശാഖയിലെ രണ്ട് മൊട്ട്, രണ്ട് ഉഴുന്ന്, രണ്ട് വെൺകടുക് ഇവ തൈരിൽ അരച്ച് പൂയം നക്ഷത്രത്തിൽ സേവിച്ചാൽ വന്ധ്യ പോലും പുരുഷപ്രജയെ പ്രസവിക്കുമത്രെ.